UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിസംബര്‍ ആറ്: പോംവഴി മൃദുഹിന്ദുത്വ സമീപനമല്ല -ബി ആര്‍ പി ഭാസ്‌കര്‍ പ്രതികരിക്കുന്നു

Avatar

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷം തികയുന്നു. ഈ 22 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യവും സാമൂഹ്യ ജീവിതവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. അന്ന് വിത്തുപാകപ്പെട്ട  സംഘപരിവാര്‍ രാഷ്ട്രം ഇന്ന് പരിപൂര്‍ണാര്‍ത്ഥത്തില്‍ നിലവില്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും അതുവഴി ഇന്ത്യന്‍ ജനതയുടെ സൂമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങളെയും പരിശോധിക്കുകയാണ് അഴിമുഖം. പ്രമുഖരുടെ അഭിപ്രായങ്ങള്‍, വിലയിരുത്തലുകള്‍. വായിക്കുക. 

ബിആര്‍ പി ഭാസ്‌കര്‍

കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആ സമയം പൂജാമുറിയില്‍ കതകടച്ച് ഇരിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. അന്നു രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകോണ്ട് മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതുണ്ടായില്ല. ബി.ജെ.പി.യുടെ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിടപ്പെട്ടു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ആ പാര്‍ട്ടിക്കു വീണ്ടും അധികാരത്തിലേറാനായില്ല. ഇതില്‍ നിന്നും മനസിലാക്കേണ്ടത് മസ്ജിദ് തകര്‍ക്കലിന്റെ ഫലമായി ബി.ജെ.പിക്ക് അപ്പോള്‍ രാഷ്ട്രീയ ലാഭമുണ്ടായില്ല എന്നാണ്. പില്‍ക്കാലത്ത് അതിനു വടക്കേ ഇന്ത്യയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് കോണ്‍ഗ്രസും മറ്റു മതനിരപേഷ കക്ഷികളും അതിന്റെ വര്‍ഗ്ഗീയ നിലപാടുകളെ ശക്തമായി നേരിടാന്‍ കൂട്ടാക്കാഞ്ഞതുകൊണ്ടാണ്.

അതികലുഷിതമായ വര്‍ഗ്ഗീയാന്തരീക്ഷമാണ് 1947ല്‍ രാജ്യത്ത് നിലവിലിരുന്നത്. വിഭജനകാല ഓര്‍മ്മകള്‍ മനസില്‍ ശക്തമായി നിലനിന്ന 1952ലെ തെരഞ്ഞെടുപ്പില്‍ മൂന്നു ഹിന്ദു പാര്‍ട്ടികള്‍- ആര്‍. എസ്. എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ, ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ പുതുതായി രൂപീകരിക്കപ്പെട്ട ജന സംഘം, സന്യാസിമാര്‍ നിയന്ത്രിച്ചിരുന്ന രാം രാജ്യ പരിഷത്ത് – രംഗത്തുണ്ടായിരുന്നു. അവയ്ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം ജനമനസുകളില്‍ സ്വാതന്ത്ര്യസമരത്തിന്റെ ദീപ്തസ്മരണകള്‍ നിലനിന്നിരുന്നുവെന്നതു മാത്രമല്ല, ജവഹര്‍ലാല്‍ നെഹ്രുവിന്റെ കോണ്‍ഗ്രസ്, വര്‍ഗ്ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്തു എന്നതു കൂടിയാണ്. പഞ്ചാബിലെ അംബാല നിയമസഭാ മണ്ഡലത്തില്‍ (ഈ സ്ഥലം ഇപ്പോള്‍ ഹര്യാനയിലാണ്) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് ആ പ്രദേശത്തെ മുസ്ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലേക്ക് പലായനം ചെയ്തപ്പോള്‍ പോകാതിരുന്ന ഏക മുസ്ലിം കുടുംബത്തിലെ അബ്ദുള്‍ ഗാഫര്‍ ഖാനെ ആണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ ജയിച്ചു. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അദ്ദേഹം തന്നെ ജയിക്കുകയും ചെയ്തു. സംഘപരിവാറിന്റെ കടുത്ത ഹിന്ദുത്വത്തെ മൃദുഹിന്ദു സമീപനം കൊണ്ട് മറികടക്കാനാകില്ല എന്നാണ് സമീപകാല ചരിത്രം നമ്മോട് പറയുന്നത്.

സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ കോടതിയുടെ മുന്നില്‍ എത്തിയ ഒന്നാണ് ബാബറി മസ്ജിദ് പ്രശ്‌നം. കോടതി തീര്‍പ്പു കല്‍പിക്കുന്നതില്‍ വരുത്തിയ കാലതാമസവും നരസിംഹ റാവുവും പിന്‍ഗാമികളും മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാതിരുന്നതും സാഹചര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍