UPDATES

എഡിറ്റേഴ്സ് പിക്ക്

ബാബറി മസ്ജിദ്: വികാരമോ മതവിശ്വാസമോ അല്ല, ഭരണഘടനയും നിയമവുമാണ് നടപ്പാകേണ്ടത്

അയോധ്യ-ബാബറി മസ്ജിദ് കേസുകള്‍ കോടതിയില്‍ നിന്നിറങ്ങുമ്പോള്‍

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസ്. ഈ കേസിലാണ് മൂന്ന് കക്ഷികള്‍ക്കിടയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിഭജിച്ച് നല്‍കുന്ന വിധം 2011ല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. ഇത് പിന്നീട് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കോടതി ഇടപെടല്‍ സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ പരാമര്‍ശം ആ കേസിലാണ്.

രണ്ടാമത്തെ കേസ് ക്രിമിനല്‍ കേസാണ്. അതാണ് പള്ളി പൊളിച്ച കേസ്. അതില്‍ കര്‍സേവകരും എല്‍കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും പ്രതികളാണ്. ആദ്യ കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന് പിന്നാലെ ക്രിമിനല്‍ ഗൂഢാലോചന കേസും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവര്‍ക്കെതിരെ വിചാരണ തുടരണോ എന്ന കാര്യം സുപ്രീംകോടതി തീരുമാനിക്കും.

ഉടമസ്ഥതാ പ്രശ്നം

കോടതിക്ക് പുറത്ത് പ്രശ്‌നം തീര്‍പ്പാക്കാമെന്നും വേണമെങ്കില്‍ താന്‍ ഇതില്‍ മധ്യസ്ഥനാകാമെന്നുമാണ് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്. ഇത് വികാരപരമായ പ്രശ്‌നമാണെന്നും ഇരു വിഭാഗങ്ങളും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു. ഏഴ് പതിറ്റാണ്ടോളമായി തുടരുന്ന അയോധ്യയിലെ ഭൂമി തര്‍ക്കത്തെ വളരെ നിസാരമായി കാണുന്ന തരത്തിലാണോ ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത് എന്ന തോന്നലുണ്ടാക്കുന്നുണ്ട്, ജുഡീഷ്യറിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം. വികാരത്തിന്റേയോ മതവിശ്വാസത്തിന്റേയോ പേരിലല്ല ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത്. ഭരണഘടനയും നിയമവുമായിരിക്കണം ആധാരമാക്കേണ്ടത്. അതാണ് ജുഡീഷ്യറിയുടെ ഉത്തരവാദിത്തം.

1992 ഡിസംബര്‍ ആറിന് നടന്ന ലജ്ജാകരവും വേദനാജനാജനകവുമായ പള്ളി തകര്‍ക്കലിലേയ്ക്ക് നയിച്ചത് ഈ ഭൂമി തര്‍ക്കമാണ്. വിശ്വ ഹിന്ദു പരിഷത്തും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഇരു ഭാഗത്തും നിന്നതടക്കം എത്രയോ രാഷ്ട്രീയ ചര്‍ച്ചകളും കൂടിയാലോചനകളും ഇതിനകം കഴിഞ്ഞിരിക്കുന്നു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവയ്ക്കായി അയോധ്യയിലെ തര്‍ക്ക ഭൂമി വിഭജിച്ച് നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ വിധി. ഇത് സ്‌റ്റേ ചെയ്ത സുപ്രീംകോടതിയാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂമി പ്രശ്‌നത്തിലെ തര്‍ക്കം അങ്ങനെ പരിഹാരം കാണാതെ വിടാനാവില്ല. വ്യക്തമായ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തിലും അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ക്രിമിനല്‍ കേസ്

ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ക്രൈം ഫയലലുകളാണ് ഉള്ളത്. ക്രൈം നമ്പര്‍ 197 – 1992, ക്രൈം നമ്പര്‍ 198 – 1992 എന്നിവ. രണ്ടും പള്ളി തകര്‍ക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഫയല്‍ ചെയ്തവയാണ്. ഇതില്‍ 197ാം നമ്പര്‍ കേസ് അയോധ്യ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരിച്ചറിയാത്ത ലക്ഷക്കണക്കിന് കര്‍സേവകരാണ് ഇതിലെ പ്രതികള്‍. കൊള്ള, കവര്‍ച്ച, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും സ്പര്‍ദ്ധയും വളര്‍ത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യങ്ങളാണ് ഇതിലുള്ളത്.

രണ്ടാമത്തേത് (198 – 1992) 20 പേര്‍ പ്രതികളായ കേസാണ്. വിഎച്ച്പി നേതാക്കളായിരുന്ന അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങിയവരാണ് പ്രതികള്‍. ഇവര്‍ സംഭവം നടക്കുമ്പോള്‍ രാം കഥ കുഞ്ച് എന്നറിയപ്പെടുന്ന ഭാഗത്ത് നിന്ന് പള്ളി തകര്‍ക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന വിധം വീക്ഷിക്കുകയായിരുന്നു. മതപരമായ ശത്രുത പ്രോത്സാഹിപ്പിക്കുക, ദേശീയ ഐക്യം തകര്‍ക്കുക, പൊതുജീവിതത്തില്‍ സംഘര്‍ഷമുണ്ടാക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. തെളിയിയ്ക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ലക്‌നൗവിലേയും റായ്ബറേലിയിലേയും കോടതികളിലായാണ് വിചാരണ നടക്കുന്നത്. ക്രൈം നമ്പര്‍ 197 ലക്‌നൗവില്‍ സിബിഐ ഏറ്റെടുത്തപ്പോള്‍ 198ാം നമ്പര്‍ ക്രൈം റായ് ബറേലിയില്‍ സംസ്ഥാന സിഐഡിയാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് 198ഉം സിബിഐ ഏറ്റെടുക്കുകയും ലക്‌നൗവിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ രണ്ട് ക്രൈംഫയലിലും കൂടി 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ ഒറ്റ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്ക് ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്. വിനയ് കത്യാറിന്റെ വീട്ടില്‍ 1992 ഡിസംബര്‍ അഞ്ചിന് നടന്ന യോഗത്തിലാണ് പള്ളി പൊളിക്കാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് കുറ്റപത്രം ആരോപിക്കുന്നു. കേസില്‍ ഗൂഢാലോചന പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് സ്‌പെഷല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും അഡീഷണല്‍ സെഷന്‍സ് കോടതിയും കണ്ടെത്തിയിരുന്നു.

2001 ഫെബ്രുവരിയില്‍ കേസില്‍ സാങ്കേതിക പ്രശ്‌നമുള്ളതായി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിലെ സ്പെഷ്യല്‍ ജഡ്ജ് ശ്രീകാന്ത് ശുക്ല കണ്ടെത്തി. ഹൈക്കോടതിയുമായി ആലോചിക്കാതെ ക്രൈം നമ്പര്‍ 198 സിബിഐയ്ക്ക് കൈമാറിയതിലാണ് കോടതി സാങ്കേതിക പ്രശ്‌നം വ്യക്തമാക്കിയത്. അതേസമയം അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചന ആരോപണം സംബന്ധിച്ച് യാതൊരു പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നൊന്നും യാതൊരു നടപടിയുമുണ്ടായില്ല. കേസ് വീണ്ടും റായ്ബറേലിയില്‍ തിരിച്ചെത്തി.

2001 മേയ് നാലിന് ലക്‌നൗ കോടതി അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കി. പള്ളി തകര്‍ത്തത് മാത്രമാണ് കോടതി പരിഗണിച്ചത്. 2010 മേയ് 20ന് ലക്‌നൗ കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചു. സിബിഐയുടെ പുന:പരിശോധന ഹര്‍ജി തള്ളി. ലക്‌നൗ കോടതി ജഡ്ജി ശുക്ല, കേസിനെ വളച്ചൊടിക്കുന്ന തരത്തിലുള്ള വിധിയാണ് പുറപ്പെടുവിച്ചതെന്ന് 2011 ഫെബ്രുവരി 19ന് സുപ്രീംകോടതിയില്‍ സിബിഐ വാദിച്ചു. അദ്വാനി അടക്കമുള്ളവര്‍ പള്ളി പൊളിക്കലില്‍ നേരിട്ട് പങ്കാളികളായില്ല എന്ന വാദമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത് എന്ന് സിബിഐ ചൂണ്ടിക്കാട്ടി.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് മാര്‍ച്ച് ആറിന് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാനാണ് ഇക്കാര്യം പറഞ്ഞത്. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും ലക്‌നൗ കോടതിയില്‍ സംയുക്ത വിചാരണ നടത്തുന്നതിനായി വിചാരണ കോടതിയോട് ആലോചിക്കാമെന്നും സുപ്രീംകോടതി സിബിഐയെ അറിയിച്ചിരുന്നു. 186 സാക്ഷികളേയും വീണ്ടും വിസ്തരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി അദ്വാനിയുടെ അഭിഭാഷകന്‍  ഉയര്‍ത്തിയ എതിര്‍പ്പ് കോടതി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ബാബറി കേസ് പരിഗണിച്ച ബഞ്ചില്‍ നരിമാന്‍ ഉണ്ടായിരുന്നില്ല.

ചരിത്രത്തില്‍ ഇന്ന്: ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍