UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ ഈ പിള്ളയെ

Avatar

അഴിമുഖം പ്രതിനിധി

ആര്‍ ബാലകൃഷ്ണപിള്ളയെയും പിസി ജോര്‍ജ്ജിനെയും അംഗീകരിച്ച് എല്‍ഡിഎഫ് നിലപാടെടുത്തതോടെ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാനാവാതെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. നേരത്തെ ധനമന്ത്രി കെ എം മാണിക്കെതിരെ ബാലകൃഷ്ണപിള്ള നടത്തിയ ആരോപണങ്ങളുടെ പേരില്‍ പിള്ളയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന ശക്തമായ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചെങ്കിലും, പുതിയ രാഷ്ട്രീയ സ്ഥിതിഗതികളില്‍ കേരള കോണ്‍ഗ്രസ് (ബി) യെ മുന്നണിയില്‍ നിന്നും പുറത്താക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യു എന്ന തിരിച്ചറിവാണ് ഇപ്പോള്‍ നടപടികളില്‍ നിന്നും മുന്നണി നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. മാത്രമല്ല, ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കില്‍ പിസി ജോര്‍്ജ്ജിനെതിരെയും നടപടി വേണമെന്ന് മുന്നണിയില്‍ ഒരു ഭാഗം വാദിക്കുന്നത് മാണി കോണ്‍ഗ്രസില്‍ വിള്ളലുകള്‍ക്ക് കാരണമാവുകയും ചെയ്യും.

ബാലകൃഷ്ണപിള്ളയെ പുറത്താക്കിയാല്‍ മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാകും എന്ന് മാത്രമല്ല സോളാര്‍ കേസ് വീണ്ടും പൊങ്ങിവരാനുള്ള സാധ്യതയും യുഡിഎഫ് നേതാക്കള്‍ ഭയക്കുന്നുണ്ട്. സോളാര്‍ കേസ് വീണ്ടും പൊങ്ങിവരികയാണെങ്കില്‍  അത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതികൂലമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഭാഗമായണ് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്ക് മുതിരേണ്ട എന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ഇന്ന് ഘടകക്ഷി നേതാക്കളും ഈ വികാരം തന്നെയാണ് പങ്കിടുന്നതെന്നും ശ്രദ്ധേയമാണ്.

ഇതിനിടെ ബാലകൃഷ്ണ പിള്ളയോടുള്ള നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതോടെ പിള്ളയ്ക്കെതിരെ എന്തെങ്കിലും നടപടി യു ഡി എഫില്‍ ഉണ്ടാകാനിടയില്ല എന്നുറപ്പായി.  തീരുമാനം ഞാന്‍ മാത്രം എടുക്കേണ്ടതല്ല. അത് കൂട്ടായി എടുക്കേണ്ടതാണ്. അതുകൊണ്ടാണ് പിള്ളയെ സംബന്ധിച്ച തീരുമാനം 28നു എന്നു പറഞ്ഞത്. യു ഡി എഫ് കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ബാര്‍ കോഴയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന എന്തെന്ന് മാണിയോട് തന്നെ ചോദിക്കണം എന്നും പറഞ്ഞു. 

ഇന്നലെ വരെ ബാലകൃഷ്ണപിള്ള മുന്നണി മര്യാദ ലംഘിച്ചുവെന്നും കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം അദ്ധ്യക്ഷന്‍ ജോണി നെല്ലൂരും മാണി വിഭാഗം നേതാവ് ആന്റണി രാജുവും ഇന്ന് കടുത്ത നടപടി ആവശ്യമില്ല എന്ന് നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം ലീഗും പിള്ളയെ പുറത്താക്കാന്‍ ആവശ്യപ്പെടില്ലെന്ന് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോര്‍ജ്ജിനെയും പിള്ളയെയും താക്കീത് ചെയ്യുക എന്ന നിലയിലാവും കാര്യങ്ങള്‍ അവസാനിക്കുക എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ബാര്‍ കോഴ കേസില്‍ ആരോപണം ഉന്നയിച്ച ബിജു രമേശ്, ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു ഭീഷണി മുന്നില്‍ നില്‍ക്കെ നടപടികളുമായി മുന്നോട്ട് പോയി മുന്നണിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിയിടേണ്ട എന്നാണ് യുഡിഎഫിലെ പൊതുവികാരം.

ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയുള്ള അഴിമതി കേസില്‍ ശക്തമായ നിലപാടെടുത്തെ വിഎസ് ഉള്‍പ്പെടെയുള്ള ഇടതുമുന്നണി നേതാക്കള്‍ പിള്ളയ്ക്ക് അനുകൂലമായി തിരിഞ്ഞതാണ് യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കിയത്. സിപിഐയും പരോക്ഷമായി പിള്ളയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഇടതുമുന്നണിയില്‍ നിന്നും വന്നിട്ടുള്ള അപ്രതീക്ഷിത പിന്തുണ, യുഡിഎഫിലെ പിള്ളയുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കും എന്നും വിലയിരുത്തപ്പെടുന്നു. സ്വാഭാവികമായും കെ ബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാന പ്രശ്‌നം പിള്ള ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാല്‍, മുഖ്യമന്ത്രിയെയും മുന്നണി നേതൃത്വത്തെയും കാത്തിരിക്കുന്നത് മറ്റൊരു തലവേദന കൂടിയാണ്. ഒരു മന്ത്രിയെ രാജി വയ്പ്പിക്കാതെ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനാവില്ല. ഏതായാലും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ബാലകൃഷ്ണപിള്ള പ്രശ്‌നത്തില്‍ യുഡിഎഫ് എത്തി നില്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍