UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബപ്പോരില്‍ കുഴങ്ങുന്ന ‘മരണാനന്തര താക്കറെ’

Avatar

അഴിമുഖം പ്രതിനിധി

കുടുംബവഴക്കില്‍പ്പെട്ട താക്കറെ പൈതൃകം ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കുരുക്കുകളിലാവുകയാണ്. സകലരെയും അമ്പരപ്പിക്കുന്ന തരത്തില്‍, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അകന്നുകഴിയുന്ന മകന്‍ ജയ്ദേവ് താക്കറെ, മുന്‍ഭാര്യയില്‍ നിന്നുള്ള മകന്‍ ഐശ്വര്യ താക്കറെയുടെ പിതാവ് താനല്ലെന്ന് ജൂലായ് 20-നു ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞു.

കുടുംബ വഴക്ക്
ബാല്‍ താക്കറെയുടെ ഒസ്യത്ത്  സംബന്ധിച്ച സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് ഈ വെളിപ്പെടുത്തല്‍. അച്ഛന്‍ ബാല്‍ താക്കറെയുടെ വില്‍പ്പത്രത്തെക്കുറിച്ച് ശിവസേന മേധാവിയും സഹോദരനുമായ ഉദ്ധവ് താക്കറെയുമായി സ്വത്തുതര്‍ക്കത്തിലാണ് ജയ്ദേവ്. ഭൂരിഭാഗം സ്വത്തും ഉദ്ധവിനും കുറച്ചു സ്വത്ത് തന്‍റെ മുന്‍ഭാര്യ സ്മിത താക്കറെക്കും നല്‍കുന്ന വില്‍പ്പത്രത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ജയ്ദേവ്. ബാല്‍ താക്കറെയുടെ ഒസ്യത്ത് പുറത്തുവന്നപ്പോള്‍ അത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇതുപ്രകാരം താക്കറെയുടെ മാളിക മാതൊശ്രീയിലെ ആദ്യ നില ഐശ്വര്യ താക്കറെക്കു നല്കിയിരിക്കുന്നു. അതിന്റെ അറ്റകുറ്റപ്പണികള്‍ സ്മിത നടത്തണം. സ്മിതയോ ജയ്ദേവോ അവിടെ താമസിക്കാന്‍ പാടില്ല. ജയ്ദേവിന്റെ മറ്റ് മക്കള്‍ക്കൊ ഉദ്ധവിന്റെ മക്കള്‍ക്കൊ ഒന്നും നല്‍കിയിട്ടില്ല. കോടിക്കണക്കിനു വരുന്ന സ്വത്തുക്കളില്‍ താക്കറെയുടെ മൂത്ത മകന്‍ ബിന്ദു മാധവിന്റെ മക്കള്‍ക്കും ഒന്നും നല്‍കിയിട്ടില്ല.

2012-ല്‍ ഉദ്ധവും മറ്റ് അവകാശികളും ഒസ്യത്ത് നടത്തിക്കുന്നതിനായി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ വില്‍പ്പത്രം തയ്യാറാക്കുന്ന (ഡിസംബര്‍ 2011) സമയത്ത് അച്ഛന് വേണ്ടത്ര ബോധമില്ലായിരുന്നുവെന്നും ഇപ്പോഴത്തെ ശിവസേന മേധാവി ഉദ്ധവ് താക്കറെ അപ്പോള്‍ അച്ഛനെ സ്വാധീനിച്ചുവെന്നും കാണിച്ചു ജയ്ദേവ് വില്‍പ്പത്രത്തിന്റെ സാധുതയെ എതിര്‍ത്തു.

ഇതേ തുടര്‍ന്ന് ലീലാവതി ആശുപത്രിയിലെ താക്കറെയുടെ കുടുംബ ഡോക്ടറായിരുന്ന ജലീല്‍ പാര്‍കര്‍,“താക്കറെക്ക് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നുവെങ്കിലും ഡിസംബര്‍ 2011-നു വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ അദ്ദേഹത്തിന് തെളിഞ്ഞ ബോധമുണ്ടായിരുന്നു” എന്നു കോടതിയെ അറിയിച്ചു.


ജയ്ദേവ് താക്കറെ

ജയ്ദേവ്-സ്മിത തര്‍ക്കം
താന്‍ എതിര്‍ത്തിട്ടും രാഷ്ട്രീയത്തില്‍ ചേരാനുള്ള തന്റെ ആദ്യഭാര്യ സ്മിത താക്കറെയുടെ താത്പര്യത്തെ തുടര്‍ന്നാണ് താന്‍ മാതൊശ്രീ വിട്ടതെന്ന് ജൂലായ് 19-നു ജയ്ദേവ് ഹൈക്കോടതിയില്‍ പറഞ്ഞു. അയാള്‍ 1999-ല്‍ മാതൊശ്രീ വിട്ടിട്ടും സ്മിത 2004-ല്‍ വിവാഹമോചനം വരെ  അവിടെ താമസിച്ചു. ഈ കാലഘട്ടത്തില്‍ അയാള്‍ മിക്കപ്പോഴും പകല്‍സമയത്ത് തന്റെ അച്ഛനെ കാണാനെത്തുകയും രാത്രി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. മാതൊശ്രീ പുതുക്കിപ്പണിതതിനുശേഷം അച്ഛന്റെ നിര്‍ദേശപ്രകാരം കുടുംബപ്രശ്നങ്ങള്‍ ഒഴിവാക്കാനായി താനവിടെ രാത്രി താമസിക്കാറില്ലെന്നും ജയ്ദേവ് പറഞ്ഞു. സിമന്‍റ് കടക്കാര്‍ക്ക് പണം നല്കി വീട് പുതുക്കിപ്പണിയുന്നതിലേക്ക് തന്റെ വകയും സംഭാവന നല്കി എന്നും ജസ്റ്റിസ് ഗൌതം പട്ടേലിന് മുമ്പാകെ നല്കിയ മൊഴിയില്‍ അയാള്‍ പറഞ്ഞു. താന്‍ കാശായാണ് കൈമാറിയതെന്നും അതിനു രേഖകളൊന്നും ഇല്ലെന്നും അയാള്‍ പറയുന്നു.

തന്റെ ഇഷ്ടാനുസരണം പുതുക്കിപ്പണിത ഒന്നാം നിലയില്‍, 2004-ല്‍ സ്മിതയുമായുള്ള വിവാഹമോചനത്തിന് ശേഷം താന്‍ ഒരിയ്ക്കലും താമസിച്ചിട്ടില്ലെന്നും ജയ്ദേവ് പറഞ്ഞു.പിന്നീടയാള്‍ കലിനായിലെ ഡള്ളാസ് അപ്പാര്‍ട്മെന്‍റിലേക്ക് താമസം മാറ്റി. ഇപ്പോഴുള്ള ഭാര്യ അനുരാധയുമായുള്ള വിവാഹശേഷം താനോ കുടുംബമോ ഒരിയ്ക്കലും മാതൊശ്രീയില്‍ താമസിച്ചിട്ടില്ല. ഒന്നാം നിലയിലെ താമസത്തെക്കുറിച്ചുള്ള കൂടുതല്‍ എതിര്‍വിസ്താരത്തിലാണ് ഐശ്വര്യയുടെ പിതൃത്വം ജയ്ദേവ് നിഷേധിച്ചത്.

പിതൃത്വ നിഷേധം
മാതൊശ്രീയിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ച് ഉദ്ധവിന്റെ അഭിഭാഷകന്റെ ചോദ്യത്തിന് ജയ്ദേവ് ഇങ്ങനെ മറുപടി നല്കി,“ഒന്നാംനില മിക്കപ്പോഴും പൂട്ടിക്കിടന്നു. അല്ലാത്തപ്പോള്‍ ഒരു അജ്ഞാതന്‍ അവിടെ താമസിച്ചിരുന്നു. എനിക്കയാളെ അറിയില്ല. ഞാന്‍ അച്ഛനോട് ചോദിച്ചപ്പോള്‍ ഐശ്വര്യ എന്നുപേരുള്ള ഒരാളാണ് അവിടെ താമസമെന്ന് പറഞ്ഞു.” ഐശ്വര്യ താങ്കളുടെ മകനല്ലേ എന്ന ചോദ്യത്തിന് ജയ്ദേവ് പാടെ നിഷേധിക്കുന്ന മറുപടിയാണ് നല്കിയത്. “അല്ല, അയാളല്ല. സത്യത്തില്‍, ഐശ്വര്യയുടെ പിതൃത്വത്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കുറച്ചുകാലമായി ആഗ്രഹിച്ചിരുന്നു, പക്ഷേ അവസരം കിട്ടിയില്ല.”

വിക്ഷുബ്ധമായ ഈ വെളിപ്പെടുത്താലോടെ കൂടുതല്‍ വിശദീകരിക്കുന്നതില്‍ നിന്നും ജയ്ദേവിനെ തടഞ്ഞ ജസ്റ്റിസ് ഗൌതം പട്ടേല്‍ കോടതി ഉച്ചഭക്ഷണത്തിന് പിരിയുന്നതായി അറിയിച്ചു. ഇടവേളയില്‍ ജസ്റ്റിസ് പട്ടേല്‍ ഇരുകൂട്ടരോടും സംസാരിച്ചു. ഉച്ചക്കുശേഷം കോടതി ചേര്‍ന്നപ്പോള്‍ രഹസ്യവിസ്താരമാണ് നടത്തിയത്.


ഉദ്ധവ് താക്കറെ

ഉദ്ധവിനെതിരായ ജയ്ദേവിന്റെ ആരോപണങ്ങള്‍
കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യാന്‍ ഉദ്ധവ് ശ്രമിച്ചെന്ന് ജയ്ദേവ് കോടതിയില്‍ ആരോപിച്ചു. “2005-ല്‍ ഒരു രേഖയില്‍ ഒപ്പിടാനായി ആരോ എന്റെയടുക്കല്‍ വന്നു. എന്റെ പേര് നീക്കം ചെയ്യാന്‍ പോകുന്നതായി ഞാന്‍ കണ്ടു. അച്ഛനായിരിക്കും അത് കൊടുത്തുവിട്ടതെന്ന് കരുതി ഞാനത് ഒപ്പിട്ടുകൊടുത്തു, അക്കാര്യം അച്ഛനോട് സംസാരിക്കാമെന്നും കരുതി. വൈകീട്ട് അദ്ദേഹത്തെ വിളിച്ച് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നോ എന്നു ചോദിച്ചു. എന്നാല്‍ ഇല്ലെന്നും താനാരെയും പറഞ്ഞയച്ചിട്ടില്ലെന്നുമായിരുന്നു  മറുപടി.” പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ പേര് നീക്കം ചെയ്തതായാണ് അറിഞ്ഞതെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. ജയ്ദേവ് അച്ഛനെ വീണ്ടും വിളിച്ചപ്പോള്‍ റേഷന്‍ കാര്‍ഡ് പഴയപടിയാക്കാന്‍ ശ്രമിക്കാമെന്ന് താക്കറെ മറുപടി നല്കി.

താക്കറെയുടെ ആദ്യത്തെ രാഷ്ട്രീയ പിന്‍ഗാമി താനായിരുന്നുവെന്ന് ജയ്ദേവ് 
താക്കറെയുടെ സ്വാഭാവിക രാഷ്ട്രീയ പിന്‍ഗാമിയായി തന്നെയാണ് അച്ഛന്‍ കണ്ടതെന്നും പക്ഷേ തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലായിരുന്നുവെന്നും ജയ്ദേവ് അവകാശപ്പെട്ടു. അച്ഛനുമായി തെറ്റിപ്പിരിഞ്ഞെന്ന വാര്‍ത്തകള്‍ നിഷേധിച്ച ജയ്ദേവ്, എല്ലാ ദിവസവും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മിക്കപ്പോഴും തമ്മില്‍ കണ്ടിരുന്നുവെന്നും പറഞ്ഞു. മുത്തച്ഛന്‍ മരിച്ച 1973 മുതല്‍ ബാല്‍ താക്കറെയുമായി വളരെ അടുത്താണ് കഴിഞ്ഞിരുന്നത്. അക്കാലത്തൊക്കെ താക്കറെയുടെ കാര്യങ്ങള്‍ നോക്കിനടത്തിയതും ഒപ്പം സഞ്ചരിച്ചിരുന്നതുമൊക്കെ ജയ്ദേവായിരുന്നു. തന്റെ രാഷ്ട്രീയ അനന്തരാവകാശിയായി താക്കറെ കണ്ടതും അയാളെയാണ്. മൂത്ത മകന്‍ ബിന്ദുമാധവ് രാഷ്ട്രീയത്തില്‍ തത്പരനല്ലായിരുന്നു എന്നും ജയ്ദേവ് തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.  അയാള്‍ക്ക് കച്ചവടത്തിലും ചലച്ചിത്ര മേഖലയിലും ഇളയവനായ ഉദ്ധവിന് ഫോട്ടോഗ്രാഫിയിലുമായിരുന്നു താത്പര്യം. അപ്പോഴാണ് താക്കറെ തന്റെ പിന്‍ഗാമിയായി ജയ്ദേവിനെ കണക്കാക്കാന്‍ തുടങ്ങിയത്. പക്ഷേ ജയ്ദേവ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വിസമ്മതിച്ചു. വ്യക്തിപരമായ ഒരേതിര്‍പ്പും ഇല്ലെങ്കിലും ഒരു സുഹൃത്തിനോടുപോലും കര്‍ശനമായി സംസാരിക്കേണ്ടിവരുന്ന സജീവരാഷ്ട്രീയത്തിലെ നിര്‍ദ്ദയമായ മത്സരവുമായി പൊരുത്തപ്പെടാനാകാത്തതാണ് കാരണമെന്നും ജയ്ദേവ് പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍