UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജ്രംഗ് ദള്‍ പ്രവര്‍ത്തനത്തിന് കേന്ദ്രം കടിഞ്ഞാണിടണം

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

മിക്ക സന്ദര്‍ഭങ്ങളിലും ഇത്തരം സംഗതികള്‍ കൈവിട്ടുപോവുകയാണ് പതിവ്. തീവളയത്തിലൂടെ ചാടുക, ചതുപ്പുനിലത്തിലൂടെ ഇഴയുക, ഇസ്ലാം തൊപ്പിയും താടിവെച്ചവരുമായി വേഷം കെട്ടിയവരെ ആക്രമിക്കുക എന്നതൊക്കെക്കെയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ് ദള്‍ ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നത്. സാധാരണ ക്രമസമാധാന പാലനത്തിനുള്ള സംവിധാനങ്ങളെ ആശ്രയിക്കാതെ ഹിന്ദുക്കള്‍ ബജ്രംഗ് ദളിന്റെ ശക്തിയെ ആശ്രയിക്കാന്‍ തീരുമാനിച്ചോ എന്നത് വേറെ കാര്യം. സംഘടനയുടെ അയോധ്യ നേതാവ് മഹേഷ് മിശ്രയെ പിടികൂടുകയും അവര്‍ക്കെതിരെ കേസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും സുല്‍ത്താന്‍പൂര്‍, ഗോരഖ്പൂര്‍, പിലിഭട്ട്, നോയ്ഡ, ഫത്തേപൂര്‍ എന്നിവിടങ്ങളിലെല്ലാം ഈ പരിശീലന പരിപാടികള്‍ നടക്കുന്നു. 

ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ലെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ് പറഞ്ഞിട്ടുണ്ടെങ്കിലും ബി ജെ പി ഇതില്‍നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതുവരെയും ഈ പരിശീലന കേന്ദ്രങ്ങള്‍ അടച്ചിട്ടില്ല. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം. മുസ്ലിം ഭീതി ഹിന്ദു സമൂഹത്തില്‍ വളര്‍ത്തുകയാണ് ബജ്രംഗ് ദള്‍ ലക്ഷ്യമിടുന്നത്. ഇരുസമുദായങ്ങള്‍ക്കുമിടയില്‍ അവിശ്വാസവും അകല്‍ച്ചയും വളര്‍ത്തുകയാണ്. ഗോ സംരക്ഷണ പരിപാടികളും അവര്‍ സംഘടിപ്പിക്കുന്നുണ്ട്. 

 

ഹിന്ദുക്കളുടെ ക്ഷേമം ബജ്രംഗ് ദളിന് അത്ര പ്രധാനമാണെങ്കില്‍ സമുദായത്തിലെ പിന്നാക്കം നില്‍ക്കുന്നവരെ സാമ്പത്തികമായും സാമൂഹ്യമായും ശാക്തീകരിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഭരണകക്ഷിയുടെ പിന്തുണയുണ്ട് എന്ന മട്ടിലാണ് ഈ സംഘടന എപ്പോഴും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബി ജെ പി ഈ പരിപാടിയില്‍ നിന്നും അകലം പാലിച്ചിട്ടുണ്ടെങ്കിലും ഇതോ മറ്റേതെങ്കിലും വിഭാഗീയ പ്രവര്‍ത്തങ്ങളുമായോ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ഒരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ആയുധങ്ങള്‍ ഉപയോഗിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ഇവരെ തടവിലാക്കണം. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുമ്പായി ഈ ആയുധപരിശീലനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. നിസ്സാര സംഭവങ്ങള്‍ വര്‍ഗ്ഗീയ സംഘര്‍ഷമായി വളരുന്നത് മുന്‍കാലങ്ങളില്‍ നാം കണ്ടിട്ടുണ്ട്. ആളുകള്‍ ഇത്തരം കുതന്ത്രങ്ങള്‍ക്കപ്പുറം വികസനവിഷയങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതുകൊണ്ട് ഇവരുടെ ദുഷ്ടലാക്കുള്ള നീക്കങ്ങള്‍ വലിയ ജനമുന്നേറ്റമായി വളര്‍ന്നിട്ടില്ല. സാക്ഷി മഹാരാജിനെ പോലുള്ളവരെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് ഇക്കൂട്ടരുമായി ഒരു ബന്ധവുമില്ലെന്ന് ബി ജെ പിയുടെ പ്രാദേശിക നേതൃത്വം തെളിച്ചുപറയണം. എന്‍ ഡി എ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സമയത്ത് ബജ്രംഗ് ദള്‍ പോലുള്ള സംഘങ്ങളുടെ ഇത്തരം പ്രവര്‍ത്തികളും അതിനു ബി ജെ പിയിലെ സാക്ഷി മഹാരാജിനെ പോലുള്ളവരുടെ പിന്തുണയും സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍