UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൈജിയു: ഉള്ളില്‍ വ്യാളിയെ ഉണര്‍ത്തുന്ന ചൈനയുടെ സ്വന്തം ചാരായം

Avatar

ഐസക് സ്റ്റോണ്‍ഫിഷ്
(ഫോറിന്‍ പോളിസി)

വാഷിംഗ്ടണ്‍ സമയം മൂന്നു മണിയായിരിക്കുന്നു, നിങ്ങളൊരു ദീര്‍ഘദൂര ബസിന്റെ ഏറ്റവും പിറകിലുള്ള സീറ്റിലിരിക്കുകയാണ്. നിങ്ങളുടെ അടുത്തിരുന്നുറങ്ങുന്നയാള്‍ കുട്ടിയാനയുടെ വലുപ്പമുള്ള തന്റെ വയര്‍ ഇടയ്ക്കിടെ തടവുകയും കുണുങ്ങിച്ചിരിക്കുന്നുമുണ്ട്. ശ്വാസം മുട്ടിക്കിടക്കുകയായിരുന്ന മൂത്രത്തിന്റെ മണം ഛര്‍ദ്ദിയുടെ കൂട്ടുപിടിച്ച് ബാത്ത് റൂമിന്റെ ഡോര്‍ തുറന്ന് പുറത്തു വന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന നിങ്ങളുടെ മൂക്കിനോട് കുശലം പറയുകയാണ്. ഈ അനുഭവം കുപ്പിയിലാക്കിയാല്‍ നിങ്ങള്‍ക്ക് ‘ ബൈജിയു’ ഉണ്ടാക്കാം, ചോളത്തില്‍ നിന്നും നെല്ലില്‍ നിന്നും മറ്റുള്ള പലതരം ധാന്യങ്ങളില്‍ നിന്നുമുണ്ടാക്കുന്ന ഈ ചാരായത്തിന്റെ പേര്‍ ‘ വൈറ്റ് ആല്‍ക്കഹോള്‍ ‘ എന്നാണ് അര്‍ത്ഥമാക്കുന്നത്. 99.5 ചൈനീസ് കുടിയന്മാരും ആര്‍ത്തിയോടെ കുടിക്കുന്നതായത് കൊണ്ടു തന്നെ, ഭൂമിയില്‍ ഏറ്റവും വ്യാപകമായ് കുടിച്ചുകൊണ്ടിരിക്കുന്ന വീര്യമുള്ള കള്ളുകളുടെ രാജാവും ഇവന്‍ തന്നെയാണ്. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗികവിരുന്നുകളിലെ പ്രധാന ആകര്‍ഷണം ബൈജിയുവാണ്, ഇവിടെ മാത്രമല്ല, രാജ്യത്തങ്ങോളമിങ്ങൊളമുള്ള ചെറുതും വലുതുമായ ഭക്ഷണശാലകളിലും, ഉള്‍നാടന്‍ നഗരങ്ങളിലെ പൊടിപാറുന്ന റോഡുകള്‍ക്കരികിലുള്ള ചെറിയ അനാദിക്കടകളിലും ഇവന്‍ പ്രധാന വില്‍പ്പനച്ചരക്കാണ്.

ചൈനയില്‍ താമസിച്ച കാലം മുഴുവനും (2000 ന്റെ തുടക്കത്തിലെ വേനല്‍ക്കാലവും പിന്നെ 2006 മുതല്‍ 2011 വരെയും) മദ്യപാനത്തിലെ ഏറ്റവും ആനന്ദദായകമായ ഭാഗം മദ്യത്തിന്റെ രുചി അല്ല എന്ന സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. നോബല്‍ സമ്മാന ജേതാവായ മോ യാന്‍ (Mo Yan) ന്റെ പ്രസിദ്ധമായ ‘ റെഡ് സോര്‍ഗം ‘( Red Sorghum) എന്ന നോവലില്‍ വാറ്റുശാലയിലെ പണിക്കാര്‍ പഴക്കവും രുചിയും വരുത്താന്‍ ബൈജിയുവില്‍ മൂത്രം ചേര്‍ക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ സാമൂഹിക വിമര്‍ശനമായോ, കഥ മെനയാനുള്ള ഉപായമായോ, രൂപകാലങ്കാരമായോ (Metaphor) കാണാന്‍ എനിക്കാവില്ല. രുചിയുടെ സൂക്ഷ്മമായ ആവാഹനമായിട്ടാണ് ഞാനിതിനെ കാണുന്നത്.

ചൈനീസ് സംസ്‌കാരത്തിന്‍ മേല്‍ വര്‍ദ്ധിച്ചു വരുന്ന താല്‍പര്യത്തിലും അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനീസ് യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും വ്യാപാരം മണത്ത ചില കമ്പനികള്‍ ബൈജിയു വിനെ അമേരിക്കയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ പല വര്‍ഷങ്ങളായ് ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മാതാവായ ഡയജിയോ (Diageo) തനിക്ക് ഭൂരിഭാഗം ഉടമസ്ഥതയുള്ള ചൈനീസ് ബ്രാന്റായ  Shui Jing Fang (‘Wellwater Workshop’) നെ അമേരിക്കന്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ചിലര്‍ ബൈജിയുവിനെ ‘സ്വാദിഷ്ഠവും, പോഷക ഗുണങ്ങളടങ്ങിയതും രുചിയുടെ മായാലോകത്തിലേക്കുള്ള വാതിലായിട്ടുമാണ് ‘ വിശേഷിപ്പിച്ചത് , ബാര്‍റ്റെന്‍ഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന ഡയജിയോ ബാര്‍ അക്കാദമിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്ന ഒരു ലേഖനം പറയുന്നു. എങ്കിലും മറ്റു ചിലര്‍ ‘ കരിഞ്ഞ ടയറിന്റെ രുചിയുള്ള തീവെള്ളമെന്നാണ് ‘ഈ മദ്യത്തെ വിളിച്ചതെന്ന കാര്യം അതേ ലേഖനം തന്നെ സമ്മതിക്കുന്നുണ്ട്. ( Shui Jing Fang അമേരിക്കന്‍ വിമാനത്താവളങ്ങളിലെ ഡ്യൂട്ടീ ഫ്രീ/ ഡ്യൂട്ടീ പേഡ് കടകളില്‍ മാത്രമാണ് വില്പ്പന നടത്തുന്നത്; അമേരിക്കയിലെ ചൈനീസുകാര്‍ക്കും പിന്നെ പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്ന അമേരിക്കക്കാര്‍ക്കും ഈ ചൈനീസ് ആഡംബര വിഭവം ലഭ്യമാക്കുന്ന നാളുകളെകുറിച്ച് കമ്പനി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് കാമ്പനിയുടെ ഒരു വക്താവ് പറഞ്ഞത്) .

ബെസ്റ്റ് ഓഫ് അഴിമുഖം 

കാണൂ… കുടിയന്‍മാരുടെ ലോക ഭൂപടം
ആ ഗ്ലാസ് വൈന്‍ ഭൂതകാലത്തിലേയ്ക്കുള്ള വാതിലോ?
ഇന്ത്യയില്‍ വൈന്‍ കുടിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ഒരു മദ്യമുണ്ടാക്കിയ കഥ : ജോണി വാക്കര്‍ ചരിത്രം
കുടി മാത്രമല്ല ജീവിതം

പക്ഷെ സാഹിസകരായ ഒരു കൂട്ടം വ്യവസായികള്‍ ബൈജിയു നിര്‍മിച്ച് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് വില്പ്പന തുടങ്ങിയിട്ടുണ്ട്. ‘പുതിയ ആശയമായതുകൊണ്ടു തന്നെ അമേരിക്കയില്‍ ആര്‍ക്കും ഇതിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.’ അമേരിക്കയില്‍ തന്നെ പൂര്‍ണ്ണമായും ഉല്‍പ്പാദിപ്പിക്കുന്ന ഏക ബൈജിയു യുടെ നിര്‍മ്മാതാക്കളായ Vinn Distillery യുടെ പ്രസിഡന്റായ മിഷേല്‍ ലയ് പറഞ്ഞു, ഒറിഗണ്‍ ആസ്ഥാനമായ ചെറു കുടുംബ വ്യാപാരമാണ് Vinn Distillery. ഡെറിക് സാന്‍ഡ്‌ഹോസിന്റെ ‘ ബൈജിയു : ദി എസെന്‍ഷല്‍ ഗൈഡ് റ്റു ചൈനീസ് സ്പിരിറ്റ്‌സ് ‘ എന്ന പുസ്തകത്തില്‍ വിന്‍ ‘ ചീത്തയായ ചോറിന്റേയും തൈര് നാരങ്ങയുടേയും സ്വാദുള്ളതാണെന്നാണ് വിവരിക്കുന്നത്. പിന്നെയുള്ളത് ചൈനീസ് സംസ്‌ക്കാരത്തിന്റെ സുന്ദരമായ മുഖം ദ്രാവക രൂപത്തില്‍ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതും വാഷിംഗ്ടണിലെ ചുരുക്കം ചില ബാറുകളില്‍ മാത്രം ലഭ്യമായ Confucius Wisdom എന്ന ബ്രാന്‍ഡുമാണ്.’ അമേരിക്കക്കാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ് ഈ പുസ്തകം.

അമേരിക്കന്‍ വിപണിയെ പിടിച്ചു കുലുക്കാന്‍ ശക്തനായ ബൈജിയു നിര്‍മ്മാതാവാണ് ബൈജിയോ (byejoe), ‘ നിങ്ങളുടെ ഉള്ളിലുള്ള വ്യാളിയെ ഉണര്‍ത്താന്‍ ‘ പ്രേരിപ്പിക്കുകയാണ് ഇവരുടെ പരസ്യങ്ങള്‍. മെറില്‍ ലിഞ്ച് ( Merrill Lynch) ലെ കൊര്‍പറേറ്റ് ഫൈനാന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ഏഷ്യയില്‍ 15 വര്‍ഷം ചിലവഴിക്കുകയും ചെയ്ത കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യുമായ മാറ്റ് ട്രഷ് ‘ ഞങ്ങളാണ് ശുചീകരിച്ചതും നല്ലതുമായ ബൈജിയു ‘ ഉണ്ടാക്കുന്നവരില്‍ ഒന്നാമന്‍ എന്ന അവകാശവാദം ഉന്നയിക്കുന്നവനാണ്.

അമേരിക്കന്‍ രീതിയിലേക്ക് മദ്യത്തെ മാറ്റുകയാണ് ബൈജിയോ ചെയ്തത് കുറഞ്ഞ കാലറിയും,പശിമയില്ലാത്തതും,നിയമാനുസൃതവുമാണെന്നുള്ള കാര്യങ്ങള്‍ ഊന്നിപ്പറയാനും കമ്പനി മടിച്ചില്ല. പരമ്പരാഗതമായ ബൈജിയുമായ് താരതമ്യം ചെയ്തുകൊണ്ടാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് മെറ്റീരിയലുകള്‍ പുറത്തിറങ്ങിയത് ചെറുതും ചൈനീസ് രീതിയിലുള്ളതുമായ ബോട്ടിലുകളെ അപേക്ഷിച്ച് തങ്ങളുടെ ബോട്ടിലുകള്‍ ‘വലുതും, മൃദുവായതും, ആധുനികനുമാണെന്നാണ് ‘ കമ്പനി അവകാശപ്പെടുന്നത്. കണ്‍ഫ്യൂഷസ് വിസ്ഡമാവട്ടെ ചൈനീസ് മദ്യപാന സംസ്‌ക്കാരത്തിലേക്ക് അമേരിക്കക്കാരനെ വശീകരിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത് : ചൈനീസ് യോഗിയുടെ ചിത്രമുള്ള ബോട്ടിലില്‍ എഴുതിയിരിക്കുന്നത് ‘A Wise Man’s Spirit ‘എന്നാണ്.

മെയ് മാസത്തിലെ ആദ്യത്തെ ഒരു വ്യാഴാഴ്ച സാന്‍ഡ്‌ഹോസും ഞാനും കണ്‍ഫ്യൂഷസ് വിസ്ഡം നിര്‍മ്മിക്കുന്ന എവെറെസ്റ്റ് സ്പിരിറ്റ്‌സിന്റെ സ്ഥാപകനായ ഡേവിഡ് സൊവുവിന്റെയടുക്കല്‍ അത്താഴം കഴിക്കാന്‍ ചെന്നു. വാഷിംഗ്ടണ്‍ ഡി.സി യിലെ ചൈനാ ടൌണില്‍ ആദ്യമായ് ബൈജിയു പതിവായ് വിളമ്പിത്തുടങ്ങിയ ഭക്ഷണശാലയില്‍ വെച്ച് കണ്ടുമുട്ടാമെന്നായിരുന്നു നാല്‍പ്പതിനടുത്ത് പ്രായമുള്ള അദ്ദേഹം നിര്‍ദ്ദേശിച്ചത്. 30 വയസ്സുള്ള ഞാന്‍ മദ്യത്തിന്റെ തിമര്‍പ്പില്‍ വീണ്ടും കോളേജ് കുമാരനായതു പോലെ തോന്നി. തീര്‍ച്ചയായും രുചിയുടെ മാസ്മരിക ലോകമല്ലായിരുന്നു ആ അനുഭവം. ബൈജിടോയും ബായ് തായ് യും ലിച്ചിടിനിയും പൂര്‍ണ്ണമായും ദഹിക്കാത്ത കൈതച്ചക്കയുടേയും ഏപ്രിക്കോട്ടിന്റേയും രുചിയാണ് എന്നിലുണര്‍ത്തിയത്.
ബൈജിയു നാം ആര്‍ജ്ജിച്ചെടുക്കുന്ന രുചിയാണെന്ന് ഈ വ്യവസായികള്‍ ജനങ്ങളെ അടിക്കടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദ്യം ബൈജിയു മണത്തു നോക്കുന്ന ആള്‍ക്കാര്‍ ‘ ചേയ് ‘ എന്നു പറയും പിന്നെ ‘ ഇത് കൊള്ളാല്ലോ! നല്ല മധുരം ‘ എന്ന പ്രശംസയായിരിക്കും അവരുടെ തലച്ചോറില്‍ നിന്നും വരികയെന്ന് വിന്‍ ഡിസ്റ്റിലറിയിലെ ലയ് പറഞ്ഞു. ഫുഡ് മാഗസീനായ Bon Appétit ല്‍ ജനുവരി മാസത്തില്‍ വിന്‍(Vinn) നെക്കുറിച്ചു വന്ന ലേഖനം ലയ് എനിക്ക് കാണിച്ചു തന്നു, ചോളത്തില്‍ നിന്നുമുണ്ടാക്കുന്ന ‘ ചീത്ത രുചിയുള്ള ‘ സാധാരണ ബൈജിയുവിനേക്കാള്‍ അരിയില്‍ നിന്നുണ്ടാക്കുന്ന വിന്‍ സ്വാദിഷ്ഠമാണെന്നാണ് ആ ലേഖനം പറഞ്ഞത്.

ഞങ്ങള്‍ എല്ലാവരോടും പറയാറുള്ളതാണ് ‘മണത്തു നോക്കരുത്, നിങ്ങളുടെ തല പിളര്‍ക്കാന്‍ ശക്തിയുണ്ടതിന് ‘ലയ് പുഞ്ചിരിച്ചു. അമേരിക്കയില്‍ ബൈജിയു പച്ചപിടിക്കണമെങ്കില്‍ അസ്വസ്ഥതയുണര്‍ത്തുന്ന അനുഭവവും കൂടെയുണ്ടായിരിക്കണം. മനസ്സില്‍ ഇപ്പോഴും പഴയ നാടോടി ജീവിതത്തിന്റെ തുടിപ്പ് അവശേഷിക്കുന്ന വ്യവസായികളും പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്ന യുവത്വവും ബൈജിയുവിനെ നെഞ്ചിലേറ്റുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. വര്‍ദ്ധിച്ചു വരുന്ന അമേരിക്കന്‍ ചൈനീസ് ജനസംഖ്യയും സ്വപ്ന നഗരി സന്ദര്‍ശിക്കാന്‍ വരുന്ന ചൈനീസ് യാത്രികരും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്യ സംസ്‌ക്കാരം മാലോകര്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടതാവുന്നത് കണ്ട് സന്തോഷിക്കട്ടെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍