UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി

സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യത്തിനുവേണ്ടി കനയ്യ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരു കൂട്ടം അഭിഭാഷകര്‍ ഇന്ത്യാഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഭാരതമാതാവിന്റെ അഭിമാനം സംരക്ഷിക്കാനാണ് പ്രകടനം നടത്തുന്നതെന്ന് അഭിഭാഷകര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കോടതിക്കുള്ളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു. അവരോട് കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പട്യാല ഹൗസ് കോടതിയിലെ അഭിഭാഷകര്‍ ഗുണ്ടകളാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുവെന്ന് അഭിഭാഷകര്‍ ആരോപിച്ചു. പട്യാല കോടതിയിലെ കൂടാതെ ഡല്‍ഹിയിലെ മറ്റു കോടതികളില്‍ നിന്നു കൂടിയുള്ള അഭിഭാഷകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പ്രകടനം നടത്തിയ അഭിഭാഷകര്‍ കനയ്യ കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസും സിപിഐഎമ്മും ദേശവിരുദ്ധ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രകടനം നടത്തിയ അഭിഭാഷകര്‍ പറഞ്ഞു.

അതേസമയം ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ എസ് എസ്എ ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാല ഹൌസ് കോടതി തള്ളി. ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഗീലാനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ  ഡല്‍ഹി പൊലീസും എതിര്‍ത്തിരുന്നു. 

കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കനയ്യയുടെ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി രാവിലെ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍