ഒരിടത്ത് ഒരിടത്ത് ഒരു എഴുത്തുകാരന്‍ ഉണ്ടായിരുന്നു. അയാള്‍ കുറേ കുറേ കഥകള്‍ എഴുതി. എഴുതിയതൊക്കെ നമ്മളെ കുറിച്ചായിരുന്നു. അങ്ങനെ എഴുതിയ ജീവിതങ്ങള്‍ ചിലത് സിനിമയായപ്പോള്‍ അദ്ദേഹം ഒരു മികച്ച തിരക്കഥാകൃത്തായി. ബാബു ജനാര്‍ദ്ദനന്‍ എന്ന തിരക്കഥാകൃത്ത് സിനിമയുടെ സ്വന്തമാകുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ എത്രയോ സിനിമകള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ രാഷ്ട്രീയം എന്നും ചര്‍ച്ച ചെയ്യ്തിട്ടുള്ളതും സാധാരണക്കാരന്റെ ഭാഷയിലുള്ള എഴുത്തിന്റെ ആഴം കൊണ്ട് തന്നെയാണ്.
അരുണ: മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍?
ബാബു ജനാര്‍ദ്ദനന്‍: സന്തോഷമാണ്. ഞാന്‍ എഴുതുന്നതൊക്കെ എനിക്കറിയുന്ന കാര്യങ്ങളാണ്, എനിക്ക് പറയാന്‍ തോന്നുന്ന കാര്യങ്ങള്‍. അല്ലാതെ ആര്‍ക്കു വേണ്ടിയും എഴുതില്ല. എനിക്ക് പരിചയമുള്ള ജീവിതവും ആളുകളും മാത്രം. ഇവിടെ, ഈ പട്ടാമ്പി ഗസ്റ്റ് ഹൗസില്‍ വന്നിരിക്കുമ്പോള്‍ മനസ്സില്‍ കഥ വന്നിരിക്കും. അപ്പോഴേ എഴുതൂ. എന്റെ രാഷ്ട്രീയമാണ് എന്റെ ഓരോ സിനിമകളും.
അ: ഒരു കഥ സിനിമയാകുന്നത് എങ്ങനെയാണ്?
ബാ: തിരക്കഥയ്ക്ക് അനുയോജ്യമായി മാത്രമാണ് കഥ ആലോചിക്കുക. ഞാന്‍ കാണുന്ന ഒരാളുടെ ജീവിതം സിനിമയ്ക്ക് പറ്റിയതാണോ എന്നു നോക്കും. നമ്മള്‍ ഒരാളുടെ ജീവിതം എഴുതുമ്പോള്‍ യൗവ്വനം മുതല്‍ 70 വയസ്സുവരെയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ രസച്ചരട് പൊട്ടാതെ രണ്ടര മണിക്കൂറായി ചുരുക്കും. ചെറിയ ഒരു സംഭവത്തെ പറ്റി പറയുന്ന കഥകള്‍ നമ്മള്‍ അന്തരീക്ഷത്തിലെ വിശദാംശങ്ങള്‍ കൊണ്ട് ദീര്‍ഘിപ്പിക്കാറുണ്ട്. അത് ആ എഴുതപ്പെടുന്ന വിഷയത്തെ ആശ്രയിച്ചിരിക്കും. വളരെ സാവധാനത്തിലാവും ഒരു കഥ മനസ്സില്‍ വന്നു കയറുക. സിനിമാറ്റിക് വേര്‍ഷനില്‍ കാര്യങ്ങള്‍ കാണുന്ന ഒരു ജേര്‍ണലിസ്റ്റിന്റെ മനസ്സുമായാണ് ചരിത്ര സിനിമകള്‍ എഴുതുന്നത്. ‘തലപ്പാവ്’ അത്തരത്തില്‍ എഴുതിയ ഒരു സിനിമയാണ്.
അ: ഏറ്റവും പ്രിയപ്പെട്ട തിരക്കഥ?
ബ: എല്ലാം ഇഷ്ടത്തോടെ എഴുതുന്നതു തന്നെയാണ്. പൂര്‍ണ്ണമായും ഞാന്‍ അനുഭവിച്ച് എഴുതുന്നത് തന്നെ. ഏറ്റവും പ്രിയപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എഴുതി കൊണ്ടിരിക്കുന്നതായിരിക്കും. സിനിമ ആയി കഴിഞ്ഞാല്‍ അടുപ്പം കുറയും മനസ്സ് അടുത്തതിലേക്ക് മാറും. എത്ര കഴിഞ്ഞിട്ടും മനസ്സില്‍ ഇഷ്ടക്കൂടുതലുള്ളത് ‘സിറ്റി ഓഫ് ഗോഡി’നോടാണ്. എന്നെ ഒരുപാട് സ്വാധീനിച്ച സിനിമയായിരുന്നു അത്. ‘ഗോഡ് ഫോര്‍ സെയില്‍’ ഒരുപാട് പ്രതീക്ഷയുള്ള തിരക്കഥയായിരുന്നു. അതിന്റെ ഷൂട്ടിങ്ങ് ഒക്കെ ഭീകരമായ ക്രൈസിസില്‍പ്പെട്ടു പോയി. അല്ലായിരുന്നെങ്കില്‍ അത് ഒരു നല്ല സിനിമ ആകുമായിരുന്നു. ആ സിനിമയിലെ നായകന്റെ സ്വഭാവത്തില്‍ കുറേ അധികം വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു. അയാളിലെ രാഷ്ട്രീയവും ഭക്തിയും വക്രതയുമെല്ലാം മനുഷ്യന്റെ സ്ഥായിയായ സ്വഭാവം തന്നെയായിരുന്നു. തിലകന്‍ ചേട്ടന്റെ മരണത്തോടെ ഒരു പാട് സീനുകള്‍ മാറ്റേണ്ടതായി വന്നു. സാമ്പത്തികമായും കുറേ അധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. സത്യത്തില്‍ ആ സിനിമ ചെയ്തു തീര്‍ക്കുകയായിരുന്നു. ആ സിനിമയിലെ രാഷ്ട്രീയം ശ്രദ്ധിക്കപ്പെടാതെ പോയി. വളരെ വാര്‍ത്താപ്രാധാന്യമുള്ള സിനിമയായിരുന്നു ‘ബോംബേ മാര്‍ച്ച് 12’. പനോരമ സെലക്ഷന്‍ ഉണ്ടായിരുന്നു. മതപരിവര്‍ത്തനത്തെ പറ്റിയാണ് ആ സിനിമ പറഞ്ഞത്. തെറ്റിദ്ധരിക്കപ്പെട്ട സിനിമയായിരുന്നു അത്. അതിനൊരു രാഷ്ട്രീയം ഉണ്ടായിരുന്നു. ഇന്തൃന്‍ മുസ്ലീമിന്റെ പ്രശ്‌നങ്ങളായിരുന്നു സിനിമ പറഞ്ഞത്. പക്ഷേ അത് മറ്റ് രീതിയില്‍ വ്യാഖ്യാനിച്ചു.
അ: ബാബു ജനാര്‍ദ്ദനന്‍ എന്ന തിരക്കഥാകൃത്തില്‍ നിന്ന് സംവിധായകനിലേക്കുള്ള ദൂരം?
ബാ: സിനിമയുടെ മൂലാധാരം തിരക്കഥയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഷ്യല്‍ ഹിറ്റായ ഷോലെ, ലഗാന്‍ ഒക്കെ തിരക്കഥയാണ് നട്ടെല്ല്. തിരക്കഥയില്ലാത്ത സിനിമയും ഇന്ന് ധാരാളം ഉണ്ടാകുന്നുണ്ട്. ഞാന്‍ നേരിട്ട് തിരക്കഥ എഴുതുകയാണ്; വണ്‍ ലൈന്‍ ഒന്നുമില്ല. ഇത് എന്റെ രീതി. എനിക്ക് സത്യത്തില്‍ തിരക്കഥ എഴുതാനാണ് ഇഷ്ടം. സംവിധാനവും എനിക്ക് ഇഷ്ടമാണ്. അതും ഞാന്‍ എന്‍ജോയ് ചെയ്യുന്നു. കാശിന് വേണ്ടി മാത്രം സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ല. വിഷ്വലൈസ് ചെയ്യാന്‍ സംവിധായകനെ സഹായിക്കാന്‍ ഒരു പാട് വഴികളുണ്ട്. തിരക്കഥാകൃത്തിന് മനസ്സും ചിന്തയുമാണ് സഹായം; എഴുതിയേ പറ്റൂ. തിരക്കഥ രചന വളരെ രസകരമാണ് .പല പരീക്ഷണങ്ങളും കൊണ്ടു വരാം. സാമ്പ്രദായികമായ ശൈലികളെ മാറ്റി എഴുതാം. ഭാര്‍ഗ്ഗവീ നിലയം, യക്ഷിയൊക്കെ അങ്ങനെയുള്ളതാണ്. പിന്നെ തിരക്കഥയുടെ ഫോര്‍മാറ്റ് മാറ്റി എഴുതിയത് എം.ടിയുടെ പരിണയമാണ്. തോപ്പില്‍ ഭാസിയുടെ ‘പുതിയ ആകാശം പുതിയ ഭൂമി’, പി.ഭാസ്‌കരന്റെ ആദ്യകിരണം ഒക്കെ എന്നെ ഒരു പാട് സ്വാധീനിച്ച തിരക്കഥകളാണ്. ഞാനെഴുതിയ അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് ഒക്കെ തിരക്കഥ ശൈലിയില്‍ ബ്രേക്കായ ഇടപെടലായിരുന്നു. വായിക്കാവുന്ന സിനിമയെന്നല്ലേ തിരക്കഥയേ വിളിക്കുന്നത്.
അ: ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം?
ബാ: ഒന്നല്ല ഒരു പാട് ഉണ്ട്. ചിലര്‍ വല്ലാതെ പിടിക്കും. ഞാന്‍ പറഞ്ഞില്ലേ ചിലപ്പോള്‍ ഒരാളില്‍ നിന്നാകും ഒരു കഥ വരുക. അയാളോട് തോന്നുന്ന അടുപ്പം ഒരു ജീവിതത്തെ ഉണ്ടാക്കും. എല്ലാവരിലും ഞാനുണ്ട്. എന്റെ ചില നിലപാടുകള്‍ ഉണ്ട്. ‘ഗോഡ് ഫോര്‍ സെയില്‍’ എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം എനിക്ക് ഒരു പാട് ഇഷ്ടമുള്ളതാണ്. അയാള്‍ ഒരു സാധാരണ മനുഷ്യനാണ്. സാധാരണ വികാരങ്ങളാണ് അയാളില്‍ ഉള്ളത്. ‘തലപ്പാവി’ലെ വര്‍ഗ്ഗീസും എന്റെ പ്രിയപ്പെട്ടതാണ്. ‘വാസ്തവ’ത്തിലെ ജഗതിയുടെ കഥാപാത്രം വളരെ ഒര്‍ജിനലായിരുന്നു. എല്ലാവരിലും ഒരു വില്ലനും നായകനും ഉണ്ട്. സാഹചര്യവും ജനിതക സ്വഭാവവും വെച്ച് അത് കൂടിയും കുറഞ്ഞും ഇരിക്കും. സ്ത്രീ കഥാപാത്രങ്ങളും ധാരാളമുണ്ട്. എന്റെ എല്ലാ സിനിമയിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. വര്‍ണ്ണപകിട്ടിലെ മീന, അനുഭൂതിയിലെ ഖുശ്ബു, സ്വര്‍ണ്ണ കടുവയിലെ ഇനിയ, ബോംബേ മാര്‍ച്ച് 12 ലെ റോമ അങ്ങനെ എത്രയോ പേര്‍. സിറ്റി ഓഫ് ഗോഡിലെ മൂന്ന് സ്ത്രീകളും എനിക്ക് പ്രിയപ്പെട്ടതാണ്. ശ്വേത, പാര്‍വതി, റിമ. രക്ഷിതാവസ്ഥ അനുഭവിക്കുന്ന മൂന്ന് സ്ത്രീകള്‍. ഒരേ സമൂഹത്തിലെ മൂന്ന് ഇടങ്ങളില്‍ കഴിയുന്നവര്‍. സത്യസന്ധമായ കഥാപാത്രങ്ങള്‍ ആയിരുന്നു. ചിലര്‍ നമ്മളോട് നിരന്തരം കമ്മ്യൂണിക്കേറ്റ് ചെയ്തു കൊണ്ടിരിക്കും; അവരെ എഴുതുമ്പോള്‍ അറിയാതെ ഞാന്‍ അവരായി മാറും. അവരോട് എനിക്ക് എന്നും ഇഷ്ടമാണ്.
അ: എഴുതിവെച്ച് സിനിമയാക്കാന്‍ കഴിയാതെ പോയ തിരക്കഥകള്‍ ഉണ്ടോ?
ബാ: ഒരുപാട് ഉണ്ട്. ചിലപ്പോള്‍ കുറേ പറയുമ്പോള്‍ ത്രില്‍ പോകും. ഒരു രസം നഷ്ടമായ പോലെ തോന്നും; അപ്പോള്‍ അതൊക്കെ ഉപേക്ഷിക്കും. ചിലത് കാലം തെറ്റി കഴിഞ്ഞു എന്നു തോന്നും, പിന്നെ അത് ചെയ്യില്ല. ഒരു മാസം കൊണ്ടാണ് സ്വര്‍ണ്ണ കടുവ എഴുതിയത്. ഒരാഴ്ചകൊണ്ടാണ് തലപ്പാവും സിറ്റി ഓഫ് ഗോഡും എഴുതിയത്. ഞാന്‍ പറഞ്ഞില്ലേ ഒരിക്കലും വണ്‍ ലൈന്‍ എഴുതില്ല. എഴുത്തിന് മുന്‍പാണ് സ്‌ട്രെയിന്‍. ബ്ലോക്ക് വന്നാല്‍ എഴുതില്ല, പിന്നെയും എഴുതിയാല്‍ കൃത്രിമമായി പോകും. അപ്പോള്‍ അതിന് നില്‍ക്കില്ല.
അ: പലര്‍ക്കും എഴുതാന്‍ ഇഷ്ടപ്പെടുന്ന ചില സ്ഥലങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്; അങ്ങനെ എഴുതാനായി ഒരു ഇടം ഉണ്ടോ?
ബാ: ഇവിടെ; പട്ടാമ്പി ഗസ്റ്റ് ഹൗസില്‍ ഇരുന്നാണ് ഞാന്‍ അധികവും എഴുതിയിട്ടുള്ളത്. പിന്നെ ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ഇരുന്നും എഴുതും. വാസ്തവം വൈക്കത്ത് ഒരു വീട്ടില്‍ ഇരുന്നാണ് എഴുതിയത്. എനിക്ക് ഏറ്റവും ഇഷ്ടം പട്ടാമ്പി ഗസ്റ്റ് ഹൗസ് തന്നെയാണ്. തീര്‍ത്തും നിശ്ശബ്ദമാണ് ഇവിടുത്തെ അന്തരീക്ഷം, സ്വസ്ഥമാണ്. ഇവിടെ തനിച്ചിരിക്കുമ്പോള്‍ നമ്മള്‍ തനിച്ചു തന്നെയായിരിക്കും.
അ: യാത്രകള്‍ ഒക്കെ ആവില്ലേ കഥയിലേക്ക് പലപ്പോഴും അടുപ്പിക്കുന്നത്. പ്രിയപ്പെട്ട യാത്ര എങ്ങോട്ടാണ്?
ബാ: യാത്രകള്‍ വല്ലാതെ കൊതിപ്പിക്കാറില്ല. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ ഉണ്ടാകാറില്ല. ഇടയ്ക്ക് നാട്ടില്‍ പോകണമെന്ന് തോന്നും. ജീവിതത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ ഉള്ളതുകൊണ്ടാവും ഒരു യാത്രയും ഒരു സ്ഥലവും എന്നെ ആകര്‍ഷിക്കാറില്ല. ‘യാത്ര’ എന്ന പേരിട്ട് ഞാന്‍ എവിടേക്കും പോകില്ല. എഴുത്തിന് യാത്ര വേണമെന്ന് എനിക്കില്ല. ഈ മുറിയില്‍ വന്നിരിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നതാണ് എന്റെ എഴുത്ത്. എനിക്ക് വഴങ്ങി വരുന്ന കഥ മാത്രമാണ് എഴുതുന്നത്.
അ: രാഷ്ട്രീയ സിനിമകളുടെ രചന എങ്ങനെയാണ് ?
ബാ: രാഷ്ട്രീയമില്ലാതെ എനിക്ക് ഒന്നും പറയാന്‍ പറ്റില്ല. കുടുംബ കഥകള്‍ പറയുമ്പോഴാണ് ആഴത്തിലുള്ള രാഷ്ട്രീയം എഴുതേണ്ടി വരുന്നത്. അച്ഛനുറങ്ങാത്ത വീട്ടിലെ പെണ്‍കുട്ടിയുടെ ജീവിതം എഴുതുമ്പോള്‍ രാഷ്ട്രീയമായ എന്റെ നിലപാടുകളായിരുന്നു. നക്‌സല്‍ വര്‍ഗ്ഗീസ് ജനങ്ങള്‍ക്ക് ആവേശമാണ്. രാമചന്ദ്രന്‍ നായരുടെ പശ്ചാത്താപത്തിലാണ് സിനിമ തുടങ്ങുന്നത്. ശക്തമായ ഫെമിനിസ്റ്റ് സിനിമയാണ് സിറ്റി ഓഫ് ഗോഡ്. സിനിമയെ ഗൗരവമായി കാണുമ്പോഴാണ് രാഷ്ട്രീയ പക്ഷപാതങ്ങള്‍ വരുന്നത്. ഞാന്‍ ഇതുവരെ എഴുതിയ സിനിമകളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിയുന്നതും വര്‍ത്തമാനകാല രാഷ്ട്രീയ പ്രശ്‌നങ്ങളാവും എഴുതുക. വാസ്തവം, ഗോഡ് ഫോര്‍ സെയില്‍, ബോംബേ മാര്‍ച്ച് 12 ഒക്കെ. എറ്റവും പുതിയ സിനിമയായ സ്വര്‍ണ്ണ കടുവയില്‍ പറഞ്ഞത് കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്യമാണ്; മദ്യനിരോധനം ഉള്‍പ്പെടെയുള്ളവ. ഇനിയും എന്റെ രാഷ്ട്രീയവും വിശ്വാസവും തന്നെയാവും എന്റെ എഴുത്തില്‍ വരിക. തലപ്പാവ് എഴുതുമ്പോള്‍ എന്റെ ഉള്ളിലെ കമ്മ്യൂണിസ്റ്റുകാരന്‍ സജീവമായിരുന്നു.
അ: ഇന്നിറങ്ങുന്ന എല്ലാ സിനിമകളും രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടോ?
ബാ: ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത്. കച്ചവടമായും ഗ്ലാമറായും ഈ തൊഴിലിനെ കാണുന്നവരുണ്ട്. ഗൗരവപരമായ വിഷയങ്ങള്‍ സിനിമയാകുമ്പോള്‍ പലപ്പോഴും ജനങ്ങള്‍ കാണാറില്ല. പരാജയപെടുന്ന എത്രയോ സിനിമകള്‍ ഉണ്ട്. നമ്മള്‍ ചെയ്യുന്നത് നമുടേതായിരിക്കണം. ചിലപ്പോള്‍ ഞാന്‍ ഇനി ചിന്തിക്കുന്നത് ഇന്നു ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാവും. ഇന്നുണ്ടാകുന്ന പല സിനിമകളും വളരെ മികച്ചതാണ്. സിനിമ ആസ്വദിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്നതാവരുത്. സിനിമയെ സ്‌നേഹിക്കുന്ന എത്രയോ സംവിധായകരുണ്ട്. ഐ. വി.ശശി, ലാല്‍ ജോസ് ഒക്കെ സിനിമയെ വല്ലാതെ സ്‌നേഹിക്കുന്നവരാണ്. ഞാന്‍ കേട്ടിട്ടുണ്ട് ന്യൂ ജനറേഷന്‍ താരങ്ങള്‍ ചില പഴയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലന്ന്, സീനിയേഴ്‌സാണ് ഞങ്ങള്‍ എന്ന തോന്നല്‍ ചിലര്‍ക്കുണ്ട്, രാജാവാണെന്ന് സ്വയം വിശ്വസിക്കും. അത് സഹിക്കാര്‍ എത്ര പേര്‍ക്ക് കഴിയും. ചരിത്രത്തെ വിലയില്ലാത്തവര്‍ പ്രശ്‌നമാണ്. സിനിമയുടെ ചരിത്രം, കഴിഞ്ഞ കാലം ഒക്കെ നമ്മള്‍ അറിയണം. നമ്മള്‍ ചെയ്യുന്ന വര്‍ക്ക് നമുക്ക് ആസ്വദിക്കാം; അത് മറ്റുള്ളവരും ആസ്വദിക്കുമ്പോഴേ രസമുണ്ടാവൂ.
അ: കഥ ആരോടാണ് ആദ്യമായി പങ്കുവെയ്ക്കുന്നത്?
ബാ: അങ്ങനെ ഒരാള്‍ എന്നൊന്നും ഇല്ല. ആരെങ്കിലും ആവാം. ആ സമയം ആരോടാണോ പറയാന്‍ തോന്നുക അവരോട് പറയും. നന്നായി ചിന്തിക്കുന്ന ചില സുഹൃത്തുക്കള്‍ ഉണ്ട്. അവരോട് പറയുമ്പോള്‍ അവരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ കഥ കൂടുതല്‍ വളരും.
അ: എഴുത്തുകാരനും സിനിമ എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസം?
ബാ: ഞാന്‍ പൂര്‍ണ്ണമായും ഒരു സിനിമ എഴുത്തുകാരനാണ്. എഴുത്തുകാരന്‍ കുറേ അധികം സ്വാതന്ത്ര്യം അനുഭവിക്കുന്നു. സ്വന്തം സൃഷ്ടിയാണ്. അയാളാണ് അവസാന വാക്ക്. സിനിമ എഴുത്തുകാരന്‍ കുറേയധികം നിയന്ത്രണങ്ങളിലായിരിക്കും. ഇടപെടലുകള്‍ ധാരാളം ഉണ്ട്. സാമ്പത്തികമായും സര്‍ഗാത്മകമായും ഒക്കെ നമ്മള്‍ കുറേ അധികം പേരെ തൃപ്തിപ്പെടുത്തണം. പിന്നെ സിനിമ, തീര്‍ത്തും വ്യത്യസ്തമായ കാഴ്ചക്കാരുടെ കാഴ്ചയാണ്. ചെറിയ ശല്യങ്ങള്‍ പോലും ബുദ്ധിമുട്ടാകും. ചിലപ്പോള്‍ ഒരു പാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.
അ: സ്വന്തം നാട് ചങ്ങനാശ്ശേരിയാണ്, ഇപ്പോള്‍ പട്ടാമ്പിയില്‍ താമസം. നാടുവിട്ടൊരു മാറ്റം എന്തിനാണ്?
ബാ: എഴുത്തുകാരനോ, സിനിമാക്കാരനോ ആകാന്‍ വേണ്ടിയായിരുന്നില്ല. ജോലിയുടെ ഭാഗമായി ഇവിടെയായി. ഭാര്യയുടെ നാടാണ് പട്ടാമ്പി. അധ്യാപികയാണ്. ഇവിടെ തന്നെയാണ് ജോലി. അങ്ങനെ ഇവിടെ വീടുവെച്ചു താമസമായി. നമ്മള്‍ എപ്പോഴും ഓരോ യാത്രയിലാണ്. എപ്പോഴും വീട്ടില്‍ കാണില്ല .അപ്പോള്‍ അവര്‍ക്ക് പരിചയമുള്ള നാടാവില്ലേ നല്ലതെന്ന് തോന്നി. എനിക്ക് രണ്ട് മക്കളാണ് മകള്‍ നീലിമ എഞ്ചിനിയറിങ്ങിന് പഠിക്കുന്നു. മോന്‍ എട്ടാം ക്ലാസ്സിലും.
അ: തിരക്കഥാകൃത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
ബാ: ഞാന്‍ പറഞ്ഞല്ലോ നാട് ചങ്ങനാശ്ശേരിയാണ്. വായന മാത്രമാണ് ഉണ്ടായിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുത്തൊന്നുമില്ല. പിന്നെയാണ് എഴുതുന്നത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ തന്നെയായിരുന്നു എന്റേയും പ്രിയപ്പെട്ട എഴുത്തുകാര്‍. എന്നാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സി.രാധാകൃഷ്ണന്‍ ആണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വല്ലാതെ സ്വര്‍ശിച്ചിട്ടുണ്ട്, സ്വാധീനിച്ചിട്ടുണ്ട്. സിനിമ ഹരമായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഇറങ്ങി തിരിക്കുവാരുന്നു. വീട്ടില്‍ അമ്മ, പെങ്ങള്‍, ചേട്ടന്‍ വേണു കാര്‍ട്ടൂണിസ്റ്റായിരുന്നു. സിനിമാബന്ധമൊന്നുമില്ല. ഒരു കഥ കേള്‍ക്കാന്‍ പോലും ആരും ഇല്ല. കുറേ നടന്നു. സുഹൃത്തായിരുന്ന പ്രേം പ്രകാശ് ഒരാളെ പരിചയപ്പെടുത്തി സേവ്യര്‍ പനച്ചിക്കല്‍, ഓരോരോ ശ്രമത്തിന്റെ ഭാഗമായിരുന്നു അതും. അദ്ദേഹം പറഞ്ഞിട്ട് അനില്‍ ബാബുവിലെ അനില്‍ ഒരു കഥ ഉണ്ടാക്കാന്‍ പറ്റുമോന്ന് ചോദിച്ചു.അന്നവര്‍ക്ക് ഒരു കഥ വേണം. ഷൂട്ടിങ്ങ് ഡേറ്റായപ്പോള്‍ ചെയ്യാനുദ്ദേശിച്ച കഥ നടക്കില്ല. ഞാന്‍ കേറി ഏറ്റു എഴുതി കൊടുത്തു, ആദ്യ സിനിമ ‘അനന്തവൃത്താന്തം’. ‘സുദിനം’ ആയപ്പോഴാണ് സത്യത്തില്‍ എഴുത്ത് സീരിയസായത്. ആദ്യത്തെ വലിയ വിജയം വര്‍ണ്ണപകിട്ടാണ്. ഇതു വരെ 22 തിരക്കഥകള്‍. ചെറുപ്പം മുതല്‍ വരയ്ക്കുമായിരുന്നു. ഡ്രോയിങ്ങ് അധ്യാപകനുമാണ്. എന്റെ കഥയുടെ ആദ്യ രൂപങ്ങള്‍ ഞാന്‍ വരയ്ക്കാറുണ്ട്. മനസ്സില്‍ കാണുന്ന ഓരോ ചിത്രങ്ങളും എന്നോട് കഥ പറയുമ്പോഴാണ് ഞാന്‍ എഴുതുന്നത്…