UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബൈക്ക് പ്രേമികള്‍ക്കായി അവഞ്ചര്‍ സഹോദരങ്ങള്‍

ഇന്ത്യയിലിപ്പോള്‍ ക്രൂസര്‍ ബൈക്കുകളുടെ വസന്തകാലമാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ആണ് ഈ ട്രെന്റിന് തുടക്കമിട്ടതെന്ന് ന്യൂജെന്‍ പിള്ളേര്‍ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ തുടക്കമിട്ടത് ബജാജ് അവഞ്ചര്‍ ആണെന്ന് പഴമക്കാര്‍ക്കറിയാം. 2005-ലാണ് ബജാജ് അവഞ്ചര്‍ പിറക്കുന്നത്.

എലിമിനേറ്ററിന്റെ പതനത്തില്‍ പച്ചപിടിച്ച റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡിന്റെ ചീട്ടുകീറിക്കൊണ്ടായിരുന്നു ആ തിരുപ്പിറവി. കുറഞ്ഞ വിലയില്‍, ചെറുതെങ്കിലും ലക്ഷണമൊത്തൊരു ക്രൂസര്‍ അവഞ്ചര്‍. പള്‍സര്‍ ശ്രേണിയിലൂടെ ജനഹൃദയങ്ങളുടെ മിടിപ്പായ 180, 200, 220 സിസി ഡി ടി എസ് ഐ എഞ്ചിനുകളും കണ്ണില്‍ തറയ്ക്കുന്ന രൂപവും കൈകോര്‍ത്തപ്പോള്‍ അവഞ്ചറിന്റെ ബാച്ചുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. അങ്ങനെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ബജാജ് അവഞ്ചര്‍ ഇന്ത്യയില്‍ ക്രൂസര്‍ വിപ്ലവത്തിനു തുടക്കമിട്ടു . ഇന്നും രൂപത്തിലോ റൈഡബിലിറ്റിയിലോ എര്‍ഗ്ഗണോമിക്‌സിലോ അവഞ്ചറിനു തക്ക എതിരാളികള്‍ ആ സെഗ്മെന്റിലോ അടുത്ത സെഗ്മെന്റിലോ ഉണ്ടെന്നു തോന്നുന്നില്ല (എഞ്ചിന്‍ ശേഷിയിലും വിലയിലുമൊക്കെ കാതങ്ങള്‍ മുന്നിലായ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് പോലും എര്‍ഗ്ഗണോമിക്‌സില്‍ അവഞ്ചറിനൊപ്പമെത്തില്ല എന്നാണീയുള്ളവനു തോന്നുന്നത്.) എന്നിരുന്നാലും കാലം അവഞ്ചറിനും ജരാനരകള്‍ സമ്മാനിച്ചു. അത് പ്രതിഫലിച്ചതാവട്ടെ കുത്തനെ ഇടിയുന്ന സെയില്‍സ് ഗ്രാഫിന്റെ രൂപത്തിലും ! 

ഇന്നിതാ അവഞ്ചര്‍ എന്ന ബ്രാന്റിനു പുതുജീവന്‍ സമ്മാനിക്കുകയാണ് ബജാജ് . പുറം മോടിയിലും ഒരു പരിധി വരെ ഉള്ളിലും മാറ്റങ്ങളുമായെത്തുന്ന ‘സ്ട്രീറ്റ് 220’ ‘ക്രൂസ് 220 ‘ ‘സ്ട്രീറ്റ് 150’ എന്നീ അവഞ്ചര്‍ മോഡലുകളിലൂടെ. ഇവയില്‍ 220 സ്ട്രീറ്റ്, 220 ക്രൂസ് മോഡലുകളെ പരിചയപ്പെടാം…

220 സ്ട്രീറ്റ് & 220 ക്രൂസ്

ലളിതമായി പറയട്ടെ… സ്ട്രീറ്റ് സിറ്റി യാത്രകള്‍ക്കുതകുമെങ്കില്‍ ക്രൂസ് സുഖപ്രദമായ ഹൈവേ ക്രൂസിംഗ് വാഗ്ദാനം ചെയ്യുന്ന തികഞ്ഞൊരു ക്രൂസറാണ്. പഴയ അവഞ്ചറില്‍ നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണ് ക്രൂസ് എത്തുന്നതെങ്കില്‍ സ്ട്രീറ്റില്‍ എര്‍ഗണോമിക്‌സ് മുതല്‍ വീലുകള്‍ വരെ അടിമുടി മാറ്റങ്ങളാണ്. മാറ്റങ്ങളുള്ളവനെ തന്നെ ആദ്യം ഓടിച്ചു നോക്കാം …


220 സ്ട്രീറ്റ് കാഴ്ച

സുന്ദരന്‍. എപ്പോഴെങ്കിലുമൊക്കെ ഒരു ‘ഹാര്‍ലി ഛായ’ തോന്നിയാലും അത്ഭുതപ്പെടാനില്ല ! മുന്‍ ഫോര്‍ക്കുകളുടെ റബ്ബര്‍ കവറിങ്ങിനും അലോയ് വീലുകള്‍ക്കുമൊപ്പം മാറ്റ് ബ്ലാക്ക് വര്‍ണ്ണവും കൂടിയാവുന്നതോടെ ‘ഛായയുടെ’ കടുപ്പമേറും.

വലിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വലിയ 14 ലിറ്റര്‍ ടാങ്ക്, അതിലെ മനോഹരമായ ‘അവഞ്ചര്‍’ ലോഗോ, വീതിയേറിയതും സുഖപ്രദവുമായ സീറ്റുകള്‍ സ്‌റ്റൈലിഷായ പിന്‍ ഗ്രാബ് റെയില്‍ എന്നിവ ചേരുമ്പോള്‍ വശക്കാഴ്ചയില്‍ സ്ട്രീറ്റ് സുന്ദരനാണ്. മുന്‍ ഫെന്ററിലെ സാറ്റിന്‍ ഫിനിഷുള്ള സ്റ്റിക്കര്‍ വര്‍ക്ക്, കറുപ്പ് ഫിനിഷുള്ള ഹെഡ്‌ലാമ്പ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഹൗസിങ്ങുകള്‍ എന്നിവ മുന്‍ഭാഗത്തെ ഗംഭീരമാക്കുമ്പോള്‍ പിന്‍ഭാഗത്തിനു മാറ്റേകുന്നത് കറുപ്പ് പിന്‍ ഷോക്കുകള്‍, കറുപ്പ്ഗ്രാബ് റെയില്‍, ക്ലിയര്‍ലെന്‍സ് ഇന്‍ഡിക്കേറ്റര്‍ ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ മഫ്ലര്‍ എന്നിവയാണ്. വലിയ 12 സ്‌പോക്ക് അലോയ് വീലുകള്‍ക്കും കറുപ്പ് നിറമാണ്. 

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ അനലോഗ് ഡിജിറ്റല്‍ സങ്കരമാണ്. ടാങ്കിനു മുകളിലായാണ് ഫ്യുവല്‍ ഗേജിന്റെയും വാണിങ്ങ് ലാമ്പുകളുടെയും സ്ഥാനം. സ്വിച്ച് ഗിയറുകള്‍ ശരാശരിക്കും മേല്‍ നിലവാരം പുലര്‍ത്തുന്നു.

220 ക്രൂസും സ്ട്രീറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം എര്‍ഗണോമിക്‌സിലാണെന്നു മുമ്പേ പറഞ്ഞുവല്ലോ. അതേപ്പറ്റി അല്പം കൂടി കേള്‍ക്കാം… സ്ട്രീറ്റ് നഗരത്തിരക്കുകളിലൂടെ അനായാസം ഊളിയിടാനാകും വിധം രൂപകല്പന ചെയ്തതാണ്. ഇതിന്റെ ഭാഗമായാവണം ഹാന്റില്‍ ബാര്‍ തന്റെ കൂടെപ്പിറപ്പിനേക്കാള്‍ ഫ്ലാറ്റും ഉയരം കുറഞ്ഞതുമാക്കിയത്. ഇതുമൂലം ഏതൊരു ട്രാഫിക്കിലൂടെയും സ്ട്രീറ്റിനെ അനായാസേന മേയ്ക്കാം.

അതേ സമയം ഈ സീറ്റിംഗ് പൊസിഷന്‍ ദൂരയാത്രകള്‍ ക്ലേശകരമാക്കുമോ എന്നും ഭയപ്പെടേണ്ടതുണ്ട്. ക്രൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറേക്കൂടി മുന്നോട്ടാഞ്ഞുള്ള ഇരിപ്പായതിനാല്‍ ദൂരയാത്രകളില്‍ ക്രൂസിന്റെയത്ര കംഫര്‍ട്ട് ലഭിക്കുകയില്ലെന്നതാണ് വാസ്തവം.

220 ക്രൂസ് കാഴ്ച

ആഢ്യത്തം തുളുമ്പുന്ന രൂപം. തികഞ്ഞൊരു ക്രൂസറിന്റെ സര്‍വ്വലക്ഷണങ്ങളുമൊത്തിണങ്ങുന്നു 220 ക്രൂസില്‍. വലിയ വീല്‍ബേസും ഹൈവേകള്‍ക്കിണങ്ങുന്ന ഹാന്റില്‍ ബാര്‍ പൊസിഷനുമൊക്കെത്തന്നെ ഉദാഹരണം. വാഹനത്തിലുടനീളമുള്ള ക്രോമിന്റെ അതിപ്രസരം അതിന്റെ പ്രീമിയം അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു. ഹാന്റില്‍ ബാറിന്റെ രൂപമാറ്റം ഒഴിച്ചാല്‍ അടിസ്ഥാനപരമായി സ്ട്രീറ്റിന്റെ രൂപം തന്നെയാണ് ക്രൂസിനും. ക്രോമില്‍ തീര്‍ത്ത ഘടകങ്ങളുടെ ധാരാളിത്തവും, റിയര്‍ വ്യൂ മിററുകളുടെ രൂപമാറ്റവും, പാഡിങ്ങോടുകൂടിയ പില്ല്യണ്‍ ബാക്ക് റെസ്റ്റുമൊക്കെയാണ് ആകെയുള്ള മാറ്റങ്ങള്‍. ടാങ്കിലെ ക്രോം സറൗണ്ടോടുകൂടിയ അവഞ്ചര്‍ ബാഡ്ജിങ്ങും ശ്രദ്ധേയം. ക്രൂസില്‍ ഗ്രാഫിക്‌സിന്റെ കാര്യത്തിലും മിതത്വം പാലിച്ചിട്ടുണ്ട്. ‘ഡിവൈന്‍ ബ്ലാക്ക്’ എന്ന ഗ്ലോസി ബ്ലാക്ക് വര്‍ണ്ണവും ഇവനു സ്വന്തം. ക്രൂസില്‍ അലോയ്കള്‍ക്കു പകരം ക്ലാസിക് സ്‌പോക്ക് വീലുകള്‍ തന്നെ നിലനിര്‍ത്തിയതും നന്നായി.


എഞ്ചിന്‍

പുത്തന്‍ അവഞ്ചറിലെ മാറ്റങ്ങള്‍ മുഴുക്കെ പുറംമോടിയിലാണെന്നാണ് പൊതുവേയുള്ള സംസാരം, അത് ഒരു 99 ശതമാനം സത്യമാണു താനും ! 

പഴയ മോഡലുകളെ പായിച്ച 19.03 പി എസ് കരുത്തേകുന്ന അതേ 220 സിസി ഓയില്‍ കൂള്‍ഡ് ,ട്വിന്‍ സ്പാര്‍ക്ക്, ട്വിന്‍ വാല്‍വ്, ഡി ടി എസ് ഐ കാര്‍ബുറേറ്റഡ് (!) എഞ്ചിന്‍ തന്നെയാണ് പുത്തന്‍ അവഞ്ചര്‍ സഹോദരങ്ങളേയും ചലിപ്പിക്കുന്നത്.

മെക്കാനിക്കലായി ആകെ സംഭവിച്ചിരിക്കുന്നത് ഇഗ്‌നിഷന്‍ സിസ്റ്റത്തില്‍ വന്ന ചെറുമാറ്റങ്ങള്‍ മാത്രമാണ്. സി.ഡി. ഐയില്‍ വന്ന പ്രസ്തുത മാറ്റങ്ങള്‍ ത്രോട്ടില്‍ റെസ്‌പോണ്‍സും ഒപ്പം റൈഡബിലിറ്റിയും നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, ഇരുവാഹനങ്ങള്‍ക്കും സാമാന്യം തരക്കേടില്ലാത്ത വീല്‍ബേസുണ്ടെങ്കില്‍ക്കൂടിയും ഉയരക്കൂടുതലുള്ളവര്‍ക്ക് ചിലപ്പോഴെങ്കിലും ഇവയുടെ റൈഡിങ്ങ് പൊസിഷന്‍ അസൗകര്യമുണ്ടാക്കുമോ എന്ന് ശങ്കിച്ചേക്കാം.

എന്തായാലും 220 സിസി ഡിടി എസ് ഐ എഞ്ചിനെന്ന പഴയ വീഞ്ഞിന്റെ വീര്യം ഒന്ന് രുചിച്ചു തന്നെ നോക്കാം നമുക്ക്. സ്ട്രീറ്റാവട്ടെ ആദ്യം.

സ്റ്റാര്‍ട്ടറില്‍ വിരലമര്‍ന്നതും ഘനഗംഭീരമായ ശബ്ദത്തോടെ സ്ട്രീറ്റ് മുരണ്ടുണര്‍ന്നു. ഉള്ളതു പറയണമല്ലോ… പഴയ അവഞ്ചറിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ കേട്ട ‘ശബ്ദമില്ല… ‘ എന്ന പരാതി അക്ഷരാര്‍ത്ഥത്തില്‍ പരിഹരിച്ചിട്ടുണ്ട് ബജാജ്, പുത്തന്‍ സ്ട്രീറ്റില്‍. ഗിയറുകളോരോന്നായി സ്‌ളോട്ട് ചെയ്ത് സ്ട്രീറ്റുമായി കുതിച്ചു. പഴയ വാഹനത്തേക്കാള്‍ മികച്ച പ്രകടനമെന്ന് നിസ്സംശയം പറയാം. നല്ല ഇനീഷ്യല്‍ മിഡ്‌റേഞ്ചുകള്‍. റിഫൈന്മെന്റ് ലെവലുകള്‍ ഒരു കാര്‍ബുറേറ്റഡ് എഞ്ചിനില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്. സിഗ്‌നലിലും സിറ്റിയിലുമൊക്കെ സ്ട്രീറ്റിന്റെ ഉയരം കുറഞ്ഞതും ഫഌറ്റുമായ ഹാന്റില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രമ്മുമാണ് ബ്രേക്കുകള്‍.

നഗരത്തിരക്കുകളും താണ്ടി പിന്നെയുമേറെ ദൂരം പിന്നിട്ടപ്പോള്‍ സ്ട്രീറ്റിനോടു ‘സുലാന്‍’ പറഞ്ഞു ക്രൂസിലേറി. സത്യത്തില്‍ ഇതില്‍ ഇരിക്കുമ്പോഴാണ് ഒരു ഗമയൊക്കെ തോന്നുന്നത്! ലക്ഷണമൊത്തൊരു ക്രൂസറിന്റെ റൈഡിങ്ങ് പൊസിഷന്‍. സ്റ്റാര്‍ട്ട് ചെയ്തു ഫസ്റ്റ് ഗിയര്‍ സ്ലോട്ടു ചെയ്തു. സ്ട്രീറ്റിന്റെയത്ര ഗാംഭീര്യമുള്ളതല്ല എക്‌സ്‌ഹോസ്റ്റ് നോട്ട്. ഹൈവേ ക്രൂസറിനിണങ്ങുന്ന പവര്‍ ഡെലിവറി.കുറേയൊക്കെ സ്റ്റിഫായ സസ്‌പെന്‍ഷന്‍. മണിക്കൂറില്‍ 80 കി മീ വേഗതയിലും അസാധ്യ സ്റ്റബിലിറ്റിയാണിവന്. ഓപ്ഷണലായി ലഭിക്കുന്ന മുന്‍ വിന്റ് ഷീല്‍ഡ് കൂടെയാവുമ്പോള്‍ പിന്നെ പറയേണ്ടതുമില്ലല്ലോ! ക്രൂസിന്റെ പിന്‍വീലിലും ഡ്രം ബ്രേക്കുകള്‍ തന്നെ ശരണം! ‘പിന്‍ബ്രേക്ക് ഡിസ്‌ക്കല്ല’ എന്ന സത്യം റൈഡറില്‍ നിന്നും ചോര്‍ത്തിക്കളയുന്ന ആത്മവിശ്വാസം ചെറുതല്ല. ഇരുവാഹനങ്ങള്‍ക്കും ട്യൂബ്‌ലെസ്സ് ടയറുകളിപ്പോഴുമില്ല എന്നതും ശ്രദ്ധേയമാണ്. 

ലിറ്ററിന് 50 കിമീലേറെയാണ് ഇരുവാഹങ്ങളുടേയും ഇന്ധനക്ഷമത. 84,000 രൂപ ഡല്‍ഹിയിലെ വാഹനവിലയും. ആകര്‍ഷകമായ രൂപം, താങ്ങാവുന്ന വില, മികച്ച പ്രകടനം, ക്രൂസറിന്റെ റൈഡിങ്ങ് സുഖം അങ്ങനെ പുത്തന്‍ അവഞ്ചര്‍ വാങ്ങാന്‍ കാരണങ്ങളേറെയാണ്. ഫ്യുവല്‍ ഇന്‍ജക്ഷന്‍, പിന്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ എന്നിവ കൂടി ഉണ്ടായിരുന്നെങ്കില്‍ തീര്‍ത്തുമൊരു ‘ഇറെസിസ്റ്റബിള്‍ പാക്കേജ് ‘ആവുമായിരുന്നു അവഞ്ചര്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍