UPDATES

ട്രെന്‍ഡിങ്ങ്

കൊന്നത് ബജറംഗ് ദള്‍, അവര്‍ക്കുള്ള ശിക്ഷ ഞങ്ങള്‍ സ്ത്രീകള്‍ തീരുമാനിക്കും; മനുവ ഗ്രാമവാസികള്‍

ബീഫ് കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന അലിമുദ്ദീന്റെ ഗ്രാമമാണ് മനുവ

‘ആ ദുഷ്ടന്മാര്‍ ബജറംഗ് ദളുകാരാണ്. അവരാണ് എന്റെ ഭര്‍ത്താവിനെ കൊന്നത്; മറിയം ഖട്ടൂണ്‍ കണ്ണീരിനിടയിലും രോഷത്തോടെ പറയുന്നു. ഝാര്‍ഖണ്ഡിലെ രാംഗഢില്‍ ഇന്നലെ ആള്‍ക്കൂട്ടത്താല്‍ കൊലചെയ്യപ്പെട്ട അലിമുദ്ദീന്റെ ഭാര്യയാണ് മറിയം. ബീഫ് കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അലിമുദ്ദീനെ ഒരുംസംഘം ആക്രമിച്ചതും അയാള്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ കത്തിച്ചതും. പൊലീസ് എത്തി അലിമുദ്ദീനെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍വച്ച് മരിച്ചു.

മാംസവ്യാപാരിയായ അലിമുദ്ദീനുമായി കച്ചവടത്തര്‍ക്കമുള്ളവര്‍ കരുതിക്കൂട്ടി നടത്തിയ കൊലയാണെന്നാണു പൊലീസ് പറയുന്നത്. മറിയം പറയുന്നു തന്റെ ഭര്‍ത്താവ് മാംസവ്യാപാരിയല്ലെന്നും കല്‍ക്കരി വ്യാപാരിയാണെന്നും.

ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്റെ ഭര്‍ത്താവ്. മൂന്നു പെണ്‍കുട്ടികള്‍ അടക്കം ആറു മക്കളാണ് ഞങ്ങള്‍ക്ക്. ഞാനും എന്റെ മക്കളും ഇപ്പോള്‍ ആശ്രയമില്ലാത്തവരായി; മറിയം ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

നാലു ചാക്കുകളിലായി 200 കിലോ മാംസവുമായി പോകുമ്പോഴായിരുന്നു അലിമുദ്ദീന്‍ ആക്രമിക്കപ്പെട്ടതെന്നാണു പൊലീസ് പറയുന്നത്. അയാളുടെ കത്തിയ വാഹനത്തിന്റെ സമീപത്ത് റോഡിലായി മാംസം തെറിച്ചു കിടക്കുന്നത് ഇന്നലെ പ്രചരിച്ച ചിത്രങ്ങളില്‍ കാണാമായിരുന്നു. പക്ഷേ പൊലീസിന്റെ വാക്കുകള്‍ അലിമുദ്ദീന്റെ ഭാര്യ നിഷേധിക്കുകയാണ്.

റാഞ്ചിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ റാംഗഢില്‍ മനുവ ഗ്രാമത്തിലാണ് അലിമുദ്ദീന്റെ വീട്.

"</p

എന്റെ ഭര്‍ത്താവിനെ കൊന്നവരോട് യാതൊരു കരുണയും കാണിക്കരുത്. അവര്‍ ജയില്‍പോലും അവര്‍ അര്‍ഹിക്കുന്നില്ല. അവരെ അയക്കേണ്ടത് നരകത്തിലേക്കാണ്; രോഷം മറച്ചുവയ്ക്കാതെ മറിയം ഹിന്ദുസ്ഥാന്‍ ടൈസിനോടു പറയുന്നു.

മുസ്ലിം ഭൂരിപക്ഷമായ മനുവയിലെ ഗ്രാമവാസികളും മറിയത്തിന്റെ അതേ രോഷവുമായാണ് നില്‍ക്കുന്നത്. പൊലീസ് പക്ഷപാതം കാണിക്കുകയാണ്. അവര്‍ ബജറംഗ്ദളിനെ സംരക്ഷിക്കാനാണ് നോക്കുന്നത്; അലിമുദ്ദീന്റെ സഹോദരഭാര്യ അബിദ ഖട്ടൂണ്‍ പറയുന്നു. ബജറംഗ്ദളുകാര്‍ ഞങ്ങള്‍ മുസ്ലിങ്ങളെ ലക്ഷ്യമിടുകയും കൊല്ലുകയുമാണ്. പൊലീസാകട്ടെ ഒന്നും കാണാത്ത ഭാവത്തില്‍ നില്‍ക്കുന്നു. അലിമുദ്ദീന്റെ കൊലയാളികളെ ഞങ്ങളുടെ മുന്നില്‍ കൊണ്ടുവരണം, ഞങ്ങള്‍ സ്ത്രീകള്‍ തീരുമാനിക്കും അവരെ എന്തുചെയ്യണമെന്ന്; അബിദ രോഷത്തോടെ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പ്രതികരിക്കുന്നു.

അലിമുദ്ദീന്റെ കൊലപാതകത്തെ തുടര്‍ന്നു സംഘര്‍ഷാവസ്ഥയിലാണ് മനുവ ഗ്രാമം. പ്രതിഷേധക്കാര്‍ 12 ഓളം വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും വെള്ളിയാഴ്ച നൂറോളം വരുന്ന മുസ്ലിം ഗ്രാമവാസികള്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരുു ബജറംഗ്ദള്‍ പ്രവര്‍ത്തകന്റെ വീടാക്രമിക്കുകയും ചെയ്തതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തില്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.പക്ഷേ ഗ്രാമവാസികള്‍ പറയുന്നു തങ്ങള്‍ക്ക് പൊലീസില്‍ ഒരുതരത്തിലും വിശ്വാസമില്ലെന്ന്. ഞങ്ങള്‍ പൊലീസിനെ ഒട്ടും വിശ്വസിക്കുന്നില്ല. ഞങ്ങളുടെ സഹോദരന്റെ കൊലപാതകികളെ ഞങ്ങള്‍ കണ്ടെത്തും. തൃപ്തിയാകുന്നതുവരെ ഞങ്ങള്‍ അവരോടുള്ള പ്രതികാരം തീര്‍ക്കും; ഗ്രാമവാസികള്‍ പറയുന്നു.

അലിമുദ്ദീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാംഗഢിലെ ബജറംഗ്ദള്‍ യൂണിറ്റ് നേതാവ് ഛോട്ടു വെര്‍മയെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്.

പക്ഷേ ഗ്രാമവാസികളുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ഝാര്‍ഖണ്ഡിലെ ആര്‍എസ്എസ് നേതാവും ബജറംഗ്ദളുമായി ബന്ധപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന ദേവേന്ദ്ര ഗുപ്ത. അലിമുദ്ദീന്റെ കൊലപാതകവുമായി ബജറംഗ്ദളിനു ബന്ധമില്ലെന്നാണു ഗുപ്ത പറയുന്നത്. ബജ്‌റംഗ്ദളിന്റെ രാംഗഢ് യൂണിറ്റില്‍ നിന്നും വിശ്വഹിന്ദു പരിഷദിന്റെ പ്രാദേശിക ഘടകത്തില്‍ നിന്നും ക്രിമിനല്‍ കേസുകളില്‍ പെട്ട ചിലരെ പുറത്താക്കിയിരുന്നു. അവരുടെ പേരില്‍ ബജറംഗ്ദളിനെയോ വിഎച്പിയേയോ കുറ്റപ്പെടുത്തരുതെന്നു ഗുപ്ത പറയുന്നു. എന്തുകാര്യത്തിലും ഈ രണ്ടു സംഘടനകളെയും ലക്ഷ്യംവയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. എന്തു കലാപം നടന്നാലും ആരെ തല്ലിക്കൊന്നാലും യാതൊരു തെളിവും ഇല്ലാതെ ഹിന്ദുസംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് പലരും ശ്രമിക്കുന്നതെന്നും ദേവേന്ദ്ര ഗുപ്ത ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍