UPDATES

സയന്‍സ്/ടെക്നോളജി

മൂന്നു പേരില്‍നിന്ന് ഒരു കുഞ്ഞ്

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്) 

അഞ്ചുമാസം മുന്‍പ് ന്യൂയോര്‍ക്ക് സിറ്റിയിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ ജനിച്ച കുഞ്ഞിന് ‘മാതാപിതാക്കള്‍’ മൂന്നുപേരാണ്. യാഥാര്‍ത്ഥ മാതാപിതാക്കളുടേതിനു പുറമെ മറ്റൊരാളുടെ ഡിഎന്‍എയുടെ അംശംകൂടി കുഞ്ഞിന്റെ കോശങ്ങളിലുണ്ടാകും. കൃത്രിമ ഗര്‍ഭധാരണത്തിലെ നൂതന സങ്കേതം നടത്തിയ ജനിതകമാറ്റം വഴി ജനിച്ച കുഞ്ഞിന് 2.001 മാതാപിതാക്കളുണ്ടെന്ന് അവകാശപ്പെടാം. ജോര്‍ദാനില്‍ നിന്നുള്ള ദമ്പതികളുടെതാണ് കുട്ടി.

ജോര്‍ദാനിയന്‍ ദമ്പതികള്‍ നാലുതവണ ഗര്‍ഭം അലസിയവരാണ്. രണ്ടു കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ മരിക്കുകയും ചെയ്തു. അമ്മയുടെ മൈറ്റോകോണ്‍ഡ്രിയയില്‍ മ്യൂട്ടേഷന്‍ വഴിയുണ്ടാകുന്ന നാഡീവ്യൂഹ പ്രശ്‌നമായ ലെയ് സിന്‍ഡ്രോം ആയിരുന്നു കാരണം.

മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയുടെ കൈമാറ്റമാണ് ഈ ചികില്‍സാരീതിയില്‍ അവലംബിക്കുന്നത്. കോശത്തിന്റെ വൈദ്യുതി നിലയങ്ങളെന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയകളാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജം കോശത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാക്കുന്നത്. ഒരാളുടെ മൈറ്റോകോണ്‍ഡ്രിയ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് കോശത്തെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ല. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ ജീവനുതന്നെ അപകടകാരികളാണ്. അമേരിക്കയില്‍ മാത്രം നാലായിരത്തോളം കുട്ടികളാണ് ഇത്തരം രോഗങ്ങളുമായി ജനിക്കുന്നത്.

ഡോ. ജോണ്‍ ഷാങിന്റെ നേതൃത്വത്തില്‍ നടന്ന ചികില്‍സയുടെ വിവരങ്ങള്‍ ന്യൂ സയന്റിസ്റ്റാണ് പുറത്തുവിട്ടത്. മാതാപിതാക്കളുടേതിനു പുറമെ മറ്റൊരാളുടെ ഡിഎന്‍എ കൂടി സമ്പാദിച്ചു ജനിക്കുന്ന ആദ്യ കുഞ്ഞല്ല ഇത്. 1990കളില്‍ അമേരിക്കയില്‍ ഈ രീതി പ്രചാരം നേടിയിരുന്നു. എന്നാല്‍ നൂറോളം കുട്ടികള്‍ ജനിച്ചതോടെ ഇത് നിരോധിച്ചു.

അക്കാലത്തെക്കാള്‍ പുരോഗമിച്ച സാങ്കേതിക വിദ്യയില്‍ ജനിക്കുന്ന ആദ്യത്തെ കുട്ടിയാണ് ജോര്‍ദാന്‍ ദമ്പതികളുടെത്. ഇത്തരം ഗര്‍ഭധാരണരീതി നിയമപരമായി അംഗീകരിക്കുന്ന രാജ്യങ്ങളൊന്നുമില്ല. മെക്‌സിക്കോയിലായിരുന്നു ഷാങ്ങിന്റെ ചികില്‍സ. ‘കാരണം അവിടെ നിയമങ്ങളൊന്നുമില്ല,’ ഷാങ് പറയുന്നു.

മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍ ആകെയുള്ളത് 37 ജീനുകള്‍ മാത്രമാണ്. അവ വരുന്നത് അണ്ഡത്തില്‍നിന്നുമാത്രവും. ബീജത്തില്‍നിന്നുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ഭ്രൂണത്തില്‍ ഇല്ല. അമ്മയുടെ രോഗാതുരമായ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ മാറ്റി പകരം ദാതാവിന്റെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ചേര്‍ക്കുന്നതാണ് ചികില്‍സാരീതി. അമ്മയുടെ ഡിഎന്‍എയിലെ ഭൂരിഭാഗം ഘടകങ്ങളും കുട്ടിക്കു ലഭിക്കുമെന്നതും രോഗസാധ്യത കുറയുമെന്നതുമാണ് ഇതിന്റെ മെച്ചം.

അമ്മയുടെയും ദാതാവിന്റെയും അണ്ഡം പിതാവിന്റെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണങ്ങളെ സൃഷ്ടിക്കുന്ന ഒരു ചികില്‍സാരീതിക്ക് ഈയിടെ ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ദാതാവിന്റെ ഭ്രൂണത്തില്‍ മൈറ്റോകോണ്‍ഡ്രിയ ഒഴിവാക്കിയ മാതാപിതാക്കളുടെ ജനിതകഘടന ചേര്‍ക്കുകയാണ് ഇതില്‍ ചെയ്യുന്നത്.

ഷാങ്ങിന്റെ സഹായം തേടിയ മുസ്ലിം ദമ്പതികള്‍ ഭ്രൂണത്തെ നശിപ്പിക്കുന്ന ചികില്‍സാരീതി നിരസിച്ചു. അതിനാല്‍ ബീജസങ്കലനം നടക്കും മുന്‍പ് മൈറ്റോകോണ്‍ഡ്രിയ മാറ്റുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. ദാതാവിന്റെ അണ്ഡത്തിന്റെ കേന്ദ്രസ്ഥാനത്ത് അമ്മയുടെ അണ്ഡത്തിന്റെ കേന്ദ്രം മാറ്റിവയ്ക്കുന്ന രീതി.

കുഞ്ഞ് ആരോഗ്യമുള്ളതായി കാണപ്പെടുന്നുവെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഈ കൃത്രിമഗര്‍ഭധാരണരീതി വ്യാപക പ്രചാരം നേടുമെന്നു കരുതാറായിട്ടില്ല. ജോര്‍ദാനിയന്‍ ദമ്പതികള്‍ക്കുവേണ്ടി തയാറാക്കിയ അഞ്ച് ഭ്രൂണങ്ങളില്‍ ഒന്നുമാത്രമാണ് ശരിയായ രീതിയില്‍ വളര്‍ന്നത്. അമ്മയുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍നിന്നുള്ള വളരെ ചെറിയ അംശം ഇപ്പോഴും കുഞ്ഞിലുണ്ട്. കുഞ്ഞ് സാധാരണരീതിയില്‍ വളരുമെന്നാണു ഡോക്ടര്‍മാരുടെ പ്രതീക്ഷയെങ്കിലും രോഗാതുരമായ ജനിതകഭാഗങ്ങള്‍ എങ്ങനെ കുട്ടിയെ ബാധിക്കുമെന്നറിയാന്‍ വഴിയൊന്നുമില്ല.

ഇത്തരം കൃത്രിമഗര്‍ഭധാരണ രീതികള്‍ക്കു മുന്നില്‍ നിയമക്കുരുക്കുകള്‍ ഏറെയാണ്. ഭ്രൂണങ്ങളിലെ ജനിതകമാറ്റം സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കു ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുഎസില്‍ അത്തരം നടപടിയൊന്നുമില്ല. യുകെയില്‍ ഒരു സാങ്കേതിക വിദ്യയ്ക്ക് അനുമതിയുണ്ട്. പരീക്ഷണശാലകളില്‍ ഭ്രൂണ ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതിയും. ഫെബ്രുവരിയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിളിച്ചുകൂട്ടിയ വിദഗ്ധരുടെ സമിതി ഈ സാങ്കേതികവിദ്യകളില്‍ ചിലത് പ്രയോഗത്തില്‍ വരുത്തുന്നതിന് തടസമില്ലെന്നറിയിച്ചെങ്കിലും കോണ്‍ഗ്രസ് പാസാക്കിയ ബജറ്റ് ഇത്തരം പരീക്ഷണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവിടുന്നതിനെ എതിര്‍ക്കുകയാണുണ്ടായത്.

ഷാങ്ങിന്റെ ടീം ഒക്ടോബറില്‍ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍സ് സയന്റിഫിക് കോണ്‍ഗ്രസില്‍ അവരുടെ നൂതനസങ്കേതങ്ങളെപ്പറ്റി വിശദീകരിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍