UPDATES

യാത്ര

കഥ പറഞ്ഞ് മനം നിറച്ച ബേക്കല്‍

Avatar

മീരാ കൃഷ്ണന്‍

പണ്ടൊരിക്കല്‍ പാതിയിലുപേക്ഷിക്കേണ്ടി വന്ന യാത്ര വീണ്ടും തുടങ്ങിയതായിരുന്നു ഞങ്ങള്‍. അന്ന് വടക്കന്‍ കേരളത്തിലെ എല്ലാ കടല്‍ത്തീരങ്ങളും തൊട്ടുള്ള യാത്രയുടെ പത്താം മണിക്കൂറിലാണ് ഞാനും കൂട്ടുകാരി ശ്യാമയും ബേക്കലില്‍ എത്തിയത്. പക്ഷേ, വൈകിട്ട് ആറുമണിയെന്ന സമയനിബന്ധന ഞങ്ങളെ കോട്ടയുടെ മനോഹാരിതയ്ക്കു പുറത്തു നിറുത്തി. സന്ധ്യയ്ക്ക് കോട്ടയിലേക്ക് നോക്കി നെടുവീര്‍പ്പിട്ട്, കടല്‍ത്തീരത്ത് കാല്‍ നനച്ച് ഞങ്ങള്‍ മടങ്ങി. കാത്തിരിക്കൂ ബേക്കല്‍, നിന്റെ സൗന്ദര്യം കാണാന്‍ ഞങ്ങള്‍ വീണ്ടും വരുമെന്ന് വാക്കുകൊടുത്തായിരുന്നു മടക്കം.

ആറുമാസത്തിനുള്ളില്‍ സ്റ്റഡി മെറ്റീരിയല്‍സ് തപ്പി ഡല്‍ഹിയില്‍ നിന്നുള്ള കൂട്ടുകാരിയുടെ വരവിന് ചെമ്മണ്ണ് നിറമുള്ള ബേക്കല്‍ കോട്ടയെന്ന മോഹമുണ്ടായിരുന്നു. പിറ്റേദിവസം രാവിലെയുള്ള ട്രെയിനില്‍ വടകരയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകാന്‍ ആലോചിക്കുമ്പോള്‍ പുറത്ത് മഴ സംഗീതം തീര്‍ക്കുന്നുണ്ടായിരുന്നു. ചിങ്ങത്തിലെ അവസാന നാള്‍ മഴപെയ്യില്ല എന്നു മനസ്സിനെ വിശ്വസിപ്പിച്ചും ഇനി പെയ്താലും യാത്രയ്ക്ക് കോട്ടം തട്ടാത്തവിധം ഏറ്റവും ചുരുങ്ങിയ വസ്തുക്കളുമായി യാത്ര തുടങ്ങാം എന്നും ഞങ്ങള്‍ ഉറപ്പിച്ചു.

ചെന്നൈ-മംഗലാപുരം മെയില്‍ വടകര സ്റ്റേഷനിലെത്താന്‍ അരമണിക്കൂര്‍ വൈകി, ഒമ്പതു മണി കഴിഞ്ഞിരുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റിലെ മുകള്‍ ബര്‍ത്തില്‍ സഹയാത്രികരെ പഠിച്ചും നടത്തേണ്ട യാത്രകളെക്കുറിച്ച് സ്വപ്നം കണ്ടും പരദൂഷണം പറഞ്ഞും രണ്ടര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാഞ്ഞങ്ങാട്ടെത്തി. രണ്ടരയുടെയോ മൂന്നരയുടെയോ ട്രെയിനില്‍ തിരിച്ചു പോകാമെന്ന് ഉറപ്പിച്ച് ബേക്കലിലേക്ക് തിരിച്ചു. കാഞ്ഞങ്ങാട്ടു നിന്ന് കാസര്‍കോഡ് ബസില്‍ ബേക്കലിലേക്ക്. ശ്രീ മുഖ്യപ്രാണാക്ഷേത്രം എന്ന് പേരെഴുതിയ കമാനത്തിനു താഴെ ബസിറങ്ങി. ആറുമാസം മുമ്പ് ഇതേ വഴിയിലൂടെ സങ്കടപ്പെട്ട് ഞങ്ങള്‍ തിരിച്ചു നടന്നിരുന്നു.

മുന്നില്‍ 40 ഏക്കറില്‍ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ട. പുറത്ത് ഇത്രയും സുന്ദരിയെങ്കില്‍ അകത്ത് എന്താവും കാത്തിരിക്കുന്നതെന്ന ആശ്ചര്യത്തോടെ ഞങ്ങളിരുവരും മാറിമാറി കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. ഞങ്ങളുടെ പുറകില്‍ അതിമനോഹരിയായി ബേക്കലിന്റെ ഒരു വശവും. അകത്തോട്ട് കയറുമ്പോള്‍ ആളുകള്‍ കൂട്ടമായി ഇറങ്ങി വരുന്നു. ഉച്ചസമയമായതു കൊണ്ടു ഊണ് കഴിക്കാനായി ജീവനക്കാര്‍ എല്ലാവരെയും ഇറക്കി വിടുകയാണോ എന്ന് സംശയിച്ചു. സഞ്ചാരികളിലൊരാളോട് സംശയനിവൃത്തി വരുത്തി ഞങ്ങള്‍ നടത്തത്തിന്റെ വേഗം കൂട്ടി. കോട്ടയ്ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പുറത്തു നിന്ന് എത്തിനോക്കി, വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഞങ്ങള്‍ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കിയോടി. രണ്ടുപേര്‍ക്കും കാമറയ്ക്കും കൂടി 35 രൂപ. അന്ന് ഇറക്കിവിട്ടവരുടെ കയ്യില്‍ നിന്ന് ടിക്കറ്റ് വാങ്ങി വിജയശ്രീ ലാളിതരായി വീണ്ടും ഫോട്ടോയെടുപ്പ്. കാലെടുത്തു വച്ചത് ഒരു പൂന്തോട്ടത്തിനു നടുവിലേക്ക്. അവിടെ കുട്ടിക്കാലത്തെപ്പോഴോ കണ്ടു മറന്ന പൂമ്പാറ്റകള്‍ വട്ടമിട്ടു പറക്കുന്ന കുറേ വര്‍ണ്ണപ്പൂക്കള്‍! വെട്ടിയൊതുക്കി വച്ച ചെടികള്‍ക്ക് നടുവിലൂടെയുള്ള പാതയിലൂടെ ഞങ്ങള്‍ കോട്ടയ്ക്കകം ചുറ്റിക്കാണാന്‍ തുടങ്ങി.

മറ്റേതൊരു കോട്ടയേയും പോലെ ബേക്കല്‍ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, പല രാജാക്കന്മാരുടെയും അവരുടെ യുദ്ധങ്ങളുടെയും കഥ. ചരിത്ര പുസ്തകത്തില്‍ എ.ഡി 1650ല്‍ കര്‍ണ്ണാടകയിലെ ബെഡ്‌നോര്‍ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കല്‍ നിര്‍മ്മിച്ചത് എന്നാണ് പറയുന്നത്. പ്രാദേശികര്‍ക്കിടയില്‍ ഇക്കേരി നായിക് എന്നും ഈ രാജാവ് അറിയപ്പെടുന്നു. എന്നാല്‍, അതിനും മുമ്പേ ബേക്കല്‍ നിലനിന്നിരുന്നു എന്ന് കേരള ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. ബേക്കല്‍ അടങ്ങുന്ന വടക്കന്‍ കേരളം ചിറയ്ക്കല്‍ രാജവംശത്തിന്റ അധീശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് ബേക്കല്‍. കൊട്ടാരങ്ങള്‍ക്ക് കോട്ട സംരക്ഷണം തീര്‍ക്കുന്ന കാലമായിരുന്നതിനാല്‍ അന്നേ ഈ കോട്ടയുണ്ടായിരിക്കാം എന്നാണ് കരുതുന്നത്. ചിറയ്ക്കല്‍ വംശത്തിലെ മൂന്നാം പിന്തുടര്‍ച്ചക്കാര്‍ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കല്‍ എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.

ശിവപ്പ നായിക് ഭരണം പിടിച്ചെടുത്തപ്പോള്‍ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് കോട്ട പുതുക്കി പണിതതാവാം എന്നാണ് അവരുടെ നിഗമനം. പിന്നീട് ഇവരുടെ കയ്യില്‍ നിന്ന് രാജ്യത്തോടൊപ്പം കോട്ടയും മൈസൂര്‍ രാജാക്കന്മാരുടെ കയ്യിലായി. ഇന്ത്യയിലെ മറ്റു കോട്ടകളെ പോലെ ബേക്കല്‍ ഒരു കൊട്ടാരമോ ഭരണാസിരാ കേന്ദ്രമോ ആയിരുന്നില്ല. ഇത് പടയൊരുക്കത്തിനായി മാത്രമുള്ള കോട്ടയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഓരോ കോട്ടയിലും വ്യത്യസ്ത അകലങ്ങളില്‍ കിളിവാതില്‍ പോലുള്ള ദ്വാരങ്ങള്‍ ശത്രുക്കളെ നേരിടാനായി നിര്‍മ്മിച്ചതാണ്. മലബാര്‍ പിടിച്ചടക്കാന്‍ പടയൊരുക്കം തുടങ്ങിയപ്പോള്‍ ടിപ്പുസുല്‍ത്താന്റെ പ്രധാന സേനാകേന്ദ്രങ്ങളില്‍ ഒന്നായി ബേക്കല്‍ കോട്ട. ടിപ്പുവിന്റെ മരണത്തോടെ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായി. സേനാകേന്ദ്രം എന്നതില്‍ നിന്ന് ഭരണസിരാകേന്ദ്രമായി ബേക്കല്‍ മാറിയത് ഈ കാലഘട്ടത്തിലാണ്. പണ്ട് ശത്രുക്കള്‍ക്കായി പടയാളികള്‍ ജാഗ്രതയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന പഴുതുകളിലൂടെയാണ് ഇന്ന് സഞ്ചാരികള്‍ പ്രകൃതിയെ ആസ്വദിക്കുന്നത്. ഇത്രയും മനോഹരമായ ചിത്രം പ്രകൃതി വരയ്ക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ശത്രുക്കള്‍ക്ക് നേരെ അമ്പ് തൊടുത്തവര്‍ എത്ര കഠിനഹൃദയരായിരിക്കും!.

പ്രവേശന കവാടത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആദ്യത്തെ കോട്ടകൊത്തളത്തിലേക്ക് നടന്നു. അവിടെ നിന്നാല്‍ ബേക്കലിന്റെയും കാഞ്ഞങ്ങാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും കാണാന്‍ സാധിക്കും. കൊത്തളത്തിന് മുകളില്‍ നിന്ന് നോക്കിയ ഞങ്ങള്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ‘താഴേക്ക് ചാടാന്‍ തോന്നുന്നു’. പച്ചപ്പരവതാനി വിരിച്ച പോലെയെന്ന സാഹിത്യഭാഷയ്ക്ക് പോലും വര്‍ണ്ണിക്കാനാവാത്ത പച്ചപ്പ്. പുല്‍നാമ്പുകളില്‍ തഴുകിത്തലോടുന്ന ഇളംകാറ്റ് ആ പരവതാനിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ടായിരുന്നു. കാമറയ്ക്ക് ഒരിക്കലും പ്രകൃതിയുടെ ആ മനോഹാരിത പൂര്‍ണ്ണമായി ഒപ്പിയെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് ആ സന്ദര്‍ശനം നടക്കാതിരുന്നത് ഒരുപക്ഷേ, ഈ സൗന്ദര്യം കാട്ടിത്തരാനായിരിക്കാം. സന്ധ്യയില്‍ ബേക്കല്‍കോട്ടയുടെ സൗന്ദര്യം എന്താണെന്നു കാണാന്‍ ആറുമണി വരെ നിന്നാലോ എന്ന് ശ്യാമ ചോദിച്ചു. മൂന്നരയുടെ ട്രെയിന്‍ എന്ന പദ്ധതി എങ്ങനെ ഉപേക്ഷിക്കാം എന്നതായി അടുത്ത ആലോചന. രാത്രിക്ക് മുമ്പേ വീടെത്തണമെന്ന ചിന്തയുള്ളതിനാല്‍ അടുത്ത ട്രെയിന്‍ ഏതൊക്കെയാണെന്ന് അന്വേഷിച്ചു തുടങ്ങി ഞങ്ങള്‍. മൂന്നര കഴിഞ്ഞാല്‍ അടുത്ത ട്രെയിന്‍ സന്ധ്യ കഴിഞ്ഞേയുള്ളൂവെന്ന അറിവ് ഞങ്ങളെ നിരാശരാക്കി. മഴ പെയ്യരുതേയെന്ന് തലേദിവസം പ്രാര്‍ത്ഥിച്ചതു മറന്ന് ഒരു മഴയ്ക്കായി ഞങ്ങള്‍ കൊതിച്ചു. 

ആദ്യത്തേതില്‍ നിന്ന് അടുത്ത കോട്ടവാതില്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ചെങ്കല്ല് എന്ന് ഞങ്ങള്‍ കരുതിയത് കൊത്തിയെടുത്ത കറുത്ത കല്ലായിരുന്നു. കോട്ട കെട്ടാനായി മൈസൂരില്‍ നിന്ന് വരുത്തിച്ചതാണ് ആ കല്ലുകള്‍. 362 വര്‍ഷത്തെ മഴയും വെയിലും മഞ്ഞുമേറ്റതു കൊണ്ടാവാം അത് ഒന്നുകൂടി ഇരുണ്ടു തുടങ്ങിയിരുന്നു. കാലം മാറുന്നതിനനുസരിച്ച് തളിര്‍ത്തും കരിഞ്ഞും വളരുന്ന പുല്‍നാമ്പുകള്‍ ഇത് ഞങ്ങളുടെ വീടെന്ന മട്ടില്‍ ആ കോട്ടഭിത്തിയെ അള്ളിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.

രണ്ടാംകോട്ടയുടെ പടിക്കെട്ടിലിരുന്ന് ഞങ്ങള്‍ കണ്ണെത്താ ദൂരത്തോളമുള്ള കോട്ടയുടെ സൗന്ദര്യം നോക്കിക്കണ്ടു. ഉച്ചയ്ക്ക് വീശുന്ന കാറ്റിന് ഇത്രയും കുളിരുണ്ടെന്ന് മുമ്പെങ്ങും എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല. കോട്ടയുടെ കിളിവാതില്‍ പഴുതിലൂടെ ദൂരെ കടലിന്റെ കൊതിപ്പിക്കുന്ന മനോഹാരിത! കടല്‍ പോലെ തോന്നിക്കുന്ന ചക്രവാളം. നോക്കിക്കൊണ്ടിരിക്കെ കടല്‍ ഇരുണ്ടു വരുന്നുണ്ടായിരുന്നു. ഞങ്ങള്‍ കൊതിച്ചതു പോലെ ഒന്നുരണ്ടു തുള്ളിയായി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി. കുടയ്ക്ക് ഒന്നു നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റാത്ത വിധം പെരുമഴയും കാറ്റും. ഞങ്ങളുടെ മനസ്സില്‍ സന്തോഷം നിറച്ച് അഞ്ചു മിനിട്ട് ആ മഴ നീണ്ടുനിന്നു. കുടയില്ലാത്തവര്‍ കോട്ടയുടെ മതിലിനോടു പറ്റിച്ചേര്‍ന്നു നിന്നു. മഴ പെയ്തു തീര്‍ന്നപ്പോള്‍ ഒട്ടും നനയാതെ അവര്‍ ഇറങ്ങി നടന്നു. ഞങ്ങള്‍ കുട പിടിച്ചു നിന്നിടം മാത്രം മഴവെള്ളം. മതിലിനോടു ചേര്‍ന്ന ഭാഗം അപ്പോഴവിടെ മഴ പെയ്തിരുന്നോ എന്ന് സംശയിപ്പിക്കത്തക്ക വിധം ഉണങ്ങിക്കിടക്കുന്നു!കോട്ടയെ ചുറ്റിയുള്ള ഞങ്ങളുടെ യാത്ര തുടര്‍ന്നു. ഞങ്ങള്‍ക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍ച്ചെടികള്‍ക്കിടയിലൂടെ താഴേക്ക്. വഴിയില്‍ ഭൂമിക്കടിയിലേക്ക് കുറേ പടിക്കെട്ടുകള്‍ കണ്ടു. അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലേക്കുള്ള വഴിയാണത്. മേല്‍ഭാഗം ഇരുമ്പു ചട്ട വച്ചടച്ച്, ഒന്നിറങ്ങി നോക്കാമെന്നുള്ള കൊതി അധികൃതര്‍ ഇല്ലാതാക്കിയിരിക്കുന്നു.

‘പണ്ട് കുറ്റം ചെയ്യുന്നവരെ ഈ വഴിയിലൂടെ കൊണ്ടുപോയി കടലില്‍ തള്ളി കൊല്ലാറുണ്ടായിരുന്നു’ എന്ന് ഒരു അമ്മൂമ്മ കൂടെയുള്ളവരോടു പറയുന്നതു കേട്ടു. എന്നാല്‍, കോട്ടയുടെ തെക്കേ അറ്റത്തായി നിലനിന്നിരുന്നത് ഒരു ശ്മശാനമായിരുന്നുവെന്ന് പിന്നീടു കണ്ടുമുട്ടിയ ബേക്കലുകാരനായ ബഷീര്‍ പറഞ്ഞു തന്നു. ശവം ദഹിപ്പിക്കാനുള്ളയിടത്തിനടുത്തായി ഒരു മരം നിന്നിരുന്നതായി അദ്ദേഹം ഓര്‍ത്തെടുത്തു. ഭൂമിക്കടിയില്‍ ഒരു മരം! ശവം ദഹിപ്പിക്കാന്‍ സ്വന്തമായി സ്ഥലമില്ലാതിരുന്ന നാട്ടുകാര്‍ ഒരു മുപ്പതു വര്‍ഷം മുമ്പു വരെ ആ ഇടം പ്രയോജനപ്പെടുത്തിയിരുന്നു. കോട്ട ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുത്തതിനു ശേഷമാണ് ആ ഏര്‍പ്പാട് നിര്‍ത്തലാക്കിയത്.

പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടവും അവിടെയടുത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഔദ്യോഗിക വസതിയോടു ചേര്‍ന്നായിരുന്നു അത്. രസകരമായിരുന്നു കല്‍പ്പാതയിലൂടെ അടുത്ത കൊത്തളങ്ങളിലേക്കുള്ള നടപ്പ്. ഒരു വശത്ത് ദൂരെ കടലും അരികെ കോട്ടഭിത്തിയും മറുവശത്ത് പച്ചനിറം മൂടിയ മണ്ണും. ദൂരത്തായി മൂന്നാല് തെങ്ങുകള്‍. ഈ ഭൂമിയിലെവിടെയോ പണ്ടൊരു ചോരക്കുളമുണ്ടായിരുന്നത്രേ. ടിപ്പു കോട്ട പിടിച്ചടക്കിയപ്പോള്‍ മുമ്പ് ഭരിച്ചിരുന്ന ഭരണാധികാരിയുടെ സുന്ദരിമാരായ രാജ്ഞിമാരും സൈന്യാധിപന്മാരുടെ പത്‌നിമാരും മാനം പണയം വയ്ക്കാന്‍ തയ്യാറാകാതെ തങ്ങളുടെ ജീവന്‍ കളഞ്ഞ കായലോ കുളമോ ആണ് ചോരക്കുളം എന്നറിയപ്പെട്ടത്. പിന്നീട് അത് മൂടപ്പെട്ടു. ആ കായല്‍പ്പരപ്പിനു മുകളില്‍ ഇപ്പോള്‍ പച്ചപ്പുല്ല് പടര്‍ന്നിരിക്കുകയാണ്. നോക്കിനില്‍ക്കെ അവയ്ക്ക് നാവു മുളയ്ക്കുമെന്നും തങ്ങളുടെ കഥ പറയുമെന്നും തോന്നി. നടന്നു ഞങ്ങള്‍ കോട്ടകളോരോന്ന് പിന്നിട്ടു.

ഒരോ ‘കിളിവാതിലി’ലൂടെയുമുള്ള കടലിന്റെ ദൃശ്യം വ്യത്യസ്തമായിരുന്നു. അവയിലൂടെ കടല്‍ ഞങ്ങള്‍ക്ക് അടുത്തടുത്ത് വരികയായിരുന്നു. വളഞ്ഞു പുളഞ്ഞ് പോകുന്ന കല്‍പ്പാതയിലൂടെ നടന്ന് കടലിനോട് അടുത്ത് കിടക്കുന്ന ഒരു കോട്ടകൊത്തളത്തിലെത്തി. ആ 40 ഏക്കറില്‍ ഞങ്ങളിരുവരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടമായി അതുമാറി.കടല്‍ക്കരയില്‍ തിരയോടൊത്ത് കളിക്കുന്നവരെ കാണാന്‍ പാകത്തിലുള്ള കിളിവാതിലാണ് ഞങ്ങളുടെ മനംകവര്‍ന്നത്. അതിലൂടെ കടന്നു വന്ന കാറ്റിന് ബേക്കലിന്റെ മുഴുവന്‍ സൗന്ദര്യവും ഒളിപ്പിച്ചു വച്ച കുളിര്‍മയുണ്ടായിരുന്നു. പലതവണ തമാശയായി പറഞ്ഞ വാചകം കടമെടുത്തു പറയട്ടെ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടമാണ്. മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ അവിടെ ഞങ്ങള്‍ മാറിമാറി ഇരുന്നു. ഒടുവില്‍ വാച്ചില്‍ നോക്കി മനസ്സില്ലാ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി നടന്നു. 

ഇടയ്ക്കിടെ ദൂരെ നിന്ന് കേട്ടുകൊണ്ടിരുന്ന വിസില്‍ ശബ്ദത്തിന്റെ ഉടമകളെ ഒടുവില്‍ ഞങ്ങള്‍ കണ്ടു. കടല്‍ത്തിരയിലേക്ക് ഓടിപ്പോകുന്നവരെ തിരിച്ചു വിളിക്കുകയായിരുന്നു ലൈഫ് ഗാര്‍ഡുമാര്‍. കടലിലേക്കിറങ്ങുന്ന പടിക്കെട്ടുകളിലൂടെ ഞങ്ങള്‍ ഒടുവിലത്തെ കോട്ടയിലെത്തി. ഒരുപക്ഷേ, ബേക്കല്‍ ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ക്കും പരിചിതമായ ഇടം. ഓരോ കോട്ടയും കാണുമ്പോള്‍ ‘ഇതാണോ അത്’ എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ച ഇടം. ശേഖര്‍ പ്രണയം നിറഞ്ഞ് തന്റെ ഷൈലാബാനുവിനായി നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ടയുടെ മുകളിലാണ്. (ബോംബെ സിനിമയില്‍ അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍).തിരക്കേറിയതു കൊണ്ട് അവിടെ അധികസമയം ചെലവഴിക്കാതെ മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സമയം മൂന്നര. രണ്ടര മണിക്കൂര്‍ നിര്‍ത്താതെ എത്രദൂരം ആ കോട്ടയ്ക്കുള്ളില്‍ നടന്നു തീര്‍ത്തുവെന്ന് അറിയില്ല. ഉച്ചഭക്ഷണം കഴിക്കാതിരുന്നിട്ടു പോലും രണ്ടാള്‍ക്കും വിശപ്പുണ്ടായിരുന്നില്ല. 

വന്നപ്പോള്‍ കണ്ട പൂന്തോട്ടം പിന്നിട്ട് കോട്ടയ്ക്ക് പുറത്തേക്ക് നടന്നു. പുറത്തെത്തി കോട്ടയിലേക്ക് വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി മനസ്സില്‍ പറഞ്ഞു, ‘ബേക്കല്‍, നീ കാത്തിരിക്കൂ. ഞങ്ങള്‍ വീണ്ടും വരും’. ഒന്നുറപ്പാണ്, ഉറക്കെ പറഞ്ഞില്ലെങ്കിലും ശ്യാമയും മനസ്സില്‍ ഓര്‍ത്തത് അതു തന്നെയാണെന്ന്. അത്രയേറെ തന്റെ സൗന്ദര്യത്താല്‍ ബേക്കല്‍ ഞങ്ങളെ കീഴടക്കിയിരുന്നു.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍