UPDATES

സംഗമം ഒരാഘോഷം തന്നെയായിരുന്നു, എന്നാല്‍ എന്റെ മനസ്സിലെവിടെയോ അകാരണമായ ഒരു വിങ്ങല്‍

Avatar

അഴിമുഖം പ്രതിനിധി

മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ നടനും സംവിധായകനുമായി ബാലചന്ദ്രമേനോന്‍ പങ്കെടുക്കുന്നത് നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ്. ഏറെ നാളുകള്‍ കടന്ന് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോള്‍, അവരില്‍ താന്‍ സിനിമയില്‍ എത്തിച്ചവരും തനിക്കൊപ്പം പ്രവര്‍ത്തിച്ചവരും ദീര്‍ഘകാലമായി സൗഹൃദത്തിലുള്ളവരും പരിചയപ്പെടേണ്ട പുതുതലമുറക്കാരും ഉണ്ടെന്നു കണ്ടപ്പോള്‍ മേനോന്റെ മനസ് വികാരം കൊണ്ടു. ഹൃദ്യയവും സരസുവുമായ വാക്കുകളിലൂടെ ആ ഒത്തുചേരല്‍ കുറിച്ചിടുകയാണ് മലയാളി പ്രിയപ്പെട്ട ബാലചന്ദ്ര മേനോന്‍. തന്റെ ഫെയ്ബുക്കില്‍ അദ്ദേഹം കുറിച്ച അനുഭവം പൂര്‍ണരൂപത്തില്‍ വായിക്കുക;

ഒരു നീണ്ട ഇടവേളക്കുശേഷം , അമ്മയുടെ 22 മത് വാര്‍ഷികപൊതുയോഗത്തില്‍ പങ്കെടുത്തത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു ….

മലയാള സിനിമാനടീനടന്മാരുടെ ഓണം തന്നെയാണ് അമ്മയുടെ ജനറല്‍ ബോഡി എന്നു പറയാം. വര്‍ഷത്തിലൊരിക്കല്‍ എല്ലാവരും ഒത്തു ഒരു കൂടിച്ചേരല്‍.

വേദനതോന്നിയതു സിദ്ദിഖ് നമ്മെ വിട്ടുപിരിഞ്ഞു പോയവര്‍ക്ക് ആദരപൂര്‍വ്വം വിടപറഞ്ഞപ്പോഴാണ്…..

ഒരുപരിധിക്കപ്പുറം വേദനിച്ചിട്ടുകാര്യവുമില്ല എന്തെന്നാല്‍ മരണം എന്നത് അനിവാര്യമായ ഒരു തിരിച്ചറിവാണ് .അതു നേരിട്ട പറ്റു …

ഞാന്‍ മുന്‍നിരകളൊക്കെ വിട്ടു പിന്നില്‍ ഒരു സീറ്റിലാണ് ഇരുന്നത് അതുകൊണ്ടു തന്നെ പങ്കെടുത്ത എല്ലാരേം നന്നായി കാണാന്‍ സാധിച്ചു. ഞാന്‍ അവരിലൂടെ എന്റെ സിനിമകളെ കണ്ടു. അതാകട്ടെ ഓര്‍മ്മകളുടെ ഒരു ഉല്ലാസവുമായിരുന്നു …

എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയില്‍ അഭിനയിച്ച രണ്ടു പേര്‍ക്ക് ആദ്യമേ പ്രണാമം അര്‍പ്പിക്കട്ടെ. എന്നെ ആദ്യമായി സിനിമയില്‍ ബാലു എന്നു വിളിച്ചു തുടങ്ങിയ പൊന്നമ്മ ചേച്ചിയും ‘മേനോന്‍ പാടാറില്ല, പാട്ടു പറയാറെയുള്ളു ‘ എന്നു വിശേഷിപ്പിച്ച മധുസ്സാറും. 82 വയസ്സില്‍ പരസഹായമില്ലാതെ ഗജവീരനെപ്പോലെ സാര്‍ വിലസുകതന്നെ ചെയ്തു …

‘രാധ എന്ന പെണ്‍കുട്ടി’ എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ക്യാമറക്കു മുന്നില്‍ ആദ്യമായി വന്ന കനകലത വന്നുസന്തോഷം പങ്കിട്ടു . ദൂരദര്‍ശനു വേണ്ടി ഞാന്‍ തയ്യാറാക്കിയ ‘ഹലോ’ എന്ന ടെലി ഫിലിമിലൂടെ തുടക്കം കുറിച്ച പ്രിയങ്കയും ‘കിലുകിലുക്ക’ ത്തിലൂടെ ചായമണിഞ്ഞ രാധികയും ‘കണ്ടതും കേട്ടതി’ ലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഉഷയും ‘മണിയന്‍പിള്ള ‘ യിലൂടെ അരങ്ങേറ്റം നടത്തിയ ബൈജുവും ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിനു അങ്കം കുറിച്ച യെദുകൃഷ്ണനും ഒക്കെത്തന്നെ എനിക്കു ഓര്‍ക്കാന്‍ അഭിമാനം തരുന്നവരാണ് . കൂട്ടത്തില്‍ പറയട്ടെ, മണിയന്‍പിള്ള എന്ന എന്റെ കഥാപാത്രത്തിലൂടെ ആ പേരു തന്നെ സ്വന്തമാക്കിയ രാജൂ ഒന്നാമനാണെന്ന് പറയാതെ വയ്യ …

‘ എന്റെ നാലാമത്തെ ചിത്രമായ ‘അണിയാത്ത വളകളിലെയും, അഞ്ചാമത്തെ ചിത്രമായ ‘ ഇഷ്ടമാണ് പക്ഷെ ‘യിലേയും നായിക അംബിക വന്നത് ഞാന്‍ പോയതിനു ശേഷമാണെന്നു അറിഞ്ഞു .എന്നാല്‍ ‘ശേഷം കാഴ്ചയിലെ ‘നായിക മേനക ആദ്യമേ തന്നെ എത്തി.

കാര്യം നിസ്സാരത്തിലെ’ ലാലു അലെക്‌സും ‘സമാന്തരങ്ങളിലെ’ സഹയാത്രികരായ മധുപാല്‍, ഉഷാ റാണി, രവി വള്ളത്തോള്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവരും സൗഹൃദം പങ്കു വെച്ചു .. ‘കൃഷ്ണാ ഗോപാല്‍ കൃഷ്ണ’യുടെ ഓര്‍മ്മകളുമായി മനോജ്.കെ ജെയനും ഗീതാനായരും വിശേഷം പങ്കിട്ടു. ശബ്ദാനുകരണകലയില്‍ സ്വന്തമായ ശൈലികള്‍ സ്വായത്തമാക്കിയ കോട്ടയം നസിറും രമേശ് പിഷാരടിയും ജയരാജ് വാര്യരും അവരവരുടെ കൊച്ചു പ്രകടങ്ങളിലൂടെ സദസ്സിനെ കൈയിലെടുത്തു എന്നു പറയാതെ തരമില്ല .

വില്ലന്‍ കഥാപാത്രങ്ങള്‍ക്കുള്ള ഇടി കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റുവാങ്ങി ബോറടിച്ചിരുന്ന ജനാര്‍ദനനു കോമഡി ട്രാക്കിലേക്ക് ചുവടു മാറ്റാനുള്ള ഒരു നല്ല അവസരം ആയിരുന്നു എന്റെ ‘കുറുപ്പിന്റെ കണക്കു പുസ്തകം ‘ എന്നു ഞാന്‍ അവിടിരുന്നു ഓര്‍ത്തുപോയി .എന്റെ എത്രയോ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊണ്ടു ജീവന്‍ പകര്‍ന്ന സര്‍ഗ്ഗധനയായ ആനന്ദവല്ലിയെ മറ്റൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ലിസിയുമൊത്തു കണ്ടപ്പോള്‍ ഒരുപിടി ഭൂതകാലസ്മരണകള്‍ക്ക് കാരണമായി. ഈ അമ്മ സംഗമത്തില്‍ എന്നെ സംവിധാനം ചെയ്ത ഒരേ ഒരു നടന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.’ ഋതുഭേദത്തിന്റെ ‘ സംവിധായകന്‍ പ്രതാപ് പോത്തന്‍.

സിനിമയിലെ എന്റെ നാലു പുത്രന്മാരെ ഞാന്‍ അവിടെ കണ്ടു ‘ സത്യം ശിവം സുന്ദരത്തിലെ’ കുഞ്ചാക്കോ ബോബനും ‘ക്ലാസ്സ് മേറ്റ്‌സി ‘ലെ നരേനും ‘തമ്മില്‍ തമ്മിലെ ഇന്ദ്രജിത്തും ‘ഉത്തരാസ്വയംവരത്തിലെ ജയസൂര്യയും .എന്റെ ഘഅഠഋടഠ മകന്‍ ‘ഊഴ’ ത്തിലെ പൃഥ്വിരാജാണ് . എന്നാല്‍ ആ മകനെ മാത്രം അവിടെ കണ്ടില്ല …

നാദിര്ഷായുമൊത്തു എനിക്കു സിനിമാബന്ധമൊന്നുമില്ല. എന്നാല്‍ കൊല്ലം ഫാത്തിമാ കോളേജിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനോത്സവത്തില്‍ നാദിര്‍ഷായുടെ പിന്തുണയോടെ ഒരുപാട്ട് ഞാന്‍ പാടിയത് ഓര്‍മ്മ വന്നു.. ടിനിടോം ആകട്ടെ ‘കടല്‍ കടന്ന മാത്തുക്കുട്ടിയിലെ എന്റെ അച്ചന്‍ കഥാപാത്രത്തെ ഓര്‍മ്മയില്‍ കൊണ്ടുവന്നു.

സുരാജ് വെഞ്ഞാറമ്മൂട് , ദേവന്‍ , സായ് കുമാര്‍, അനൂപ് മേനോന്‍ , വിനീത് ,കുഞ്ചന്‍ , പ്രേം പ്രകാശ്, പി ശ്രീകുമാര്‍, ബാബു നമ്പൂതിരി , രാമു, അലിയാര്‍, അശോകന്‍, ഊര്‍മ്മിള ഉണ്ണി, വഞ്ചിയൂര്‍ രാധ ,കൊല്ലം തുളസി,പി സി സോമന്‍, ഭീമന്‍ രഘു ,നന്ദു,, കാലടി ഓമന, മീന ഗണേഷ്, സരസ്വതി, ജോബി , ജമീല മാലിക്, കൃഷ്ണപ്രസാദ് എന്നിവരൊക്കെത്തന്നെ എന്റെ സിനിമകളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ് എന്ന സത്യം എന്നെ ഏറെ ആനന്ദിപ്പിച്ചു …

ഈ ഒരു കാര്യത്തില്‍ മമ്മൂട്ടി,മോഹന്‍ലാല്‍,ഇന്നസെന്റ് ,നെടുമുടി വേണു, ഇടവേള ബാബു എന്നിവരും വര്‍ഷങ്ങളായുള്ള എന്റെ സഹയാത്രികര്‍ തന്നെയാണ്.

‘വേദിയില്‍ ഇരിക്കുന്ന ദിലീപും ഈ കൂട്ടത്തില്‍ ഉള്‍പ്പെടെണ്ട ആള്‍ ആണെന്ന് എനിക്കും ദിലീപിനും നന്നായി അറിയാം ..സാരമില്ല ..ഇനിയും സമയം ഉണ്ടല്ലോ ‘ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു..

അമ്മയുടെ ഈ യോഗത്തില്‍ രണ്ട് M.L.A മാരുണ്ടായിരുന്നു. മുകേഷും ഗണേഷും …

‘അവരെ ഞാന്‍ അഭിനന്ദിക്കുന്നു ..അവരുടെ ജനപിന്തുണയെ ഞാന്‍ കുറച്ചു കാണുന്നില്ല .എന്നാല്‍ അവര്‍ M.L.A മാരായത് എന്റെ ‘അമ്മയാണെ സത്യം ‘ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചതുകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു ….ആ വിശ്വാസത്തെ ആരും ചോദ്യം ചെയ്യില്ല എന്നുള്ളത് എന്റെ അതിലും വലിയ വിശ്വാസമാണ് ….’

ഞാന്‍ ലഘു പ്രസംഗം അവസാനിപ്പിച്ചു. പുത്തന്‍ തലമുറയിലെ ഒരുപറ്റം ചെറുപ്പക്കാരുമായും ഞാന്‍ പരിചയപ്പെടുകയോ പരിചയം പുതുക്കുകയോ ചെയ്തു എന്നു പറയാം ദുല്‍ക്കര്‍ ,ആസിഫ് അലി .അജു വര്ഗീസ്, സണ്ണി വെയിന്‍ , ,ഗ്രിഗറി, ടോവിനോ ,ജോജോ , പാഷാണം ഷാജി എന്നിങ്ങനെ പോകുന്നു ആ പട്ടിക…

സംഗമം ഒരു ആഘോഷം തന്നെയായിരുന്നു. എന്നാല്‍ എന്റെ മനസ്സിലെവിടെയോ അകാരണമായ ഒരു വിങ്ങല്‍ തോന്നി; ജഗതി ശ്രീകുമാറിന്റെ അഭാവം ….

ഉച്ചയൂണിനു മുന്‍പ് എനിക്കു രംഗം വിടേണ്ടി വന്നത് കൊണ്ടു ഒരുപാട് പേരെ കാണാന്‍ പറ്റാതെ പോയി .സാരമില്ല …

BETTER LUCK NEXT TIME !
that’s ALL your honour!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍