UPDATES

വായന/സംസ്കാരം

സഞ്ചരിച്ച വഴികളിലെല്ലാം സ്‌നേഹസ്പര്‍ശം; ബാബു ഭരദ്വാജ് ഓര്‍മ്മ

Avatar

എം കെ രാമദാസ്

വാക്കും പ്രവര്‍ത്തിയും രണ്ടല്ലെന്നു തെളിയിച്ച മാധ്യപ്രവര്‍ത്തകനായിരുന്നു ബാബു ഭരദ്വാജ്. സഞ്ചരിച്ച വഴികളിലെല്ലാം സ്‌നേഹസ്പര്‍ശം ഉപേക്ഷിച്ചുപോയ ബാബു ഭരജദ്വാജ് സുഹൃത്തുക്കള്‍ക്ക് ബാബുവേട്ടനാണ്. പ്രവാസ സാഹിത്യമെന്ന സാഹിത്യ ശാഖയ്ക്ക് മലയാളത്തില്‍ അടിത്തറയിട്ടത് ഇദ്ദേഹമായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, പ്രവാസിയുടെ കാല്‍പ്പാടുകള്‍ തുടങ്ങിയ കൃതികള്‍ സഞ്ചാരസാഹിത്യമെന്നതിനുമപ്പുറം പ്രവാസജീവിതത്തിന്റെ നെല്ലും പതിരും തിരയുന്ന രചനകളയിരുന്നു. ആടുജീവിതത്തലൂടെ ബെന്യാമിനും മരുഭൂമിയിലെ ജീവിത കഥകളിലൂടെ മുസാഫിറും ഏറ്റെടുത്ത പ്രവാസസാഹിത്യരചനയുടെ അപ്പോസ്തലനായിരുന്നു ബാബു ഭരദ്വാജ്.

കണ്ണുകെട്ടി കളിയുടെ നിയമങ്ങള്‍, കബനി നദി ചുവന്നു, ആന മയില്‍ ഒട്ടകം, ശവഘോഷാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, ഗണപതി ചെട്ടിയാരുടെ മരണം; ഒരു വിയോജന കുറിപ്പ്, കൊറ്റികള്‍ സ്വപ്‌നം കാണുന്ന പെണ്‍കുട്ടി, മൃതിയുടെ സന്ധി സമാസങ്ങള്‍ തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട കൃതികള്‍. കലാപങ്ങള്‍ക്ക് ഒരു ഗൃഹപാഠത്തിന് 2006 ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ബാബു ഭരദ്വാജിനെ തേടിയെത്തിയിരുന്നു. 2001 ല്‍ അബുദാബി ശക്തി അവാര്‍ഡിനും അര്‍ഹനായി.

സമാന്തരസിനിമകളുടെ അന്വേഷണങ്ങളുടെ തലതൊട്ടപ്പന്മാരില്‍ ഒരാള്‍ കൂടിയാണ് ബാബു ഭരദ്വാജ്. മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ ആദ്യമായി അഭിനയിച്ച രവീന്ദ്രന്റെ ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് ബാബു. ബാബുവിലെ എഴുത്തുകാരനെ സൃഷ്ടിച്ചതില്‍ നിര്‍ണായക പങ്കിവഹിച്ചിട്ടുള്ളത് കോഴിക്കോട് നഗരമാണ്. പഞ്ചകല്യാണി എന്ന കഥയിലൂടെ അദ്ദേഹം കോഴിക്കോടിന്റെ ജീവിതം വരച്ചിടുന്നുണ്ട്. എഴുത്തുകാരന്‍ എന്നതിനുപ്പുറം മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ വെളിച്ചം കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയോര്‍മ്മകളെ ജ്വലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനയും ജീവിതവും. സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്ത് ജീവിക്കുകയും അതു രചനവിഷയമാക്കുകയും ചെയ്തു ബാബു ഭരദ്വാജ്.

പലതലങ്ങളില്‍ പടര്‍ന്നുപോയതാണ് ബാബു ഭരദ്വാജിന്റെ രാഷ്ട്രീയാന്വേഷണങ്ങള്‍. കേരളത്തിലെ വൈകാരിക മാര്‍ക്‌സിസത്തിന്റെ എഴുത്തുകാരനായും ബാബു ഭരദ്വാജ് അടയാളപ്പെട്ടു. വ്യക്തികളും ബന്ധങ്ങളും സ്‌നേഹവുമാണ് കമ്യൂണിസമെന്ന് അദ്ദഹം എഴുതി. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന അത്യസാധാരണണമായ ഭാഷയാണ് ബാബുവിന്റെ രചനകളുടെ ശക്തി. സത്യസന്ധനായ എഴുത്തുകാരന്‍ രാഷ്ട്രീയത്തില്‍ എത്തിയാലുണ്ടാകുന്ന ആത്മനിഷ്ഠമായ ചിതറലുകള്‍ ബാബു ഭരദ്വാജും അനുഭവിച്ചു. മാര്‍ക്‌സിസറ്റ് പാര്‍ട്ടി നേരിട്ട സൈദ്ധാന്തിക പ്രതിസന്ധികള്‍ വ്യക്തിസ്വ്‌നേഹം വീണ്ടെടുക്കുന്നതിലൂടെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം കരുതി. ബുദ്ധിജീവി നാട്യങ്ങളില്ലാതെ മനുഷ്യരോട് ഇടപെട്ട ചിന്തകന്‍ കൂടിയാണ് ബാബു. സംഘാടനത്തിലെ കുടുംപിടുത്തങ്ങളല്ല ജീവിതത്തിലെ പച്ചയായ ജീവസന്ദര്‍ഭങ്ങളോട് ചേര്‍ന്നു നില്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനുവേണ്ട രാഷ്ട്രീയപ്രതിബദ്ധതയുടെ മാതൃകയാണ് ബാബു സൃഷ്ടിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു മാധ്യമപ്രവര്‍ത്തനവും അദ്ദേഹത്തിന്. അപാകതകളെ മറ്റൊരിടത്ത് നേട്ടങ്ങളാക്കി കാലം പൂരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അറുപതുകളിലേയും എഴുപതുകളിലേയും കേരളീയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ഇടപെട്ട് എഴുത്തിന്റെ മേഖലകളിലേക്ക് കടന്നുവന്ന ബാബു ഭരദ്വാജ് പുതുതലമുറയോട് ക്രിയാത്മകമായി സംവേദിച്ചു. അങ്ങനെ ചിന്തകളിലും രചനകളിലും നവഭാവങ്ങള്‍ പകര്‍ന്ന് എഴുത്തിനെ സമ്പുഷ്ടമാക്കി. ദ്രോഹിച്ചയാളുകളെ സഹായിക്കുകയയെന്ന മാനവികതയുടെ ഉയര്‍ന്ന മൂല്യം ജീവിതത്തില്‍ അങ്ങോളമിങ്ങോളം സൂക്ഷിച്ചിരുന്നൊരു മനുഷ്യന്‍ കൂടിയായിരുന്നു ബാബു ഭരദ്വാജ്.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്ററാണ് രാമദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍