UPDATES

വിദേശം

ബാള്‍ടിമോര്‍ സന്ദര്‍ശിക്കൂ; അതൊരു കലാപമാണ്

ഫ്രാന്‍സിസ് സ്റ്റെഡ് സെല്ലെഴ്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏപ്രിലില്‍ ഫ്രെഡി ഗ്രേ പോലീസ് കസ്റ്റഡിയില്‍ ഏറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ദിവസം, പ്രതിഷേധക്കാര്‍ തെരുവുകളില്‍ കലാപത്തിനിറങ്ങുന്നതിന് ഒരാഴ്ച മുമ്പ് ബ്രൂക്ലിന്‍ സംഗീത അക്കാഡമിയുടെ അദ്ധ്യക്ഷന്‍ കരേന്‍ ബ്രൂക്സ് ഹോപ്കിന്‍സ് ഒരു ചെറു സംഘത്തിന് മുന്നില്‍ തങ്ങളുടെ നഗരത്തിന്റെ ഭാവിയെ കുറിച്ച് ഒരു പവര്‍ പോയിന്‍റ് അവതരണം നടത്തി.

കുറഞ്ഞ വാടകയും വിനോദ സാധ്യതകളും ബാള്‍ടിമോറിനെ നഗര വിദ്യാഭ്യാസം നേടിയവരുടെ ആകര്‍ഷണ കേന്ദ്രമാക്കിയിരുന്നു. പക്ഷേ വെടിവെപ്പുകളും ആള്‍ക്കൂട്ട ആക്രമങ്ങളും നഗരത്തെ അരക്ഷിതമാക്കി. കലയ്ക്ക് ഒരു നഗരത്തെ മാറ്റാനാകുമോ എന്നതായിരുന്നു അന്നത്തെ ചര്‍ച്ച.

കഴിയും എന്നാണ് ഹോപ്കിന്‍സ് പറയുന്നത്. “വംശീയ വൈവിധ്യമുള്ള പലതരം സ്ഥാപനങ്ങളും ദൃശ്യ, പ്രകടന കലകളും തൊട്ട് തൊട്ട് സ്ഥിതി ചെയ്യുന്നു-ഒരു നഗരാന്തരീക്ഷത്തില്‍ നാം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ പ്രതീകം.”

ബിരുദ പഠനത്തിനുള്ള Maryland Institute College of Art’s Lazarus Centre-ല്‍ നിന്നാണ് ഹോപ്കിന്‍സ് സംസാരിച്ചത്. 1915-ലെ ഒരു വെയര്‍ഹൌസാണ് സെന്‍ററായി മാറിയത്. 19 ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്. പക്ഷേ ഈ കെട്ടിടം ഒരത്ഭുതമാണ്. 1968-ലെ കലാപത്തിന്റെ മുറിവുകളുള്ള തെരുവുകളില്‍ നിന്നും ഒരത്ഭുതം. ചില്ലുവാതിലുകളും തുറന്ന നിര്‍മ്മാണവും 2002 മുതല്‍ ഇവിടെ നടക്കുന്ന നഗര പുനരുജ്ജീവനത്തിന്റെ പ്രതീകമാണ്. അന്നാണ് ബാള്‍ടിമോര്‍ സ്റ്റേഷന്‍ നോര്‍ത്തിന് അടുത്തുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനത്തെ ‘കലാ, വിനോദ ജില്ലയായി’ പ്രഖ്യാപിച്ചത്. ജനകീയ പങ്കാളിത്തവും വിനോദസഞ്ചാരവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കാന്‍ 100 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പ്രദേശത്തിന് നികുതി ഇളവുകളും നല്കി.

ഇന്ന്, സ്റ്റേഷന്‍ നോര്‍ത്ത് ഗ്രേയുടെ ജീവചരിത്രം ചിത്രീകരിച്ചിരിക്കുന്നു. ജന്മസ്ഥലം മുതല്‍ അയാളുടെ മരണശേഷമുള്ള പ്രതിഷേധങ്ങള്‍ വരെ. പുതിയൊരു പൊതു വിദ്യാലയം, ബഹുനില പാര്‍പ്പിട സമുച്ചയം. മേരിലാണ്ട് ചലച്ചിത്ര മേളയും, Artscape എന്നറിയപ്പെടുന്ന തെരുവ് കലാമേളയും ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നു.

ജോ മാക്നീലി ഈ താരതമ്യങ്ങളും വൈരുദ്ധ്യങ്ങളും കാണിച്ചുതന്നു. വീട്ടു നമ്പറുകള്‍ അലങ്കരിച്ചു വെച്ചത്, പ്രാദേശികമായി ഉണ്ടാക്കിയവയാണ്. ചവറുകൂനകള്‍ ഉണ്ടായിരുന്നിടം കലാകാരന്‍മാര്‍ക്കായി ഒരു കെട്ടിടസമുച്ചയം ഉയരുന്നു. കലാ ജില്ലയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഏതാണ്ട് 800 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം കൊണ്ടുവരാന്‍ യത്നിക്കുന്ന അറുപതോളം സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കൂട്ടായ്മയായ സെന്‍ട്രല്‍ ബാള്‍ടിമോര്‍ പാര്‍ട്ണര്‍ഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് മാക്നീലി. പ്രാദേശിക സംസ്കാരത്തില്‍ താത്പര്യമില്ലാത്ത ഊഹക്കച്ചവടക്കാരെ ഒഴിവാക്കിയുള്ള നിക്ഷേപത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഏപ്രിലിലെ കലാപത്തിന് ശേഷം ബാള്‍ടിമോറിനെ വീണ്ടും ‘സുന്ദര നഗരം’ (Charm City) ആക്കുന്നതിനെ കുറിച്ചും.

ഒട്ടും തലപുകക്കാതെയാണ് കിഷ. എല്‍. വെബ്സ്റ്റര്‍ 2014-ല്‍ നഗരഹൃദയത്തിലേക്ക് മാറിയത്. കലാ ജില്ലയിലെ ഒരു മോണ്ടിസോറി വിദ്യാലയത്തിന് മുന്നില്‍ നിന്നും കിഷ കാഴ്ചകള്‍ കാണാനുള്ള നടപ്പ് തുടങ്ങുന്നു. അത് മുമ്പ് വീടില്ലാത്തവര്‍ക്കുള്ള ഒരു താവളമായിരുന്നു. ഇപ്പോള്‍ വര്‍ണശബളമായ ജനാലകളും കുറ്റിച്ചെടികളും പച്ചക്കറി തോട്ടവും, ഒക്കെയുണ്ടിവിടെ. 340 കുട്ടികള്‍ പഠിക്കുന്നു. പ്രവേശനത്തിനായി കാത്തിരിപ്പ് പട്ടികയില്‍ 1200 പേരാണുള്ളത്.

അയല്‍പക്ക കൂട്ടത്തിന്റെ ഉപാധ്യക്ഷ കൂടിയായ വെബ്സ്റ്റര്‍ ഒഴിഞ്ഞുകിടക്കുന്ന വിലയിളവില്‍ നല്‍കാനുള്ള വീടുകള്‍ക്ക് മുന്നിലൂടെ കടന്നു.

കാണുന്നവരുമായി കുശാലാന്വേഷണം. മാറ്റങ്ങളെക്കുറിച്ച് എല്ലാവരെയും ധരിപ്പിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ ഒരു കടന്നുകയറ്റക്കാരിയായി കരുതിയേക്കാം എന്നവര്‍ മനസിലാക്കുന്നു. പുതിയ ആളുകള്‍ സഹായിക്കാന്‍ മനസുള്ളവരാണെന്ന് തോന്നുന്നു എന്നാണ് രണ്ടു സ്ത്രീകള്‍ പറഞ്ഞത്. മാറിപ്പോകാനുള്ള സാധ്യത വലിയ ആശങ്കയാണ് അവര്‍ക്ക്.

ഇപ്പോള്‍ അത്തരം ഒഴിപ്പിക്കലിനുള്ള സാധ്യതയൊന്നുമില്ല. ഭൂമി കച്ചവടക്കാര്‍ വില വാണം വിട്ടപ്പോലെ ഉയര്‍ത്തിയ ചിക്കാഗോ, ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ എന്നീ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്റ്റേഷന്‍  നോര്‍ത്തില്‍ കലാകാരന്‍മാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഒഴിഞ്ഞ വാണിജ്യ സ്ഥലങ്ങളുണ്ട്. ഇത്തരം 700-ഓളം എണ്ണത്തില്‍ പകുതിയും ഇപ്പൊഴും ഒഴിഞ്ഞുകിടക്കുകയാണ്.

“മിക്കവരും കുടിയൊഴിപ്പാക്കപ്പെടുന്നത് ഉപേക്ഷിക്കപ്പെട്ടല്ല, നിക്ഷേപം മൂലമാണ്,” മാക്നീലി പറയുന്നു. താങ്ങാവുന്ന ചെലവിലുള്ള പാര്‍പ്പിട സൌകര്യങ്ങളോട് തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുന്നു അദ്ദേഹം. എന്തെങ്കിലും തരത്തില്‍ ആളുകള്‍ക്ക് മാറിപ്പോകേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് നഗരത്തിന്റെ നികുതി അടിത്തറ വിപുലപ്പെടുത്തണത്തിന് വേണ്ടിയാണെന്ന് വാദിക്കുന്നു ബാള്‍ടിമോര്‍ സര്‍വ്വകലാശാലയിലെ മുന്‍ സാമ്പത്തികശാസ്ത്ര അദ്ധ്യാപകന്‍ റിച്ചാഡ് ക്ലിഞ്ച്.

കുറച്ചപ്പുറത്ത് ഒരു മൂലയ്ക്ക് പുതുക്കിപ്പണിയുന്ന മറ്റൊരു കെട്ടിടം കാണിച്ചുതന്നു വെബ്സ്റ്റര്‍.

“അതുയരുന്നതും വീഴുന്നതും ഞാന്‍ കണ്ടു,” അഞ്ചു പതിറ്റാണ്ടുകള്‍ താന്‍ താമസിച്ച സ്ഥലത്തെ നോക്കി ടീന ക്നോക്സ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് ‘ദുരിതമായിരുന്നു.’ ഇപ്പോളവിടെ കലാകാരന്‍മാര്‍ക്കായി പാര്‍പ്പിട സമുച്ചയം പണിയുകയാണ്. പണികള്‍ നടക്കുന്നതുമൂലമുള്ള പൊടി ആസ്ത്മ രൂക്ഷമാക്കി എന്നാണ് ക്നോക്സ് പറഞ്ഞത്.

ഇവിടെ നടക്കുന്നതു ഒരു നവോത്ഥാന മുന്നേറ്റം  ആണെന്ന് വെബ്സ്റ്റര്‍ അവകാശപ്പെട്ടു.

പുനരുജ്ജീവനത്തിന്റെ ഉത്സാഹം പല രീതികളില്‍ ദൃശ്യമാണ്. പക്ഷേ ഒരു നൂറ്റാണ്ടിന് മുമ്പുള്ള രൂപത്തിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചു ആരും സംസാരിക്കുന്നില്ല. സെയിന്‍റ് മാര്‍ക് ഇവാഞ്ചേലിക്കല്‍ പള്ളിയിലെ ചുമരില്‍ തൂങ്ങുന്ന ചിത്രത്തില്‍ ബാള്‍ടിമോറിലെ തെരുവില്‍ ബാള്‍ടിമോറിലെ അഭിജാതര്‍ ഉലാത്തുന്ന ദൃശ്യങ്ങള്‍.

സ്റ്റേഷന്‍ നോര്‍ത്തിന്റെ മാറുന്ന ‘ജൈവികപരിസ്ഥിതി’യെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ക്ക് മാറ്റങ്ങള്‍ ‘ജൈവമാണെന്നും’ അഭിപ്രായമുണ്ട്.

എന്നാല്‍ കലാ ജില്ലക്ക് സമീപത്തുള്ള മറ്റൊരു പദ്ധതിയുടെ ആശയപരമായ ഐക്യം അവകാശപ്പെടാനാവില്ല-ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിക്ക് തൊട്ട് വടക്കുള്ള 88 ഏക്കറിലെ 1.8ബില്ല്യണ്‍ ഡോളറിന്റെ ബയോപാര്‍ക്. അടുത്തുള്ള പോര്‍ട്ട് കെവിങ്ടണിലെ വാണിജ്യ സ്വപ്നങ്ങളും അതിനില്ല.

പകരം ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്-വടക്ക് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല, തെക്ക് ബാള്‍ടിമോര്‍ സര്‍വ്വകലാശാല. നഗരത്തിന്റെ ആദ്യ കറുത്ത വര്‍ഗക്കാരനായ മേയര്‍ കുര്‍ട് ഷ്മോക് ഇതിനൊക്കെ നേതൃത്വം നല്കുന്നു. MICA ആര്‍ട് സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാനുഗതമായി കൂടിവരുന്നു.

ഈ മിശ്രണം- കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും, ചിന്തകരും സ്വതന്ത്ര സഞ്ചാരികളും- ടൊറൊന്‍റോ സര്‍വ്വകലാശാല അദ്ധ്യാപകന്‍ റിച്ചാട് ഫ്ലോറിഡ 2002-ല്‍ തന്റെ ‘The Rise of the Creative Class’ എന്ന പുസ്തകത്തില്‍ മുന്നോട്ടുവെച്ച ആശയത്തിന്റെ മൂര്‍ത്തരൂപമാണ്. ഉപജീവനത്തിനായി കലാസൃഷ്ടി നടത്തുന്നവര്‍ വ്യാവസായികാനന്തര നഗരങ്ങളില്‍ മുന്നേറുന്ന സാമ്പത്തിക ശക്തിയായി മാറും എന്നാണ് ഫ്ലോറിഡ മുന്നോട്ടുവെച്ച വാദം.

എന്നാല്‍ പാവപ്പെട്ടവര്‍ക്ക് എന്തു ഗുണം ലഭിക്കുമെന്നത് വ്യക്തമല്ലെന്നും പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് എന്നും ഈ വാദത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പക്ഷേ സ്റ്റേഷന്‍ നോര്‍ത്തില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ ഇടം ഉയരുന്നുണ്ട്. മുന്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ മരുമകന്‍ ഹെല്‍മന്ദ് കര്‍സായിയുടെ ഭക്ഷണശാലയ്ക്ക് പിറകില്‍ 100 വീടുകളുള്ള ഒരു പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

നിക്ഷേപകര്‍ ലാഭം ആഗ്രഹിക്കുന്നോ ഇല്ലയോ എന്നല്ല, പുനര്‍ വികാസത്തിന്റെ വിജയം അവരുടെ മൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് മാക്നീലി പറഞ്ഞു.

മാക്നീലിയും മറ്റ് പലരും ഭയപ്പെടുന്നത് ഊഹക്കച്ചവടത്തെയാണ്. ‘വില്‍ക്കാനുണ്ടോ ഞാന്‍ വാങ്ങിക്കോളാം’ എന്ന തരത്തില്‍ നില്‍ക്കുന്ന വാഷിംഗ്ടണില്‍ നിന്നുള്ള ഭൂമി കച്ചവടക്കാരന്‍ ടോണി ചെങ്ങിനെ പോലുള്ളവര്‍ ആശങ്കയുണര്‍ത്തുന്നു. ഒരു ഡസനിലേറെ കണ്ണായ ഭൂമി ഈ പ്രദേശത്ത് ഇപ്പോള്‍ത്തന്നെ ചെങിന്റെ കൈവശമുണ്ട്.

ജൂബിലീ ബാള്‍ടിമോറിന്റെ അദ്ധ്യക്ഷന്‍ ചാര്‍ലീ ഡഫ് സാധാരണ കച്ചവടക്കാരനല്ല. 67,000 ചതുരശ്ര അടി വരുന്ന ഉപയോഗിക്കാതെ കിടക്കുന്ന ഒരു കാര്‍ വില്പന കേന്ദ്രവും സിനിമ തിയറ്ററും ഒരു കലാ കേന്ദ്രവും MICA-ഹോപ്കിന്‍സ് ഫിലിം സ്റ്റുഡിയോ സംയുക്ത സംരംഭം Sparkypants എന്ന കമ്പ്യൂട്ടര്‍ ഗെയിമിങ് കമ്പനിയും, ഒരു ജുവല്ലറി നിര്‍മ്മാണ സ്റ്റുഡിയോയും  തുടങ്ങാനാണ് ശ്രമം. 18 ദശലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വെറും പുനരുജ്ജീവനമല്ല, മാനസികാവസ്ഥയുടെ തന്നെ പുനരുജ്ജീവനമാണ് ഉദ്ദേശിക്കുന്നത്.

റോമിന് ഒരിക്കല്‍ ബോളോഗ്ന എന്തായിരുന്നുവോ, അതാണ് ബാള്‍ടിമോര്‍ ഇപ്പോള്‍ വാഷിംഗ്ടണെന്ന് തദ്ദേശീയര്‍ പറയുന്നു. നാട്യങ്ങളില്ലാത്ത പുതുമ.

സ്ഥലത്തെ മാറ്റുക മാത്രമല്ല- ഒരു ഉപകരണശാലയെ വായനശാലയും, ഒരു ചെറിയ കഥയെ വാണിജ്യസ്ഥലവും, കലാകാരന്‍മാര്‍ക്ക് പാര്‍പ്പിടങ്ങളും-കാഴ്ച്ചപ്പാടുകളെയുമാണ് അവര്‍ മാറ്റാന്‍ ശ്രമിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈ വര്‍ഷം മെയ് അവസാനം വരെ 100 പേര്‍ കൊല്ലപ്പെട്ട നഗരമാണിത്. ഫ്രെഡി ഗ്രെയുടെ മരണം ഈ പ്രശ്നങ്ങളെ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കലാപത്തിന് പിറ്റേന്ന് ഒരു വിവാഹവിരുന്നിന് ശേഷം മടങ്ങിവരികയായിരുന്നു സ്മിത്. ഹെലികോപ്റ്ററില്‍ നിന്നുള്ള ഒരു തീക്ഷ്ണശബ്ദം രാത്രി 10 മണിക്ക് തുടങ്ങുന്ന നിശാനിയമത്തിന് മുമ്പ് വീടണയാന്‍ ആവശ്യപ്പെട്ടു.

കലാപത്തിന് ‘ജനപങ്കാളിത്തത്തെയും വിനോദസഞ്ചാരത്തെയും പുനരുജ്ജീവനത്തെയും’ അകറ്റാനാവുമോ?

തീര്‍ച്ചയായും, ചിലര്‍ ഒന്നു പിന്തിരിഞ്ഞിട്ടുണ്ട്. കലാപത്തിന് ശേഷം വ്യാപാരികളും കലാകാരന്മാരെ പിന്തുണക്കുന്നവരും അടുത്ത ഭാവിയെ കുറിച്ചാണ് ആലോചിച്ചത്. എത്ര സമയമെടുക്കും ഇതിനെ മറികടക്കാന്‍?

മേരിലാന്‍ഡ് ചലച്ചിത്രമേളയുടെ ഡയറക്ടര്‍ ജെട് ഡയറ്റ്സ് പറഞ്ഞത് ടിക്കറ്റ് വില്പന എന്നത്തേയും പോലെ ശക്തമാണ് എന്നാണ്. എന്നാല്‍ ഇന്നര്‍ ഹാര്‍ബറിനടുത്തുള്ള വിഷണറി ആര്‍ട് മ്യൂസിയത്തില്‍ മെയ് മാസത്തിനു ശേഷം വരുമാനം 30% കുറഞ്ഞു.

എന്നാല്‍ ആളുകള്‍ ആത്മവിശ്വാസത്തോടെയാണ്  ഇതിനെ നേരിടുന്നത്.

“ബാള്‍ടിമോര്‍ സന്ദര്‍ശിക്കൂ,” ഒരു ടീ ഷര്‍ടില്‍ എഴുതി വെച്ചിരിക്കുന്നു. “അതൊരു കലാപമാണ്.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍