UPDATES

സിനിമ

കുഴപ്പം ഓണ്‍ലൈന്‍ നിരൂപണത്തിനല്ല, സിനിമയ്ക്കാണ്; ബാലചന്ദ്രമേനോന് ഒരു വിയോജന കുറിപ്പ്

k c arun

k c arun

വി കെ അജിത്‌ കുമാര്‍

ഞാനൊരു സിനിമ നിരൂപകനല്ല. ഒരു കലാരൂപമെന്ന നിലയില്‍ സിനിമയെ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു. മലയാള സിനിമ ഞാനോ നിങ്ങളോ സംവിധാനം ചെയ്യട്ടെ, പക്ഷെ ആരും കേറി വിമര്‍ശിക്കരുത്, പ്രത്യേകിച്ചും ‘അപക്വമതികളായ’ ഓണ്‍ലൈന്‍ നിരൂപകരെന്ന വര്‍ഗ്ഗം. ഈയടുത്ത്‌ ഇറങ്ങിയ കുഞ്ഞിരാമായണത്തെ വിമര്‍ശിച്ചതിന് അഴിമുഖത്തിലെ നിരൂപകയ്ക്ക് തന്നെ നേരിടേണ്ടിവന്ന വിമര്‍ശനവും അവഹേളനവും മനസിലാക്കാന്‍ കമന്‍റ് ബോക്സില്‍ നോക്കിയാല്‍ മതിയാകും. സിനിമ എന്നത് ഒരു പാടുപേരുടെ പ്രയത്നത്താല്‍ ഇറങ്ങുന്ന ഒരു കലയാണെന്നും അതിന്‍റെ മുതല്‍മുടക്ക് വളരെയേറയാണെന്നും മൊത്തത്തില്‍ അതിനു പിന്നിലുള്ള ‘സ്ട്രൈന്‍’ മനസിലാക്കണമെന്നും പറയുന്നതിലെ യുക്തി നമുക്ക് സ്വികരിക്കാം. പക്ഷെ, ഓണ്‍ലൈന്‍ നിരൂപകരാണ്   ഒരു ചിത്രത്തിന്‍റെ വിജയമോ പരാജയമോ നിര്‍ണ്ണയിക്കുന്നത് എന്നത് തികച്ചും തെറ്റിദ്ധാരണയാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ മനസിലാക്കണം. ഒന്നുകൂടി ചോദിക്കട്ടെ ഈ  ‘സ്ട്രൈന്‍’ കാലഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെട്ട ആരും തിരിച്ചറിയില്ലേ ഇതൊരു മോശം പ്രൊഡക്റ്റായിരിക്കുമെന്ന്‍.

‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ഡെലിബെറേറ്റായ പ്രസ്താവനപോലെ വന്ന സിനിമയെ ജനം സ്വീകരിക്കാതിരുന്നത് ഓണ്‍ലൈന്‍ നിരൂപകര്‍ മൂലമാണെന്ന് ബാലചന്ദ്രമേനോന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ പഴയകാല ചിത്രങ്ങള്‍ പലതും വിജയിച്ചത് ഓണ്‍ലൈന്‍ നിരൂപകര്‍ ഇല്ലാതിരുന്ന കാലമായിരുന്നത് കൊണ്ടാണെന്ന് തിരിച്ചു വായിക്കേണ്ടിവരുമോ?

മണിയന്‍പിള്ളയും, താരാട്ടും, കാര്യം നിസാരവുമൊക്കെ  ജനം ഏറ്റെടുത്ത സിനിമകള്‍ തന്നെയായിരുന്നുവെന്ന് മേനോന്‍ സര്‍ മനസിലാക്കണം. സിനിമയും ഏതു കലയും കാലഘട്ടങ്ങളുടെ മാറ്റത്തിനു വിധേയമാണ്. പുതുക്കലുകളും ഉള്‍ക്കൊള്ളലുകളും അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ കാണാതെ മയക്കത്തിലിരിക്കുകയും ഒരു ദിവസം പുറത്തിറങ്ങി ഇതാണ്, ഞാന്‍ സംവിധാനം ചെയുന്നതാണ് ഉദാത്ത സിനിമയെന്ന് പറയുകയും ചെയ്‌താല്‍  അത് ജനം സ്വീകരിക്കില്ല. ഈ സത്യം അവസാനം മനസിലാക്കുന്ന ആളാവരുത് സിനിമാ പ്രവര്‍ത്തകന്‍. സിനിമ കാണാതെ നിരൂപണം എഴുതുന്നത് തെറ്റുതന്നെയാണ്. അത് പുതിയ നവമാധ്യമ ഭാഷയില്‍ ഒരു ലൈക്കിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോലും. പക്ഷെ ഞാന്‍ സംവിധാനം ചെയുന്ന സിനിമ നല്ലതാണെന്നു മാത്രമേ എഴുതാവൂ എന്നു പറയുന്നതിലെ സാംഗത്യം ഒരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കുന്നില്ല. അത് പുതിയ കാലത്തെ ബീഫ്  നിരോധനം പോലെ ചര്‍ച്ചചെയ്യേണ്ടതാണ്. എഴുത്തിന്‍റെയും പത്രപ്രവര്‍ത്തനത്തിന്റെയും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെയും ചരിത്രമുള്ള ഒരാള്‍ പിന്‍തലമുറയോട് അങ്ങനെ പറയുന്നതുതന്നെ തെറ്റാണ്.

മേനോന്‍ സിനിമയോടൊപ്പം തന്നെയിറങ്ങിയ മൊയ്തീന്‍ കഥ വിജയത്തിലേക്ക് കടക്കുന്നു. വളരെയേറെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നേരിട്ട പ്രേമം- ഇതിന്‍റെയെല്ലാം വിജയം ഓണ്‍ലൈന്‍ പ്രൊമോഷന്‍ മാത്രമല്ല ജനങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് പലതുമുണ്ടെന്നതാണ്‌. ഇത് പുതിയ കാലമാണ് വന്‍ ടിക്കറ്റ്തുക മുടക്കി സിനിമ കാണാന്‍ പോകുന്ന പലരും അഭിപ്രായം നോക്കിയിട്ടേ പോകാറുള്ളൂ. പണ്ടൊക്കെ അതിനു മാതൃഭൂമിയിലെ ചിത്രശാലയോ അതുപോലുള്ള പക്തികളോ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന് ചിലപ്പോള്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ടതായി വന്നിരുന്നു. അതുകൊണ്ട് തന്നെ ചില അബദ്ധങ്ങളിലൂടെ ചില സിനിമകള്‍ താത്കാലിക വിജയങ്ങള്‍ മാത്രം നേടിയിട്ടുണ്ട്. ചില ചിത്രങ്ങള്‍ സംവിധായകരുടെ പേരില്‍ ടാഗ് ചെയ്യപ്പെട്ടു വിജയിക്കുമായിരുന്നു. ബാലചന്ദ്രമേനോന്‍ അത്തരത്തിലുള്ള ഒരു ബ്രാന്‍റായിരുന്നു. കുടുംബ ചിത്രങ്ങളുടെ ബ്രാന്‍റ് .(ഈ പേരില്‍ മാത്രം വിശ്വസിച്ച് സിനിമാകാണാന്‍ വരുന്നവരെ നിരാശപ്പെടുത്തിയ ചിത്രങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്). ഇപ്പോള്‍ ഒന്നിനും നിലനില്‍പ്പില്ല. ഒരു ബ്രാന്‍റിനും. പ്രഗല്‍ഭരായ പലരും മലര്‍ന്നു വിഴുന്നു – ലോഹം കൊണ്ട് നിര്‍മ്മിച്ചവയും ഉട്ടോപ്യയിലെ രാജാക്കന്മാരുമെല്ലാം -കാരണം പണം മുടക്കി സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഫസ്റ്റ്‌ ഒപീനിയന്‍ അറിഞ്ഞതിനുശേഷം മാത്രമേ പോകൂ. അതുകൊണ്ടാണ് ഇന്‍സ്റ്റന്‍റായ ഓണ്‍ലൈന്‍ നിരൂപണം ശ്രദ്ധേയമാകുന്നത്. അതുകൊണ്ട് സര്‍ അവരെ കൊണ്ട് നല്ലത് പറയിക്കുക. കാരണം അവര്‍ക്ക് കമ്മിറ്റ്മെന്‍റ് ജനങ്ങളോട് മാത്രമാണ്. അവിടം പൊതുധാര മാധ്യമങ്ങളെ പോലെ മായം കലരാന്‍ ഇടയായിട്ടില്ല. അതൊരു സോഷ്യല്‍ ഓഡിറ്റിംഗ് സിസ്റ്റമാണ്. നല്ലതും മോശപ്പെട്ടതും പെട്ടെന്ന് തെരഞ്ഞെടുത്തു നല്‍കുന്ന സോഷ്യല്‍ ഓഡിറ്റിംഗ്. അതുകൊണ്ട് വിലാപവും പരിഭവവും വേണ്ട. പ്രശ്നം അത്ര ഗുരുതരമല്ല. നിസാരമായി അടുത്ത ചിത്രത്തിലൂടെ പരിഹരിക്കാവുന്നതാണ്. നിങ്ങള്‍ക്കതിനു സാധിക്കും. ഓണ്‍ലൈന്‍ ആശംസകള്‍ അപ്പോഴുണ്ടാക്കിയെടുക്കാം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍