UPDATES

ഇനി നിരോധനം എ ബി വി പിയുടെ വക

സംഘപരിവാറിന്റെ മുതിര്‍ന്ന പോഷക സംഘടനകള്‍ക്ക് പിറകെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയും ആശയ സ്വാതന്ത്ര്യത്തിന് നേരെ വാളെടുക്കുന്നു. ഡല്‍ഹി എസ്ജിറ്റിബി ഖല്‍സ കോളേജിലെ നാടക സംഘമായ ‘ആങ്കുര്‍’ അവതരിപ്പിച്ച ‘വെല്‍ക്കം ടു ദ മെഷീന്‍’ എന്ന നാടകം നിരോധിക്കണമെന്നാണ് എബിവിപി ഭരിക്കുന്ന ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് വര്‍ഗ്ഗീയ ശക്തികള്‍ സംസ്‌കാരം, വിദ്യാഭ്യാസം, സ്ഥാപന ചട്ടക്കൂടുകള്‍ എന്നിവയിലൂടെ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് എന്ന് അന്വേഷിക്കാനാണ് നാടകം ശ്രമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ നാടകം ഹിന്ദുത്വ വിരുദ്ധവും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്നും അതിനാല്‍ ഉടനടി നാടകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിന് ഡി യു എസ് യു ജോയിന്റ് സെക്രട്ടറി അശുതോഷ് മാധുര്‍ കത്തയച്ചു. ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും മോശമായി ചിത്രീകരിക്കുന്നതിലൂടെ നാടക പ്രവര്‍ത്തകര്‍ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കത്തില്‍ പറയുന്നു. നാടകം നിരോധിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയന്‍ ജോയിന്റ് സെക്രട്ടറി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ അധികാരം നേടുന്നതിനും മതത്തിനെ ദുരുപയോഗം ചെയ്യുന്നതെങ്ങിനെയെന്നാണ് നാടകം പരിശോധിക്കുന്നതെന്ന് ആങ്കുര്‍ പ്രവര്‍ത്തകര്‍ പറയുന്നു. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന സാമുദായിക കലാപങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭരണകൂടങ്ങള്‍ സംഘടിപ്പിക്കുന്ന നാടകമാണെന്ന് സ്ഥാപിക്കാനും നാടകം ശ്രമിക്കുന്നുണ്ട്. 2012 മുതല്‍ വര്‍ഗ്ഗീയതെയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആങ്കുറിന്റെ ഈ വര്‍ഷത്തെ നാടകം നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉള്‍പ്പെടെ ഇതിനകം 37 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇതാണ് എബിവിപിയെ ചൊടിപ്പിക്കുന്നത്.

രാജ്യത്തുടനീളം നിലനില്‍ക്കുന്ന നിരോധന സംസ്‌കാരത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനും അനുവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍