UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയസുരക്ഷ പ്രധാനമാണ്, പക്ഷേ പാക് വിരോധം കലാകാരന്മാരോടല്ല തീര്‍ക്കേണ്ടത്

Avatar

ടീം അഴിമുഖം

ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച്ച പാടില്ല. അതിര്‍ത്തിക്കപ്പുറത്തുനിന്നും ആക്രമിക്കുന്നവരോട് വിട്ടുവീഴ്ച്ച പാടിലെന്ന കാര്യത്തില്‍ രണ്ടഭിപ്രായവുമില്ല. പക്ഷേ ഇപ്പോഴുള്ള ഈ ആക്രമണവെറിയുടെ സമയത്ത്, ഇന്ത്യന്‍ സംസ്‌കാരം എത്ര വ്യത്യസ്തമാണെന്ന കാര്യം ഓര്‍ക്കാന്‍ പോലും ബുദ്ധിമുട്ടാണ്. 1962-ല്‍ ഇന്ത്യയും ചൈനയും യുദ്ധത്തിലേര്‍പ്പെട്ടു. അതേ വര്‍ഷത്തില്‍ വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ ചാന്‍സലര്‍ എന്ന നിലയില്‍ സംസാരിക്കവേ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘ചൈനയുടെ അധിനിവേശ’ത്തെക്കുറിച്ച് സംസാരിച്ചു. അപ്പോഴും, അല്‍പ്പം അമ്പരന്നിരുന്ന ചീന ഭവന്‍ മേധാവി പ്രൊഫ. ടാന്‍ യൂന്‍ഷാനെ അഭിവാദ്യം ചെയ്യാനും കുശലം പറയാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ചൈനയുടെ നാഗരികതയോട് ഇന്ത്യക്കുള്ള അഗാധമായ ആദരവും നെഹ്‌റു സൂചിപ്പിച്ചു. ഒരു യുദ്ധത്തിന്റെ കെടുതികളും ഓര്‍മ്മകളും നീറിനില്‍ക്കുന്ന കാലത്തും നെഹ്‌റുവിന്റെ പെരുമാറ്റം എടുത്തുപറയേണ്ടതായിരുന്നു.

 

പക്ഷേ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ‘സംസ്‌കാരസമ്പന്നം’ എന്നു കരുതുന്ന ബ്രിട്ടനെപ്പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സമചിത്തത നഷ്ടപ്പെട്ട് ശത്രു രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരെ തടവിലാക്കി. ഇപ്പോള്‍ ഇവിടെ ഇന്ത്യന്‍ ചലചിത്ര നിര്‍മ്മാതാക്കളുടെ സംഘം സങ്കുചിത ദേശീയവാദികളായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെയും ശിവസേനയുടെയും പാത പിന്തുടര്‍ന്ന്, ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതുവരെ പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരെ ചലച്ചിത്ര വ്യവസായത്തില്‍ സഹകരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.

പക്ഷേ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിലല്ല. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധവും വെടിനിര്‍ത്തല്‍ പോലും നിലനില്‍ക്കുകയും ചെയ്യുന്നു. യുദ്ധമുള്ളത് തീക്ഷ്ണമായ വിധത്തില്‍ സങ്കുചിത ചിന്താഗതിക്കാരായ, വസ്തുതകള്‍ ഗ്രഹിക്കാത്ത ഉദ്യോഗസ്ഥരുടെ മനസിലാണ്. അവരുടെ നിലപാടാണ് ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന തീര്‍ച്ചടി നല്‍കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. മാനുഷിക, സാംസ്‌കാരിക ബന്ധങ്ങളിലും വ്യാപാര ബന്ധങ്ങളിലും നീണ്ടുനില്‍ക്കേണ്ട സമാധാനത്തിലുമെല്ലാം ഇത്തരം, അടിക്ക് തിരിച്ചടി രീതിയിലും മോശമായ ഒന്നില്ല. 

സാമാന്യയുക്തിയും ബോധവും പൂര്‍ണമായും നഷ്ടമായിട്ടില്ല. ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രിയനായ നായകന്‍ സല്‍മാന്‍ ഖാനും മുന്‍നിര സംവിധായകന്‍ കരണ്‍ ജോഹറും പ്രകടിപ്പിച്ചതാണ് വാസ്തവം; കലാകാരന്മാര്‍ ഭീകരവാദികളല്ല. റിപ്പബ്ലിക്കിനെ മുന്നോട്ട് നയിക്കേണ്ട സാംസ്‌കാരികമൂല്യത്തിന്റെ സത്തയോട് അടുത്തുനില്‍ക്കുന്നു ഈ പ്രസ്താവന. കലയും ഭീകരവാദവും രണ്ടും രണ്ടാണെന്നുള്ള സല്‍മാന്‍ ഖാന്റെ പ്രസ്താവന സമചിത്തതയുടെയും യുക്തിയുടെയും അഭിപ്രായമാണ്. പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരെ നിരോധിച്ചതുകൊണ്ട് അവസാനിപ്പിക്കാവുന്ന ഒന്നല്ല ഭീകരവാദമെന്ന്‍ കരണ്‍ ജോഹറും അഭിപ്രായപ്പെട്ടു. ഔദ്യോഗിക ആക്രോശങ്ങള്‍ക്കിടയില്‍ ഇതൊന്നും കേള്‍ക്കണമെന്നില്ല. ദേശീയവാദമെന്ന ആശയത്തിന്റെ ഹിംസാത്മകവും മണ്ടത്തരം നിറഞ്ഞതുമായ പ്രയോഗങ്ങളാണ് അരങ്ങ് വാഴുന്നത്. അംഗങ്ങളെല്ലാം ദേശീയവാദികളാണ് എന്നാണ് സംഘടനയുടെ അദ്ധ്യക്ഷന്‍ പറഞ്ഞത്. 1962ലെ നെഹ്‌റുവിന്റെ പെരുമാറ്റത്തില്‍ ഉയര്‍ന്നുനിന്ന മാനവികതയും സംസ്‌കാരത്തോടുള്ള പരസ്പര ബഹുമാനവും സ്‌നേഹവും വീണ്ടെടുക്കാന്‍ എളുപ്പമല്ല. അത് സംഭവിക്കണമെങ്കില്‍ ജനങ്ങളാണ് അത്തരമൊരു മാറ്റത്തിന് പ്രേരണ ചെലുത്തേണ്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍