UPDATES

ബൈന ആര്‍ നാഥ്

കാഴ്ചപ്പാട്

ബൈന ആര്‍ നാഥ്

യാത്ര

സ്മാരകശിലകളിലേക്ക്- ഒരു യാത്രാക്കുറിപ്പ്

ബൈന ആര്‍ നാഥ് 

ഒരു രാജ്യത്തെ അറിയുക എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അതിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെയും അതിനൊപ്പം പൗരാണികതയെയും അറിയുക എന്നത് കൂടിയാണ്. മനുഷ്യന്‍ എത്രയേറെ ആധുനികതയിലേക്ക് കൂപ്പുകുത്തിയാലും അതിലേറെ ശക്തിയില്‍ പിന്നാമ്പുറങ്ങള്‍ അല്ലെങ്കില്‍ പഴമകള്‍ അവരില്‍ സ്വാധീനം ചെലുത്തുന്നതായി കാണാം. നമ്മുടെയെല്ലാം സിരകളിലൂടെ ഒഴുകുന്ന രക്തത്തിലും പരിണാമത്തിന്റെ ആത്യന്തിക ഘടനയായ ജീനിലും ചരിത്രാവര്‍ത്തനങ്ങളുടെ അബോധതലങ്ങള്‍ കണ്ടെത്താറുള്ളത് തികച്ചും കൗതുകകരമാണ്. പരിണാമ സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രം ചരിത്രത്തോട് കൈകോര്‍ക്കുമ്പോള്‍ ആദിമജീവിതങ്ങളിലേക്കും അവരുടെ സ്മാരകശിലകളിലേക്കും ഒരു തിരിഞ്ഞുനോട്ടം തികച്ചും അത്യാവശ്യമാണന്നു തോന്നാറുണ്ട്. 

ലോകഭൂപടത്തില്‍ നോക്കുമ്പോള്‍ ഒരു പൊട്ടു പോലെ കാണപ്പെടുന്ന ഒരു കുഞ്ഞു ജി സി സി രാഷ്ട്രമാണ് ബഹറിന്‍ .’ചെറുത് മനോഹരം ‘ എന്ന വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാവുന്നു. ബഹറിന്റെ പൗരാണികതയിലേക്ക് എത്തിനോക്കുമ്പോള്‍ അവിടെ ചരിത്രമുറങ്ങുന്ന ഒരുപാട് കോട്ടകളും മ്യൂസിയങ്ങളും കാണാം. അതിലൊന്നാണ് അറാദ് ഫോര്‍ട്ട്. ഒരു വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ആഹ്ലാദങ്ങള്‍ക്കപ്പുറം അവിടെയെത്തിപ്പെട്ടപ്പോള്‍ തോന്നിയത് ഇങ്ങനെ… ചരിത്രസ്മാരകങ്ങള്‍ എന്നത് വെറും പൊടിപിടിച്ച പഴമക്കൂട്ടുകള്‍ മാത്രമല്ല, അവയ്ക്കും നമുക്കുമിടയില്‍ കാലത്തിന്റെ ഒരുറക്കത്തിനും ഉണര്‍വ്വിനുമിടയിലെ ജന്മാന്തര ബന്ധങ്ങളുണ്ട്. ഓരോ ശിലയിലും തട്ടിപ്പിടഞ്ഞെഴുന്നെല്‍ക്കാന്‍ കൊതിക്കുന്ന ഒരായിരം ഓര്‍മ്മകളുണ്ടാവാം; ശക്തിയുടെയും പോരാട്ടത്തിന്റെയും, സ്‌നേഹത്തിന്റെയും കണ്ണീരീന്റെയും നനവുള്ള ജീവസ്സുറ്റ ഓര്‍മ്മകള്‍. സ്ഥലകാലങ്ങള്‍ക്കതീതമായ സ്മരണയില്‍ അവിടെ നില്‍ക്കുമ്പോള്‍ പ്രവാസത്വം അനുഭവപ്പെട്ടതേയില്ല .

പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട തനത് ഇസ്ലാമിക് ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒന്നാണ് .ബഹറിന്‍ പോര്‍ട്ടുഗീസ് അധിനിവേശത്തില്‍ അകപ്പെടുന്നതിനും ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ചിട്ടുള്ളത്. ഇന്നത്തെ ബഹറിന്‍ എയര്‍പോര്‍ട്ടിന് തൊട്ടടുത്തായുള്ള മുഹറഖ് ഐലന്റെിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ചെറിയ ചെറിയ മുപ്പത്തിമൂന്ന് ദ്വീപുകള്‍ ഒത്തുചേര്‍ന്നതാണ് ബഹറിന്‍ രാജ്യം. അതില്‍ ബഹറിന്‍, മുഹറഖ് ഐലന്റുകള്‍ക്ക് നടുവിലുള്ള ഒരുള്‍ക്കടലിനു സമാന്തരമായാണ് കോട്ട നിലകൊള്ളുന്നത്. കടലിലൂടെയുള്ള വിദേശ അധിനിവേശത്തിനു ഒരു പ്രതിരോധമെന്നോണം കെട്ടിപ്പൊക്കിയതാണിത് എന്ന് വേണം കരുതാന്‍. കോട്ടയ്ക്കുള്ളില്‍ നിന്ന് നോക്കിയാല്‍ കിലോമീറ്ററുകള്‍ക്കപ്പുറം കടല്‍പ്പരപ്പുകളിലേക്കുള്ള ഒരു ദൂരക്കാഴ്ചയാണ് കാണാനാവുക. ശത്രുവിന്റെ വരവ് അളന്നുമുറിച്ച് കാണുക മാത്രമല്ല പ്രതിരോധത്തിനായുള്ള സേനാവിന്യാസങ്ങളായ പീരങ്കികളും മറ്റും ഇതിനകത്ത് കാണാം.

കോട്ടയുടെ നടുവിലായി കാണുന്ന സമചതുരാകൃതിയിലുള്ള കിണറാണ് മറ്റൊരു കൗതുകം. ജലസ്രോതസ്സുകളായ കിണറുകള്‍ നമ്മുടെ കേരളത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അപൂര്‍വ്വകാഴ്ചയാണ്. ഇവിടെ എണ്ണക്കിണറുകളാണ് കൂടുതലും കാണാനാവുക. ചതുരാകൃതിയിലുള്ള കോട്ടയുടെ നാല് ഭാഗങ്ങളിലുമായി സ്തൂപാകൃതിയിലുള്ള ചുമരുകളും കാണാം.

കൂടാതെ മുകളിലെ ചുമരുകളില്‍ പുറത്തുനിന്നു അകത്തേയ്ക്ക് കാണാനാവാത്ത വിധം മൂക്കിന്റെ ആകൃതിയിലുള്ള കുറെ ജനലുകളുമുണ്ട്. അകത്തുനില്‍ക്കുന്ന ആള്‍ക്ക് പുറത്തെ കാഴ്ചകളെല്ലാം ഇതിലൂടെ സസൂഷ്മം കാണാം. തികച്ചും പ്രകൃതിദത്തങ്ങളായ കടല്‍ക്കല്ലുകള്‍, പൂഴി, ലൈം…ഇവയെല്ലാം ഉപയോഗിച്ചു കൊണ്ടാണ് കോട്ട നിര്‍മ്മിച്ചിട്ടുള്ളത്.

പതിനാറാം നൂറ്റാണ്ട് മുതലുള്ള പോര്‍ച്ചുഗീസ് ഭരണകാലത്തും ,പിന്നെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിദേശഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ബിന്‍ അല്‍ ഖലീഫ ഭരണം ഏറ്റെടുക്കുന്നതുവരെയും അറാദു ഫോര്‍ട്ട് പ്രതിരോധസേനയുടെ പ്രധാനകേന്ദ്രമായിരുന്നു. പിന്നീട് 1980ല്‍ മൂന്ന് വര്‍ഷത്തോളമെടുത്ത് കോട്ട പുതുക്കിപണിതു. അപ്പോഴും പൗരാണികത നിലനിര്‍ത്താന്‍ വേണ്ടി പ്രകൃതിദത്ത വസ്തുക്കള്‍ തന്നെയാണ് പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

ഇന്നിവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികള്‍ സന്ദര്‍ശകരായെത്തുന്നുണ്ട്. കോട്ടയ്ക്കു മുകളില്‍ പ്രൗഢഗംഭീരമായി വീശുന്ന ബഹറിന്‍ പതാക, മുന്‍പിലെ കടല്‍ത്തീരത്ത് പുതുതായി പണിത പാര്‍ക്കില്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികള്‍….കൂടാതെ അസ്തമയഭംഗി കാണാനായി അവിടെയെത്തി ചേര്‍ന്ന കുറേപ്പേര്‍..എല്ലാം വൈകുന്നേരത്തിനു മാറ്റ് കൂട്ടുന്നു. കോട്ടയില്‍ നിന്ന് ഞങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ സൂര്യന്‍ കടലിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ മനസ്സില്‍, ഇനിയും അസ്തമിച്ചിട്ടില്ലാത്ത ഒരു സംസ്‌കാരത്തിന്റെ പൗരാണികഗാംഭീര്യങ്ങള്‍ ജീവസ്സുറ്റ ചിത്രങ്ങളായി പതിഞ്ഞു കിടന്നു.

 

ബൈന ആര്‍ നാഥ്

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍