UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലരാമപുരം കൈത്തറിയിലെ ചൈനീസ് അധിനിവേശം

Avatar

സ്മൃതിലാല്‍

ബാലരാമപുരം എന്നാല്‍ മലയാളി മനസ്സില്‍ കൈത്തറി സങ്കല്‍പ്പത്തിന്റെ ഈറ്റില്ലമാണ്. കാലം ചാര്‍ത്തിയ ഈ പെരുമയും പേറി വീണ്ടും ഒരു ഓണക്കാലത്തിലൂടെ കടന്നു പോവുകയാണ് ബാലരാമപുരം. ബാലരാമപുരത്തിന്റെ നെയ്ത്ത് സംസ്‌കാരം ആരംഭിക്കുന്നത് തിരുവിതാംകൂര്‍ മഹാരാജാവ് ബാലരാമവര്‍മ്മയുടെ കാലത്താണ്. അക്കാലത്ത് കൊട്ടാരത്തിനാവശ്യമായ തുണിത്തരങ്ങള്‍ നെയ്യുന്നതിലേക്കായി തമിഴ്‌നാട്ടിലെ വള്ളിയൂരില് നിന്നും ബാലരാമപുരത്തേക്ക് നെയ്ത്തുകാരെ പുരനധിവസിപ്പിച്ചു. ഇങ്ങനെ പുനരധിവസിപ്പിച്ച ചാലിയാര്‍ ഗോത്രക്കാരാണ് ബാലരാമപുരം കൈത്തറിയുടെ തായ്‌വഴി. കൈത്തറി എന്നാല്‍ ബാലരാമപുരം എന്നാണ് സങ്കല്‍പ്പം കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും കൈത്തറിയ്ക്ക് പേരുകേട്ട ഇടമാണ്. ഇവിടം അതുകൊണ്ട് തന്നെയാണ് ലോകഭൗമ സൂചികയില്‍ ബാലരാമപുരത്തിന് ഇടംകിട്ടിയതും. രാജഭരണ കാലം മുതല്‍ അമ്പതിനായിരം തറികളാണ് ഒരേ സമയം ഈ പ്രദേശത്ത് ചലിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ചരിത്രാതീത കാലം മുതല്‍ കേരളീയ വസ്ത്രസങ്കല്‍പ്പത്തിന് ഒരു പ്രധാന ഭാഗഭാക്കായി തീരാന്‍ ബാലരാമപുരം കൈത്തറിയ്ക്കായി.

ഓണമായാല്‍ ഇവിടെ വണ്ടികളുടെ തിരക്കും ഓണക്കോടി വാങ്ങാന്‍ എത്തുന്നവരുടെ ശബ്ദവും എല്ലാം കൊണ്ടും ഒരു നഗരത്തിന്റെ പ്രതീതി. ഈ ബഹളങ്ങളിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ പട്ടിന്റെ പ്രൗഡിയും കരവിരുതിന്റെ കാവ്യാത്മകതയും നമ്മളെ ഓരോ തുണിത്തരങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നു. കേട്ടറിഞ്ഞ നാള്‍ മുതല്‍ കൈത്തറി വസ്ത്രങ്ങള്‍ ഖാദിയുടെയും ഖദറിന്റേയും ഒക്കെ ആണ്. എന്നാല്‍ ബാലരാമപുരത്ത് ഇപ്പോള്‍ കാണുന്നത് മറ്റ് വിദേശ നിര്‍മ്മിത വസ്ത്രങ്ങളോട് കിടപിടിക്കുന്ന വസ്ത്രങ്ങളാണ്. അങ്ങനെ ആകെ ശങ്കിച്ചുനിന്നപ്പോഴാണ് ഇതിന്റെ പിന്നാമ്പുറങ്ങള്‍ തേടി നടക്കുവാന്‍ പ്രേരിപ്പിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെ ഈ പുത്തന്‍ കാലഘട്ടത്തില്‍ മറ്റെല്ലാ പാരമ്പര്യ വ്യവസായത്തേയും പോലെ കൈത്തറിയും കോര്‍പ്പറേറ്റു ഭീമന്‍മാര്‍ക്ക് അടിയറവ് പറയുകയാണ്. ചരിത്രാതീത കാലം മുതല്‍ പേരുകേട്ട ബാലരാമപുരത്തിന്റെ വാണിജ്യ സാധ്യതകളെ മുതലെടുക്കുകയാണ് ഇപ്പോള്‍ വന്‍ കമ്പനികള്‍. ഒരു പരമ്പരാഗത കുടില്‍ വ്യവസായം എന്ന നിലയില്‍ കേരള കേന്ദ്ര സര്‍ക്കാരുകള്‍ കൈത്തറിയ്ക്ക് വിപണികളില്‍ പ്രത്യേക പരിഗണനയും നല്‍കിവരുന്നു. സത്യത്തില്‍ ഈ ആനുകൂല്യങ്ങളാണ് ഇപ്പോള്‍ കൈത്തറിയ്ക്ക് വെല്ലുവിളി ആകുന്നതും. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിരിക്കുന്നത്. മറ്റു വിദേശനിര്‍മ്മിത വസ്ത്രങ്ങള്‍ക്കും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും 12 മുതല്‍ 15 ശതമാനം വരേയുമാണ് നിലവിലെ നികുതി വ്യവസ്ഥ. എന്നാല്‍ ചൈനയിലെ നിര്‍മ്മിതമായ വസ്ത്രങ്ങള്‍ കൈത്തറിയുടെ പേരില്‍ ഒരു ശതമാനം നികുതി അടച്ചാണ് ബാലരാമപുരത്തിന്റെ കടകമ്പോളങ്ങളില്‍ എത്തുന്നത്. ഇവയുടെ വിലയാകട്ടെ തുച്ഛവും. നൂറുരൂപയ്ക്ക് മൂന്നും നാലും സാരികളാണ് കടക്കാര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇവര്‍ വില്‍ക്കുന്നതാകട്ടെ 400 മുതല്‍ എണ്ണൂറ് രൂപയോളം ഈടാക്കിയാണ്. ഇതാണ് ബാലരാമപുരത്തെ കൈത്തറിയുടെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള.

ബാലരാമപുരത്ത് ഇതാദ്യമായല്ല ഇത് സംഭവിക്കുന്നത്. മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന പവര്‍ലൂം തുണികളായിരുന്നു കൈത്തറിയെ വെല്ലുവിളിച്ചിരുന്നത്. പരുത്തിനൂലിനെ യന്ത്രത്തിന്റെ സഹായത്തോടെ നെയ്‌തെടുത്ത് കുറഞ്ഞവിലയ്ക്ക് കച്ചവടക്കാര്‍ക്ക് നല്‍കിയിരുന്നു. കച്ചവടക്കാര്‍ അത് കൈത്തറി എന്ന പേരില്‍ യാതൊരു മാനദണ്ഡവുമില്ലാതെ വിപണികളില്‍ വിറ്റുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ വൈദ്യുതി പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഇത്തരം തുണിത്തരങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രേരകമാക്കി. എന്നാല്‍ ചൈനയില്‍ നിന്നും എത്തുന്ന തുണിത്തരങ്ങള്‍ തമിഴ്‌നാട്ടിലേതിനേക്കാള്‍ വിലക്കുറവാണ്. അങ്ങനെ വിപണി ഇപ്പോള്‍ ചൈനയുടെ പിന്നാലെ ആണ്. കമ്പോളത്തിലെ ഇത്തരം വ്യാജന്‍മാരെ തിരിച്ചറിയാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനം പാലിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോര്‍പ്പറേറ്റുകളുടെ ഈ ലാഭേച്ഛ നഷ്ടമാക്കുന്നത് കൈത്തറി എന്ന പാരമ്പര്യ വ്യവസായത്തെയാണ്.

പണ്ടൊക്കെ വീടുവീടാന്തരം തറികളും അവിടെതന്നെ കടകളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നെയ്ത്തുകാരുടെ അഭാവവും നെയ്‌തെടുത്ത വസ്ത്രങ്ങള്‍ വില്‍ക്കാനാവാത്തതും ഇവര്‍ക്ക് വെല്ലുവിളികളാകുന്നു. ഇപ്പോള്‍ ഷെഡുകളിലാണ് നെയ്ത്തു പണികളില്‍ അധികവും നടക്കുന്നത്. “ഒരു കാലത്ത് അമ്പതിനായിരം തറികള്‍ ഉണ്ടായിരുന്ന ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ പതിനായിരത്തിലും താഴെ മാത്രമാണ് തറികള്‍ ഉള്ളത്. ഈ ഷെഡ്ഡുകളില്‍ പണിയെടുക്കുന്നവര്‍ക്കാകട്ടെ ദിവസ വേതനം ഇരുന്നൂറ്റമ്പതും മുന്നൂറ്റമ്പതും ആണ്. ദിവസ ചെലവിനു ഒഴിച്ചുവച്ചാല്‍ പട്ടിണികൂടാതെ കഴിഞ്ഞു പോകാന്‍ മാത്രമുള്ള ഈ കൂലിവ്യവസ്ഥയാകാം നെയ്ത്തുകാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇവിടെ ഉള്ളവരില്‍ മിക്കവരും കൈമാറി കിട്ടിയ പാരമ്പര്യ തൊഴില്‍ എന്ന നിലയ്ക്കാണ് ഇപ്പോഴും ഇവിടെ പണിയെടുക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് പുത്തന്‍ തലമുറ ഈ തൊഴിലിലേക്ക് വരുന്നുമില്ല. മറ്റെല്ലാ കുടില്‍ വ്യവസായവും പോലെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങളും വേണ്ടത്ര പ്രായോഗികമായ രീതിയില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.” കൈത്തറി സംരക്ഷണ സമിതി സെക്രട്ടറി സതീഷ്‌കുമാര്‍ പറയുന്നു. നെയ്ത്തുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരമുഖത്തേക്ക് വരാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് നേതാക്കന്‍മാരോ തയ്യാറാകാത്തത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നാണ് ഇവരുടെ അവകാശവാദവും. ഈ അടുത്തകാലത്തായി സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും അട്ടിമറിക്കപ്പെടുന്നു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പെരിങ്ങമല, പാറക്കുഴി, വില്ലിക്കുളം, പുന്നക്കാട്, താന്നിവിള, തുമ്പോട്, നരുവാമ്മൂട്, പയറ്റുവിള, കുളത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും നെയ്ത്ത് ഗ്രാമങ്ങള്‍ നിലനില്‍ക്കുന്നു. ഇവരെല്ലാപേരും ചേര്‍ന്ന് കേരളത്തില്‍ ഒരു ലക്ഷം പേരുണ്ടെന്നാണ് സംരക്ഷണ സമിതിയുടെ കണക്ക്. ഇവരുടെ ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങള്‍ക്കുമായി ഇവര്‍ തന്നെ ഒരു കൂട്ടായ്മയായി രൂപപ്പെടുത്തിയതാണ് കൈത്തറി സംരക്ഷണ സമിതി. കൈത്തറി നേരിടുന്ന ഇത്തരം ആപല്‍ഘട്ടങ്ങള്‍ക്കിടയിലും ഇതിനൊരു ബദല്‍മാര്‍ഗ്ഗമെന്ന നിലയ്ക്കാണ് ‘ആയുര്‍വസ്ത്ര’ എന്ന പുതിയ സംരംഭം തുടങ്ങിയത്.

ആയുര്‍വസ്ത്രത്തെക്കുറിച്ച് അന്വേഷിച്ച് എത്തിയത് ബാലരാമപരുത്ത് തന്നെയുള്ള ആയുര്‍വസ്ത്രങ്ങളുടെ ഫാക്ടറിയിലാണ്. പരമ്പരാഗത കേരളീയ സങ്കല്‍പ്പം അനുസരിച്ചുള്ള കെട്ടിടങ്ങളാണ് ഞങ്ങള്‍ ഇവിടെ കണ്ടത്. ആയുര്‍വേദ ഔഷധങ്ങളില്‍ വേവിച്ചെടുത്ത തുണിത്തരങ്ങള്‍ കൊണ്ട് നെയ്‌തെടുക്കുന്നതാണ് ആയുര്‍വസ്ത്ര. തേമ്പാവ്, തുളസി, ചന്ദനം, ദേവദാര് തുടങ്ങി പ്രകൃതിദത്തമായ പല ഔഷധച്ചെടികളുടെ യമം കുടഞ്ഞ് ഉണ്ടാക്കി അതില്‍ നൂല്‍ മുക്കി വേവിച്ചെടുക്കുന്ന വസ്ത്രങ്ങള്‍ ശരീരത്തിനു തണുപ്പും സുഗന്ധവും നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. “വിദേശരാജ്യങ്ങള്‍ ഇതിനോടകം തന്നെ ആയുര്‍വസ്ത്രം സ്വീകരിച്ചു കഴിഞ്ഞു. ഇറ്റലിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഒക്കെ ദിനംപ്രതി ഒട്ടേറെ ഓര്‍ഡറുകള്‍ വരാറുണ്ട്.” കൈത്തറി നാഷണല്‍ ഹാന്റ്‌ലൂം ഫെഡറേഷന്‍ കണ്‍വീനര്‍ കെ.രാജന്‍ പറഞ്ഞു. ആയുര്‍വേദ വസ്ത്രങ്ങള്‍ കൂടാതെ ഇത്തരം വസ്ത്രങ്ങളില്‍ രുദ്രാക്ഷവും മറ്റു മുത്തുകളും ചേര്‍ത്ത ഫാന്‍സിവാള്‍ ഹാങ്ങിംഗ്‌സും ഇവിടെ കാണാനായി.

ഇവിടെത്തെ പ്രധാന ആകര്‍ഷണം വിദേശരാജ്യങ്ങളിലെ കാസിനോകളില്‍ ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേകം ആയുര്‍വേദ സസ്യങ്ങളുടെ തടിയില്‍ അതിമനോഹരമായി ഉണ്ടാക്കിയ ലേഡീസ് ഗൗണ്‍ ആണ്. ഇതിന് നല്ല വില നല്‍കിയാണ് വിദേശികള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരം സാധനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നതും വളരെ പരിതാപകരമാണ്. ഇവിടെ പ്രധാനമായും സാരികള്‍, ബഡ് ഷീറ്റുകള്‍, തലയണ ഉരകള്‍, ഷര്‍ട്ടുകള്‍, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങളും ഉണ്ട്. ഇവ പല ഔഷധച്ചെടികളുടെയും കൂട്ടുകളില്‍ നിന്നും ഉണ്ടാക്കി പ്രത്യേകം പ്രത്യേകം ലഭിക്കുന്നു എന്നതും വളരെ ശ്രദ്ധേയമാണ്. ഈ ഫാക്ടറികളുടെ ചുറ്റും ഔഷധമരങ്ങളും ചെടികളും കാണാന്‍ സാധിക്കും. ഇവ പലതും ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നുമുണ്ട്. ഇതിന്റെ വിപണിയില്‍ മുക്കാല്‍ ശതമാനവും വിദേശരാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ വിദേശീയ വസ്ത്രസങ്കല്‍പ്പത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങളും ഇവിടെ കാണാം.

ആയുര്‍വേദ ചികിത്സാ പാരമ്പര്യത്തെ സാദൃശ്യമായ വസ്ത്ര സങ്കല്‍പ്പങ്ങള്‍ ഒരു പക്ഷേ നമ്മുക്കുണ്ടായിരിക്കണം. നെയ്ത്തിന്റെ ഇത്തരം സാധ്യതകള്‍ കണ്ടെത്തി നെയ്ത്തിനേയും അതിലൂടെ കൈത്തറി എന്ന സംസ്‌കാരത്തേയും നിലനിര്‍ത്താനാണ് ഇവിടെയുള്ള കൂട്ടായ്മകള്‍ മുന്നോട്ട് വരുന്നത്. എന്നാല്‍ ഇവരെ സഹായിക്കാനോ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനോ സര്‍ക്കാര്‍ മുന്നോട്ട് വരുന്നില്ല.

കേരളീയരുടെ മാറുന്ന വസ്ത്ര സങ്കല്‍പ്പങ്ങളും ജീവിതരീതികളും ബാലരാമ പുരം കൈത്തറിപോലുള്ള തനത് വസ്ത്രങ്ങളെ ഇല്ലായ്മ ചെയ്യുമോ എന്ന ആശങ്കയിലാണ് നെയ്ത്തുകാര്‍. ഒപ്പം ഈ ചൈനീസ് അധിനിവേശത്തെ എങ്ങനെ തടയുമെന്നും. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍