UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥിരജാമ്യം വേണം: നരോദ പാട്യ കേസില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗി കോടതിയില്‍

2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് ഈ കാലയളവില്‍ 14 തവണയാണ് ഗുജറാത്ത് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.

തനിക്ക് സ്ഥിര ജാമ്യം അനുവദിക്കണമെന്ന് അപേക്ഷയുമായി 2002ലെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. കാഴ്ച ശക്തി പൂര്‍ണമായും നശിച്ചതും ഒരു ചെവിക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് സ്ഥിരജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2012ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് ഈ കാലയളവില്‍ 14 തവണയാണ് ഗുജറാത്ത് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.

അഹമ്മദാബാദ് സിവില്‍ കോടതി, ചെന്നൈയിലെ ഒരു സ്വകാര്യ കോടതി എന്നിവിടങ്ങളില്‍ നിന്നുള്ളത് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ജൂണില്‍ ഇയാളുടെ ഇടക്കാല ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, ബിരെന്‍ വൈഷ്ണവ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിക്കളഞ്ഞിരുന്നു. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ബജ്രംഗി മൂന്നു വര്‍ഷവും ഏഴ് മാസവും രണ്ടു ദിവസവുമാണ് ജയിലില്‍ കഴിഞ്ഞതെന്നും ഇക്കാലയളവില്‍ ഇയാള്‍ക്ക് 13 തവണ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി അപേക്ഷ നിരസിച്ചത്.

ഇങ്ങനെയാണ് ഗുജറാത്തിലെ നീതി നടത്തിപ്പ്

നരോദ പാട്യയ കേസിലെ 31 കുറ്റവാളികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇപ്പോള്‍ ഇതേ ബഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മായ കോഡ്‌നാനി, ബജ്രംഗി എന്നിവര്‍ അപ്പീല്‍ അപേക്ഷ നല്‍കിയവരില്‍ പെടും. ബജ്രംഗിയുടെ പുതിയ അപേക്ഷയെ കുറിച്ച് അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അടുത്തമാസം മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി 2015 മാര്‍ച്ചില്‍ ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്ക് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. കോഹ്ലി അന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ കത്ത് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്.

ഗോധ്ര സംഭവത്തിന് ശേഷം നടന്ന കലാപത്തില്‍ നരോദ പാട്യയയിലെ 97 പേരെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ബജ്രംഗിയും കോഡ്‌നാനിയും ഉള്‍പ്പെടെ 31 പേരെ 2012 ഓഗസ്റ്റ് 31നാണ് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതില്‍ അസുഖ ബാധിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി മായ കോഡ്നാനിക്ക് കോടതി സ്ഥിരജാമ്യം അനുവദിച്ചിരിക്കുകയാണ്.

നരോദ പാട്യ കൂട്ടക്കൊലയില്‍ മുഖ്യ സൂത്രധാരന്‍ ബജ്രംഗിയും ഇതിന് ചുക്കാന്‍ പിടിച്ചത് കോഡ്നാനിയുമാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍