UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മയുടെ ചിലങ്കകള്‍ക്ക് താളമിട്ട് ബലമുരളി പാടിയപ്പോള്‍ പിറന്നത് ശങ്കരാഭരണമാണ്

Avatar

ശിവ സദ

ശങ്കരാഭരണം സിനിമയുമായ് ബന്ധപ്പെട്ട് ഡോ. ബാലമുരളി കൃഷ്ണയുടെ സംഗീത ജീവിതത്തിന് എന്തെങ്കിലും മൗലിക സാമ്യമുണ്ടോ? ഒന്നുമില്ല എന്നു പറയാനാവില്ല. 1970 അവസാന വര്‍ഷങ്ങളിലാണ് ശങ്കരാഭരണം സിനിമ പ്രദര്‍ശനമാരംഭിച്ചത്. വിശാല ആന്ധ്രയുടെ സിനിമാകൊട്ടകകള്‍ നിറഞ്ഞു കവിഞ്ഞ ചലച്ചിത്ര കാവ്യം. കര്‍ണാടക സംഗീതത്തിന് സാധാരണക്കാരില്‍ പ്രതിപത്തിയുണ്ടാക്കിയ സിനിമ.

ഈ സിനിമയില്‍ എസ്.പി ബാലസുബ്രമണ്യം പാടിയ ചില പാട്ടുകള്‍ പാടാന്‍ സംവിധായകന്‍ ആദ്യം ബാലമുരളിയെ സമീപിച്ചിരുന്നുവത്രേ. പക്ഷേ ഗാനശീലുകള്‍ കേട്ട അദ്ദേഹം വിസമ്മതിച്ചു. ലബ്ധപ്രതിഷ്ഠങ്ങളായ കൃതികള്‍ അയഞ്ഞു പാടുന്നതില്‍ തനിക്കുള്ള അതൃപ്തിയായിരുന്നു വിസ്സമതത്തിന് കാരണം. പാട്ടുകള്‍ എസ്.പി തന്നെ പാടി. ശങ്കര ശാസ്ത്രികളുടെ ശബ്ദഗാംഭീര്യം ഡോ.ബാലമുരളികൃഷ്ണയുടേതായി ചരിത്രത്തില്‍ ഇടം പിടിച്ചേനെ, അദ്ദേഹമത് സമ്മതിച്ചുവെങ്കില്‍. അല്ലെങ്കിലും അദ്ദേഹം ചരിത്രമാണല്ലോ.

മറ്റൊരു കഥ അദ്ദേഹത്തേയും ശങ്കരാഭരണം സിനിമയെപ്പറ്റിയും കേട്ടിട്ടുള്ളതും കൗതുകകരം തന്നെ. വിഖ്യാത നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തവേദിയില്‍ അദ്ദേഹം ലൈവ് പക്കമേളത്തില്‍ പാടി പത്മയെ നൃത്തമാടിച്ചുവത്രേ. കേട്ടറിവ് ചെന്നൈ സംഗീത സഭക്കാരുടെ വേദിയോ അയോദ്ധ്യ മണ്ഡപമോ എന്നാണ്. നര്‍ത്തകി പത്മ സുബ്രഹ്മണ്യത്തിന് ഡോക്ടറേറ്റ് ഉള്ളത് സംഗീതത്തിലാണ്. സംഗീതത്തില്‍ ഡോക്ടറേറ്റ് ഉള്ള പത്മ, അവരുടെ നൃത്തവേദിയില്‍ മനോധര്‍മ്മമായ് ആടുന്ന ഒരു പ്രത്യേക സെഷന്‍ പത്മയുടെ മാത്രം സവിശേഷതയാണ്. പ്രേക്ഷകരില്‍ നിന്നോ അതിഥികളില്‍ നിന്നോ പ്രസിദ്ധരായവരും വിദ്വാന്മാരുമാണ് ഈ വേദിയില്‍ വരിക. ശാസ്ത്രീയ സംഗീതത്തിലെ ചൊല്‍ക്കെട്ടുകളും തില്ലാനകളും മഹാബലിപുര ശില്പ മുദ്രകളോടും പോസ്ചറുകളോടും പത്മാ ശൈലിയില്‍ പ്രചരിപ്പിക്കലായിരുന്നു വിശ്രുത വിദുഷിയായ നര്‍ത്തകി പത്മാ സുബ്രഹ്മണ്യം ചെയ്തിരുന്നത്…

ഡോ. പത്മയുടെ ഒരു പ്രത്യേക നൃത്താവതരണത്തില്‍ അതിഥിയായി എത്തിയതായിരുന്നു ബാലമുരളികൃഷ്ണ. പത്മയുടെ വേദിയിലേക്ക് അദ്ദേഹം കയറി ചെന്നു. നൃത്തവേദിയില്‍ പത്മയും പക്കമേള വായ്പാട്ടില്‍ ബാലമുരളിയുമായ് മിനിട്ടുകള്‍ പറന്ന് അര മണിക്കൂര്‍ കടന്നിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. പത്മയാകട്ടെ അവരുടെ നൃത്തവേദിയിലെ സംഗീത കുലപതിയെ മനസ്സാ സ്തുതിച്ച് തന്റെ മന്ത്ര മധുരമായ കാല്‍ച്ചിലങ്കകളെ സ്വരങ്ങള്‍ക്കും ജതികള്‍ക്കും അലാരിപ്പുകള്‍ക്കുമായി വിട്ട് സ്വയം മറന്നാടി. ഓര്‍ക്കണം മനോധര്‍മ്മമാണ്; പാട്ടിലും നൃത്തത്തിലും. ലോകാതിശായികളായ രണ്ട് ഭാരതകലാരത്‌നങ്ങള്‍. അന്നുവരെ ചെന്നൈ സംഗീതനൃത്തസഭകള്‍ കാണാത്ത അത്യപൂര്‍വമായ ദൈവിക കലാസംഗമം. എഴുപതുകളിലെ കഥയാണിത്. ഈ രംഗ സംഗമമാണ് യഥാര്‍ത്ഥത്തില്‍ ശങ്കരാഭരണം സിനിമയുടെ ആത്മാവ്. ശങ്കര ശാസ്ത്രികളും നര്‍ത്തകിയുമായുള്ള ആത്മീയദൈവികതല ബന്ധത്തെ അനുവാചകര്‍ സംഗീതമായും നൃത്തമായും ഹൃദയത്തിലേറ്റിയത്.

 

പോയ മൂന്നു-മൂന്നര പതിറ്റാണ്ടുകള്‍ കേരളമടക്കം ദക്ഷിണേന്ത്യ മുഴുവന്‍ കര്‍ണ്ണാടക സംഗീതത്തിനും ഭരതനാട്യമടക്കം ശാസ്ത്രീയ നൃത്തങ്ങളും ജനപ്രിയമായതിന്റെ മുഖ്യ ഹേതു ശങ്കരാഭരണം മുതല്‍ ആരംഭിച്ച അത്തരം കലാസൃഷ്ടികളാണ്. പിന്നാമ്പുറകഥകളെങ്കിലും എഴുപതുകളില്‍ പ്രസിദ്ധരായ രണ്ടു പ്രതിഭകളുടെ സംഗമം ഡോ. ബാലമുരളി കൃഷ്ണയും കൂടി ചേര്‍ന്നതാണെന്നത് നമുക്കിവിടെ ഓര്‍ക്കാം. അദ്ദേഹത്തിന്റെ കച്ചേരികള്‍, 1976-ലെ ദേശീയ ചലച്ചിത്ര ഗാന അവാര്‍ഡ്, വിവിധ ഭാഷകളിലെ പാട്ടും സംഗീത സംവിധാനവും ഒക്കെ ഓര്‍ക്കുമ്പോഴും അനുവാചകര്‍ക്കറിയാത്ത ഒരേടും അദ്ദേഹത്തിന്റെ ഭൗതിക വിയോഗ വേളയില്‍ പങ്കിടട്ടെ.

(രാഷ്ട്രീയ-സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍