UPDATES

തെറ്റ് തിരുത്തേണ്ടത് യുഡിഎഫ്; മുന്നണി യോഗങ്ങളില്‍ പങ്കെടുക്കില്ല: ആർ.ബാലകൃഷ്ണപിള്ള

അഴിമുഖം പ്രതിനിധി

തെറ്റ് തിരുത്തേണ്ടത് ആദ്യം യുഡിഎഫാണെന്നും ഇനി ഒരു യുഡി എഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും ആര്‍.ബാലകൃഷ്ണപിള്ള. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് മറുപടി പറഞ്ഞുകൊണ്ട്  മാധ്യമങ്ങൾക്ക് മുന്നിൽ തൻറെ നിലപാട് വ്യക്തമാക്കുകയായിരുന്നു പിള്ള.  

ഇന്നലെ തങ്കച്ചൻ തെറ്റ് തിരുത്തണമെന്ന് തന്നോട് പറഞ്ഞു. ആദ്യം കേരളകോൺഗ്രസിനോട് ചെയ്തിട്ടുള്ള നൂറ് കണക്കിന് തെറ്റ് തിരുത്തട്ടെ. പിന്നെ ഉമ്മൻചാണ്ടിയും തെറ്റ് തിരുത്തട്ടെ. യുഡിഎഫ് ഉണ്ടാക്കിയ തന്നെ വിളിക്കാതെ യോഗം ചേര്‍ന്നതാണ് ഏറ്റവും വലിയ തെറ്റ്. യുഡിഎഫിൽ തുടരുമെങ്കിലും ഇനി ഒറ്റ യുഡിഎഫ് യോഗത്തിലും പങ്കെടുക്കില്ലെന്നും പിള്ള പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചാവേറായ പിപി തങ്കച്ചച്ചന് മറുപടിയില്ലെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള തന്നോട് തിരുത്തണമെന്ന് പറയാൻ തങ്കച്ചൻ ആരാണെന്നും ചോദിച്ചു.

രണ്ട് മന്ത്രിമാരെക്കുറിച്ചുള്ല അഴിമതി ആരോപണങ്ങൾ യുഡിഎഫ് യോഗത്തിൽ എഴുതിക്കൊടുത്തതാണ്. എന്നാൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ബിജുരമേശ് പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് എഴുതിക്കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇതൊന്നും പുറത്ത് വരുന്നില്ല.

വാളകം കേസ് സിബിഐക്ക് വിട്ട് നാല് വർഷം എന്നെ സംശയത്തിൻറെ മുൾമുനയിൽനിർത്തിയ ഉമ്മൻചാണ്ടി എന്തുകൊണ്ടാണ് ബാർ കോഴ ആരോപണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടിയുമായി കഴിഞ്ഞ പത്ത് വർഷമായി അകൽച്ചയിലാണ്. പൊതുജനമദ്ധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയമാണ് ഉമ്മൻചാണ്ടി ചെയ്യുന്നത്. ബാർ കോഴക്കേസിൽ പണം വാങ്ങിയതിന് തെളിവുണ്ട്. ഇത് അന്വേഷണ ഏജൻസികളാണ് കണ്ടുപിടിക്കേണ്ടത്. മാണി പണം വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള തെളിവ് തൻറെ പക്കലില്ലെന്നും പിള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍