UPDATES

കാഴ്ചപ്പാട്

കള്ളന്‍ കട്ട കള്ളത്തരം

ചെറിയ മയക്കത്തില്‍ അങ്ങനെ തന്നെ കിടക്കാന്‍ എന്താ സുഖം. സ്‌നൂസ് ചെയ്തതിനാല്‍ ഇടക്കിടെ അടിക്കുന്ന അലാറാം മാത്രമാണ് ഒരു ശല്യം. എട്ട് മണിക്കെങ്കിലും എഴുന്നേല്‍ക്കാന്‍ ലക്ഷ്യമിട്ട് 8, 8: 10, 8: 20 എന്നിങ്ങനെയാണ് അലാറം വച്ചിരുന്നത്. സ്‌നൂസ് ചെയ്ത കണക്കുവച്ച് എന്തായാലും സമയം എട്ടര കഴിഞ്ഞിട്ടുണ്ടാകും. ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് മടങ്ങുന്നതിനിടെയാണ് പുറത്ത് ഒരു ശബ്ദം. ആളുകള്‍ വലിയ ശബ്ദത്തില്‍ സംസാരിക്കുന്നു. വഴക്കടിക്കുന്നതാണെന്ന് തോന്നുന്നു. രാവിലെ തന്നെ ഇവര്‍ക്ക് ഒരു പണിയുമില്ലേ എന്ന് കരുതി തലയിണകള്‍ക്കിടയിലേക്ക് ഞാന്‍ തല തിരുകി കയറ്റി. 

എന്റെ വീട്ടുടമസ്ഥന്റെ ശബ്ദമാണ് മുന്നില്‍. രാവിലെ ഇയാള്‍ ആരുടെ മെക്കിട്ട് ആണാവോ കേറുന്നത്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല. ശബ്ദം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. സ്ത്രീകളുടെ ശബ്ദവും കേട്ടുതുടങ്ങിയിരിക്കുന്നു. കമ്പിളി തലവഴി മൂടി ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

ജനലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇവമ്മാര് ഉറങ്ങാന്‍ സമ്മതിക്കൂലേ… ഇതിപ്പോ എന്റെ ജനലില്‍ തട്ടുന്നത് എന്തിനാണ്. കട്ടിലില്‍നിന്ന് തലമാത്രം ഉയര്‍ത്തി ജനലിന്റെ ഭാഗത്തേക്ക് ഞാന്‍ നോക്കി. എഴുന്നേല്‍ക്കാന്‍ മനസ്സുവരുന്നില്ല. ഓഫീസില്‍ പോയെന്ന് കരുതട്ടെ ഞാന്‍ മിണ്ടാതെ കട്ടിലില്‍ തന്നെ കിടന്നു. രണ്ട് തവണ മാത്രമേ തട്ടിയുള്ളു .ചിലപ്പോള്‍ കൈ അറിയാതെ കൊണ്ടതായിരിക്കും. പുറത്തെ ബഹളം തീര്‍ന്നിട്ടില്ല. വീട്ടുടമ പരമാവധി ശബ്ദത്തില്‍തന്നെയാണ് സംസാരിക്കുന്നത്. എന്താണെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല.

ഒരു അഞ്ച് മിനിറ്റ് കൂടി ഉറങ്ങിക്കാണും. അപ്പോഴാണ് കതകില്‍ തട്ടുന്ന ശബ്ദം കേട്ടത്. ഓ സമ്മതിക്കില്ല. 

പെട്ടെന്ന് പെടഞ്ഞ് എണീറ്റ് ഞാന്‍ മുഖമൊന്ന് തുടച്ചു. ഇങ്ങനെ കണ്ടാല്‍ ഉറങ്ങുകയായിരുന്നുവെന്ന് ഇവര്‍ക്ക് മനസ്സിലാകുമല്ലോ ഈശ്വരാ. കണ്ണ് തിരുമ്മി പീള കളഞ്ഞു കൊണ്ട് ചെരുപ്പ് ഇട്ടു. എന്ത് പറയും. ജനാലയില്‍ തട്ടിയിട്ട് തുറക്കാതിരുന്നത് എന്താണെന്ന് ചോദിച്ചാല്‍ എന്ത് പറയും. കുളിക്കുകയായിരുന്നുവെന്ന് പറഞ്ഞാലോ. ഉറക്കച്ചടവോടെ നിന്നിട്ട് കുളിക്കുകയാരുന്നുവെന്ന് എങ്ങനെ പറയും. എന്ത് പറയുമെന്ന് ഒരു പിടിയും കിട്ടിയില്ല. രാവിലെ ഒമ്പത് മണിവരെ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലാകുക തന്നെ ചെയ്യും. ഒരു സെക്കന്‍ഡില്‍ ചിന്തിച്ചു കൂട്ടുന്ന കാര്യം ഒരു പേജ് നീളും.

കണ്ണും തിരുമ്മി ഞാന്‍ വാതില്‍ തുറന്നു. വീട്ടുടമസ്ഥന്റെ ഭാര്യയാണത്‌. കതകു തുറന്നതും അവര്‍ ഒറ്റ ശ്വാസത്തില്‍ കുറേക്കാര്യങ്ങള്‍ എന്നോട് പറഞ്ഞു. കന്നഡയാണ്. എനിക്ക് കന്നഡ കുറച്ചൊക്കെ അറിയാം. പക്ഷേ എന്താണെന്ന് അറിയില്ല. ഒരു വസ്തു എനിക്ക് മനസ്സിലായില്ല. 

ഉറക്കച്ചടവായതുകൊണ്ടാകും. അല്ലാതെ മനസ്സിലാകാതിരിക്കാന്‍ വഴിയില്ലെന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. മനുഷ്യന്റെ ആത്മവിശ്വാസം കളയാന്‍ വേണ്ടി ജനിച്ചതാണെന്ന് തോന്നുന്നു ഇവര്‍. 

പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്റെ വീടിന് മുന്നില്‍ തരക്കേടില്ലാത്ത വിധം ജനം കൂടിയിട്ടുണ്ട്. ഞാന്‍ ഞെട്ടി. ഇതിപ്പോ എന്താണ് ഉണ്ടായത്. വീട്ടുടമസ്ഥനെ കൂടാതെ ആറ് ഏഴ് പേര് വേറെയും ഉണ്ട്. അതിലൊരാള്‍ തലകുനിച്ച് ഒരു കുറ്റവാളിയെപോലെ നില്‍ക്കുന്നു. മുഷിഞ്ഞ ഷര്‍ട്ടും മുട്ടിന് തൊട്ടു താഴെ മടക്കിവച്ചിരിക്കുന്ന ഒരു ചെളി പിടിച്ച പാന്റും. അയാളെയും കൂട്ടത്തിലെ മറ്റ് രണ്ട് മൂന്ന് പേരെയും ഞാന്‍ ഇതിന് മുന്നെ കണ്ടിട്ടില്ല. അയല്‍ക്കാരാകും. ആ ചുറ്റുപാടും തന്നെ എത്ര വീടുണ്ട്. എല്ലാരെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

എന്തായാലും മുഷിഞ്ഞ ഷര്‍ട്ടുകാരന്‍ എന്തോ കുറ്റം ചെയ്‌തെന്നും ഇവരെല്ലാം അതിവിദഗ്ദ്ധമായി അയാളെ പിടിച്ചതാണെന്നും മനസ്സിലാക്കാന്‍ കന്നഡ അറിയണമെന്നില്ലായിരുന്നു.

ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു. പിന്നില്‍ പശ്ചാത്തല സംഗീതം പോലെ വീട്ടുടമസ്ഥന്റെ ഭാര്യ കാര്യങ്ങള്‍ എന്നോട് വിശദീകരിക്കുന്നുണ്ട്. ശ്രദ്ധിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഞാന്‍ കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചിലര്‍ കുറ്റവാളിയേയും എന്റെ ജനലിനേയും മാറി മാറി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഞാന്‍ ജനാലയിലേക്ക് നോക്കി. അത് അടച്ചുപൂട്ടിയേ ഞാന്‍ ഉറങ്ങാറുള്ളു. ആകെ ഒരു മുറി ഉള്ള വീടായതിനാല്‍ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ അത് അടച്ചിടും.

ഇനി ഇയാള്‍ ജനാലയിലൂടെ ഒളിഞ്ഞുനോക്കാന്‍ ശ്രമിച്ചപ്പോഴാണോ ഇവര്‍ പിടികൂടിയത്. പക്ഷേ അടച്ചുപൂട്ടിയ ജനാലയിലൂടെ ഇയാള്‍ എന്ത് ചെയ്യാന്‍. 

അപ്പോഴാണ് താന്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കി വീട്ടുടമസ്ഥന്റെ ഭാര്യ എന്റെ കയ്യില്‍ കടന്നുപിടിച്ചത്.

എനിക്ക് നാണക്കേട് തോന്നി. ആറേഴ് പേര്‍ ഒരുമിച്ച് നിന്ന് പറഞ്ഞിട്ടും എനിക്ക് മനസ്സിലാകുന്നില്ലേ എന്നാകും ഇവര്‍ വിചാരിക്കുന്നത്.

വീട്ടുടമസ്ഥന്റെ ഭാര്യ ആവര്‍ത്തിച്ച് എന്തോ ഒരു വാക്ക് എന്നോട് പറയുകയാണ്. പാഴ്‌സി പാഴ്‌സി എന്നാണ് എനിക്ക് തിരിയുന്നത്. ഇനി ഈ കുറ്റവാളി പാഴ്‌സിയാണെന്നാണോ. എന്തോ. അപ്പോഴാണ് അവര്‍ വിരല്‍ തുമ്പുകള്‍ കൂട്ടി തിരുമ്മി കാണിച്ചത്. പണം എന്ന് സൂചിപ്പിക്കാന്‍ ലോകമെമ്പാടും ഉപയോഗിക്കുന്ന സൂചന. 

അപ്പോള്‍ എനിക്ക് പെട്ടെന്ന് കത്തി.

”പേഴ്‌സ്?”

‘ഹാാാ’

അവര്‍ക്ക് സമാധാനമായി. എന്ത് പേഴ്‌സ്? എന്താ പ്രശ്‌നം. എനിക്ക് മനസ്സിലായില്ല. എനിക്ക് പേഴ്‌സ് ഒന്നും ഇല്ല. മുഴുവന്‍ സമയം തോളില്‍ തൂക്കൂന്ന ഒരു ബാഗാണ് എന്റെ സ്‌റ്റൈല്‍. പേഴ്‌സിനേക്കാള്‍ വലുതും ബാഗിനേക്കാള്‍ ചെറുതമായ ആ സാധനം തൂക്കി നടക്കുന്നതിനാല്‍ കണ്ടക്ടര്‍, പച്ചക്കുതിയ തുടങ്ങിയ ഇരട്ടപ്പേരുകള്‍ എനിക്ക് കിട്ടിയിട്ടുമുണ്ട്.

അപ്പോഴാണ് ഒരു മാജിക്കുകാരന്റെ മെയ് വഴക്കത്തോടെ വീട്ടുടമസ്ഥന്റെ ഭാര്യ അവരുടെ അരയില്‍നിന്ന് അത് പുറത്തെടുത്തത്. നീല നിറമുള്ള ഒരു കുട്ടി പേഴ്‌സ്. ഒരു സിപ്പ് മാത്രമുള്ളത്. ഒരു തവണ നോക്കിയപ്പോഴേ എനിക്ക് കാര്യം പിടികിട്ടി. ഞാന്‍ തകര്‍ന്നുപോയി.

ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയാതെ കൊണ്ടുനടക്കുന്ന വൃത്തികെട്ട ശീലം എനിക്കുണ്ട്. വീട് എത്ര വൃത്തികേടായി കിടന്നാലും ആവശ്യമില്ലാത്തത് കളയൂല. സ്ഥലം മാറ്റത്തിന്റെ പേരില്‍ എല്ലാം പാക്ക് ചെയ്ത് പോകുമ്പോഴും മറക്കാതെ ഞാന്‍ ഇവയെല്ലാം കൂടെ കരുതും. ഇത് ഏതോ ഒരു വിദേശ യാത്രക്കിടെ എയര്‍ലൈന്‍സുകാര്‍ തന്ന കിറ്റാണ്. നീല നിറമുള്ള ആ പേഴ്‌സില്‍ അവരുടെ പേര് അച്ചടിച്ചിട്ടുമുണ്ട്.

ഈശ്വരാ ഈ സാധനമാണോ ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇത് മോഷ്ടിക്കാന്‍ ശ്രമിച്ച ആളെ പിടിച്ചതിന്റെ ചാരിതാര്‍ത്ഥ്യമാണോ ഈ മനുഷ്യമ്മാരുടെയെല്ലാം പുറത്ത്. 

വാതിലിന് അരികെ തന്നെയുള്ള സ്റ്റാന്‍ഡിലാണ് ഇത് വച്ചിരുന്നത്. അതില്‍നിന്ന് താഴെ വീണ് പോയതാകാം. വീട്ടുടമസ്ഥന്റെ ഭാര്യ പടിയിലേക്ക് ചൂണ്ടുന്നതില്‍നിന്ന് ആ പടിയില്‍ വീണ് കിടന്നതായും മനസ്സിലായി. 

ഞാന്‍ തകര്‍ന്നുപോയി ഇതെങ്ങനെ അവരെ പറഞ്ഞ് മനസ്സിലാക്കും. പണ്ടാരം!!!

ഞാന്‍ അധികം ഒന്നു ബുദ്ധിമുട്ടേണ്ടിവന്നില്ല. പേഴ്‌സും സിപ്പും കാണിച്ച് അവര്‍! പറയുന്നത് അത് തുറന്ന് പണമെല്ലാം ഉണ്ടെന്ന് ഉറപ്പിക്കാനാണെന്ന് എനിക്ക് മനസ്സിലായി.

ഒരു കാരണവശാലും ഇത് അവര്‍ക്ക് മുന്നില്‍ തുറക്കാന്‍ പാടില്ല. മാനം പോകാന്‍ വേറൊന്നും വേണ്ട.

പക്ഷേ തുറന്നുകാണാതെ പോകില്ലെന്ന വാശിയിലാണ് അവര്‍.

പറവാഗില്ല, പറവാദില്ല, എന്ന ദുര്‍ബലമായ വാക്കുകള്‍ അവര്‍ കേട്ടതായി പോലും ഭാവിച്ചില്ല. 

അവരുടെ പിടിയിലുള്ള കുറ്റവാളിയും ആകാംക്ഷയോടെ അതിലേക്ക് തന്നെയാണ് നോക്കുന്നത്.

നിക്കക്കള്ളിയില്ലാതെ ഞാന്‍ അത് തുറന്നു.

ചെറുവിരലിന്റെ വലിപ്പമുള്ള ഒരു ടൂത്ത് പേസ്റ്റാണ് ആദ്യം പുറത്തുചാടിയത്. കൂടിനിന്നവരുടെ മുഖത്ത് അദ്ഭുതം വിടരുന്നത് മുഖത്തുനോക്കാതെ തന്നെ ഞാന്‍ അറിഞ്ഞു. 

അടുത്തതായി മടക്കിവയ്ക്കാവുന്ന ഒരു ചെറിയ ടൂത്ത് ബ്രഷും പുറത്തുവന്നതോടെ എല്ലാവരുടെയും നോട്ടം എന്റെ നേര്‍ക്കായി. നീല നിറത്തിലെ രണ്ട് സോക്‌സാണ് പിന്നെ പുറത്തുചാടിയത്.

നിസ്സഹായ ആയ ഒരു ചിരിയോടെ ഞാന്‍ വീണ്ടും പേഴ്‌സിനുള്ളിലേക്ക് കയ്യിട്ടു. വെളിച്ചം കണ്ണിലേക്ക് കടക്കാതിരിക്കാനുള്ള ഐക്യാപ്. പേഴ്‌സ് കമത്തി, കയ്യിലേക്ക് കുടഞ്ഞപ്പോള്‍ രണ്ട് ഇയര്‍ പ്ലഗുകൂടി പുറത്തുവന്നു.

എല്ലാവരും അന്തം വിട്ട് എന്നെ നോക്കി നില്‍ക്കുകയാണ്.

‘പൈസ ഒന്നും ഇല്ലൈ’

അവസാനത്തെ ഇല്ലയിലുള്ള ആ ഐ ഭാഷ കന്നഡയാക്കുമെന്ന വിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

അപ്പോഴേക്കും കുറ്റവാളിയിലുള്ള പിടി അവര്‍ വിട്ടിരുന്നു. അയാള്‍ ഒരുതരം അവജ്ഞയോടെ എന്നെ നോക്കിനില്‍പ്പാണ്.

ഇവമ്മാര്‍ക്ക് ഇനിയെങ്കിലും പോക്കൂടേ

വീട്ടുടമസ്ഥന്റെ ഭാര്യ പിന്നെയും ശ്വാസം വിടാതെ എന്തൊക്കെയോ പറയുന്നുണ്ട്. ഞാന്‍ അവരുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് നിന്നു.

എല്ലാവരും പതിയെ പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ഞാനും പതിയേ ഉള്ളിലേക്ക് വലിഞ്ഞു. കതക് അടച്ചുകുറ്റിയിട്ട് നാണം കെട്ട് നില്‍ക്കുമ്പോഴാണ് കതകില്‍ വീണ്ടുമൊരു മുട്ട്.

തുറന്നുനോക്കുമ്പോള്‍ ദാ വാതിലില്‍ വീണ്ടും വീട്ടുടമസ്ഥന്റെ ഭാര്യ.

‘റെന്റ് …’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍