UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലകളെ അരിഞ്ഞു തള്ളുന്നവരും കണ്ണടച്ച് പാലുകുടിക്കുന്ന സര്‍ക്കാരും

Avatar

രമേഷ്‌കുമാര്‍ വെള്ളമുണ്ട

വയനാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തലയുയര്‍ത്തി നില്‍ക്കുന്ന ഗിരിനിരയാണ് ബാണാസുരമല. ആറായിരത്തിലധികം അടി ഉയരത്തില്‍ നാല് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പര്‍വ്വതം അപൂര്‍വ്വ സസ്യ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. ഗോത്ര മനുഷ്യര്‍ ശിലാലിഖിതങ്ങള്‍ കോറിയിട്ട അമ്പുകുത്തി മലനിരയുടെ നേരെ പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് ബാണാസുരന്റെ കോട്ട. സാങ്കല്പ്പികമായ ഈ കോട്ടകൊത്തളങ്ങളുടെ പ്രൌഢിയിലാണ് ഈ ബാണാസുരമല അറിയപ്പെടുന്നത്. വയനാടിന്റെ സായാഹ്നങ്ങളെ ചെമ്പട്ടുപുതപ്പിച്ച് സുര്യന്‍ ഒളിച്ചുപോകുന്നത് ഈ കോട്ടയുടെ  അകത്തളങ്ങളിലേക്കാണ്.

പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന ചോലവനങ്ങള്‍ ഈ ഗിരിനിരകളില്‍ സമൃദ്ധമായുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തി വയനാടിന് കുളിരു പകരുന്ന കാലവസ്ഥ പകര്‍ന്നു നല്‍കുന്നതിന് ബാണാസുരമലയാണ് സഹായിക്കുന്നത്. കുറിഞ്ഞി പൂക്കളും ഓര്‍ക്കിഡുകളുമൊക്കെ ധാരാളമുണ്ടായിരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ ഈ മല കേന്ദ്രീകരിച്ച് ജൈവവൈവിധ്യ പഠനം നടത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇരുപതോളം ക്വാറികള്‍ ഇപ്പോള്‍ ഈ മലനിരകളെ കാര്‍ന്നുതിന്നുകയാണ്.വന്‍ ഖനന മാഫിയകള്‍ ഇവിടെ അനധികൃത ഖനനമാണ് നടത്തുന്നത്. പ്രദേശവാസികളെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നിരന്തരമായ പരാതികള്‍ക്കൊന്നും ഖനനത്തിന് തടയിടാന്‍ കഴിഞ്ഞിട്ടില്ല. അത്രയ്ക്കും പ്രബലന്‍മാരാണ് ഖനന മുതലാളിമാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സമിതിയുടെ മുന്നിലും പരാതി എത്തിയിരുന്നു. എന്നാല്‍ ക്വാറി സന്ദര്‍ശിക്കാന്‍ വന്ന നിയമസഭാ സമിതിയെ ക്വാറി മാഫിയ വഴിയില്‍ തടഞ്ഞു. മലയിലേക്കുള്ള പാതയ്ക്ക് കുറുകെ ടിപ്പര്‍ ലോറി വിലങ്ങനെയിട്ടാണ് നിയമസഭാ സമിതിയെ തടഞ്ഞത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ സമിതിയംഗങ്ങള്‍ കാല്‍ നടയായി മലകയറി ക്വാറിക്ക് അരികിലെത്തി. കാട്ടരുവികളുടെ ദിശമാറ്റി വനഭൂമി കൈയ്യേറിയാണ് ഇവിടെ ഖനനം നടക്കുന്നുന്നതെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ ഖനനം നിലച്ചെങ്കിലും സര്‍ക്കാര്‍ മാറിയതോടെ ഖനനം പുനനാരംരഭിക്കുകയായിരുന്നു.

വന്‍കിട യന്ത്രങ്ങളാണ് ഇവിടെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കല്ലുപൊടിക്കുന്ന ക്രഷര്‍ സദാ പൊടിപറത്തി മലയെ വെള്ളപുതപ്പിച്ചു കൊണ്ടിരുന്നു. ആദിവാസികളടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ പലരെയും മാഫിയ പണവും മദ്യവും നല്‍കി സ്വാധീനിച്ചു. എന്നാല്‍ സൗത്ത് വയനാട് ഡി എഫ് ഒ പി ധനേഷ്‌കുമാര്‍ ബാണാസുരമലയിലെ അത്താണി ക്വാറി പ്രവര്‍ത്തിക്കുന്നത് വനഭൂമി കൈയ്യേറിയാണ് എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പിനും വനംവകുപ്പിനും സംയുക്ത അറിയിപ്പുനല്‍കുകയും ചെയ്തു. ഇതോടെ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനന മാഫിയ ഇവിടെ നിന്നും തല്‍ക്കാലം ഉള്‍വലിഞ്ഞു. തൊട്ടടുത്ത് തന്നെയുള്ള മലയിലേക്കാണ് ഇവര്‍ യന്ത്രങ്ങളുമായി പോയത്. ആദിവാസികളുടെ കുടിലുകള്‍ക്ക് തൊട്ടരികില്‍ തന്നെ ഇവര്‍ നിലയുറപ്പിച്ചു. അതോടെ ഇവിടം വലിയൊരു ക്വാറിയായി മാറി. മണിക്കൂറുകള്‍ കൊണ്ട് ലോഡുകണക്കിന് കല്ലുകള്‍ അടര്‍ത്തിമാറ്റാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ ഇവിടെ മുരളുന്നു. 

മലമുകളിലെ ദുരിത കാഴ്ചകള്‍
ആലക്കണ്ടിയില്‍ നിന്നും ഒന്നര കിലോാമീറ്ററോളം ദൂരം കുത്തനെയുള്ള മലകയറുമ്പോള്‍ കല്ലിട്ട  പാതകള്‍ തീരുന്നു. ടിപ്പര്‍ ലോറികള്‍ പാറക്കല്ലുകളുമായി നിരന്തരം മലയിറങ്ങുന്നതിനാല്‍ ആകെ പൊടിമയമാണ് അന്തരീക്ഷം.വാളാരം കുന്നിലെത്തുമ്പോള്‍ കോളനിവാസികളെല്ലാം പൊടിയില്‍ മുങ്ങിയ കുടിലുകള്‍ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ഇതുവരെയും അസൗകര്യങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ കല്ലുകൊണ്ടുപോകുന്നവരെ കൊണ്ടാണ് ശല്യം. പകല്‍ മുഴുവന്‍ കനത്ത ശബ്ദത്തോടെ ക്വാറികള്‍ പ്രകമ്പനം കൊള്ളിക്കുന്ന ഈ മലനിരകള്‍ ഇടിച്ചു നിരത്തുമ്പോള്‍ ഇവിടെ അധികൃതരെല്ലാം നോക്കുകുത്തിയായി നില്‍ക്കുന്നു. ഈ മലനിരകളില്‍ അവശേഷിക്കുന്ന ആദിവാസികളെയും എളുപ്പത്തില്‍ കുടിയിറക്കി പരിസ്ഥിതി പ്രാധാന്യമുള്ള മലനിരകളെ അരിഞ്ഞു തീര്‍ക്കാന്‍ തന്നെയാണ് മാഫിയകളുടെ തീരുമാനം.

നാല്‍പ്പതോളം ആദിവാസി വീടുകളാണ് ഇവിടെയുള്ളത്. പണിയര്‍, കാട്ടുനായ്ക്കര്‍ കുറിച്യര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ താമസിക്കുന്നത്.വാളാരം കുന്നിലെ ഇവരുടെ കോളനികളില്‍ നിന്നും നോക്കിയാല്‍ ചുറ്റുവട്ടത്തായി നാലു പാറമടകള്‍ കാണാം.രണ്ടെണ്ണം പരമാവധി ഖനനം നടത്തി ഉപേക്ഷിക്കപ്പെട്ടതാണ്. ബാക്കിയുള്ളത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും. ദിവസങ്ങള്‍  കൊണ്ട് തന്നെ ലോഡുകണക്കിന് കല്ലുകള്‍ അടര്‍ത്തിമാറ്റാന്‍ കഴിയുന്ന യന്ത്ര സംവിധാനങ്ങളാണ് ഇവിടെ മുരളുന്നത്. ആദിവാസികളുടെ ഭൂമിയും വനഭൂമിയും കൈയ്യേറിയാണ് ഇവിടെ ഖനനം. ഇതിനെതിരെ എത്ര പരാതി നല്‍കിയാലും ആരെയെല്ലാം കണ്ട് പറഞ്ഞാലും താല്‍ക്കാലികമായി ഒരു സ്റ്റേ ഉത്തരവ് നല്‍കും എന്നല്ലാതെ മറ്റ് നടപടികള്‍ ഉണ്ടാവാറില്ല .

വര്‍ഷങ്ങളോളം ഖനനം നടത്താന്‍ കോടതി അനുമതിയുണ്ട് എന്നാണ് ഇവിടുത്തെ ക്വാറിക്കുമുന്നില്‍ ഖനന മാഫിയ ബോര്‍ഡ് വെച്ചിരിക്കുന്നത്.  എങ്ങനെ ഇങ്ങനെ ഒരു ഉത്തരവ് കോടതിയില്‍ നിന്നും സമ്പാദിച്ചു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. റവന്യു വകുപ്പ് രേഖകളില്‍ വാളാരം കുന്നിലെ കരിയന്‍ എന്ന ആദിവാസിയുടെ പേരിലുള്ള ഭൂമിയിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. വിവരാവകാശ പ്രകാരമുള്ള റവന്യവകുപ്പിന്റെ മറുപടിയിലാണ് ഇക്കാര്യവും പറയുന്നത്. എന്നിട്ടും ആദിവാസികളുടെ പരാതിയില്‍ നടപടികളില്ല.

ജില്ല തല ട്രൈബല്‍ മോണിറ്ററിങ്ങ് സമിതിക്കും ആദിവാസികള്‍ പരാതി നല്‍ക്കുകയുണ്ടായി. ജില്ലാ കളക്ടര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മലയിലെത്തി. പത്ത് ദിവസം ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ മാത്രമാണ് ഇതുകൊണ്ട് സാധിച്ചത്. ജീവിക്കാന്‍ പോലും വകയില്ലാത്ത ആദിവാസികള്‍ക്ക് ഇതിനു മുകളില്‍ എവിടെ നിന്നാണ് നീതി ലഭിക്കുക. എന്നാല്‍ പ്രദേശത്തുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ദേശീയ ആദിവാസി കമ്മീഷനും ഹൈക്കോടതിയിലും പരാതി നല്‍കി കഴിഞ്ഞു. ബാണാസുരമലയെ ഖനനമാഫിയയില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രകൂടിയാണിത്. പുതിയ പരിസ്ഥിതി സംരക്ഷണ നിയമങ്ങളിലൊന്നും ഉള്‍പ്പെടാത്ത ഭൂമേഖല എന്നതിനെ മുതലാക്കി മുന്നേറുന്ന പ്രകൃതി ചൂഷണത്തിനെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

സെസ്സ് മുന്നറിയിപ്പും അവഗണിക്കുന്നു
സെന്റ്ര്‍ എര്‍ത്ത് സയന്‍സ്സിലെ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ബാണാസുരമലയിലെ ഖനനത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമായ ബാണാസുര അണക്കെട്ടിന് അതിരിട്ടു നില്‍ക്കുന്ന ഗിരിനിരകള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന പഠനമാണ് ഇവിടെ നടത്തിയത്. ഈ റിപ്പോര്‍ട്ട് പ്രകാരം ജീയോളജി വകുപ്പ് സാധാരണ ഗതിയില്‍ അനുവദിക്കുന്ന ഇരുപത് മീറ്റര്‍ ആഴത്തിലുള്ള പാറഖനനം പോലും ഇവിടെ നടത്താന്‍ പടുള്ളതല്ല. മലയിലുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ഭൂകമ്പ സാധ്യതകള്‍ ഇരട്ടിപ്പിക്കുമെന്നാണ് സെസ്സ് മുന്നറിയിപ്പ് നല്‍കുന്നത്. ബാണാസുരമലയിലെ മുഴുവന്‍ ഖനനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് ഇവര്‍ തദ്ദേശ സ്വയം ഭരണത്തിന്റെ വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം അവഗണിക്കപ്പെട്ടു. പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളെല്ലാം ഖനനമാഫിയകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ മത്സരിക്കുകയാണുണ്ടായത്. പാറമടകള്‍ ഇപ്പോള്‍ സക്രിയമാണ്. വലിയ മലകളുടെ താഴ് വാരങ്ങള്‍ കാതടപ്പിക്കുന്ന സ്ഫോടന ശബ്ദങ്ങളില്‍ ഞെട്ടി വിറയ്ക്കുന്നു.ഇതൊന്നും സഹിക്കാന്‍ കഴിയാതെ നിരവധി കുടുംബങ്ങള്‍ മലയില്‍ നിന്നും കുടംബത്തോടെ താഴ് വാരത്തിലേക്ക് പാലായനം ചെയ്തു കഴിഞ്ഞു. ഈ അവസരങ്ങള്‍ മുതലെടുത്ത് കൂടുതല്‍ സ്ഥലം ഖനന മാഫിയ സ്വന്തമാക്കുകയാണ്.പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം ചുളുവിലയ്ക്ക് ഇവര്‍ വാങ്ങിയെടുക്കുന്നു. ഇതോടെ ഇവരുടെ സാമ്രാജ്യം വിശാലമാവുകയാണ്. പ്രദേശത്ത് പരാതി പറായാന്‍ ആരുമില്ലെങ്കില്‍ ഇവരുടെ ഖനനത്തിന് കൂടുതല്‍ വേഗത കെവരിക്കാമല്ലോ. പലപ്പോഴായി പതിച്ചു കിട്ടിയ മിച്ചഭൂമിയാണ് പലരും വില്‍പ്പന നടത്തിയത്. നൂറുകണക്കിന് ഹെക്ടര്‍ ഭൂമി ഇങ്ങനെ ഖനന മുതലാളിമാരുടെ കൈയ്യിലെത്തി. റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ എന്ന പേരിലൊക്കെയാണ് ഭൂമി വാങ്ങിയത്. നഗരങ്ങളിലെ വന്‍ ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കും ഈ മലനിരകളില്‍ ഭൂമിയുണ്ടെന്ന കാര്യം നാട്ടുകാര്‍ക്കു പോലും ഇപ്പോഴാണ് ബോധ്യമാകുന്നത്.

മാഫിയകള്‍ക്ക് തീറെഴുതിയ പരിസ്ഥിതി മേഖല
വയനാട്ടിലെ പതിമൂന്ന് വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.എന്നാല്‍ ഇത്രയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള ബാണാസുരമല ഈ മേഖലകളില്‍ ഉള്‍പ്പെടുന്നില്ല എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയ കാര്യമാണ്. ക്വാറി മാഫിയകളുടെ സ്വാധീനമാണ് ഈ മല നിരകളില്‍ നിയന്ത്രണങ്ങള്‍ എത്താതിരിക്കാന്‍ കാരണം. തദ്ദേശ സ്വയം ഭരണ വകുപ്പ് ഈ മലനിരകള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെ ജൈവ മേഖലകള്‍ അടയാള പ്പെടുത്തിയതില്‍ വെള്ളം ചേര്‍ത്തിരിക്കുന്നു. ജൈവ വൈവിധ്യബോര്‍ഡ് തയ്യാറാക്കിയ രജിസ്റ്ററില്‍ ഈ മലനിരകളുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ടെങ്കിലും പട്ടികയില്‍ ഇത് ഉള്‍പ്പെടാതെ പോയി. ഇവിടെയാണ് മാഫിയകളുടെ വലുപ്പം സാധാരണക്കാരറിയുന്നത്. 

വലിയ ദുരന്തങ്ങള്‍ ഈ മലനിരകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോള്‍ പാറമടകള്‍ സക്രിയമായുള്ള കാപ്പിക്കളത്ത് പതിനൊന്നു പേരുടെ ജീവനാണ് മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. നിരവധി ഏക്കര്‍ കൃഷി ഭൂമിയും വളര്‍ത്തുമൃഗങ്ങളുമെല്ലാം ഇതില്‍ ഒലിച്ചുപോയി. മലയുടെ നെറുകയില്‍ ഇപ്പോളും വിള്ളലുകള്‍ കാണാം. അതുകൊണ്ടുതന്നെ ഓരോ മഴക്കാലം വരുമ്പോഴും താഴ് വാരത്തുളളവര്‍ ദുരതിതാശ്വാസ ക്യാമ്പുകളിലാണ് അന്തിയുറങ്ങുന്നത്. ഇതെല്ലാം വലിയ പാഠങ്ങളായി മുന്നിലുള്ളപ്പോഴും അധികൃതര്‍ കണ്ണടയ്ക്കുകയാണ്. 

പരിസ്ഥിതിയെ നശിപ്പിക്കുന്നതും ആഘാതമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെക്കുക. അതേ സമയം തദ്ദേശീയമായ സമൂഹത്തിന്റെ ജിവസന്ധാരണത്തിനും പരിസ്ഥിതി സൗഹാര്‍ദ വികസനത്തിനും പ്രോത്സാഹനം നല്കുക. ഇതാണ് പശ്ചിമഘട്ട ഉന്നതതല സമിതി മുന്നോട്ട് വെച്ച പ്രധാനകാര്യം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ തുടരുന്ന തരത്തില്‍ ഈ വിഷയങ്ങളെ ഗൗരവ പൂര്‍വ്വം പരിഗണിക്കണമെന്ന്  സമിതി ആവര്‍ത്തിച്ചു പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ കരട് വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ പശ്ചിമഘട്ട ഉന്നതതല വര്‍ക്കിങ്ങ് ഗ്രൂപ്പ് നല്‍കിയ ഒട്ടേറെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായി കാണാം. പശ്ചിമഘട്ടതിന്റെ വ്യാപ്തി സംബന്ധിച്ചും പ്രദേശത്തിന്റെ അതിര്‍ത്തികള്‍ സംബന്ധിച്ചുമെല്ലാം വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടുകളെ അംഗീകരിക്കുകയായിരുന്നു. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ പാറ ഖനനം, മണല്‍ ഖനനം, താപോര്‍ജ നിലയങ്ങള്‍ , ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യവസായങ്ങള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കണമെന്ന അവശ്യവും വനമന്ത്രാലയം പരിഗണിച്ചു. 20000 ചതുരശ്ര അടിയിലധികമുള്ള കെട്ടിടങ്ങള്‍ക്കും ടൗണ്‍ഷിപ്പുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനും ധാരണയാവുകയായിരുന്നു. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോഴും ബാണാസുര മലയെന്ന വയനാട്ടിലെ ഏറ്റവും വലിയ പര്‍വ്വതത്തെ ആരു സംരക്ഷിക്കും എന്നതാണ് ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തുന്ന ചോദ്യം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍, വയനാട് സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മരിച്ചുകൊണ്ടിരിക്കുന്ന വെള്ളായണി കായല്‍; അഴിമുഖം ഡോക്ക്യുമെന്‍ററി കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍