UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയലാര്‍ വിപ്ലവത്തിന്റെ മുനയൊടിയാത്ത ചരിത്രവുമായി രമണന്‍

Avatar

ഡി.ധനസുമോദ്

പുന്നപ്ര വയലാര്‍ സമരത്തിലെ ഏറ്റവും വിലപ്പെട്ട ഓര്‍മയുടെ കാത്തു സൂക്ഷിപ്പുകാരന്‍ എന്ന പേരാണ് ഇനി രമണനുള്ളത്. ചീകി മിനുക്കിയ വാരിക്കുന്തം തലമുറ കൈമാറി ഇപ്പോഴും വയലാറില്‍ ഭദ്രം. കുടുംബ സ്വത്തു വീതിച്ചപ്പോള്‍ അച്ഛന്‍ വേലുവില്‍ നിന്ന് രമണന്‍ ആവശ്യപ്പെട്ടത് വാരിക്കുന്തം ആയിരുന്നു. ഏഴു പതിറ്റാണ്ടു പഴക്കമുള്ള വാരിക്കുന്തം ജോയ്ഭവന്‍ കോളനിയിലെ രണ്ടുമുറി വീട്ടില്‍ എത്തിയതിനെ കുറിച്ച് രമണനോട് ചോദിച്ചപ്പോള്‍ അതിഭാവുകത്വം കലര്‍ത്താതെ സത്യസന്ധമായ മറുപടിയാണ് നല്‍കിയത്.

വയലാറിലെ നരനായാട്ട് നടക്കുന്ന സമയത്തു വേലു തേങ്ങാവെട്ടു പണിക്കാരനാണ്. വെടിവെയ്പ്പ് നടന്ന ശേഷമാണ് സമരഭൂമി സന്ദര്‍ശിക്കുന്നത്. ഇപ്പോള്‍ രകതസാക്ഷി മണ്ഡപം നിലനില്‍ക്കുന്ന സ്ഥലത്തും ഇരുന്നൂറ് മീറ്റര്‍ വടക്കു ഭാഗത്തുമാണ് ഏറ്റവും കൂടുതല്‍ പേര്‍ വെടികൊണ്ടു മരിച്ചത്. തെങ്ങുകള്‍ പോലും വെടികൊണ്ടു മറുവശം കാണാം. സമര ഭൂമിയില്‍ കറങ്ങി നടന്ന വേലുവിനെയും സുഹൃത്തിനെയും സി പി യുടെ പട്ടാളം പിടികൂടി. ഇവരെ കൂടി ചേര്‍ത്തലയിലെ ടിബിയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. സമര സഖാക്കളെ ടിബിയില്‍ എത്തിച്ചു കിരാതമായ മര്‍ദ്ദനം. സമരത്തിന് വന്നവരല്ലെന്നും കാണാന്‍ എത്തിയതാണെന്നും കരഞ്ഞു പറഞ്ഞതോടെ പട്ടാളക്കാര്‍ക്ക് കാര്യം മനസിലായി.

തെങ്ങില്‍ കയറി കരിക്ക് ഇടാനായിരുന്നു അടുത്ത കല്പന. തെങ്ങു കയറ്റം അത്ര വശമില്ലെങ്കിലും നെഞ്ചും വലിച്ചു കയറി കരിക്കിട്ടു കൊടുത്തു ജീവന്‍ രക്ഷപെടുത്തി. പട്ടാളക്കാര്‍ തോക്കിന്റെ ബയണറ്റു കൊണ്ട് കരിക്കു വെട്ടി കുടിച്ചു. ഇതേ ബയണന്റിന്റെ മുന കൊണ്ടാണ് വെടിയേറ്റിട്ടും മരിക്കാതെ കിടന്നവരെ കുത്തി കൊന്നത്. രക്ഷപെട്ടു ഓടി പട്ടാളക്കാരുടെ കണ്ണില്‍ നിന്നും മറയുമ്പോള്‍ സമര സഖാക്കള്‍ പട്ടാളത്തെ നേരിടാന്‍ കൊണ്ടുവന്ന വാരിക്കുന്തങ്ങള്‍ ചിതറി കിടക്കുന്നതു കണ്ടു. ഒരെണ്ണം എടുത്തു സൂക്ഷിച്ചു വയ്ക്കാന്‍ വേലുവിനു കൊതി തോന്നി. ജീവിതം തന്നെ അപകടത്തില്‍ ആക്കിയേക്കാവുന്ന ആഗ്രഹത്തിന് സുഹൃത്ത് എതിരു നിന്നു. എന്തും വരട്ടെ എന്ന ധൈര്യത്തില്‍ വേലു വാരിക്കുന്തം വീട്ടിലെ ഓലപ്പുരയില്‍ സൂക്ഷിച്ചു.

കേടു വരാതിരിക്കാന്‍ , മുളയുടെ ഉള്ളില്‍ നിന്നും കവരപ്പാട തട്ടി കളഞ്ഞു വരിക്കുന്തം സൂക്ഷിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞു എടുത്തു നോക്കിയപ്പോഴും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. ചോറില്ലാതെ അടയ്ക്കാമരത്തിന്റെ കാതല്‍ കൊണ്ട് നിര്‍മിച്ചതിനാല്‍ കാലപ്പഴക്കത്തിലും തേക്കിന്‍ തടിപോലെ ഇരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലായി ആയ ചിന്നാരി രാമന്‍ മൂപ്പരുടെ നേതൃത്വത്തില്‍ കോയിക്കല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറു മൈതാനത്തു ഇരുന്നാണ് വാരികള്‍ കുന്തങ്ങളാക്കി മാറ്റിയത്. അന്ന് 17 വയസുകാരനായ നാരായണനും അനുജന്‍ കുമാരനുമാണ് ചിന്നാരി രാമനെ സഹായിച്ചത്. ഇതെല്ലാം പിതാവ് നാരായണന്‍ പറഞ്ഞറിഞ്ഞ വിവരമാണെന്നു തെങ്ങുകയറ്റ തൊഴിലാളി ആയ ചന്ദ്രന്‍ പറയുന്നു. പോരാട്ടം നടന്ന ജില്ലയില്‍ പോലും ഇല്ലാതിരുന്ന പലരും ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങുമ്പോള്‍ വാരിക്കുന്തം നിര്‍മിച്ചു നല്‍കിയ നാരായണ്‍ മൂപ്പരെ പോലുള്ളവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരുമുണ്ടായില്ല.

വിപ്ലവ സ്മരണ പുതുക്കാന്‍ പല നാടുകളില്‍ നിന്നും തുലാം പത്തിനു( ഒക്ടോബര്‍ 27 ) നു വയലാറില്‍ എത്തുന്ന സഖാക്കളെ കാണിക്കാന്‍ എല്ലാവര്‍ഷവും രമണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ വാരിക്കുന്തം എത്തിക്കും. ഇത്തവണയും കൊണ്ടുവന്നു. സമരസ്മരണയ്ക്കായി മ്യൂസിയം നിര്‍മിച്ചാല്‍ വാരിക്കുന്തം കൈമാറാന്‍ തയാറാണ്. സി ബി ചന്ദ്രബാബു ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരിക്കെ വാരിക്കുന്തം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്നും പൂര്‍ത്തിയാകുന്ന സമയത്തു മതിയെന്ന് പറഞ്ഞു തിരിച്ചയച്ചു. വാരിക്കുന്തത്തിന്റെ മുനയ്ക്കു കേടില്ലെങ്കിലും അടിഭാഗം തേഞ്ഞു തുടങ്ങി.

വെടിയേറ്റ തെങ്ങു മണ്ഡപത്തില്‍ എത്തിച്ചു രണ്ടുവര്‍ഷത്തിനുള്ളില്‍ നശിച്ചു പോയിരുന്നു. ഇതേ അനുഭവം തന്നെ ഈ വാരിക്കുന്തത്തിനും സംഭവിച്ചാല്‍ തലമുറയ്ക്ക് കാണിച്ചു കൊടുക്കാന്‍ സമരത്തിന്റെ ഒരു തെളിവും ഉണ്ടാകില്ല. തെലുങ്കാന സമരത്തിന്റെ പങ്കാളിത്തം ഇപ്പോള്‍ ആര്‍ എസ് എസ് അവകാശപ്പെടുന്നുണ്ടെന്നും നാളെ പുന്നപ്ര വയലാര്‍ സമരത്തിന്റെ പിന്നിലും തങ്ങളുണ്ടെന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും ചരിത്രം അധികാരത്തിലൂടെ തിരുത്തി എഴുതുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  ആശങ്കപ്പെടുന്നുണ്ട്. ഇത്തരം അധനിവേശങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്കാരുടെ കൈവശമുള്ള സമര സ്മരണകളുടെ ആയുധങ്ങളെ സംരക്ഷിക്കുക തന്നെ വേണം. ചരിത്രം തിരുത്തി എഴുതപ്പെട്ടാല്‍ പുന്നപ്ര വയലാര്‍ ഒരു കഥയോ ഐതിഹ്യമോ ആയിമാറും.

( മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍