UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശുചീകരണ രാഷ്ട്രീയക്കാരേ നിങ്ങള്‍ക്ക് ബാലാജിയെ അറിയുമോ?

Avatar

കെ.പി.എസ് കല്ലേരി

‘ഒരു സ്ഥലം വെടിപ്പായി കണ്ടാല്‍ ആളുകള്‍ പിന്നെ അത് വൃത്തികേടാക്കില്ല. ഒരു തവണ നമ്മള്‍ വൃത്തിയാക്കി വെച്ചുകൊടുത്താല്‍ പിന്നീട് ജനം അത് പിന്തുടര്‍ന്നുകൊള്ളും….’ ഇത് ഏതെങ്കിലും പാഠപുസ്തകത്തില്‍ നമ്മള്‍ പഠിച്ച മഹത് വചനമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചീകരണ മന്ത്രമോ കേരളത്തിന്റെ ക്ലീന്‍ കേരളാ മുദ്രാവാക്യമോ അല്ല. മറിച്ച്, കഴിഞ്ഞ പത്തുവര്‍ഷമായി കോഴിക്കോടിന്റെ തെരുവില്‍ ആളും ബഹളവുമില്ലാതെ ബാലഗോപാലന്‍ എന്ന മനുഷ്യന്‍ സ്വയം നടത്തിവരുന്ന ശൂചികരണ മുദ്രാവാക്യമാണ്.

നാടും നാട്ടുകാരും രാഷ്ട്രീയക്കാരുമെല്ലാം ഇപ്പോള്‍ മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനും പിന്നാലെയാണ്. അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി ചിഹ്നമാക്കാന്‍ കൈയിലേന്തിയ കുറ്റിച്ചൂല്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി കൈക്കലാക്കി രാജ്യം മുഴുവന്‍ തൂത്തുവാരുന്ന കാഴ്ച ലോകം മുഴുവന്‍ വാര്‍ത്തയും രാജ്യത്ത് തരംഗവുമായിട്ടുണ്ട്. മോദിക്ക് മോടി കൂട്ടാനായി സനിമ നടന്‍മാരും കായിക താരങ്ങളുമെല്ലാം ഗ്ലൗസിട്ട് കുറ്റിച്ചൂല്‍ പിടിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ കണ്ട് സഹിക്ക വയ്യാഞ്ഞിട്ടാണോ എന്നറിയില്ല സാക്ഷാല്‍ പിണറായി വിജയന്‍ കാലുറയും കൈയുറയുമെല്ലാമിട്ട് ചൂലുപിടിക്കുന്നതും നാടൊട്ടുക്കുമുള്ള സഖാക്കളോട് ചൂലെടുത്ത് തൂത്തുവാരാന്‍ ആഹ്വാനം ചെയ്തതും നാം കണ്ടു കഴിഞ്ഞു. ഇതൊക്കെ കഴിഞ്ഞ ഒന്നുരണ്ടുമാസമായി നാട്ടില്‍ കണ്ടുതുടങ്ങിയ കുറ്റിച്ചൂല്‍ വിപ്ലവത്തിന്റെ കാര്യം. ഇതിനും എത്രയോമുമ്പ് നമ്മുടേയൊക്കെ വീടുകളില്‍ ഈ കുറ്റിച്ചൂല്‍ ഉണ്ടായിരുന്നു. വീടിനുചുറ്റും നീണ്ട് പരന്നുകിടക്കുന്ന മുറ്റം തൂത്തുവാരി വൃത്തിയാക്കുന്ന കുറ്റിച്ചൂല്‍. പ്രായമായവര്‍ ഉറക്കം കഴിഞ്ഞ് ഉമ്മറത്തേക്ക് കടുവരുമ്പോള്‍ ഭവ്യതയോടെ ആ കുറ്റിച്ചൂല്‍ നമ്മള്‍ പിന്‍ഭാഗത്ത് ഒളിപ്പിച്ചിരുന്നെങ്കിലും ഓരോ വീടിന്റേയും ഐശ്വര്യമായിരുന്നു അത്. നമ്മുടെയൊക്കെ വീടുകളില്‍ നിന്നും തൊടിയില്‍ നിന്നും ആ കുറ്റിച്ചൂല്‍ അപ്രത്യക്ഷമായപ്പോഴാണ് ആം ആദ്മിക്കാരും ക്ലീന്‍കേരളക്കാരും ഇന്ദ്രപ്രസ്ഥത്തിലെ പുതിയ ഭരണാധികാരിയുമൊക്കെ കുറ്റിച്ചൂലിനുള്ള പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയത്. പലരേയും ശുചീകരണത്തിന്റെ പേരില്‍ വെല്ലുവിളിക്കാന്‍ തുടങ്ങിയത്. ഇത്രയും ആര്‍ഭാടം കേവലം മാലിന്യത്തിന്റേ പേരില്‍ നടക്കുമ്പോള്‍ ബാലഗോപാലന്‍ എന്ന കോഴിക്കോട്ടുകാരനെക്കുറിച്ച് എങ്ങിനെ പറയാതിരിക്കും…!

ദിവസേന കടന്നുപോകുന്ന വഴിയില്‍ എന്നും രാവിലെ ഒരു കുറ്റിച്ചൂലും ബക്കറ്റും പിന്നൊരു അരിവാളുമായി ചപ്പുചവറുകള്‍ പെറുക്കുകയും തൂത്തുവാരുകയും ചെയ്യുന്ന ആളെ പലപ്പോഴും കൗതുകത്തോടെ നോക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അടുത്ത് പരിചയപ്പെട്ടിട്ടില്ലായിരുന്നു. ഒരു ദിവസം വൈകുന്നേരം ഓഫീസിലേക്ക് വാര്‍ത്തയുമായി കയറിവന്ന റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ കൈകളിലെ പടം കണ്ടപ്പോഴാണ് വഴിയരികിലെ ആ മനുഷ്യന്‍ ഓര്‍മയിലേക്ക് കയറിവന്നത്. ഇത് അയാളല്ലേ എന്ന് അത്ഭുതം കൂറിയപ്പോള്‍ ഓഫീസിലെത്തിയ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു-‘അതെ ബാലഗോപാലേട്ടന്‍. ഞങ്ങളുടെ ബാലാജി. ഇന്നലെ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ബാലാജിയെ ആദരിച്ചിരുന്നു. അതിന്റെ പടവും വാര്‍ത്തയുമാണ്’.

 

പിറ്റേദിവസം അതിരാവിലെ പുതിയറ കാളൂര്‍ റോഡിലെ കൃഷ്ണയില്‍ ബാലാജിയുടെ വീട് തേടിയെത്തുമ്പോള്‍ കൈയില്‍ കുറ്റിച്ചൂലും അരിവാളും ബക്കറ്റുമായി പുറത്തേക്കിറങ്ങുകയായിരുന്നു അദ്ദേഹം. അങ്ങനെ ബാലാജി ജോലിചെയ്തു കൊണ്ട് ഞങ്ങളുമായി സംസാരിച്ചു.

രാവിലെ ആറുമണിക്ക് ഇറങ്ങും. കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുകിടക്കുന്ന ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷനു കീഴിലെ രണ്ടു കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞുപോകുന്ന റോഡും പരിസരവും വൃത്തിയാക്കും. രണ്ടുമണിക്കൂറാണ് ജോലി. കൂട്ടിന് ആരുമില്ല. കഴിഞ്ഞ പത്തുവര്‍ഷമായി ഒറ്റയ്ക്ക് നടത്തുന്ന ശൂചീകരണം. ഗാന്ധി ജയന്തി ദിനത്തിലും ആഗസ്റ്റ് 15നും മാത്രം ക്ലബുകളോ സംഘടനകളോ അസോസിയേഷനുകളോ കൂട്ടമായി ചെയ്യുന്നൊരു പ്രവൃത്തി എല്ലാദിവസവും രണ്ടുമണിക്കൂര്‍ വീതം ചെലവഴിച്ച് ബാലാജി ചെയ്യുന്നു. അദ്ദേഹം പറഞ്ഞുവരുമ്പോള്‍ എങ്ങിനെ അത്ഭുതം കൂറാതിരിക്കും..!

“പത്തുവര്‍ഷം മുമ്പാണ് ഞാന്‍ ഇവിടെ വീട് വയ്ക്കുന്നത്. ഇത്രയും വൃത്തിഹീനമായൊരു പ്രദേശത്ത് വീടുവയ്ക്കുന്നതെന്തിനാണെന്നായിരുന്നു ബന്ധുക്കളുടെ ചോദ്യം. എന്നിട്ടും ഞാന്‍ ഇവിടെ വീടുവെച്ചു. തുടക്കത്തില്‍ വീടിനു മുമ്പിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ക്കിടയിലെ മാലിന്യമാണ് നീക്കിത്തുടങ്ങിയത്. അത് മൂന്നായി നാലായി ഇപ്പോള്‍ ഈ പരിസരത്തെ പത്തിലേറെ ചെറുറോഡുകളിലായി രണ്ടുകിലോമീറ്ററോളം ദൂരം വെടിപ്പും വൃത്തിയോടെയും പരിപാലിക്കുന്നു. നമ്മുടെ നാട്ടില്‍ ഇലക്ട്രിക് പോസ്റ്റുകളെല്ലാം മാലിന്യം കൂട്ടിയിടാനുള്ള കേന്ദ്രമായിട്ടാണ് ജനം കാണുത്. ആദ്യം അത് തൂത്തുവാരി വൃത്തിയാക്കാന്‍ തീരുമാനിച്ചു. പിന്നീടുള്ള പ്രശ്‌നം ചുറ്റുമുള്ള വീട്ടുകാര്‍ അവരുടെ തൊടിയിലെ മാലിന്യങ്ങള്‍ റോഡിലേക്കിടുന്നതായിരുന്നു. ഓരോവീടുകളിലും കയറി നിങ്ങള്‍ മറ്റൊരു സഹായവും ചെയ്യേണ്ട, മറിച്ച് മാലിന്യം പുറത്തേക്കിടുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞു. അതോടെ എല്ലാ വീട്ടുകാരുടേയും സഹകരണം ഉണ്ടായി. ഇപ്പോള്‍ മരങ്ങള്‍ പൊഴിക്കുന്ന ഇലകള്‍ മാത്രമേ എനിക്ക് തൂത്തുവാരാനുള്ളു. പിന്നെ ചെറിയ കാടുകളും. കഴിഞ്ഞ പത്തുവര്‍ഷത്തെ ശുചീകരണം കൊണ്ട് ഞാന്‍ പഠിച്ചൊരു പാഠമുണ്ട്. ഒരു സ്ഥലം വെടിപ്പായി കണ്ടാല്‍ ആളുകള്‍ പിന്നെ അത് വൃത്തികേടാക്കില്ല. ഒരു തവണ നമ്മള്‍ വൃത്തിയാക്കി വെച്ചുകൊടുത്താല്‍ പിന്നീട് ജനം അത് പിന്തുടര്‍ന്നുകൊള്ളും…”
അത് എത്രമാത്രം ശരിയാണെന്ന് ബാലാജിയുടെ സ്വന്തം റോഡുകള്‍ കണ്ടാല്‍ അറിയാം. കോഴിക്കോട് കോര്‍പറേഷനിലെ 74 വാര്‍ഡുകള്‍ എടുത്താല്‍ ഇതുപോലെ വൃത്തിയുള്ള നടപ്പാതകളും റോഡുകളും എങ്ങും കാണാനാവില്ല…

ബാലാജിയുടെ വ്യക്തിവിശേഷത്തിലേക്ക് വന്നാലും പഠിക്കാന്‍ കൂടുതലുണ്ട്. അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള തറവാട്ടിലാണ് ജനനം. പണ്ട് ബ്രട്ടനില്‍പോയി ലൈസന്‍സ് എടുത്തു നടത്തുന്ന കോമണ്‍വെല്‍ത്ത് ഓട് കമ്പനിയുടെ ഡീലറാണ് തലമുറയായി ബാലാജി എന്ന ബാലഗോപാലന്‍ കാളൂര്‍. അച്ഛന്‍ കാളൂര്‍ കൃഷ്ണന്റെ ആഗ്രഹപ്രകാരം 20വര്‍ഷം മുമ്പ് തുടങ്ങിയ പഠനസഹായം ഇപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. തുടക്കത്തില്‍ രണ്ടുകുട്ടികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ 14 കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട്. വര്‍ഷം 20000 രൂപ അതിനുവേണം.  18 വയസ്സിനുതാഴെ അസുഖം ബാധിച്ച് കിടപ്പിലായ കുട്ടികളുടെ പുനരധിവസത്തിനും ചികിത്സയ്ക്കും സഹായം നല്‍കുന്ന തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ മലബാറിലെ ചുമതലയാണ് ബാലാജിക്ക്. അവര്‍ തരുന്ന സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനപ്പുറം സ്വന്തം വിഹിതമായി വര്‍ഷം 15000 രൂപയോളം ബാലാജി നല്‍കുന്നുണ്ട്. മാത്രമല്ല കുടുംബത്തിലെ കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നെല്ലാം 1000 രൂപ സ്വരൂപിച്ച് വേറേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് : പരിവ്രാജിക എ കെ രാജമ്മ
സോണിയാ ഗാന്ധി അറിയുമോ ശോഭനകുമാരിയെ?
ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി
ചോറിനും കവിതയ്ക്കുമൊപ്പം ശാലിനി ജീവിതം പറയുന്നു
പാടാതെ പറ്റില്ല ഈ കോഴിക്കോടിന്‍റെ പാട്ടുകാരിക്ക്

“എനിക്കിപ്പോള്‍ 63 വയസ്സായി. ഈ ജീവിതകാലത്തിനിടെ ഞാനും ഇവിടെ ജീവിച്ചു എന്നതിന്റെ ഒരടയാളപ്പെടുത്തലാണ് ഈ ശുചീകരണവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം. നമ്മെക്കൊണ്ട് ആവുന്നത് നമ്മള്‍ ചെയ്താല്‍ നാളെ അത് പലതുളളി പെരുവെള്ളമാവും. ഭരണാധികാരകള്‍ പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കാന്‍ ഒരു സേന ഇറങ്ങുകയും ചെയ്താല്‍ മാത്രം ഫലപ്രാപ്തിയിലെത്തുന്നതല്ല ശുചീകരണവും ജീവകാരുണ്യപ്രവൃത്തികളും. അത് നമ്മള്‍ ഓരോരുത്തരുടേയും ഹൃദയത്തില്‍ നിന്നുണര്‍ന്നുവരണം….” ബാലാജിയുടെ വലതുകൈയില്‍ മുറുകെപ്പിടിച്ച കറ്റിച്ചൂല്‍ അപ്പോഴെല്ലാം പുതിയ പുതിയ ചപ്പുചവറുകളെ തിരയുകയായിരുന്നു.

ഒരു ചൂലും ചുറ്റും പന്ത്രണ്ട് പാര്‍ട്ടിപ്രവര്‍ത്തകരും നിന്ന് പടംപിടിച്ച് പത്രത്തില്‍ കൊടുക്കുന്ന ശുചീകരണ വിപ്ലവം അരങ്ങില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍ ബാലാജിയെപ്പോലുള്ളവരെ എങ്ങനെ കാണാതിരിക്കാനാവും.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍