UPDATES

ഓഫ് ബീറ്റ്

നിങ്ങളുടെ നഗ്ന തുടകള്‍ ഞങ്ങള്‍ക്ക് യോനിവിറ ഉണ്ടാക്കാറില്ല; ലിംഗദോഷത്തിനൊരു മറുകുറിപ്പ്

Avatar

നീതു മാളു

കേരള ബുക് മാര്‍ക് സെക്രട്ടറിയും എഴുത്തുകാരനുമായ ബാബു കുഴിമറ്റം പുരുഷന്റെ ലിംഗദോഷം എന്ന തലക്കെട്ടോടെ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആകാരവടിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ലെഗ്ഗിംങ്‌സും ജീന്‍സുമൊക്കെ ധരിക്കുന്ന സ്ത്രീകളാണ് പുരുഷന് ലിംഗചലനമുണ്ടാക്കുന്നതെന്ന തരത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. പുരുഷന് ലിംഗോദ്ദാരണവും സ്ഖലനവും ഉണ്ടാകാന്‍ ഒന്നുകണ്ടാല്‍ മതിയെന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ഈ കുറിപ്പിലുള്ളത്. ബാബു കുഴിമറ്റത്തിന്റെ കാഴ്ച്ചദോഷങ്ങള്‍ക്ക് ഒരു മറുകുറിപ്പ്

ആത്യന്തികമായി മനുഷ്യനൊരു നഗ്നവാനരനായിരിക്കെ, ധരിക്കുന്നതെന്തും അവന്റെ കംഫര്‍ട്ട് സോണിനുമപ്പുറത്തായിരിക്കെ പിന്നീടുളളതെല്ലാം നിലവിലുളളവയുമായുളള ഒത്തുതീര്‍പ്പുകള്‍ മാത്രമായിരിക്കും. അവിടെ കാലാവസ്ഥയ്ക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും വ്യക്തിസുഖത്തിനും അനുയോജ്യമാകുംവിധം എന്തും ധരിക്കുകയെന്നത് പെണ്ണിന്റെ ഏററവും സ്വകാര്യമായ തീരുമാനമാണ്. അത് ജീന്‍സോ സാരിയോ ലെഗ്ഗിങ്‌സോ ചുരിദാറോ എന്തുതന്നെയുമായ്‌ക്കൊളളട്ടെ. തെരഞ്ഞെടുപ്പ് അവളുടെ മാത്രമായിരിക്കും. അതിനു മുകളില്‍ സമൂഹത്തിനോ പുരുഷനോ മതത്തിനോ ഇടപെടാന്‍ അവകാശമില്ല. ജീന്‍സ്-ലെഗ്ഗിങ്‌സ് തുടക്കാഴ്ച്ചകള്‍ കണ്ട് ലിംഗചലനമുണ്ടാകുന്നുവെങ്കില്‍ കൂലീനതയുടെ അഞ്ചുമുഴം തുണിച്ചുററലില്‍ തെറിച്ചു നിന്ന മുലകളെയും തളളിയ നിതംബത്തെയും ഒളിക്കണ്ണില്‍ കണ്ട് സുഖമനുഭവിക്കുന്നവനില്‍ നിന്നും ഇതേ ഉദ്ദാരണവൈകല്യബോധമല്ലെ പ്രതീക്ഷിക്കേണ്ടത്.

അങ്ങനെ വരുമ്പോള്‍ വസ്ത്രമല്ല അവര്‍ ആരോപിക്കുംപോലെ പ്രതിയെന്നും സ്ത്രീയോ സ്ത്രീ നഗ്നതയോ അല്ല മറിച്ച് ചില പുരുഷകപടബോധങ്ങള്‍ തന്നെയാണെന്നും ബോധ്യമാകും. ഒളിക്കാഴ്ച്ചയില്‍ നിന്ന് തെളിക്കാഴ്ച്ചയിലേക്ക് ചെന്നെത്തുമ്പോഴുണ്ടാകുന്ന അലോസരത്തിന്റെ വിറ മാത്രമാണത്.

മേല്‍പ്പറഞ്ഞ ആണ്‍ബോധത്തിന്റെ അടയാളമാവുകയാണ് അറിയപ്പെടുന്ന എഴുത്തുകാരനും കേരള ബുക്ക്മാര്‍ക്ക് സെക്രട്ടറിയുമായ ബാബു കുഴിമറ്റത്തിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്‌ററ്.

വിറപൂണ്ടു നില്‍ക്കല്‍ എന്നത് തികഞ്ഞ അഭിമാനത്തോടെ പറഞ്ഞു നിര്‍ത്തുകയാണ് കുഴിമറ്റം. ഞങ്ങള്‍ പുരുഷന്‍മാരാണ്. ഞങ്ങള്‍ക്ക് ഏത് നിമിഷവും കാമവെറിയും സ്ഖലനവും ഉണ്ടാവാം. അതിനു പ്രേരിതങ്ങളായ ഇറുക്കമുള്ള ഉടയാടകളില്‍ നിര്‍ഗുണ പരബ്രഹ്മങ്ങളായ ഞങ്ങളുടെ മുന്നില്‍ വന്നു നിന്ന് നിയന്ത്രണങ്ങളെ വിറപ്പിക്കരുതെന്ന ആജ്ഞയുണ്ട് എഴുത്തില്‍. വസ്ത്രധാരണം കാഴ്ച്ചക്കാരന്റെ തീരുമാനം മാത്രമാക്കപ്പെടുന്നത് അംഗീകരിക്കപ്പെടരുതാത്തതും നിലവിലുളളതുമായ അവസ്ഥയാണ്. അതല്ലെങ്കില്‍ ചിലരുടെയെങ്കിലും അമ്മ/പെങ്ങള്‍ സങ്കല്‍പ്പത്തിന് കീഴ്‌പ്പെട്ട് മാറ്റിയുടുക്കേണ്ടി വരുന്നുണ്ട് പല പെണ്ണുങ്ങള്‍ക്കും തന്റെ ഉടുപുടവകള്‍. ഇവിടെ പെണ്ണുടുക്കുമ്പോള്‍ അത് അടക്കത്തിന്റെയും ഒതുക്കത്തിന്റെയും വിഷയമാകുകയും ആണുടുപ്പ് കംഫര്‍ട്ട്‌നെസ്സിന്റെയും സൗന്ദര്യബോധത്തിന്റെയും മാത്രം ഭാഗമാവുന്നതിന്റെ തുല്യനീതിയെന്താണ്. ഇത്തരം നീതികേടുകളുടെ തുലാസുകള്‍ എവിടെ ഉയര്‍ന്നു നിന്നാലും, അത് എന്തിനെ പ്രതിയാണെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. വസ്ത്രം, അത് ആണിന്റെയോ പെണ്ണിന്റെയോ ആയ്‌കൊള്ളട്ടെ; തികച്ചും വ്യക്തിപരവും അവനവന്‍ തീരുമാനങ്ങളില്‍ മാത്രം ഒതുങ്ങിയതുമാണ്. നിങ്ങള്‍ പുരുഷന്‍മാര്‍ മേല്‍ബട്ടണുകള്‍ അഴിച്ചിട്ട് വിരിമാറു വെളിപ്പെടുത്തി, മടക്കികുത്തിയ മുണ്ടിനടിയിലെ നഗ്നമായ തുടപേശികളും കാണിച്ചു നടക്കുമ്പോള്‍ ഞങ്ങള്‍ സത്രീകള്‍ക്കൊരു യോനീവിറയും വരാതിരിക്കുന്നിടത്തോളം തിരിച്ചും നിങ്ങളുടെ ലിംഗങ്ങളുടെ വൈബ്രേഷന്‍ മോഡുകള്‍ ഓഫ് ചെയ്ത് മാന്യതയുടെ മോഡുകളിലേക്ക് മാറുക. അതിനുമപ്പുറം ഒരു സത്രീയുടെയും സ്വകാര്യതയിലേക്ക് ഇറങ്ങി ചെന്ന് തുണിയുടുപ്പിക്കാനോ ഒളിഞ്ഞ് നോക്കാനോ അനുമതിയുള്ളവരല്ല നിങ്ങളാരും.

അവളെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുന്ന ബാബുമാര്‍

ബാബു കുഴിമറ്റത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പുരുഷന്റെ പുല്ലിംഗ ദോഷം

ഇന്നലെ അമ്പലമുക്കില്‍ വെച്ച് എന്റെ കാറൊന്നു പാളി .കേരള സര്‍ക്കാര്‍ എനിക്ക് തന്ന ചെറുപ്പക്കാരനായ  ഡ്രൈവര്‍ അവിവാഹിതനാണു. എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവന്‍ .എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല. അവനെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും; ഇത്രയും പ്രായമുള്ള എനിക്ക് പോലും ‘ലിംഗ ചലന’മുണ്ടാക്കിയ ഒരു ദര്‍ശനോത്സവം രോഡരികില്‍ നില്‍ക്കുന്നു. ലക്ഷണമൊത്ത , ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ …..ഒടുവില്‍ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; ‘അവള്‍ തുണിയുടുത്തിട്ടുണ്ട് സാറെ ‘ തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്‌സ് : ‘ ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീന്‍സെന്നു വിളിച്ചത് ….’പുരുഷനു ലിംഗചലനമുണ്ടാവാന്‍ ഒന്നു കണ്ടാല്‍ മാത്രം മതിയാവും. അതാണവനു പ്രകൃതി നല്‍കിയ പുല്ലിംഗ ദോഷം . എന്നാല്‍ പെണ്ണിനു പഞ്ചാര വചസ്സുകളും തൊട്ടു തലോടലുമൊക്കെ വേണ്ടി വന്നേക്കാം… മേല്‍പ്പടി ചൊവ്വാദോഷമറിയാതെ സ്ത്രീപക്ഷവാദികളും ചാന്തു പൊട്ടുകളായ ചില കവികളും ചേര്‍ന്ന് അവനെ ഞരമ്പു രോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതില്‍ ഒരു കാര്യവുമില്ല. അതുകൊണ്ടാണു അനുഭവ ജ്ഞാനികളായ പഴവന്മാര്‍ പറഞ്ഞു തരുന്നത് ; പെണ്ണായാല്‍ അല്പം അടക്കമൊതുക്കമൊക്കെ വേണമെന്ന്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(കവയത്രിയായ ലേഖിക തൃശൂര്‍ സ്വദേശിയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍