UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലരാമപുരം കൈത്തറി; പാരമ്പര്യത്തിന്‍റെ പൊങ്ങച്ചം മാത്രം പോര ജീവിക്കാന്‍

വിഷ്ണു എസ് വിജയന്‍

(ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ചോദിക്കപ്പെടുന്ന ചോദ്യമാണ് കേരളം എങ്ങനെ ജീവിക്കുന്നു എന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകള്‍ അതിനുള്ള ഉത്തരങ്ങളാണ് എന്നാണ് വെപ്പ്. എന്നാല്‍ കേരള സമൂഹത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ആളുകളുടെ സ്പന്ദനങ്ങള്‍ ഈ പ്രകടന പത്രികകളില്‍ ഉണ്ടാവാറുണ്ടോ? നമ്മളോരോരുത്തരും നമുക്ക് ചുറ്റുമുള്ളവരും എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് നമ്മുടെ പ്രശ്നങ്ങള്‍? നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കേവലം കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എങ്ങനെയാണ് ഓരോരുത്തരും വിലയിരുത്തുന്നത്? കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-പാരിസ്ഥിതിക സംഭവ വികാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് ‘കേരളം എങ്ങനെ ജീവിക്കുന്നു?’ എന്ന ഈ സീരീസില്‍. അഴിമുഖം പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ വാര്‍ത്താ ഫീച്ചറുകള്‍, വ്യക്തി ചിത്രങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സീരീസിലെ  ആദ്യ റിപ്പോര്ട്ട്  ഇവിടെ വായിക്കാം- കുഞ്ഞുമുഹമ്മദിന്‍റെ കുഞ്ഞുകുഞ്ഞു വിപ്ലവങ്ങള്‍മലൈപണ്ടാരങ്ങള്‍ക്ക് ജാതി വേണം; തമ്മിലടിക്കാനല്ല, ജീവിക്കാന്‍)

 

കൈത്തറിമേഖല അതിന്റെ ഏറ്റവും മോശമായ കാലഘട്ടത്തില്‍ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരള കൈത്തറിയുടെ ഈറ്റില്ലം എന്നറിയപ്പെട്ടിരുന്ന ബാലരാമപുരത്തെ തറികളില്‍ പകുതിയും ഗതകാല സ്മരണകള്‍ പേറി മാറാല കെട്ടിക്കിടക്കുന്നു. പാരമ്പര്യത്തിന്റെ ഇഴപൊട്ടിക്കാന്‍ ആഗ്രഹിക്കാത്ത ചിലര്‍ മാത്രം ഇപ്പോഴും ദുരിതം നെയ്തുകൂട്ടി ജീവിക്കുന്നു. ബാലരാമപുരത്ത് മാത്രമല്ല ഈ അവസ്ഥ, കണ്ണൂരും കൊല്ലത്തും ഒക്കെ സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടങ്ങളില്‍ നിന്നെല്ലാമുള്ള ദുരിതകഥകള്‍ ഒരുപാട് കേട്ടുകഴിഞ്ഞു. അതിനിടയിലെ ഒരു വിജയകഥയാണ് ഇപ്പോള്‍ പറയുന്നത്. തകരാന്‍ തുടങ്ങുന്ന ഒരു തൊഴില്‍ മേഖലയുടെ സ്വപ്നങ്ങളെ മാന്ത്രികപാവുകളില്‍ വലിച്ചുകെട്ടി വിജയം നെയ്‌തെടുത്ത കുഴിവിള കുടുംബത്തിന്റെയും, സതീഷ്‌കുമാറിന്റെയും, ഹാന്‍ഡ്‌ലൂം വീവേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും, ആയൂര്‍ വസ്ത്ര എന്ന ലോക ബ്രാന്‍ഡിന്റെയും കഥ.

ഈ കഥ തുടങ്ങുന്നത് ഈ തലമുറയിലോ കഴിഞ്ഞ തലമുറയിലോ അല്ല, ദശാബ്ദങ്ങള്‍ക്ക് മുമ്പാണ്. കുഴിവിള എന്ന നെയ്ത്തുകുടുംബം തിരുവിതാംകൂര്‍ രാജഭരണകാലം മുതല്‍ തന്നെ പ്രസിദ്ധമാണ്. നെയ്ത്ത് മേഖലയില്‍ മാത്രമല്ല ആയൂര്‍വേദ മേഖലയിലും പ്രാഗത്ഭ്യം തെളിയിചിട്ടുള്ളവരാണ് കുഴിവിളക്കാര്‍. തിരുവനന്തപുരം ജില്ലയിലെ ഇപ്പോഴത്തെ ആയൂര്‍വേദ കോളേജ് ശ്രീമൂലം തിരുന്നാളിന്റെ സമയത്ത് ആയൂര്‍വേദ ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങാന്‍ മുന്‍കൈ എടുത്ത അയ്യപ്പന്‍ വൈദ്യര്‍ കുഴിവിള കുടുംബത്തിലെയാണ്. ഇപ്പോഴും ശ്രീമൂലം തിരുന്നാളിന്റെ ചിത്രത്തിനൊപ്പം ആയൂര്‍വേദ കോളേജില്‍ അയ്യപ്പന്‍ വൈദ്യരുടെ ചിത്രവും ചില്ലിട്ടുവെച്ചിട്ടുണ്ട്.

‘അക്കാലം തൊട്ടേ ആയൂര്‍വേദവും നെയ്ത്തും ആയിരുന്നു ഞങ്ങളുടെ രീതി. രോഗത്തിന് അനുസരിച്ച് മരുന്ന് നിറച്ചുള്ള വസ്ത്രങ്ങള്‍ പ്രത്യേകം നിര്‍മിച്ചെടുക്കും.’ അയ്യപ്പന്‍ വൈദ്യരുടെ കുടുംബത്തിലെ പിന്‍ തലമുറക്കാരനും ഹാന്‍ഡ്‌ലൂം വീവേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും, ആയൂര്‍ വസ്ത്രം എന്ന ലോക ബ്രാന്‍ഡിന്റെയും അമരക്കാരനായ സുരേഷ്‌കുമാര്‍ പറയുന്നു.

ഹാന്‍ഡ്‌ലൂം വീവേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റി 
ഇനി പറയാന്‍ പോകുന്നത് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന ചെറു സംഘം എങ്ങനെയാണ് പ്രത്യാശയറ്റ ഒരു സമൂഹത്തിനു പ്രതീക്ഷയുടെ പുതുജീവന്‍ നല്‍കിയത് എന്നാണ്.

കാലം 1992. കേരളം മുഴുവനുള്ള കൈത്തറി തൊഴിലാളികള്‍ അവരുടെ ദുരിതങ്ങളുടെ പരിപൂര്‍ണതയില്‍ എത്തിനില്‍ക്കുന്ന സമയം. പുതിയ തലമുറയില്‍പ്പെട്ടവരെല്ലാം തൊഴിലിനോട് വിടപറഞ്ഞു പോയിരുന്നു. ചുരുക്കം ചില യുവനെയ്ത്തുകാരും, പാരമ്പര്യം വിട്ടു പുറത്തുപോകാന്‍ കഴിയാത്ത മുതിര്‍ന്ന നെയ്ത്തുകാരും മാത്രം ബാക്കി. യുവാക്കളാകട്ടെ അവഗണനകളിലും നഷ്ടങ്ങളിലും അസംതൃപ്തര്‍. ഈ അവസരത്തിലാണ് ചിലര്‍ക്ക് കൈത്തറിമേഖലയെ സംരക്ഷിക്കാന്‍ ഒരു പുതു സംഘടന വേണം എന്ന തോന്നല്‍ കലശലാകുന്നത്. ആ സമയത്താണ് കുഴിവിള കുടുംബത്തിലെ സതീഷ്‌കുമാറിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നെയ്ത്തു മികവിനുള്ള ഒരു ഫണ്ട് ലഭിക്കുന്നത്. ഇതറിഞ്ഞ ചിലര്‍ അദ്ദേഹത്തെ സമീപിക്കുകയും ഒരു സൊസൈറ്റിയുടെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു.


സതീഷ്‌കുമാര്‍ 

‘ഞാനും അസംതൃപ്തന്‍ ആയിരുന്നു. എന്റെ കൂടെയുള്ളവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ എന്നാല്‍ കഴിയുന്നവണ്ണം തീര്‍ക്കണം എന്ന ആഗ്രഹം തീവ്രമായിരുന്നു. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പു ഞാന്‍ സ്വപ്നം കണ്ടു. ഒരുമിച്ചു നിന്നാല്‍ സാധ്യമാണ് എന്നൊരു തോന്നല്‍. ഞങ്ങള്ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളൂ എന്ന ബോധം ഇതിനോടകം തന്നെ കൈവന്നിരുന്നു.’ ഹാന്‍ഡ്‌ലൂം വീവേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ബാലരാമപുരത്തുള്ള നെയ്ത്തുശാലയിലേക്കുള്ള പടികള്‍ കയറുന്നതിനിടയില്‍ സതീഷ്‌കുമാര്‍ പറഞ്ഞു.

സതീഷ്‌കുമാര്‍ മുന്‍െൈക എടുത്തു സംഘടന ആരംഭിച്ചു. തകര്‍ന്നു പോയ കൈത്തറിമേഖല പുനരുജ്ജീവിപ്പിക്കുക എന്നത് തന്നെയായിരുന്നു സംഘടനയുടെ പ്രഥമലക്ഷ്യം. ബാലരാമപുരം മേഖലയില്‍ ഉള്ളവരായിരുന്നു ആദ്യകാലപ്രവര്‍ത്തകര്‍. ഇന്ന് കേരളം മുഴുവന്‍ അംഗങ്ങള്‍ ഉണ്ട് .സുസ്ഥിരമായ ഒരു വികസന കാഴചപ്പാടാണ് സൊസൈറ്റി മുന്നോട്ടുവെച്ചത്. പതിയെ പതിയെ ഉള്ള വളര്‍ച്ച. 

‘ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുക എന്നുള്ളതായിരുന്നു വെല്ലുവിളി. പൈതൃകത്തെക്കാളും ചൈനീസ് ബ്രാന്‍ഡ് ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് കുഴിവിള കുടുംബത്തിലെ ആയൂര്‍വേദ വസ്ത്രം എന്ന ആശയം ഞങ്ങള്‍ കൂടി ഏറ്റെടുത്തു മാര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.’ സൊസൈറ്റി സെക്രട്ടറി കോമളകുമാരന്‍ പാവ് കെട്ടുന്നത് കാട്ടിതരുന്നതിനിടയില്‍ പറഞ്ഞു.

ആയൂര്‍വേദ വസ്ത്രം; ബാലരാമപുരം കൈത്തറിയുടെ മുഖമുദ്ര
ഓണത്തിനും വിഷുവിനും മാത്രം കൈത്തറി വസ്ത്രങ്ങള്‍ തേടിയെത്തിയിരുന്ന ആവശ്യക്കാര്‍ ഇപ്പോള്‍ നിരന്തരം ആയൂര്‍വേദ വസ്ത്രങ്ങള്‍ തേടി എത്തുന്നു. ‘ഞങ്ങളുടെ ലക്ഷ്യം ലോകമാര്‍ക്കറ്റ് ആയിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇതിനെ ഒരിക്കലും പൂര്‍ണമായി അംഗീകരിക്കാന്‍ പോകുന്നില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ വാതിലുകള്‍ ലോക കമ്പോളത്തിനു മുന്നില്‍തുറന്നിട്ടത്.  അതില്‍ വിജയിക്കുകയും ചെയ്തു. ഞങ്ങള്‍ക്കിപ്പോള്‍ നല്ല ഡിസൈനര്‍മാരും നെയ്ത്തുകാരുമുണ്ട്. പലകുടുംബങ്ങള്‍ക്കും സ്ഥിര വരുമാനമായി. ഇപ്പോള്‍ ബാലരാമപുരം കൈത്തറി അറിയപ്പെടുന്നത് ആയുര്‍ വസ്ത്രം എന്ന ബ്രാന്‍ഡിന്റെ പേരിലാണ്’ പുതിയ തരം ഡിസൈന്‍ കാട്ടിത്തരുമ്പോള്‍ സതീഷ്‌കുമാര്‍ ആയുര്‍വേദ വസ്ത്രം എന്ന തങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ചു വാചാലനാകുന്നു.

പല തരത്തിലുള്ള ആയുര്‍വേദ വസ്ത്രങ്ങള്‍ ഉണ്ടിവിടെ. ഓര്‍ഡര്‍ അനുസരിച്ചാണ് ചെയ്തു കൊടുക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍ നിറച്ച യോഗാമാറ്റുകള്‍, അടിവസ്ത്രങ്ങള്‍ മുതല്‍ ജീന്‍സ് വരെ കിട്ടും. അതും ന്യായമായ വിലയില്‍.

നെയ്ത്ത് തൊഴിലാളികള്‍ക്ക് മാത്രമല്ല, ആയൂര്‍വേദ മരുന്നു കൃഷിക്കാര്‍ക്കും ആദിവാസികള്‍ക്കും വരെ ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നു എന്നതാണ് മറ്റൊരു സന്തോഷകരമായ വസ്തുത. നാട്ടില്‍ ലഭിക്കാത്ത മരുന്നുകള്‍ ഇവര്‍ ആദിവാസികളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. അതിനു തക്കതായിട്ടുള്ള പ്രതിഫലവും കൊടുക്കാറുണ്ട്.

എല്ലാം സന്തോഷകരം എന്നു കരുതരുത്. ഇതിനെല്ലാമിടയില്‍ ഇവര്‍ അനുഭവിക്കുന്ന കഷ്ടതകളും പറയേണ്ടതുണ്ട്. 

നെയ്ത്തുകാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ആയി സതീഷ്‌കുമാറും, ഹാന്‍ഡ് ലൂം വീവേഴ്‌സ് സൊസൈറ്റിയും ചൂണ്ടിക്കാട്ടുന്നത് കേരളത്തില്‍ കൈത്തറിക്ക് അര്‍ഹമായ മാര്‍ക്കറ്റ് ലഭിക്കുന്നില്ല എന്നുള്ളത് തന്നെയാണ്. ബാലരാമപുരത്ത് മാത്രം 12,000ന് മുകളില്‍ കൈത്തറികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആകെ ഉള്ളത് വിരലില്‍ എണ്ണാവുന്നത് മാത്രം ആണ്.

‘മാറിമാറി വന്ന ഭരണകൂടങ്ങള്‍ ദ്രോഹിച്ചിട്ടുമാത്രമേ ഉള്ളു. ഇതുവരെ സഹായമായി ഒന്നും ചെയ്തിട്ടില്ല. അവര്‍ തന്നെയാണ് കൈത്തറി മേഖലയുടെ സമ്പൂര്‍ണ പരാജയത്തിനു കാരണം; ഒരു സംശയവും ഇല്ല. അവര്‍ മനപൂര്‍വം കേരള കൈത്തറിയെ പ്രോത്‌സാഹിപ്പിക്കാത്തതാണ് കാരണം. അവര്‍ക്ക് റിലയന്‍സ് പോലുള്ള വന്‍കിട കുത്തകകളെ സഹായിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ വസ്ത്ര മേഖല അടക്കി ഭരിക്കുന്നത് ആരാണ്? റിലയന്‍സും ചൈനീസ് കമ്പനികളും! നമ്മുടെ പാരമ്പര്യവും സംസ്‌കാരവും ഒക്കെ നശിച്ചോട്ടെ, ഇവിടെ പാവപ്പെട്ടവര്‍ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നാലും സര്‍ക്കാരിനു വന്‍കിട കുത്തകകളെ സംരക്ഷിച്ചാല്‍ മതി. സതീഷ്‌ കുമാര്‍ പറയുന്നു.

ഒരേ സമയം വിജയത്തിന്റെയും നൊമ്പരങ്ങളുടെയും കഥപറയാന്‍ ഉണ്ട് സതീഷ് കുമാറിനും ഹാന്‍ഡ് ലൂം വീവേഴ്‌സ് സൊസൈറ്റിക്കും. സതീഷ് കുമാര്‍ പറഞ്ഞു കൊണ്ടേയിരുന്നു പുതിയ ഓര്‍ഡറുകളെ പറ്റി, പ്രതീക്ഷകളെപ്പറ്റി, ഒപ്പം ഇതുപോലെ കൈത്തറിയെ താങ്ങി നിര്‍ത്താന്‍ എത്ര സൊസൈറ്റികള്‍ വേണ്ടിവരും എന്ന ആധിയും ആശങ്കയും.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍