UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ടത്തിലൊരാള്‍; അയാളുടെ പച്ച നിറമുള്ള ശബ്ദം

Avatar

കെ ജി സൂരജ്

ഇത്‌ ബാലു; റ്റൂ വീലര്‍ മെക്കാനിക്കാണ്‌. തിരുവനന്തപുരത്തെ ‘പഞ്ചു’, ഹോട്ടലിലെ ഉച്ചഭക്ഷണത്തിനിടയില്‍ യാദൃശ്ചികമായാണ്‌, അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമൊപ്പം മേശ പങ്കിട്ടത്‌. ഗ്രീസും കരിയോയിലും കലര്‍ന്നതാണവരുടെ ഉടുപ്പുകള്‍. നെറ്റിക്കു മുകളിലേക്ക് അലക്ഷ്യം തലമുടി ചിതറിക്കിടന്നിരുന്നു.വറുത്ത മുളകിനും വെള്ളരിയ്ക്കക്കറിക്കുമൊപ്പം അവരുടെ വര്‍ത്തമാനങ്ങളിലേക്കും പതിയെ സഞ്ചരിച്ചു. 

ആദ്യമായ്‌ ചെയ്ത വാഴക്കൃഷി വിശേഷങ്ങളാണ്‌ ബാലു പങ്കു വെച്ചുകൊണ്ടിരുന്നത്‌. വീട്ടില്‍ നിന്നും സുമാര്‍ 15 കിലോ മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്കുള്ള യാത്രാ വിവരണം ‘ശ്ശി’ ഇഷ്ടായി… ഏത്തന്‍ , കപ്പ, രസകദളി, പാളയംതോടന്‍ തുടങ്ങി മധുരങ്ങളുടെ വൈവിധ്യങ്ങള്‍ മിന്നി മായുന്നതിനോടൊപ്പം ഇലകളില്‍ വറുത്ത മീനുകള്‍ വരുകയും പോകുകയും ചെയ്തു. ആദ്യാനുഭവം എന്നതു കൊണ്ടു തന്നെ കൃഷി കടുകട്ടിയായിരുന്നത്രേ. വാഹന സൗകര്യമുള്ള റോഡ്‌ അകലെയായതിനാല്‍ ചാണകമടക്കം ദീര്‍ഘദൂരം തലച്ചു മടായി എത്തിക്കേണ്ടി വന്നു. “വണ്ടിപ്പണി ചെയ്തു കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ലെന്ന ആത്മഗതം നിഷ്കളങ്കമായ ചിരിയിലൊതുക്കി ബാലു, മൊരിഞ്ഞ പപ്പടത്തിലേയ്ക്കു കണ്ണു പായിച്ച് വര്‍ത്തമാനം തുടര്‍ന്നു. 

“ഒരുതുള്ളി രാസവളം പോലും ഞാനവര്‍ക്കു കൊടുത്തിരുന്നില്ല… വൈകുന്നേരങ്ങളില്‍ അടുത്ത കിണറ്റില്‍ നിന്നാണു വെള്ളമെടുക്കുക.. ബക്കറ്റുകളില്‍ അതു വാഴച്ചുവടുകളിലേയ്ക്കെത്തിക്കും.. എല്ലാ പണിയും കഴിയുബോള്‍ സന്ധ്യയായിരിയ്ക്കും. തളര്‍ച്ച മാറ്റാന്‍ ഉറപ്പായൊരു കാറ്റു വീശും… ആ തണുപ്പില്‍ വിയര്‍പ്പു കുതിരും…കായ്കള്‍ ഭൂരിപക്ഷവും അടുത്തുള്ള കടകളിലാണ്‌ വിറ്റിരുന്നത്. കുറേ വീട്ടിലേയ്ക്കും കൊണ്ടു പോന്നു. രാസവളം ചേര്‍ക്കാത്തതു കൊണ്ടു തന്നെ. തേനിന്റെ രുചിയായിരുന്നു.” ചൂടുള്ള പുട്ടിനൊപ്പം അതു ബെസ്റ്റെന്ന് ബാലു കണ്ണിറുക്കി സാക്ഷ്യം ചെയ്തു.

ആദ്യ തവണ ആയതുകൊണ്ടു തന്നെ അധ്വാനത്തിനനുസരിച്ചുള്ള ലാഭമുണ്ടായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.. അയ്യായിരം രൂപയാണ് മുടക്കുമുതല്‍ . അഞ്ഞൂറു രൂപ അധികം കിട്ടി. അതാണ്‌ ആദ്യത്തെ ലാഭം. എങ്കിലും കൃഷി നിര്‍ത്തുന്നില്ല. മണ്ണിനോടുള്ള ഇഷ്ടത്തിനൊപ്പം അതിനു മറ്റൊരു കാരണം കൂടിയുണ്ട്‌.  ‘വാഴക്കുട്ടികള്‍ക്കു’ വെള്ളം കൊടുത്ത്‌ വരമ്പത്തു നില്‍ക്കുമ്പോള്‍ അവരൊരുമിച്ചു ബാബുവിനെ നോക്കി തലയാട്ടുമത്രേ. അതിനപ്പുറം മറ്റൊരു സംതൃപ്തിയും തനിക്കില്ലെന്ന് ബാലു പറയുമ്പോള്‍ , ടിയാന്റെ കണ്ണുകളില്‍ നൂറു നേന്ത്രവാഴകള്‍ ഒരുമിച്ചു കുലച്ചു നിന്നു .

പുളിശ്ശേരിയെത്തിയിരിയ്ക്കുന്നു…. .. ..ചോറൂണിന്റെ അവസാന റൗണ്ട്‌ പൂര്‍ത്തിയാക്കി വാഴക്കളത്തിലേയ്ക്കുള്ള ഊഷ്മളമായ ക്ഷണം സ്നേഹപൂര്‍വ്വം സ്വീകരിച്ച്‌ ഞങ്ങള്‍ ഇരുവശങ്ങളിലെ വെയിലിലേയ്ക്കു നടന്നു .

ഏറെയകലെയല്ലാതെ പൊടി പടരുന്നതു കണ്ടോ .. ?

പകല്‍ ജോലിയുടെ കൊടുംഭാരം കൂസാതെ കൃഷിയിടത്തിലേയ്ക്കു വണ്ടി പായിക്കുന്നൊരു ചെറുപ്പക്കാരനാണത്‌. ഗ്രീസു പുരണ്ട വസ്ത്രങ്ങളെങ്കിലും അയാളെ നോക്കി അസംഖ്യം വാഴക്കുട്ടികള്‍ ഹൃദയപൂര്‍വ്വം തലയാട്ടാനുണ്ട്‌. അവരയാളെ ഇലകളാല്‍ ആലിംഗനം ചെയ്യുന്നു… കായ്കളാല്‍ ആശ്ലേഷിയ്ക്കുന്നു. 

മാതൃകാ കര്‍ഷകന്റേയോ മറ്റിതര പുരസ്ക്കാരങ്ങളുടേയോ പ്രഖ്യാപനങ്ങളില്‍ ബാലുവിനെ കണ്ടെന്നു വരില്ല.എങ്കിലും ഇടക്കൊന്നു കാതോര്‍ത്താല്‍ കേള്‍ക്കാം … സ്നേഹത്തിന്റേയും പരിസ്ഥിതി സൗഹൃദ സഹവര്‍ത്തിത്വത്തിന്റേയും നിലയ്ക്കാത്ത ശബ്ദങ്ങള്‍ .. .. ജീവന്റെ ചൂടുള്ളത് … മണ്ണിന്റെ രുചിയുള്ളത്… 

(എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍