UPDATES

വായന/സംസ്കാരം

ബാബു ഭരദ്വാജ്; പ്രവാസത്തിന്റെ വേവും ചൂടും നിറഞ്ഞ അനുഭവങ്ങള്‍

Avatar

സി കെ ഹസന്‍ കോയ

പോയകാലത്തിന്റെ സ്‌നേഹ സൗഹൃദങ്ങളുടെയും ഉദാത്തമായ മാനുഷികതയുടെയും പ്രതീകമായിരുന്നു. ബാബു ഭരദ്വാജ് എന്ന ഞങ്ങളുടെ ബാബുവേട്ടന്‍. മനസില്‍ വാര്‍ദ്ധക്യത്തിന് ഇടം അനുവദിക്കാതെ ഉടനീളം അദ്ദേഹം പൊരുതി നിന്നു. ഏറ്റവും പുതിയ തലമുറയുമായിപ്പോലും ബന്ധങ്ങള്‍ നിലനിര്‍ത്തി. നിര്‍ഭാഗ്യവശാല്‍ തിരസ്‌കൃതമായ സര്‍ഗജീവിതം ആയിരുന്നു അദ്ദേഹത്തിന്റെത്. ‘കലാപങ്ങള്‍ക്കൊരു ഗൃഹപാഠം’, ‘പ്രവാസിയുടെ കുറിപ്പുകള്‍’ എന്നീ രണ്ടു രചനകള്‍ മാത്രം മതി സര്‍ഗധനനായ ഈ എഴുത്തുകാരന്റെ മൂല്യം തിരിച്ചറിയാന്‍. പക്ഷേ കേരളീയ വായനാ സമൂഹമോ മലയാളി പ്രവാസി ലോകമോ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല. വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ നെഞ്ചേറ്റിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും നേരിടേണ്ടി വന്ന കൈപ്പേറിയ അനുഭവങ്ങളും ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ പോന്നതായിരുന്നു.

സൗദി മണലാര്യണങ്ങളില്‍ പ്രവാസത്തിന്റെ വേവും ചൂടും അനുഭവിച്ച അദ്ദേഹത്തിന്റെ ‘പ്രവാസിയുടെ കുറിപ്പുകള്‍’ക്ക് പൂര്‍വമാതൃകകളില്ല. തീര്‍ത്തും മൗലികമായ ഈ രചനയും പിന്നീടുവന്ന ‘പ്രവാസിയുടെ വഴിയമ്പലങ്ങളും’ മലയാളത്തിലെ പ്രവാസ സാഹിത്യ രചനകളായി മുന്‍നിരയില്‍ പരിഗണിക്കപ്പെടേണ്ട സൃഷ്ടികളായിരുന്നു. വി മുസഫിര്‍ അഹമ്മദ്, ബന്യാമിന്‍ തുടങ്ങിയ എഴുത്തുകാര്‍ പിന്നീട് നടത്തിയ രചനകള്‍ക്കു പ്രചോദനമായത് പ്രവാസിയുടെ കുറിപ്പുകളായിരുന്നു. ഏതു മാനദണ്ഡങ്ങള്‍വച്ച് പരിശോധിച്ചാലും വേറിട്ടു നില്‍ക്കുന്നൊരു കൃതിയാണിത്. താന്‍കൂടി പങ്കാളിയായ മരുഭൂ ജീവിത നാടകത്തിന്റെ രക്തവും കണ്ണീരും പുരണ്ട ഏടുകളായിരുന്നു അത്.

പ്രവാസാനുഭവങ്ങളുമായി ബന്ധപ്പെട്ട ഒരു പരമ്പര ചെയ്യണം എന്ന ആവശ്യവുമായാണ് അറബ് നാടുകളില്‍ നിന്നുള്ള പ്രഥമ മലയാളം പത്രമായ ‘മലയാളം ന്യൂസി’നുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ സമീപിച്ചത്. താന്‍ വളരെക്കാലം ജോലി ചെയ്ത ജിദ്ദ ഉള്‍പ്പെടെ സൗദി അറേബ്യയിലെ മൂന്നു പ്രധാന നഗരങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികള്‍ക്കുവേണ്ടി അറബ് പ്രസിദ്ധീകരണ സ്ഥാപനം ആരംഭിച്ച പത്രം എന്ന പ്രാധാന്യം അദ്ദേഹത്തിന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് കാത്തിരിപ്പിന്റെ കഥ പറയുന്ന ‘ആനമയില്‍ ഒട്ടകം’ എന്ന നോവല്‍ പത്രത്തിന്റെ വാരാന്ത്യപതിപ്പിനായി നല്‍കിയത്.

സഹപാഠിയായ എഞ്ചിനീയര്‍ അബ്ദുള്‍ ഖാദറെ കാണാന്‍ അദ്ദേഹം കാട്ടൂരില്‍ വരാറുണ്ടായിരുന്നു. ദീര്‍ഘമായ പ്രവാസിജീവിതം നയിച്ച അനേകര്‍ താമസിക്കുന്നയിടം എന്നതുമാത്രമല്ല താന്‍ ബാല്യകാലം ചെലവഴിച്ച കയ്പ്പമംഗലത്തിന് സമീപപ്രദേശം എന്നതും കാരണമാവാം. അരനൂറ്റാണ്ടുകാലത്തോളം ശ്രീലങ്കയില്‍ ജീവിച്ച കടവില്‍ കേശവനെയാണ് ഇവിടെ വന്നപ്പോല്‍ അവസാനമായി അദ്ദേഹം സന്ദര്‍ശിച്ചത്. ചിന്താശേഷിയും സര്‍ഗാത്മകതയും സര്‍വോപരി മനുഷ്യത്വവും കാത്തുസൂക്ഷിച്ച ഒരു തലമുറയുടെ കരുത്തനായ പ്രതിനിധിയായിരുന്നു ബാബു ഭരദ്വാജ്.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹവുമായി രണ്ടാഴ്ച മുമ്പ് അവസാനമായി സംസാരിക്കാന്‍ അവസരമുണ്ടാക്കിയത് മകളുടെ ഭര്‍ത്താവ് ദിലീപ് രാജാണ്. ജിദ്ദയില്‍ നിന്നും വിളിക്കുമ്പോള്‍ രാത്രി വൈകിയിരുന്നു. എന്നിട്ടും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി. തീര്‍ത്തും ക്ഷീണിതനായിരുന്നു ഈയവസരത്തില്‍ ബാബുവേട്ടന്‍. ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും കൈവിട്ട ഒരാളുടെ സ്വരമാണ് ഫോണിന്റെ അങ്ങേതലയ്ക്കല്‍ നിന്നും കേട്ടത്. വേദനാജനകമായിരുന്നു അത്. പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും തുരുത്തുകള്‍ ഓരോന്നായി അപ്രത്യക്ഷമാവുകയാണ്.

(‘മലയാളം ന്യൂസ്’ ന്യൂസ് എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍