UPDATES

ട്രെന്‍ഡിങ്ങ്

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

1528 – മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറുടെ നിര്‍ദേശ പ്രകാരം മിര്‍ ബാക്കിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മിക്കുന്നത്.

ബാബറി മസ്ജീദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരായ ഗൂഡാലോചന കുറ്റം സുപ്രീം കോടതി പുന:സ്ഥാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോസേ, റോഹിന്‍റ്റന്‍ നരിമാന്‍ എന്നിവരുടെ ബഞ്ച് വിധി പറഞ്ഞത്. ഇവര്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം പുന:സ്ഥാപിക്കണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. എല്ലാ ദിവസവും വിചാരണം നടത്തണം, കേസ് മാറ്റി വയ്ക്കരുത്, ജഡ്ജിയെ മാറ്റരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ക്കെതിരെ ഗൂഡാലോചന കുറ്റം നേരത്തെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. പിന്നീട് ഇത് അലഹാബാദ് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെ 2010-ലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. അദ്വാനിക്കും ജോഷിക്കും ഉമാ ഭാരതിക്കും പുറമേ ബിജെപി നേതാവ് വിനയ് കട്യാര്‍, വിഎച്ച്പി നേതാക്കളായ സാധ്വി ഋതംഭര, ആചാര്യ ഗിരിരാജ് കിഷോര്‍, അശോക്‌ സിംഗാള്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നിവര്‍ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു തൊട്ടുമുമ്പ് മസ്ജിദിന് 200 മീറ്റര്‍ അകലെയുള്ള രാംകഥ കുഞ്ചില്‍ പ്രസംഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഗിരിരാജ് കിഷോറും അശോക്‌ സിംഗാളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 16-ആം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് പൊളിച്ച കേസില്‍ കര്‍സേവകര്‍ക്കെതിരായ കേസില്‍ ലക്നൌ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. ഇതിനോപ്പമായിരിക്കും ഇനി അദ്വാനി അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരിക. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെയുള്ള ഗൂഡാലോചന കുറ്റം വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്ന് നേരത്തെ ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അയോധ്യ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കത്തിന്റെ നാള്‍വഴികളിലൂടെ

1528 – മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറുടെ നിര്‍ദേശ പ്രകാരം മിര്‍ ബാക്കിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മിക്കുന്നത്. ഹിന്ദുത്വ വിശ്വാസികള്‍ ആരോപിക്കുന്നത് ശ്രീരാമന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മേലാണ് ഇവിടെ പള്ളി നിര്‍മിച്ചത് എന്നാണ്. ഈ തര്‍ക്കം വര്‍ഷങ്ങളായി തുടരുന്നു.

1949: ആ വര്‍ഷം ഡിസംബറില്‍ പള്ളിക്കുള്ളില്‍ രാമന്റെ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഹിന്ദുത്വ പ്രവര്‍ത്തകര്‍ അവിടെ വിഗ്രഹം കൊണ്ടു വയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. ധീരേന്ദ്ര കെ ഝാ, കൃഷ്ണ ഝാ എന്നിവര്‍ ചേര്‍ന്നെഴുതിയ അയോധ്യ: ദി ഡാര്‍ക്ക് നൈറ്റ് എന്ന പുസ്തകത്തില്‍ ഇതിന്റെ തെളിവുകള്‍ വിവരിക്കുന്നുണ്ട്.

ഈ സംഭവത്തോടു കൂടി വന്‍ പ്രതിഷേധം ഉയരുകയും ഇരു സമുദായങ്ങളും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കു വേണ്ടി ഹാഷിം അന്‍സാരിയും ഹിന്ദുക്കള്‍ക്കു വേണ്ടി മഹന്ത് പരമഹംസ് രാമചന്ദ്രദാസും കേസുകള്‍ ഫയല്‍ ചെയ്തു. ഇതോടെ പള്ളി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇവിടം അടച്ചു പൂട്ടുകയും ചെയ്തു.

1950: പള്ളിക്കുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാം ജന്മഭൂമി ന്യാസിന്റെ തലവന്‍ കൂടിയായ മഹന്ത് രാമചന്ദ്ര ദാസും ഗോപാല്‍ സിംഗ് വിശാരദും ചേര്‍ന്ന് ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അവിടെ പൂജ നടത്താന്‍ അനുവദിച്ചെങ്കിലും അകത്തെ ഗേറ്റുകള്‍ അടച്ചു തന്നെ ഇട്ടു.

1959: തര്‍ക്കത്തിലെ മറ്റൊരു കക്ഷിയായ നിര്‍മോഹി അഖാരയും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

1961: ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് പളളിക്കുമേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഹര്‍ജി നല്‍കി. പള്ളിയുടെ ചുറ്റിലുമുള്ള സ്ഥലങ്ങള്‍ ശ്മശാന ഭൂമിയാണെന്നും ഇതില്‍ വാദിക്കുന്നു.

1984: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു സമിതിയെ നിയോഗിക്കുകയും ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ഇതിന്റെ തലവനാക്കുകയും ചെയ്യുന്നു.

1986 ഫെബ്രുവരി 1: പള്ളിയുടെ അടച്ചിട്ടിരുന്ന പ്രദേശം ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കാന്‍ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിടുന്നു. ജനുവരി 28-ന് ഉഷേ് ചന്ദ്ര എന്നയാള്‍ നല്‍കിയ ഹര്‍ജി ദിവസങ്ങള്‍ക്കകം പരിഗണിച്ച് ഉത്തരവ് നല്‍കുകയായിരുന്നു ജസ്റ്റിസ് കെ.എന്‍ പാണ്ഡെ. വൈകിട്ട് 4.15-ന് ഉത്തരവിട്ട് ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ തന്നെ ഈ സ്ഥലം ആരാധനയക്കായി തുറന്നു കൊടുത്തു. ഇതിനു പിന്നാലെ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപം കൊണ്ടു.

1989: പള്ളിയുടെ അടുത്തായി തര്‍ക്കമില്ലാത്ത സ്ഥലത്ത് ശിലാന്യാസ് പൂജകള്‍ ചെയ്യാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റി.

1990 സെപ്റ്റംബര്‍ 25: അദ്വാനിയുടെ രഥയാത്ര ആരംഭിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ തേടിക്കൊണ്ട് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്നും അയോധ്യയിലേക്കായിരുന്നു യാത്ര. ഇതിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

1990 നവംബര്‍: ബിഹാറിലെ സമസ്തിപ്പൂരില്‍ വച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് രഥയാത്ര തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് കേന്ദ്രത്തിലെ വി.പി സിംഗ് സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെ രാജ്യം അടുത്ത തെരഞ്ഞെടുപ്പ് നേരിട്ടു. തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കി. ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തി.

1992 ഡിസംബര്‍ ആറ്: കര്‍സേവകര്‍ പള്ളി പൊളിക്കുകയും ഇതിനടുത്തായി ഒരു താത്കാലിക ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി അടക്കമുള്ളവര്‍ പള്ളി പൊളിക്കുന്നതിന് കര്‍സേവകര്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് ആരോപണം. ഒന്നരലക്ഷത്തോളം കര്‍സേവകരായിരുന്നു അവിടെ ഉണ്ടായിരുന്നത്.
പള്ളി പൊളിച്ചത് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു.
തത്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് അന്ന് കേന്ദ്രം ഭരിച്ചിരുന്ന പി.വി നരസിംഹ റാവു സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.

പള്ളി പൊളിച്ചതിനെ തുടര്‍ന്നുള്ള കലാപങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ കത്തിയെരിഞ്ഞു.

1993: അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ സി.ബി.ഐ ഗൂഡാലോചന കുറ്റം ചുമത്തി കേസെടുത്തു.

2001 മെയ്: അദ്വാനിക്കും മറ്റുള്ള ബി.ജെ.പി നേതാക്കള്‍ക്കുമെതിരെയുള്ള ഗൂഡാലോചന കേസ് വിചാരണ കോടതി തള്ളി.

2003 മാര്‍ച്ച് അഞ്ച്: പള്ളി നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അലഹാബാദ് ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കി.

2003 ഓഗസ്റ്റ് 31: ആര്‍ക്കിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് തങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഖിലേന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി.

2010 മെയ്: അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയത് റദ്ദാക്കിയ വിചാരണ കോടതി നടപടി അലഹാബാദ് ഹൈക്കോടതി ശരിവച്ചു. സിബിഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

2010 ജൂലൈ 26: വിധി പ്രസ്താവിക്കുന്നത് മാറ്റിവച്ച അലഹബാദ് ഹൈക്കോടതി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അതിന് ഇരുവിഭാഗവും തയാറായില്ല.

2010 സെപ്റ്റംബര്‍ 10: ആ മാസം 24-ന് വിധി പ്രസ്താവിക്കുമെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

സെപ്റ്റംബര്‍ 14: വിധി പറയുന്നത് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. എന്നാല്‍ ഇത് തള്ളി.

സെപ്റ്റംബര്‍ 23: കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇത് സെപ്റ്റംബര്‍ 28-ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

സെപ്റ്റംബര്‍ 28: ഹര്‍ജി തള്ളിയ സുപ്രീം കോടതി ആ മാസം 30-ന് വിധി പ്രസ്താവിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ 30: വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞു. തര്‍ക്കത്തിലിരിക്കുന്ന പ്രദേശം സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്കായി വീതിക്കാന്‍ ഉത്തരവ്.

2011 ഫെബ്രുവരി: അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

2016 ഫെബ്രുവരി 26: പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേരാന്‍ സ്വാമിയെ കോടതി അനുവദിച്ചു.

2017: തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു കൂടെയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍. താന്‍ മധ്യസ്ഥനാകാമെന്നും ചീഫ് ജസ്റ്റിസ്.

ഏപില്‍ 19: അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരായ ഗൂഡാലോചന കുറ്റം പുന:സ്ഥാപിച്ചു. വിചാരണ രണ്ടു വര്‍ഷത്തിനുള്ളില്‍ പുര്‍ത്തിയാക്കാനും നിര്‍ദേശം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍