UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആണ്‍കുട്ടിയുണ്ടാകാനുള്ള വിദ്യകളുമായി മംഗളം; കോമണ്‍സെന്‍സ് വേണമെന്ന പരിഹാസവുമായി ബിബിസിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍

ആണ്‍കുട്ടികള്‍ ഉണ്ടാവാന്‍ ആറു നിര്‍ദേശങ്ങള്‍ എന്ന ആര്‍ട്ടിക്കിള്‍ ആണ് മംഗളം ഓണ്‍ലൈന്‍ സൈറ്റിലെ ആരോഗ്യം സെഗ്‌മെന്റില്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രസ്തുത ആര്‍ട്ടിക്കിള്‍ അവര്‍ പിന്‍വലിച്ചിട്ടുണ്ട്

വായനക്കാരെ ആകര്‍ഷിക്കാനുള്ള മലയാളത്തിലെ മാസികകളുടെയും ആഴ്ചപതിപ്പുകളുടെയും സ്ഥിരം ചേരുവകകളാണ് ലെംഗികതയും അനുബന്ധ വിഷയങ്ങളും. കാലങ്ങളായി അച്ചടിപ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നുപോരുന്ന ഈ തന്ത്രം ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പ്രധാന വിഭവങ്ങളാണ്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന മൂന്നാംകിട പൈങ്കിളി നിലവാരത്തിലുള്ള കണ്ടെത്തലുകളും നിര്‍ദേശങ്ങളുമായിരിക്കും ഇത്തരം ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ ഒക്കെയായി വായനക്കാരന്റെ മുന്നില്‍ എത്തുന്നത്. വായനാസുഖം എന്നതാണ് പടച്ചുണ്ടാക്കുന്നവരുടെ ഏകലക്ഷ്യമെങ്കിലും ചിലപ്പോഴെങ്കിലും വായനക്കാര്‍ ഇവയില്‍ വിശ്വാസമര്‍പ്പിക്കുകയും കുഴിയില്‍ ചാടുകയും ചെയ്യാറുണ്ട്.

ഇതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണം BBC റിപ്പോര്‍ട്ടാണ്. അവര്‍ മലയാളത്തിലെ പ്രമുഖ മാധ്യമമായ മംഗളത്തിലെ ഒരു ലേഖനത്തെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ്.

മംഗളം അതിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ ആരോഗ്യവിഭാഗത്തില്‍ ഡിസംബര്‍ 11 ന് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കണോ? ചില വിദ്യകള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ്‍കുട്ടികള്‍ ഉണ്ടാകാനുള്ള ആറു മാര്‍ഗങ്ങളാണ് പറഞ്ഞിരിക്കുന്നത്. ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ലളിതവും അതേസമയം ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ എന്ന പ്രസ്താവനയോടെ പറയുന്ന കാര്യങ്ങള്‍ ഇവയാണ്;

*ഒറ്റയക്ക ദിവസങ്ങളില്‍(1, 3, 5, 7…) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, ഇത്തരം ദിവസങ്ങളില്‍ പുരുഷബീജത്തിനു ശക്തികൂടും എന്നതാണ് കാരണം.

*ദമ്പതിമാര്‍ മാട്ടിറച്ചി, ഉണക്കമുന്തിരി, ഉപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

*ദമ്പതിമാര്‍ നിര്‍ബന്ധമായും പ്രാതല്‍ കഴിക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

*ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളം ഭക്ഷണം കഴിക്കുക.

*ഇടതുവശത്തേക്കു തിരിഞ്ഞു മുഖം വടക്കുദിശയിലേക്കു വരത്തക്കവിധം സ്ത്രീകള്‍ ഉറങ്ങുകയാണെങ്കില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

mangalam

*അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ വേണം, ഇതു ബീജത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും.

mangalam-23

മംഗളത്തിന്റെ ‘വിദ്യ’കളെ ചോദ്യം ചെയ്യുകയാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍. ശാസ്ത്രീയമായി തെളിയക്കപ്പെട്ടിട്ടില്ലാത്ത മാര്‍ഗനിര്‍ദേശങ്ങളാണ് മംഗളം അതിന്റെ വായനക്കാര്‍ക്കു നല്‍കുന്നതെന്നാണു ബിബിസി പറയുന്നത്. സ്ത്രീകള്‍ ധാരാളം ഭക്ഷണം കഴിക്കുക, വടക്കോട്ട് മുഖംവച്ചുറങ്ങുക എന്ന നിര്‍ദേശങ്ങളൊക്കെ എന്തടിസ്ഥാനത്തിലുള്ള ടിപ്‌സുകളാണെന്നും അവര്‍ ചോദിക്കുന്നു.

ലണ്ടനിലെ ദി പോര്‍ട്ട് ലാന്‍ഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ഷാസിയ മാലിക് മംഗളത്തിലെ നിര്‍ദേശങ്ങള്‍ വെറും കളവു പറച്ചിലാണെന്നു ബിബിസിയോടു പറയുന്നുണ്ട്. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഉണ്ടാകുന്നത് തികച്ചും ആകസ്മികമായ കാര്യമാണ്. സ്വാഭാവികമായി നടക്കുന്ന ഒന്നിനെ മറ്റു താത്പര്യപ്രകാരം മാറ്റിയെടുക്കാം എന്നതിനായി പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളൊന്നും തന്നെ വിജയിച്ചിട്ടുള്ളതിന് ഒരു ശാസ്ത്രീയ തെളിവുകളും മുന്നിലില്ലെന്നാണു ഡോക്ടര്‍ ഷാസിയ പറയുന്നത്.

ആഴ്ചയില്‍ ഒറ്റയക്ക ദിവസങ്ങളില്‍ ലൈംഗികബന്ധം പുലര്‍ത്തുക എന്നാണ്. ആ ദിവസങ്ങളില്‍ പുരുഷബീജത്തിനു ശക്തികൂടും. അസിഡിറ്റിയുള്ള ഭക്ഷണം ഒഴിവാക്കുന്നതും പുരുഷബീജത്തെ ശക്തിപ്പെടുത്തുന്നു എന്നും പറയുന്നു. എന്നാല്‍ ബീജത്തിന്റെ ശക്തി ഒരുതരത്തിലും ലിംഗനിര്‍ണയവുമായി ബന്ധപ്പെടുന്നില്ല. അണ്ഡവുമായി സങ്കലനം നടത്തുന്ന ബീജത്തില്‍ Y ക്രോമസോം ഉണ്ടെങ്കില്‍ മാത്രമാണ് ആണ്‍കുഞ്ഞുണ്ടാകുന്നത്. അതല്ലാതെ മംഗളം പറയുന്ന പൊടിക്കൈകള്‍ ഉപയോഗിച്ചതുകൊണ്ട് കാര്യമൊന്നും ഇല്ല.

മംഗളത്തിലെ ലേഖനം ലിംഗനിര്‍ണയത്തിനു പ്രേരിപ്പിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ആണ്‍കുട്ടി ഉണ്ടാകാനുള്ള സാധ്യതകള്‍ പറഞ്ഞുകൊടുക്കുന്നതുവഴി രാജ്യത്ത് ലിംഗവിവേചനം നിലനില്‍ക്കുന്നൂവെന്ന്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഇത്തരം ലേഖനങ്ങളെന്ന വിമര്‍ശനമാണ് മംഗളത്തിനെതിരേ ഉയരുന്നത്.

ലിംഗനിര്‍ണയം നിയമം മൂലം നിരോധിച്ച രാജ്യമാണ് ഇന്ത്യ; എന്നിട്ടും ലിംഗനിര്‍ണയത്തെ അടിസ്ഥാനമാക്കിയുള്ള അബോര്‍ഷനുകള്‍ക്ക് ഇവിടെ ഒരു കുറവുമില്ല. 1961 ലെ സെന്‍സെസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 976 സ്ത്രീകള്‍ എന്നതായിരുന്നു രാജ്യത്തെ അനുപാതം. പുതിയ കണക്കില്‍ 976 എന്നത് 914 ആയി കുറഞ്ഞിരിക്കുന്നു.

മംഗളം റിപ്പോര്‍ട്ടിനെ കുറിച്ച് എഴുത്തുകാരിയും Disappearing Daughters: The tragedy of Female  Foeticide എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഗീത അരവമുടനോട് ബിബിസി ചോദിക്കുമ്പോള്‍ കിട്ടിയ മറുപടി ഇങ്ങനയാണ്: ഒരു പ്രാദേശിക ഭാഷയില്‍ മാത്രം വന്നതുകൊണ്ട് മംഗളത്തിലെ ആര്‍ട്ടിക്കിള്‍ വലിയൊരു ആഘാതമൊന്നും ഉണ്ടാക്കില്ല. ഇതേസ്വഭാവത്തില്‍ ഉണ്ടാകുന്ന നിരവധി ആര്‍ട്ടിക്കളുകളില്‍ ഒന്നുമാത്രമാണിതും. എന്നാല്‍ പൊതുവില്‍ ഉണ്ടാകുന്നിലും വിഡ്ഡിത്തം നിറഞ്ഞ ഒന്നാണ് മംഗളത്തിലേത്. അവര്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളില്‍ പലതും പൊതുവായി പറഞ്ഞു കേള്‍ക്കുന്നതാണ്. പെണ്‍കുഞ്ഞുങ്ങളെ ഒഴിവാക്കാനായി പല പ്രതിവിധികളും വയറ്റാട്ടികഥകളുമൊക്കെ ഇവിടെ നിറഞ്ഞുനില്‍പ്പുണ്ട്.

മംഗളത്തിലെ പ്രസ്തുത ആര്‍ട്ടിക്കിളിനെ വിമര്‍ശിച്ച് The ladies Finger എന്ന വെബ്‌സൈറ്റും വിമര്‍ശനം ഉന്നയിച്ചിരുന്നു. ആണ്‍കുട്ടിയുണ്ടാകുന്നതിനായി മംഗളം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളെ രൂക്ഷമായി പരിഹസിക്കുകയാണ് ലേഡീസ് ഫിംഗറില്‍. ഒറ്റയക്ക ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്ന നിര്‍ദേശം കെജ്രിവാള്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വീകരിച്ചതാണെയെന്നാണു പരിഹാസം. അതപോലെ മട്ടന്‍ കഴിച്ചാല്‍ ആണ്‍കുട്ടി ഉണ്ടാകുമെന്ന അറിവ് വെജിറ്റേറിയന്‍സിന്റെ രക്തസമ്മര്‍ദ്ദം കൂട്ടുമല്ലോയെന്നും ലേഡീസ് ഫിംഗറിലെ ആര്‍ട്ടിക്കിളില്‍ പരിസഹിക്കുന്നു. കോമണ്‍സെന്‍സ് ഇല്ലാത്ത ലേഖനം എന്നാണു മംഗളത്തെ പരിഹസിക്കുന്നത്. അമ്മമാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ആണ്‍കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടൂമെന്നു പറയുന്നതിനു പിന്നിലെ യുക്തി ആണ്‍കുട്ടികള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരും പെണ്‍കുട്ടികള്‍ വളരെ കുറച്ചുമാത്രം കഴിക്കുന്നവരും ആയതുകൊണ്ടായിരിക്കാം എന്നും മംഗളത്തെ പരിഹസിക്കുന്നുണ്ട്.

അതേസമയം പ്രസ്തുത ലേഖനം ഇപ്പോള്‍ മംഗളത്തിന്റെ വെബ്‌സറ്റൈില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഈയടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ‘പെണ്‍കുട്ടി കന്യക ആണോയെന്നറിയാനുള്ള മാര്‍ഗങ്ങള്‍’ എന്ന മംഗളത്തിന്റെ മറ്റൊരു ലേഖനവും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എത്തിക്‌സുകള്‍ കാര്യമാക്കാതെ ഏതുവിധത്തിലും വായനക്കാരനെ ആകര്‍ഷിക്കുക എന്ന തന്ത്രം പയറ്റുമ്പോള്‍ സ്വയം അപമാനിക്കപ്പെടുന്നതിനൊപ്പം മറ്റുള്ളവരെയും ലജ്ജിപ്പിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാന്‍ ഇനിയെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍