അഴിമുഖം പ്രതിനിധി
ഗോവധം ആരോപിച്ച് ഗുജറാത്തില്‍ നടന്നതിനു സമാനമായ അതിക്രമം കര്‍ണ്ണാടകയിലും. പശുവിനെ കൊന്നു തൊലിയുരിച്ചു എന്നാരോപിച്ച് അഞ്ചു ദളിതര്‍ക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റത്. ചിക്കമംഗ്ലൂര്‍ കുണ്ടൂര്‍ ഗ്രാമത്തിലെ മുത്തപ്പ എന്നയാളുടെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അന്നു, സമ്പത്ത്, സന്തോഷ്, മഞ്ജുശ്രീ, രാജേഷ്, സുന്ദരേഷ്, സന്ദീപ് എന്നീ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അക്രമിക്കപ്പെട്ടവരില്‍ ഭിന്നശേഷിയുള്ള വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രവര്‍ത്തകര്‍ ദളിതരെ വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നു. കര്‍ണാടക കമ്മ്യുണല്‍ ഹാര്‍മണി ഫോറം പോലീസിന് നല്‍കിയ പരാതി പ്രകാരം 50തോളം വരുന്ന സംഘം ജൂലൈ 17ന് ദളിത് കുടുംബത്തെ ആക്രമിക്കുകയായിരുന്നു എന്നു പറയുന്നു. ഇവരില്‍ മൂന്ന് പേരുടെ അവസ്ഥ ഗുരുതരമാണ്.
എന്നാല്‍ മുത്തപ്പയുടെ വീട്ടില്‍ മോഷ്ടിച്ച പശുവിനെ കൊല്ലുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ അവിടെയെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമാണ് ഉണ്ടായതെന്ന് ജയപുര പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കിയതായും പോലീസ് മുത്തപ്പയ്ക്കും കുടുംബത്തിനുമെതിരെ ഗോഹത്യയ്ക്കു കേസെടുക്കുകയുണ്ടായി എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയപുര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുളള സംഘമാണ് മുത്തപ്പയുടെ വീട്ടിലെത്തിയത്.
‘സംഭവസ്ഥലത്തെത്തിയപ്പോള്‍ അഞ്ചുപേര്‍ മാംസം കഷണങ്ങളാക്കുന്നതാണ് കണ്ടത്. മുത്തപ്പ, ബലരാജ്, ധനുഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്കാണ് കേസ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പശു മോഷ്ടിക്കപ്പെട്ടതാണോ എന്നതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.’ ചന്ദ്രശേഖര്‍ പറഞ്ഞു.