UPDATES

വിദേശം

ബച്ച ഖാന്‍ സര്‍വകലാശാല കൂട്ടക്കുരുതി; അതിര്‍ത്തി ഗാന്ധിയുടെ ആത്മാവിലാണ് ഈ ആക്രമണം

Avatar

ടീം അഴിമുഖം

പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ആധുനിക അതിര്‍തിരേഖ മുറിച്ചു കിടക്കുന്ന ഖൈബര്‍ ചുരത്തിലൂടെ, പഷ്തൂണുകളുടെ ജന്മഭൂമിയിലൂടെ പെഷവാര്‍ തൊട്ട് ജലാലാബാദ് വരെ ആയിരങ്ങള്‍ പങ്കെടുത്ത ആ വിലാപ യാത്ര നീങ്ങി. അഫ്ഗാനിസ്ഥാനില്‍ കടുത്ത ആഭ്യന്തരയുദ്ധത്തിലേര്‍പ്പെട്ടിരുന്ന മുജാഹിദ്ദീനുകളും എതിരാളികളും വിടപറഞ്ഞ ആത്മാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കുറച്ചുസമയത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 

സമാധാനത്തിന്റെ സാര്‍ത്ഥവാഹകസംഘം എന്നാണ് ആ വിലാപയാത്രയെ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. 1988ലെ കൊടുംതണുപ്പുള്ള ആ ജനുവരി ദിവസം രണ്ടു ലക്ഷത്തിലേറെപ്പേര്‍ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന് തങ്ങളുടെ അന്ത്യാഞ്ജലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുന്നണിപ്പോരാളിയായ, വിഭജനത്തെ എതിര്‍ത്ത, പാകിസ്താനെ വിസമ്മതത്തോടെ സ്വീകരിച്ച, ശിഷ്ടജീവിതമേറെയും പാകിസ്ഥാന്‍ തടവറകളില്‍ കഴിഞ്ഞ, ഒരുപാട് ചരിത്രമെഴുതിയ ഇതിഹാസതുല്യമായ ഒരു ജീവിതത്തിനാണ് അന്ത്യമായത്. 

അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ പേരുനല്‍കിയ ബച്ച ഖാന്‍ സര്‍വകലാശാലയില്‍, ബച്ച ഖാന്‍ അനുസ്മരണ കവിതാ പാരായണത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബുധനാഴ്ച്ച ഭീകരര്‍ നടത്തിയ ആക്രമണം ഒട്ടും വൈരുദ്ധ്യം തോന്നിപ്പിക്കാത്തതും അതുകൊണ്ടുതന്നെ. അത് ജനുവരി 20ന്നായിരുന്നു, അദ്ദേഹം മരിച്ച് കൃത്യം 28 വര്‍ഷം തികഞ്ഞ ദിവസം. 

ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് മരണസംഖ്യ 40 വരെ ഉയര്‍ന്നേക്കാം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം പാകിസ്താന്‍ താലിബാന്‍ ഏറ്റെടുത്തെങ്കിലും പിന്നീട് അനിസ്ലാമികം എന്നു വിശേഷിപ്പിച്ച് കയ്യൊഴിഞ്ഞു. 

ഈ പുതിയ ആക്രമണം പാകിസ്താന്‍ എന്ന ദേശരാഷ്ട്രത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശക വിശദാംശങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നു. പക്ഷപാതത്വങ്ങളില്ലാതെ ഉള്‍ക്കൊണ്ടാല്‍, അയല്‍രാഷ്ട്രവുമായി കൂടുതല്‍ ഭദ്രമായ ബന്ധം ഉണ്ടാക്കുന്നതിന് അത് സഹായിക്കും. 

ഭീകരവാദവുമായി രക്തരൂഷിതമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് പാകിസ്ഥാന്‍; രാഷ്ട്രത്തിന്റെ തന്ത്രപരമായ ഒരു അംഗം എന്ന നിലയില്‍, പ്രത്യേകിച്ചും ഇന്ത്യക്കെതിരെ ഭീകരവാദത്തെ ഉപയോഗിയ്ക്കുന്ന ഒരു രാഷ്ട്രവുമാണത്. ജനാധിപത്യ സ്ഥാപനങ്ങളെ ഒരു ആധുനിക സൈന്യം തകര്‍ത്ത ഒരു സൈനികവത്കരിക്കപ്പെട്ട രാഷ്ട്രമാണത്. അതേസമയം പാകിസ്ഥാനെ ഒന്നിപ്പിച്ചുനിര്‍ത്താന്‍ ശേഷിയുള്ള ഏകസ്ഥാപനവും സൈന്യമാണ്. 

ഇന്ത്യ തീരുമാനിക്കേണ്ടതുണ്ട്: എന്തൊക്കെയാണ് അതിന്റെ നിര്‍ണായക സുരക്ഷാ ആവശ്യങ്ങള്‍? കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന മികച്ച സാമ്പത്തിക വളര്‍ച്ചയോ? അതോ നേതാക്കന്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുന്ന യുദ്ധവെറിയുടെയും, അതിദേശീയതയുടെയും വൈതാളികനൃത്തമോ? പാകിസ്താനെ ഇല്ലാതാക്കാനാണോ അതോ ഒരു സുസ്ഥിര ജനാധിപത്യമായി വളരാന്‍ പാകിസ്താനെ സഹായിക്കുന്നതില്‍ ഇന്ത്യക്ക് പങ്കാളിത്തം ഉറപ്പിക്കുകയാണോ?

പ്രതികരണങ്ങളില്‍ വിരുദ്ധധ്രുവങ്ങളിലേക്ക് ഊയലാടുകയും പാകിസ്ഥാനെ വിശകലനം ചെയ്യുന്നതില്‍ സമഗ്രതയില്ലായ്മയും വൈരുദ്ധ്യങ്ങളും പ്രകടിപ്പിക്കുന്നതില്‍ പുതിയ പതിപ്പാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന്റെ ഫലമോ; ആഗോളസംവാദത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നപരിഹാരം വീണ്ടും തിരിച്ചുവന്നിരിക്കുന്നു. ആഭ്യന്തരമായി ഇന്ത്യയുടെ സുരക്ഷാ,നയതന്ത്ര ശേഷിയുടെ നല്ലൊരു ഭാഗവും പാകിസ്താനുമായുള്ള ഇടപാടുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. 

ഇത് നാം ജീവിക്കുന്ന ഇക്കാലത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഹിതകരമല്ല. ദരിദ്രര്‍, ധനികര്‍, നയതന്ത്രവിദഗ്ധര്‍, എന്തിന് സൈനികര്‍ക്ക് വരെ. 

ഇനിയെപ്പോഴാണ് നമ്മുടെ നേതാക്കന്മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍