UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ബാജിറാവു മസ്താനി; നിറങ്ങളും തിളങ്ങുന്ന പട്ടുകുപ്പായങ്ങളും മാത്രമല്ല

അപര്‍ണ്ണ

2003ൽ കേൾക്കാൻ  തുടങ്ങിയതാണ്‌ ബാജിറാവു മസ്താനിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ. സല്‍മാൻ-ഐശ്വര്യ ജോടിയെ വെച്ചും പിന്നീട് സല്‍മാൻ-കരീന-റാണി ത്രയത്തെ വെച്ചും ചെയ്യുമെന്നു കേട്ട സിനിമ അനന്തമായി നീണ്ടു പോയി. പേജ് 3 കോളങ്ങൾ സിനിമ നീണ്ടു പോകാനുള്ള പല കാരണങ്ങളും നിരത്തി. എന്തായാലും 2015 ൽ മറാത്തി നോവലിസ്റ്റ് ഇനംദാറിന്റെ റാവു എന്ന നോവലിന്റെ കൂടി സഹായത്തോടെ സഞ്ജയ്‌ ലീലാ ബൻസാലി ബാജിറാവു മസ്താനി അനൌണ്‍സ് ചെയ്തു. രണ്‍ബീർ സിങ്ങും ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയുമാണ്‌ ലീഡ് റോളുകൾ കൈകാര്യം ചെയ്യുന്നത്. മറ്റു ബൻസാലി പടങ്ങളെ പോലെ തന്നെ നിറങ്ങൾ കൊണ്ടുള്ള ആഘോഷങ്ങളും ചരിത്ര കഥാപാത്രങ്ങളും ഒക്കെ തന്നെയാണ് സിനിമയെ വമ്പൻ ശ്രദ്ധാ കേന്ദ്രമാക്കിയത്.

പേഷ്വാ ബാജിറാവു ഒന്നാമനും (രണ്‍ബീർ സിംഗ്) അയാളുടെ രണ്ടു ഭാര്യമാരായ മസ്താനിയും (ദീപിക) കാശിബായിയും (പ്രിയങ്ക) ആണ് സിനിമയെ നയിക്കുന്നത്. ബാജിറാവുവിന്റെ സൈനിക മികവിന്റെയും സാമ്രാജ്യ വിസ്തൃതിയുടെയും പശ്ചാത്തലത്തിൽ അയാളുടെ രണ്ടു പ്രണയങ്ങളുടെ കഥ പറയുന്ന സിനിമ എന്ന് ബാജിറാവു മസ്താനിയെ ചുരുക്കി എഴുതാം. ആദ്യം വിവാഹം ചെയ്ത കാശിയോടൊപ്പം പ്രണയ തീവ്ര ദാമ്പത്യം നയിക്കുന്നതിനിടയിലാണ് മിശ്രവിവാഹിതരുടെ മകളായ രാജകുമാരി മസ്താനിയെ ബാജിറാവു കാണുന്നതും അവളെ പ്രണയിക്കാൻ തുടങ്ങുന്നതും. മറ്റെല്ലാം ഉപേക്ഷിച്ച് മസ്താനി ബാജിറാവുവിനെ തേടി വരുന്നു.രണ്ടു പേരും ഒരേ ദിവസം പ്രസവിക്കുന്നു. മസ്താനി മിശ്ര വിവാഹിതരുടെ മകളായതുകൊണ്ട്  അവളെ അംഗീകരിക്കാൻ ബാജിറാവുവിന്റെ അമ്മയ്ക്കും രാജ ഗുരുവിനും മറ്റു കൊട്ടാര വാസികൾക്കും വലിയ പ്രതിബന്ധം ഉണ്ട്. ഒരു മകനെ ഹിന്ദു ആയും മറ്റൊരാളെ മുസ്ലിം ആയും വളർത്താൻ ബാജിറാവു തീരുമാനിക്കുന്നു. ഇതിനിടെ ബാജിറാവു ഒരു യുദ്ധത്തിനു പോയ സമയത്ത് മസ്താനിയെയും മകനെയും ചതിച്ചു തടിലാക്കുന്നു. ഇതറിഞ്ഞ ബാജിറാവുവിന്റെ മടങ്ങി വരവും പിന്നീട് ഉണ്ടാവുന്ന അതിനാടകീയ മുഹൂർത്തങ്ങളും ഒക്കെയാണ് സിനിമ.

സഞ്ജയ്‌ ലീലാ ബൻസാലിയുടെ മറ്റെല്ലാ സിനിമകളെയും പോലെ നിറങ്ങളും തിളങ്ങുന്ന പട്ടുകുപ്പായങ്ങളും കൊണ്ടൊക്കെ സമൃദ്ധമാണ്‌ ഈ സിനിമയും. സുദീപ് ചാറ്റർജിയുടെ മണ്ണിന്റെ നിറമുള്ള ഫ്രെയിമുകൾ അതിസുന്ദരമായ കാഴ്ചാനുഭാവമാണ്. തീയറ്ററിലെ വലിയ സ്ക്രീനിനു മാത്രം നൽകാൻ കഴിയുന്ന പൂർണതയുണ്ട് ഓരോ ദൃശ്യത്തിനും. ഇരുട്ടും വെളിച്ചവും നിറവും നിറമില്ലായ്മയും എല്ലാം ചേർന്ന് മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും പോലെ ഒരു അനുഭവം. യുദ്ധ രംഗങ്ങൾ ദൃശ്യ ഭംഗി കൊണ്ടാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.

ബാഹുബലിക്കു ശേഷം വന്ന രാജ കഥ  ആയതുകൊണ്ട് താരതമ്യങ്ങൾ വന്നു തുടങ്ങി. ശാന്തമായ ഒരു കാഴ്ചാനുഭാവമാണ് ബാജിറാവു മസ്താനി എന്ന് പറയാം. ഊന്നൽ പ്രണയത്തിൽ ആയത് കൊണ്ടാവാം ധീരനെ എന്ന് വിളിച്ച് യോദ്ധാവിനു പിറകെ ഓടുന്ന അവന്തികയെക്കാൾ സ്വാതന്ത്ര്യം നല്കിയിട്ടുണ്ട് മസ്താനിക്ക്. സുന്ദര ശരീരം ആകുക എന്നതിൽ കവിഞ്ഞു ചിലപ്പോളെങ്കിലും ഇതിലെ പ്രണയിനികൾക്കു ചിലത് ചെയ്യാനുണ്ട്. ഒരു വീരേതിഹാസം എന്നതിനപ്പുറം മനുഷ്യ മനസും ബന്ധങ്ങളിലെ ആശങ്കയും ഒക്കെയാണ് ബാജിറാവുവിനു വിഷയം.

കഥാതന്തു വളരെ പഴയ ഒന്നാണ്. ത്രികോണ പ്രണയ കഥ ഹിന്ദി മുഖ്യധാരാ സിനിമകളെ ഒരു കാലത്ത് നയിച്ചിരുന്ന ഒന്നാണ്. രണ്ട് വ്യക്തികൾക്കിടയിൽ മൂന്നാമത് ഒരാൾ വരുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ വർഷങ്ങളായി ഇന്ത്യൻ സിനിമ സഞ്ചരിക്കുന്ന പാതയിൽ നിന്നും ഒട്ടും മാറി സഞ്ചരിക്കുന്നില്ല ബാജിറാവു മസ്താനി. കഥാപാത്രങ്ങള്‍ക്ക് ഇവിടെ രാജകീയ പരിവേഷവും എന്നോ ജീവിച്ചിരുന്നവരുടെ രൂപ രേഖയും നല്കി എന്നേ ഉള്ളു.

എന്തുകൊണ്ട് സിനിമയ്ക്ക് ഇങ്ങനെ ഒരു പേര് എന്ന് വ്യക്തമല്ല. മസ്താനിയോടൊപ്പം തന്നെ പ്രാധാന്യം ഉള്ള റോൾ ഉണ്ട് കാശിക്കും. രണ്ടു പേരും ബാജിറാവുവിനെ പ്രനയിക്കുമ്പോഴും സ്വന്തം മാനസിക നില തുറന്നു പറയുന്നത് കാശിയാണ്. ബാജിറാവുവിനൊപ്പം ജീവിച്ചു മരിക്കുക, അയാളെ രക്ഷിക്കാൻ യുദ്ധം ചെയ്യുക എന്നീ ലക്ഷ്യങ്ങളിലേക്ക് മസ്താനി ചുരുങ്ങി പോകുമ്പോൾ കാശി പലതിനോടും സമരസപ്പെടുന്നില്ല. രണ്ട് പ്രണയിനികൾ തമ്മിൽ ഉടലെടുക്കുന്ന അസൂയ, കുശുമ്പ് തുടങ്ങി പൊതുബോധത്തിൽ നിന്ന് മാറി സഞ്ചരിക്കാൻ ബൻസാലിക്കും ഈ സിനിമക്കും സാധിച്ചിട്ടുണ്ട്.

സിനിമയുടെ അവസാനം രണ്‍വീർ സിംഗിന്റെ കയ്യിൽ ഒതുങ്ങാതെ പോയ അതിനാടകീയ ഡയലോഗുകൾ ചിലരെ എങ്കിലും മടുപ്പിക്കാൻ ഇടയുണ്ട്. വിധേയനിലൂടെ മലയാളികൾക്ക് പരിചിത ആയ തന്വി അസ്മി അവതരിപ്പിച്ച അമ്മ വേഷം ദേവദാസിലെ കിരണ്‍ ഖേറിന്റെ വേഷത്തെ പ്രകടമായി ഓർമിപ്പിച്ചു. രണ്‍ബീറിനും ദീപികയ്ക്കും രാം ലീല മാരായി ചെയ്ത കാര്യങ്ങൾ കുറെ ഭാഗങ്ങളിൽ ആവർത്തിക്കേണ്ടി വന്നു. പാട്ടുകൾ കേൾക്കുന്നതിനെക്കാൾ കൂടുതൽ കാണാൻ രസമുണ്ട്.

ബോളിവുഡ് പ്രണയ നിര്‍വചനങ്ങളും കണ്ണിനെ മയക്കുന്ന കാഴ്ചകളും കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഈ  സഞ്ജയ്‌ ലീലാ ബൻസാലി സിനിമയ്ക്ക് കയറാം…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍