UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാംഗ്ലൂരിലെ ഒരുദിവസം അഥവാ ചില ഭാഷാ കുന്ത്രാണ്ടങ്ങള്‍

‘5000 റുപ്പിയ കൊടുക്കണം, നായ്ക്കള്‍’

വീട്ടിലേക്കുള്ള വഴിയിലെ നിരവധി ബ്ലോക്കുകളിലൊന്നില്‍പ്പെട്ട് കിടക്കുന്ന കാറില്‍, എന്തോ ആലോചിച്ചിരുന്ന ഞാന്‍ പെട്ടെന്ന് ശ്രദ്ധിച്ചു. മണിച്ചേട്ടന്‍ ചൂണ്ടുന്നത് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിലേക്കാണ്. ‘5000 രൂപയോ? എന്തിന്‌ പ്പോ?’ പോലീസുകാര്‍ക്ക് 5000 രൂപ കൈക്കൂലി കൊടുത്ത് അവസാനിപ്പിക്കേണ്ട എന്ത് പ്രശ്‌നമാണ് മണിച്ചേട്ടന് ഉണ്ടാകുക.

‘ആ…’

വലിയ ഒരു കഥ തുടങ്ങുന്നതിന്റെ ആമുഖമായി മണിച്ചേട്ടന്‍ ഒന്നു മൂളി. വണ്ടി മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. തലങ്ങും വിലങ്ങും കിടക്കുന്ന ഓട്ടോറിക്ഷകളെ കടന്ന് മണിച്ചേട്ടന്‍ കാര്‍ ഒരു 10 മീറ്റര്‍ കൂടി മുന്നോട്ട് നീക്കി.

 

‘ശേഷാദ്രിപുരം കോളേജില്‍നിന്ന് ഒരു പെണ്ണിനെ കിഡ്‌നാപ്പാക്കി, മാര്‍വാഡി പെണ്ണാണ്. ചെക്കന്‍മാര്‍ വണ്ടിയോടിച്ച് നടക്കാന്‍ തുടങ്ങി. പെണ്ണ് കാറില്‍. പോലീസ് നോക്കുമ്പോ ഒരിക്കല്‍ സര്‍ജാപ്പുര റോഡ് ന്ന് കാണിക്കും; പിന്നെ മജെസ്റ്റിക്ക് ന്ന് കാണിക്കും; പിന്നെ റിച്ച്മണ്ട് ടൗണ്‍ ന്ന് കാണിക്കും. പെണ്ണ് കാറിലല്ലേ, പൊലീസ് ഓടുവ.’

 

മണിച്ചേട്ടന്റെ അച്ഛന്‍ മലയാളിയും, അമ്മ തമിഴത്തിയുമാണ്. ഞാന്‍ ജനിക്കുന്നതിന് മുമ്പേ ബംഗളുരുവിലെത്തിയതാണ്. കന്നഡ, മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി എല്ലാം പറയും. മണിച്ചേട്ടന്‍ പറയുന്ന മലയാളം പക്ഷെ തനി മലയാളമല്ല. അതില്‍ തമിഴാണോ കന്നഡയാണോ കലര്‍ന്നിരിക്കുന്നതെന്ന് മനസ്സിലാകാന്‍ മാത്രം ഈ രണ്ടു ഭാഷയും എനിക്കറിയുകയുമില്ല.

 

‘നമ്മള്‍ വിചാരിക്കും ഇങ്ങനെ പോകുമ്പോ വലിയ വണ്ടിയാരിക്കുമെന്ന്, ഒന്നുമില്ല, പഴയ ഫീയറ്റ് വണ്ടിയില്ലേ, 118? അതിലാണ് കറങ്ങുന്നേ. മൊബൈല്‍ ഫോണിന്റെ സിഗ്‌നല് പിടിച്ച് പൊലീസ് പിന്നാലെ പോകും, അപ്പോ വേറെ സ്ഥലമാരിക്കും, അപ്പോ അങ്ങോട്ട് പോകും. അങ്ങനെ ചുറ്റി ചുറ്റി രണ്ട് ദിവസം കഴിഞ്ഞു. രാത്രിയെല്ലാം ചുറ്റിക്കലാ. ഒരു രാത്രിയും ഒരു പകലും കഴിഞ്ഞ് രണ്ടാമത്തെ മോണിംഗായി. ഞാനും ഇങ്ങനെ പോകുവല്ലേ’

 

‘അല്ല മണിച്ചേട്ടന്‍ എന്തിനാ പോകുന്നെ?’ ഞാന്‍ ഇടയില്‍ കയറി ചോദിച്ചു. മണിച്ചേട്ടന്‍ 5000 രൂപ കൊടുക്കേണ്ട അവസ്ഥ എങ്ങനെ ഉണ്ടായെന്ന് എത്ര മുന്‍കൂട്ടി ചിന്തിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല.
‘ഞാന്‍ അന്ന് ക്വാളിസുമായി ട്രാവല്‍സിലായിരുന്നു. അപ്പോ അവര്‍ വിളിച്ചിട്ടുപറഞ്ഞു, പോലീസുകാരന്‍മാര്‍ക്ക് വണ്ടിവേണം, വേഗം പോണം പറഞ്ഞു. അങ്ങനെ പോയതാ’

 

‘അതെന്താ പോലീസുകാര്‍ക്ക് വണ്ടിയില്ലേ… പിന്നെന്തിനാ ട്രാവല്‍സീന്ന് വിളിക്കുന്നേ?’

 

‘ആ… അല്ലാ മഫ്തിയില്‍ പോകേണ്ടേ? പോലീസുകാരന്‍മാരുടെ വണ്ടീല്‍ പോയാല്‍ തിരിച്ചറിയൂലേ, ഫോളോ ചെയ്യുവല്ലേ രാവിലെ മുതല്‍… 

 

‘ഏന്‍ നോഡി ഹോഗീതരേ…’, ഒരു പെട്ടിയോട്ടോക്കാരനെ കന്നഡയില്‍ എന്തോ ചീത്ത വിളിച്ച് മണിച്ചേട്ടന്‍ കന്നഡയില്‍ തുടര്‍ന്നു, എനിക്ക് അധികം ഒന്നും പിടികിട്ടിയില്ല, പെട്ടി ഓട്ടോറിക്ഷക്കാരനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, വഴിയുടെ ഒരു വശത്ത് ബെസ്‌കോംകാര് കുഴിച്ചിട്ടിരിക്കുന്നു. രണ്ട് വണ്ടിക്ക് പോകാന്‍ സ്ഥലമില്ല. സിഗ്‌നല്‍ കിട്ടാതെ എന്റെ വീട്ടിലേക്ക് പോകാന്‍ മണിച്ചേട്ടന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ്. പക്ഷേ എന്നും ഇങ്ങനെന്തെങ്കിലും കുരുക്ക് ഉണ്ടാകും. ഞങ്ങളുടെ ഇന്‍ഡിക്കാ അല്‍പ്പം ഇടത്തോട്ട് കയറ്റിയും, പെട്ടിയോട്ടോ മുന്നോട്ട് നിരക്കിയും രണ്ട് വണ്ടിയും കടന്നു പോകാനുള്ള വഴിയുണ്ടാക്കി.

 

 

‘ഉം… എന്നിട്ട്…?’ 
ബാക്കി കഥ കേള്‍ക്കാനുള്ള വ്യഗ്രതയില്‍ ഞാന്‍ ചോദിച്ചു. എന്നാലും ഈ പോലീസുകാര്‍ക്ക് 5000 രൂപ എന്തിനാ കൊടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല.

 

’10 ലക്ഷം രൂപയാ ചോദിക്കുന്നേ’
‘ആര് എന്തിന്?’
‘പെണ്ണിനെ കൊടുക്കാന്‍ മാര്‍വാഡിയോട്’
‘ഓ…’
‘ആ… എന്നിട്ട് ഞങ്ങള്‍ സിറ്റി മുഴുവന്‍ ചുറ്റി, അവര്‍ മജെസ്റ്റിക്കില്‍ പോയി ഫോണ്‍ ഓണ്‍ ആക്കും, പിന്നെ ഓഫ് ആക്കും, പിന്നെ എച്ച് എസ് ആര്‍ ലേയൗട്ട് എത്തിയിട്ടേ ഓണ്‍ ആക്കൂ, അങ്ങനെ ചുറ്റിക്കുക. പിള്ളേരല്ലേ അവര്‍ ചുമ്മാ ഓടിച്ചുപോയി. രാത്രിയായി. അപ്പോ ഞങ്ങള് ശിവാജി നഗര്‍ എത്തി.

 

പോലീസുകാരന്‍മാര്, അഞ്ചാറ് പേരുണ്ട്. പറഞ്ഞു ഭക്ഷണം കഴിക്കാമെന്ന്. ബിരിയാണി വാങ്ങി, പാഴ്‌സല്‍ ആക്കി. പോലീസ് സ്റ്റേഷനില്‍ പോയി കയിക്കാമെന്ന് പറഞ്ഞു. എസ് ഐ വഴക്കു പറയും. സ്റ്റേഷനില്‍ പോയി അപ്പുറത്ത് ചെന്ന് ഓരോരുത്തരോരോരുത്തരായി കയിക്കണം. അപ്പോ ദാ വരുന്നു വൈര്‍ലെസ്, എസ്‌ഐടെ. എസ് ഐ ഒരു പെണ്ണാ, സ്‌റ്റൈലന്‍ പെണ്ണ്. ഭയങ്കരിയാ, അവള് വേറെ കാറില്‍ ചുറ്റുവാ പിള്ളേരെ പിടിക്കാന്‍. അവള്‌ടെ ഭര്‍ത്താവും ഉണ്ട് കൂടെ, മാഡത്തിന്റെ. അവള് കണ്ടു.’
‘ആരെ?’
‘പിള്ളേരെ. വണ്ടി ഓടിച്ചോടിച്ച് ക്ഷീണിച്ച് അവര്‍ നിര്‍ത്തിയപ്പോഴാണ് മാഡം അവരെ കണ്ടത്. അപ്പോ പിള്ളേര് ഫീയറ്റ് നിര്‍ത്തിയിട്ടിരിക്കുന്നു. എസ്‌ഐയെ കണ്ടപ്പോ പെണ്ണിനെ ചവിട്ടു പുറത്തോട്ടിട്ടു, അപ്പോ കൂടെ ഒരു ചെക്കന്‍, അവനും വീണു, ഫീയറ്റിന്റെ ഡോറില്ലേ? അതില്‍ ഇടിച്ചു. പെണ്ണ് തെറിച്ചുവീണു, അങ്ങനെ’
കയ്യൊക്കെ നീട്ടി കാണിച്ച് മണിച്ചേട്ടന്‍ പറഞ്ഞെങ്കിലും ശരിക്കും എന്താണുണ്ടായതെന്ന് എനിക്ക് പിടികിട്ടിയില്ല. എന്തായാലും പെണ്ണ് പുറത്തെത്തിയല്ലോ, ഇനിയെങ്കിലും 5000 രൂപയുടെ കാര്യം മനസ്സിലാക്കാമെന്ന് കരുതി, ഞാന്‍ ഇടപെടുകയോ സംശയം ചോദിക്കുകയോ ചെയ്തില്ല.

 

‘മാഡം വെടിവച്ചു…’
മണിച്ചേട്ടന്‍ നാടകീയമായി പ്രഖ്യാപിച്ചു.
‘അയ്യോ ആരെ, ആ പെണ്ണിനെയോ’ എനിക്കൊന്നും മനസ്സിലായില്ല. 
‘അല്ല ചെക്കനും താഴെ വീണില്ലേ? അവനെ. കാലിനിട്ട്. എന്നിട്ട് പെണ്ണിനെ എടുത്തു കൊണ്ടുപോയി. കണ്ണെല്ലാം കെട്ടി ഇങ്ങനെ ഓടിച്ചു പോയതാണെന്ന് അവള് പറഞ്ഞു, മാര്‍വാഡി പെണ്ണിന് കന്നഡ അറിയില്ലല്ലോ, ഹിന്ദിയല്ലേ, കന്നഡ പഠിച്ചുവരുന്നതേ ഒള്ളു. ങ്ങള് പറയുന്നേനെക്കാള്‍ കുറച്ചൂടെ ബെറ്റര്‍ ആയി പറയും.’

 

അതിനിടെ എനിക്കിട്ട് വച്ചത് ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. എന്റെ കന്നഡയെ പറ്റി ആര്‌ മോശം പറഞ്ഞാലും എനിക്ക് ഫീല്‍ ചെയ്യും.

 

‘അവക്ക് ഒന്നും അറിയില്ല. ഉച്ചക്ക് ചെക്കമ്മാര് ഭക്ഷണം കൊടുത്തു. ബിരിയാണി. അവള് വെജിറ്റേറിയല്ലേ, വേണ്ടാ പറഞ്ഞു, കഴുത്തിന് കത്തി വച്ചു കഴിക്കടീ ന്ന് പറഞ്ഞു, അവള് പറയ്വാ, പിന്നെ അവള് കഴിച്ചു, ചോറ് മാത്രാണോ ചിക്കനും കഴിച്ചോന്ന് എനക്ക് അറിയില്ല.’

 

‘അല്ല 5000 രൂപ എന്തിനാ കൊടുക്കുന്നേ’
‘ആ… അതിന്റെ പൈസ ഇനിയും കൊടുത്തിട്ടില്ല. അന്ന് ഓടിയില്ലേ, വണ്ടി…? മാര്‍വാഡി തന്ത തരുമെന്ന് പോലീസ് പറഞ്ഞു. അയാള് കൊടുത്തുകാണും. നായ്ക്കള്‍ എനിക്ക് ഇനിയും കൊടുത്തിട്ടില്ല… 5000 രൂപ പോയി.’

 

അതുശരി. 5000 മണിച്ചേട്ടന്‍ കൊടുക്കാനുള്ളതല്ല. പോലീസുകാര്‍ ഇങ്ങോട്ടു കൊടുക്കാനുള്ളതാണ്. കൊടുക്കുക, എന്ന് മണിച്ചേട്ടന്‍ പറഞ്ഞാല്‍ തരുക എന്നാണ് അര്‍ത്ഥം. അക്കിടി മനസ്സിലായി അന്തം വിട്ടിരിക്കുമ്പോ മണിച്ചേട്ടന്‍ പറഞ്ഞു, 
‘അവനെ ആസ്പത്രീല്‍ കൊണ്ടുപോയി. വിക്ടോറിയേല്‍…’
‘ആരെ?’
‘വെടിയേറ്റില്ലേ ഒരു ചെക്കന്‍… അവനെ’. എന്റെ വീട് എത്തിയത് അയാള്‍ടെ ഭാഗ്യം.

 

ഭാഷയുടെ ഓരോ കുന്ത്രാണ്ടങ്ങള്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍