UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ബജാജ് വി15: ക്രൂയ്‌സര്‍ കമ്യൂട്ടര്‍ സങ്കരം

ഐ എന്‍ എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ എക്കാലത്തെയും വലിയ അഭിമാനതാരം. 71-ലെ ഇന്തോ-പാക്ക് യുദ്ധത്തിലെ നായകസ്ഥാനം നല്‍കി ആദരിക്കേണ്ടുന്ന നമ്മുടെ സ്വന്തം വിമാനവാഹിനിക്കപ്പല്‍. ടി യുദ്ധത്തില്‍ കനത്തതും ഇടതൂര്‍ന്നതുമായ വ്യോമാക്രമണങ്ങളായിരുന്നു നമ്മുടെ കരുത്തെങ്കില്‍ അതിനു നല്ലൊരു ശതമാനം നാം കടപ്പെട്ടിരിക്കുന്നത് ഐഎന്‍എസ് വിക്രാന്ത് എന്ന ഈ പോര്‍നൗകയോടാണ്. ‘ഹോക്കര്‍ സീ ഹോക്ക്’, ‘സീ ഹാര്യേഴ്‌സ്’, ‘വെസ്റ്റ്‌ലാന്റ് സീ കിംഗ്’, ‘ബ്രിഗറ്റ് എലൈസ്’, ‘ചേതക് ഹെലിക്കോപ്റ്ററുകള്‍’ എന്നിവയടങ്ങുന്ന വിക്രാന്തിന്റെ ‘വ്യോമനിര’ ശത്രുവിനെ നിലംപരിശാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നിര്‍മ്മിക്കപ്പെട്ട ‘എച്ച്എംഎസ് ഹെര്‍ക്കുലിസ്’ എന്ന ബ്രിട്ടീഷ് വിമാനവാഹിനി, 1957-ലാണ് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നത്. ശേഷം 61-ല്‍ ‘ഐഎന്‍എസ് വിക്രാന്ത്’ എന്ന നാമത്തില്‍ നമ്മുടെ നാവികസേനയ്ക്കായി ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യപ്പെട്ട ‘മജസ്റ്റിക് ക്ലാസ് എയര്‍ക്രാഫ്റ്റ് കാരിയര്‍’ വിഭാഗത്തില്‍പ്പെട്ട പടക്കപ്പല്‍ 1997 ജനുവരി 31 വരെ തന്റെ സേവനം തുടര്‍ന്നു. ഇതിനിടയില്‍ 71-ലെ ഇന്തോ-പാക്ക് യുദ്ധമടക്കം പല അവസരങ്ങളിലും വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ യശസ്സു വാനോളമുയര്‍ത്തി.

ഏതൊരിന്ത്യക്കാരന്റേതുമെന്ന പോലെ എന്റെയും വലിയൊരു മോഹമായിരുന്നു ഡീക്കമ്മിഷനുശേഷം മ്യൂസിയമാക്കി മാറ്റിയ വിക്രാന്ത് എന്ന വീരനെ ഒന്ന് നേരില്‍ കാണുക എന്നത്. എന്നാല്‍ അതിനുള്ള ഭാഗ്യം സിദ്ധിക്കാഞ്ഞതിനാല്‍ എന്റെ ‘വിക്രാന്ത് മോഹങ്ങള്‍’ കിടപ്പുമുറിയുടെ ചുവരിലൊട്ടിച്ച പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്ററില്‍ ഒതുങ്ങി. 2015-ല്‍ വിക്രാന്ത് ഡിസ്മാന്റില്‍ ചെയ്യപ്പെടുമ്പോള്‍ സത്യം പറഞ്ഞാല്‍ നെഞ്ചുപൊട്ടി! അങ്ങനെയിരിക്കെയാണ് ഈയിടെ ബജാജ് ആ വാര്‍ത്ത പുറത്തുവിട്ടത്.

നിര്‍മ്മാണത്തില്‍ വിക്രാന്തിന്റെ ലോഹം ഉപയോഗിച്ചുകൊണ്ട് ‘ബജാജ് വി’ എന്ന ബ്രാന്റ് ജനിക്കുന്നുവത്രെ! ഉള്ളില്‍ അണപൊട്ടിയൊഴുകിയ ദേശസ്‌നേഹവും വിക്രാന്തിന്റെ വീരസ്മരണകളും കടിച്ചമര്‍ത്തി ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. മാര്‍ച്ച് എട്ടാം തീയതി വി15 എന്ന വാഹനം കയ്യില്‍ക്കിട്ടുന്നതുവരെ. വായിക്കാം പോര്‍നൗകയുടെ പാരമ്പര്യംപേറുന്ന വി 15നെപ്പറ്റി.

വി 15

ഏതു വിഭാഗത്തില്‍പ്പെടുന്ന ബൈക്കാണ് വി 15? പ്രഥമദൃഷ്ട്യാ ഈ ചോദ്യത്തിനുത്തരം നല്‍കുക ശ്രമകരമാണ്. ക്രൂയ്‌സറെന്നോ കഫേ റേസറെന്നോ അല്ലെങ്കില്‍ ക്രൂയ്‌സര്‍ കഫെറേസര്‍ സങ്കരമെന്നോ ഒക്കെ തോന്നിച്ചേക്കാവുന്ന രൂപം. ഒരിക്കലും തികഞ്ഞൊരു ക്രൂയ്‌സറിന്റെ രൂപഗുണമോ എര്‍ഗണോമിക്‌സോ അല്ല വി15നെന്നിരിക്കെ ‘കഫെറേസര്‍’ ഛായ പിന്‍സീറ്റിനെ മറയ്ക്കുന്ന കൗളിലൊതുങ്ങുന്നു! ഏതാണ്ടു മൂന്നു നാലു മണിക്കൂറോളം വാഹനം ഓടിച്ചതിന്റെ ‘അനുഭവസമ്പ ത്തില്‍’ നിന്നുതന്നെ പറയട്ടെ, ക്രൂയ്‌സറിന്റെ ഭാവഹാവാദികളില്‍ ചിലതുമാത്രം ഉള്‍ക്കൊള്ളുന്ന ഒരു കമ്യൂട്ടര്‍ അങ്ങനെ വിശേഷിപ്പിക്കാം (അല്ലെങ്കില്‍ അങ്ങനെയേ വിശേഷിപ്പിക്കുവാനാവൂ!) നമുക്ക് വി 15-നെ.

കാഴ്ച

ലഭ്യമായ എബണി ബ്ലാക്ക് , പേള്‍ വൈറ്റ് വര്‍ണ്ണങ്ങളില്‍ പേള്‍ വൈറ്റ് വാഹനമാണ് ടെസ്റ്റ് റൈഡിനായി തിരഞ്ഞെടുത്തത്. തീര്‍ത്തും ‘റെട്രൊ’ ആക്കുവാന്‍ ബജാജ് തങ്ങളാലാവുംവിധം ശ്രമിച്ചിട്ടുണ്ടെങ്കിലും വി 15-ന്റെ രൂപത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ടായേക്കാം. ക്രൂയ്‌സറിനേക്കാള്‍ കമ്യൂട്ടറിനോടാണ് മുന്‍ഭാഗത്തിനു സാദൃശ്യമേറെ. ഹെഡ്‌ലാമ്പ് പലപ്പോഴും ബജാജ് ഡിസ്‌ക്കവറിനേയും വരാനിരിക്കുന്ന ഹോണ്ട നവിയേയുമൊക്കെ ഓര്‍മ്മിപ്പിച്ചു. ഇതിനു പകരം ഡ്യുവല്‍ സര്‍ക്കുലാര്‍ ഹെഡ്‌ലാമ്പുകളായിരുന്നുവെങ്കില്‍ തകര്‍ത്തേനെയെന്നു തോന്നി. ഹെഡ്‌ലാമ്പിന്റെ ചുറ്റുമുള്ള ക്രോം ഔട്ട്‌ലൈന്‍ മുന്‍ഭാഗത്തിനൊരു പ്രീമിയം ടച്ചേകുന്നു. ചെറുതും ഭംഗിയുള്ളതുമായ വൈസര്‍. 

വശക്കാഴ്ചയില്‍ വി തീര്‍ത്തും സുന്ദരനാണ്. ദൃഢഗാത്രനായ ഒരു പട്ടാളക്കാരനെ ഓര്‍മ്മിപ്പിക്കുന്ന രൂപം. മസ്‌ക്കുലറായ ഫ്യുവല്‍ ടാങ്കില്‍ അങ്ങനെ വിളങ്ങി നില്ക്കുകയാണ് വലിയ ‘വി ബാഡ്ജിംഗ്’. ടാങ്കിലെയും മറ്റും ചുവന്ന ഡെക്കാലുകള്‍ വശങ്ങള്‍ക്ക് അഴകിനൊപ്പം അല്പം ഗൗരവവുമേകുന്നു. കറുപ്പ് അലോയ്കളോടുകൂടിയ മുന്നിലെ 18 ഇഞ്ചും പിന്നിലെ 16 ഇഞ്ചും വീലുകള്‍ വാഹനത്തിനൊരു ക്രൂയ്‌സര്‍ പ്രതീതിയേകുന്നു.

പിന്‍സീറ്റിനെ പൊതിയുന്ന, വിഘടിപ്പിക്കാവുന്ന പിന്‍ കൗള്‍
വശക്കാഴ്ചയിലും സുന്ദരന്‍ തന്നെ. ക്രോമില്‍ തീര്‍ത്ത മഫ്‌ളര്‍
ടിപ്പും ഹീറ്റ്ഗാര്‍ഡും. വശങ്ങളുടെ രൂപത്തിലെവിടെയോ ഒരു മോട്ടോ ഗുച്ചി പ്രഭാവം അനുഭവപ്പെട്ടു… 


ഈ വാഹനത്തിന്റെ പിന്‍ഭാഗമാണ് ഏറ്റവും മനോഹരം. തീര്‍ത്തും ക്ലാസ്സിക്കായ രൂപം. എല്‍ ഇ ഡി ടെയില്‍ ലാമ്പിന്റെ രൂപം ചില ബ്രിട്ടീഷ് ക്രൂയ്‌സറുകളുടെ പ്രതീതിയുളവാക്കി. പിന്നിലെ കോണ്ട്രാസ്റ്റ് കളര്‍ ഗ്രാബ് റെയിലും ഭംഗിയുള്ളത്… സത്യം പറഞ്ഞാല്‍, രൂപത്തിലുടനീളം ഈയൊരു ഡിസൈന്‍ തീം ആയിരുന്നുവെങ്കിലെന്നാശിച്ചുപോയി.

വിയുമായി റോഡിലിറങ്ങിയപ്പോഴും , ട്രാഫിക്ക് സിഗ്‌നലിലും പടം എടുക്കാന്‍ നിര്‍ത്തിയപ്പോമൊക്കെ ഞങ്ങളെ ഉറ്റുനോക്കിയ കണ്ണുകളാണ് ഈ വാഹനത്തിന്റെ രൂപകല്പനയ്ക്കുള്ള ഏറ്റവും വലിയ അംഗീകാരം… 

പ്രീമിയമെന്നു കമ്പനി അവകാശപ്പെടുന്ന, ലളിതമായ മീറ്റര്‍ ക്ലസ്റ്റര്‍ അനലോഗ് സ്പീഡോമീറ്ററും ഡിജിറ്റല്‍ ഫ്യുവല്‍ ഗേജുമടങ്ങുന്നതാണ്. ടാക്കോമീറ്ററില്ല . ശരാരിക്കും മേലെ നിലവാരമുള്ള പ്ലാസ്റ്റിക്കില്‍ തീര്‍ത്ത സ്വിച്ച് ഗിയറുകള്‍. എഞ്ചിന്‍ കില്‍ സ്വിച്ചിന്റെ അഭാവം ഒരു കുറവായിത്തന്നെ പറയണം.

റൈഡ്

ബജാജിന്റെ മിക്ക വാഹനങ്ങളും കരുത്തിന്റെ കാര്യത്തില്‍ ‘ക്ലാസ് ലീഡിങ്ങ്’ ആണെന്നിരിക്കെ വി15-നെ കുതിപ്പിക്കുന്ന 150 സിസി ഡിടി എസ് ഐ ട്വിന്‍ സ്പാര്‍ക്ക്, എയര്‍ കൂള്‍ഡ് എഞ്ചിന്‍ ഔട്ട്പുട്ടിന്റെ കാര്യത്തില്‍ അല്പം പിന്നിലാണെന്നു പറയാതെ വയ്യ, 7500 ആര്‍ പി എമ്മില്‍ 11.8 ബി എച്ച് പിയാണിവന്റെ കരുത്ത്, എന്നാല്‍ പീക്ക് ടോര്‍ക്കായ 1.3 കിലോഗ്രാം മീറ്റര്‍ 5500 ആര്‍പി എമ്മില്‍ത്തന്നെ ലഭ്യമാവുന്നുവെന്നത് റൈഡിങ്ങ് ആസ്വാദ്യകരമാക്കും… 

സ്റ്റാര്‍ട്ടര്‍ അമര്‍ത്തിയതും കാതിനിമ്പമേകുന്ന എക്‌സ്‌ഹോസ്റ്റ് നോട്ടോടെ വി15 ഉണര്‍നു. ഗിയറുകള്‍ സ്‌ളോട്ടു ചെയ്തു കൈ കൊടുത്തപ്പോഴേക്കും ഒരു കാര്യം മനസ്സിലായി, ഇവന്‍ വളരെ ‘റൈഡര്‍ ഫ്രണ്ട്‌ലി’ആണ്. ക്രൂയ്‌സറുകളിലെപ്പോലെ കൈകള്‍ നീട്ടി, നിവര്‍ന്നുള്ള റൈഡിങ്ങ് പൊസിഷനാണെങ്കിലും ഫുട്ട്‌പെഗ്ഗുകളുടെ സ്ഥാനം കമ്യൂട്ടറുകളിലേതിനു സമാനമാണ്. ഇതുകൊണ്ടാണ് മുന്‍പിവനെ ‘ക്രൂയ്‌സര്‍ കമ്യൂട്ടര്‍ സങ്കരമെന്നു’ വിശേഷിപ്പിച്ചതും. പ്രസ്തുത എര്‍ഗണോമിക്ക്‌സ് വാഹനത്തിന്റെ ഹാന്റ്‌ലിംഗ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതു പറയാതെ വയ്യ. നഗരത്തിരക്കിലും ഹൈവേകളുടെ വിശാലതയിലും ഒരുപോലെ ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുവാന്‍ വി15-ന്റെ വീതിയേറിയ പവര്‍ബാന്റും ഫഌറ്റായ ടോര്‍ക്ക് കര്‍വും സഹായിക്കും.

എന്നാല്‍ വാഹനത്തിന്റെ 5 സ്പീഡ് ഗിയര്‍ബോക്‌സ് അല്പം കടുപ്പക്കാരനായിത്തോന്നി. ഷിഫ്റ്റുകള്‍ അത്ര സ്മൂത്തല്ല. തന്നെയുമല്ല പുതുതലമുറ വാഹനങ്ങളില്‍ നിന്നും ഭിന്നമായി യൂണിവേഴ്‌സല്‍ കോണ്‍ഫിഗറേഷനു പകരം പരമ്പരാഗത ‘ഓള്‍ അപ്പ്’ കോണ്‍ഫിഗറേഷനാണിതിന്.

സ്റ്റീല്‍ നിര്‍മ്മിതമായ ഡബിള്‍ ക്രാഡ്ല്‍, ട്യൂബുലാര്‍ ചേസിസില്‍ തീര്‍ത്തിരിക്കുന്ന, സ്റ്റീല്‍ സ്വിംഗ് ആമോടുകൂടിയ വാഹനത്തിനു മുന്നില്‍ ടെലസ്‌ക്കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഗ്യാസ്സ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ്. മുന്നില്‍ 240 മി മി പെറ്റല്‍ ഡിസ്‌ക്കും പിന്നിലെ 130 മി മി ഡ്രമ്മുമാണ് ബ്രേക്കുകള്‍… വളരെ റിഫൈന്‍ഡ് ആയ പ്രകടനം. കുറഞ്ഞ ആര്‍ പി എമ്മുകളില്‍ കാര്യമായ എഞ്ചിന്‍ വൈബ്രേഷന്‍ ഇല്ല. 

ലിറ്ററിനു ഏതാണ്ട് 50 കിമീയോളം ഇന്ധനക്ഷമത പ്രതീക്ഷിക്കാവുന്ന വി 15നു 63,400 രൂപയാണ് കൊച്ചി എക്‌സ് ഷോറൂം വില.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍