UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലമുരളീകൃഷ്ണ; ത്യാഗരാജ ബാണിയിലെ ശുദ്ധസ്വരം

Avatar

അമല ഷഫീക്

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ‘സ്വാതിതിരുന്നാള്‍’ എന്ന സിനിമ കാണുന്നത്. സ്‌കൂള്‍ കുട്ടിയായ എന്നില്‍ ആ സിനിമ ഉണ്ടാക്കിയ ചലനങ്ങള്‍ക്ക് കാരണം ചരിത്രപരമായ പ്രാധാന്യമായിരുന്നില്ല; അതിലെ ഗാനങ്ങളായിരുന്നു. ശാസ്ത്രിയമായി സംഗീതമഭ്യസിച്ചിട്ടില്ലാത്ത ഞാനും എന്നെ പോലെ മറ്റനേകം പേരും ‘എന്തരോ മഹാനു ഭാവുലൂ’ എന്നു പാടി നടന്നു; ഇന്നും. കുട്ടികളെപ്പോലും സ്വാധീനിച്ച ആ ഗാനത്തിന്റെ വേരുകള്‍ ചികഞ്ഞു പോകുമ്പോഴാണ് ബാലമുരളീകൃഷ്ണ എന്ന മഹാനായ സംഗീതകാരനില്‍ എത്തുന്നത്. 

ദ്രാവിഡ സംഗീതത്തിലെ ത്യാഗരാജ ബാണിയിലെ പ്രമുഖനാദമായിരുന്നു ബാലമുരളീകൃഷ്ണ. അഭൗമമായ ആ നാദധാര 78 സംവത്സരങ്ങളോളം ശ്രവിക്കാന്‍ ലോകത്തിനു ഭാഗ്യമുണ്ടായി. ഇന്നിപ്പോള്‍ തന്റെ 86 ആം വയസില്‍ ആ നാദം പ്രപഞ്ചത്തില്‍ നിന്നും വിടവാങ്ങുമ്പോഴും കാലം ആ മഹാനുഭാവനെ പാടിയോര്‍ത്തുകൊണ്ടേ മുന്നോട്ടുപോകൂ.

തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ ശില്പഭദ്രമായ ആ മന്ത്രവീണാനാദം ഇന്നു നിലയ്ക്കും മുന്നെ, എട്ടാം വയസില്‍ ആരംഭിച്ച ആദ്യ കച്ചേരി മുതല്‍ മുപ്പതിനായിരത്തോളം സദസുകളില്‍ അദ്ദേഹം പാടിക്കഴിഞ്ഞിരുന്നു. സംഗീതജ്ഞന്‍, വാഗ്ഗേയകാരന്‍, സംഗീത സംവിധായകന്‍, വിവിധ വാദ്യോപകരണ വിദഗ്ധന്‍, സിനിമാ പിന്നണി ഗായകന്‍, പിന്നണി ഗാന സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളിലും ശോഭിച്ചു. ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, തമിഴ്, മലയാള സന്നിമാഗാനങ്ങള്‍ പാടി. 

ശാസ്ത്രീയ സംഗീതത്തില്‍ ത്യാഗരാജ സ്വാമി പരമ്പരയുടെ ‘ബാണി’യാണ് ഡോക്ടര്‍ ബാലമുരളീകൃഷ്ണ കാത്ത് സൂക്ഷിച്ചത്. പതിനഞ്ചാം വയസ്സില്‍ കര്‍ണാടക സംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കി 25രാഗങ്ങള്‍ അദ്ദേഹം രചിച്ചു. വര്‍ണ്ണം, ഗീതം, തില്ലാനകള്‍ വഴി അനവദ്യ സുന്ദരമായ കര്‍ണാടക സംഗീതശില്പങ്ങള്‍ അനുവാചകര്‍ക്കായി ഒരുക്കി അദ്ദേഹം. 

വൈണികയായ അമ്മയും സംഗീതജ്ഞനായ അച്ഛനും ഒപ്പം ആന്ധ്രയിലെ ശങ്കര ഗുപ്തത്തിലാണ് ബാല്യകാലം ചെലവിട്ടത്. ആദ്യ ഗുരുക്കള്‍ അവര്‍ തന്നെ. സംഗീതത്തോടുള്ള മകന്റെ ആഭിമുഖ്യം മനസിലാക്കിയ പിതാവ്, ത്യാഗരാജ പരമ്പരയില്‍ പെട്ട പാറപ്പള്ളി രാമകൃഷ്ണ പന്തുലുവിന്റെ പക്കല്‍ സംഗീതമഭ്യസിക്കുവാനായി ചേര്‍ത്തു. എട്ടാം വയസ്സില്‍ കച്ചേരിയോടുകൂടി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കച്ചേരികള്‍ക്കും സംഗീതപഠനത്തിനുമായി തന്റെ ജീവിതം ഉഴിഞ്ഞു വച്ചു.

ശാസ്ത്രീയ സംഗീതജ്ഞന്‍ എന്നതിലുപരി, വയലിന്‍, ഗഞ്ചിറ, മൃദംഗം തുടങ്ങി പല സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. കര്‍ണ്ണാടക സംഗീതത്തെ ജനകീയാസ്വാദനത്തിന്റെ പൂമുഖത്തേയ്ക്ക് എത്തിച്ചവരില്‍ ഏറ്റവും മുമ്പേ നടന്നയാള്‍ എന്നതു തന്നെയാണു ബാലമുരളീകൃഷ്ണയുടെ പ്രസക്തി. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, സംസ്‌കൃതം, ഹിന്ദി, ബംഗാളി, പഞ്ചാബി ഭാഷകളിലായി അദ്ദേഹം ഒട്ടനവധി സംഗീത രത്‌നങ്ങള്‍ നമുക്ക് സമ്മാനിച്ചു.

വിജയവാഡ ഗവണ്‍മെന്റ് മ്യുസിക് കോളേജില്‍ പ്രിന്‍സിപ്പലായിരിക്കുന്നതിനൊപ്പം ആള്‍ ഇന്ത്യാ റേഡിയോയിലും പ്രവര്‍ത്തിച്ചുവന്നു. പില്‍ക്കാലത്ത് മദ്രാസിലേക്ക് ട്രാന്‍സ്ഫറായ അദ്ദേഹം അവിടെ തന്നെ സ്ഥിരതാമസവുമായി. ആറാം വയസ്സില്‍ തുടങ്ങിയ സംഗീത സപര്യ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അദ്ദേഹത്തെ എത്തിച്ചു. 25,000 ത്തിലധികം കച്ചേരികള്‍ നടത്തി. പല വിദേശ രാജ്യങ്ങളിലും അവിടുത്തെ സംഗീതജ്ഞരോടൊപ്പം കണ്‍സേര്‍ട്ടുകളും നടത്തിയിരുന്നു.

കര്‍ണാടക സംഗീതത്തിന്റെ നാള്‍വഴികളില്‍, പാരമ്പര്യം നഷ്ടപ്പെടാതെ നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം തന്റേതായ പരീക്ഷണങ്ങള്‍ നടത്തുകയും തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. മഹതി, ലാവെങ്കി, സിദ്ധി, സുമുഖം, സര്‍വ്വ ശ്രീ, ഓംകാരി, ഗണപതി തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്. താളക്രമങ്ങളിലും ഒട്ടനവധി പരീകഷണങ്ങള്‍ അദ്ദേഹം നടത്തി. 

രാജ്യം പദ്മശ്രിയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ച ബാലമുരളികൃഷ്ണയുടെ സംഗീത ജീവിതത്തെ തേടി ഒട്ടനേകം പുരസ്‌കാരങ്ങള്‍ എത്തി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരസ്‌കാരങ്ങള്‍ കൂടാതെ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയാര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1976 ലും 1987 ലും മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം ബാലമുരളീകൃഷ്ണക്കായിരുന്നു. കര്‍ണാടക സംഗീതത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി ആന്ധ്രാ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും ജവാഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയുടെ D.Sc യും ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

പാരമ്പര്യത്തിന്റെ ശ്രേഷ്ഠത കൈവിടാതെ കര്‍ണാടക സംഗീതത്തില്‍ നവതരംഗം സൃഷ്ടിച്ച ആ മഹാപ്രതിഭയെ സംഗീത കുലപതികളുടെ ഒടുവിലത്തെ കണ്ണി എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.തികച്ചും സാര്‍ത്ഥകമായ ഒരു സംഗീത സപര്യ പൂര്‍ത്തികരിച്ചതിനു ശേഷം വിടവാങ്ങുമ്പോള്‍ കര്‍ണാടക സംഗീതത്തെ അത്രയധികം ജനകീയമാക്കിയ
കുലപതിയെ തന്നെയാണ് നമുക്ക് നഷ്ടമാകുന്നത്. ആ ശൂന്യത നിറയ്ക്കാന്‍ അദ്ദേഹം ബാക്കി വച്ചു പോയ സംഗീത പാരമ്പര്യത്തിനും സംഭാവനകള്‍ക്കുമാകുമോ എന്ന് കാലം തെളിയിക്കട്ടെ.

(തിരുവനന്തപുരം സ്വദേശിയായ അമല ഇപ്പോള്‍ മസ്‌കറ്റില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍