UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരയും കാലും മുക്കാലും കണ്ട് ശീലമുള്ള ഒരു നഗരം

ഓഫീസിന് അടുത്തുള്ള ആശുപത്രി ക്യാന്റീനിൽ കടുത്ത തലവേദനയെ അതിജീവിക്കാൻ ശീലം മറന്ന് കാപ്പി കുടിക്കാൻ പോയതാണ് ഞാൻ. 

ഒരു കാപ്പി, എന്ന് പറഞ്ഞപ്പോൾ ബില്ലടിക്കാൻ ഇരിക്കുന്നയാളുടെ ചോദ്യം, ‘ഹാഫോ ഫുള്ളോ?’

അല്ല പൈന്റ് എന്ന് പറയാനാണ് തോന്നിയത്. ഞാൻ നല്ല ഒന്നാന്തരം മലയാളി തന്നെ. പൈന്റ് വിഴുങ്ങി, ഫുൾ എന്ന് പറയുന്നതിനിടെ പണ്ട് ഉണ്ടായ ഒരു സംഭവം ഓർത്തു.

ബംഗളൂരുവിൽ ആദ്യം എത്തുന്നത് പഠിക്കാനാണ്. കോളേജിൽനിന്ന് വരുന്ന വഴി ഇടക്കിടെ ജ്യൂസ് കുടിക്കാൻ ഒരു മലയാളിയുടെ ബേക്കറിയിൽ കയറും. അങ്ങനെ ഒരിക്കൽ ജ്യൂസ് കുടിക്കുമ്പോഴാണ് അത് ഞാൻ ആദ്യം കേൾക്കുന്നത്.

‘ഒരു ഹാഫ് ടീ’

പൊതുവെ കാപ്പിയും ചായയും കുടിക്കുന്ന ശീലം എനിക്കില്ല. അപ്പോൾ രാവിലെ എഴുന്നേറ്റാൽ എന്ത് കുടിക്കുമെന്ന് പലരും ചോദിക്കാറുണ്ട്. ദാഹിച്ചാൽ വെള്ളം എന്നാണെന്റെ മറുപടി.

അങ്ങനെ ചായയും കാപ്പിയുമായി അടുത്ത് ഇടപഴുകിയ ശീലമില്ലെങ്കിലും ഇവിടെ കാപ്പിയും ചായയും കൊടുക്കുന്നത് കണ്ട് എനിക്ക് കഷ്ടം തോന്നിയിട്ടുണ്ട്. ചെറുവിരലിന്റെ വലിപ്പം പോലുമില്ലാത്ത ഗ്ലാസിലാണ് ചായ നൽകുക. ഒരു തൊടം, അതിൽ കൂടുതൽ അതിൽ കൊള്ളാൻ ഇടയില്ല. ഇങ്ങനെ ഇവമ്മാര് എന്തിന് ചായകുടിക്കുന്നുവെന്ന് ഞാൻ അദ്ഭുതം കൊണ്ടിട്ടുണ്ട്. അപ്പോഴാണ് ഹാഫ് ടീ പോലും. ഹാഫ് ചിക്കൻ ബിരിയാണി, ഹാഫ് തന്തൂരി ചിക്കൻ, ഹാഫ് ഫ്രൈഡ് റൈസ് എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷേ ഹാഫ് ടീ! അതും ഈ കുഞ്ഞുവിരലിന്റെ അത്ര പോന്ന ഗ്ലാസിൽ കിട്ടുന്നതിന്റെയും ഹാഫ്!

അതൊന്നു കാണാൻ വേണ്ടി മാത്രം ജ്യൂസ് പതിയെ കുടിച്ച് ഞാൻ കാത്തുനിന്നത് ഇപ്പോഴും ഓർക്കുന്നു.

ഹാഫ് ടീയെ ഞാൻ പുച്ഛിച്ചുവെങ്കിലും പിന്നീട് വൺ ബൈ റ്റു എന്നൊരു ഏ‍ർപ്പാട് ജ്യൂസിന്റെ കാര്യത്തിൽ ഉണ്ടെന്ന് മനസ്സിലാക്കി, കയ്യിലെ പൈസ കഴിയാറായ ഒരു മാസാവസാനം അത് വാങ്ങി കുടിച്ചതും ഞാൻ ഓർക്കുന്നു. അത് പക്ഷേ ഹാഫ് ടീ പോലെ ഒറ്റക്ക് ചെന്നാൽ കിട്ടില്ല. ഒരു സുഹൃത്ത് കൂടെയുണ്ടെങ്കിൽ ജ്യൂസ് വൺ ബൈറ്റു പറയാം. രണ്ട് പേർക്കും മുക്കാൽ ഗ്ലാസ് വീതം കിട്ടും. തീർത്തും ലാഭകരമായ ഇടപാട്.

അങ്ങനെയാണോ ചായ. ആകെ കിട്ടുന്ന ഒരു തൊടത്തിൽനിന്ന് അരത്തൊടമാക്കി കുടിക്കുന്നത് എന്തിനാണ്.

ഒരു പക്ഷേ ബംഗളൂരു പോലെ ഒരു നഗരത്തിൽ സാധാരണക്കാരന് കീശകാലിയാകാതെ കഴിക്കാൻ പറ്റുന്നത് ഈ ഹാഫ് ടീയും ഹാഫ് കോഫിയുമൊക്കെകൊണ്ടാകും. ഗ്രാമത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് മെച്ചപ്പെട്ട ജീവിതം കാത്ത് എത്തുന്നവരിൽ പലർക്കും ഒരു നേരത്തെ ആഹാരമാകുന്നത് ഈ ഹാഫ് ടീ ആയിരിക്കും. എന്തിനും വില കുതിച്ചുയരുന്ന ഈ നഗരത്തിൽ സാധാരണക്കാരുടെ വിരലിലെണ്ണാവുന്ന ആശ്വാസങ്ങളിലൊന്ന്. ഹാഫ് ടീയും പെഗ് ബോട്ടിലും.

അതും ഞാൻ ഇവിടെ കണ്ട പ്രത്യേകതയാണ്. എല്ലാ വിദേശ മദ്യ ഷോപ്പുകളിലും കണ്ണാടിചില്ലിനകത്ത് അടുക്കി വച്ചിരിക്കുന്ന ചെറിയ കുപ്പികൾ. സാംപിൾ ബോട്ടിലുകൾ പോലെ മദ്യകുപ്പികൾ. പെഗ് കുപ്പികൾ. അത്യാവശ്യം ഒരു പെഗ് മാത്രം വാങ്ങി അടിക്കാം. അവശ്യഘട്ടത്തിൽ പോക്കറ്റിൽ കൊണ്ട് നടക്കുകയും ചെയ്യാം. ഇത്തരം കാര്യങ്ങളിൽ വളരെ ഉദാരമനോഭാവം കാണിക്കുന്ന ആളുകൾ പക്ഷേ ഭക്ഷണകാര്യത്തിൽ വളരെ സ്ട്രിക്ടാണ്.

നമ്മുടെ നാട്ടിൽ ഊണ് ഓർഡർ ചെയ്താൽ ചോറും കറിയും ഇഷ്ടംപോലെ കിട്ടുന്നതാണല്ലോ ശീലം. ഇവിടെ ചോറും കറിയുമെല്ലാം പ്രത്യേകം പിഞ്ഞാണത്തിലാണ് വരുന്നത്. അങ്ങനെ പിഞ്ഞാണത്തിൽ ആദ്യം  കിട്ടുന്ന ചോറുകൊണ്ട് തൃപ്തിപ്പെട്ടോണം. വീണ്ടും ചോറ് വേണമെങ്കിൽ കിട്ടും, പക്ഷേ അധിക ചോറിന് എക്ട്രാ റൈസ് എന്ന പേരിൽ അവർ ബില്ലിൽ കാശ് കൂട്ടിയിരിക്കുന്നത് കണ്ട് ഞെട്ടരുതെന്ന് മാത്രം. ചായ അരയായും മദ്യം പെഗ്ഗായും തന്ന് സഹായിക്കുന്ന കർണാടകം പക്ഷേ ചോറിന് അരയും മുക്കാലും ഡബിളും നൽകില്ലെന്ന്  സാരം.

പിന്നെ പകുതി പോലെ കിട്ടുന്നത് കരിക്കാണ്. 30ഉം 40 ഉം രൂപ കൊടുത്ത് വലിയ കരിക്ക് വാങ്ങേണ്ട ഗതികേടാണല്ലോ കേരളത്തിൽ. ഇവിടെയും വലിയ കരിക്കിന് 30 രൂപയൊക്കെ വിലയുണ്ട്. പക്ഷേ 10 രൂപക്ക് കിട്ടുന്ന കരിക്കും 8 രൂപക്ക് വരെ കിട്ടുന്ന തേങ്ങയും ഇവിടെയുണ്ട്. കുഞ്ഞൻ കരിക്കായിരിക്കുമെന്ന് മാത്രം. കരിക്ക് കുടിച്ചതിന്റെ സുഖവും കിട്ടും പോക്കറ്റ് കാലിയാകുകയുമില്ല. 8 രൂപക്ക് കിട്ടുന്ന കുഞ്ഞൻ തേങ്ങ, ഒരു ചമ്മന്തി അരക്കാൻ മാത്രമേ തികയൂ എന്ന് തോന്നാം, പക്ഷേ കറികളിൽ അധികം തേങ്ങ ഉപയോഗിക്കാത്ത ഒരു ചെറു കന്നഡ കുടുംബത്തിന് ഇത് തന്നെ ധാരാളം. അധികം കാശ് പൊടിക്കാനില്ലാത്ത ഒരു കുഞ്ഞ് മലയാളി കുടുംബത്തിനും ഇത് ധാരാളമാണ്. മുഴുവനെങ്കിലും ഒരു ഹാഫ് തേങ്ങ അല്ലെങ്കിൽ ഒരു ഹാഫ് കരിക്ക് കിട്ടിയ സുഖമാണ് ഈ കുഞ്ഞൻമാർ തരുന്നത്.

പിന്നെ പച്ചക്കറി വാങ്ങുമ്പോൾ ഒരു വഴുതനങ്ങ, ഒരു കത്തിരിക്ക, കാൽ മുറി കാബേജ് എന്നൊക്കെ പറഞ്ഞാൽ ആരും അന്തം വിട്ട് നോക്കില്ലെന്നുള്ളതാണ്. ഒരു ദിവസം ഒരു പച്ചക്കറി കടയിൽനിന്ന് ഒരൊറ്റ വഴുതനങ്ങ മാത്രം വാങ്ങിയത് ഞാൻ ഓ‍ർക്കുന്നു. ചപ്പാത്തിക്കുള്ള ഗോതമ്പ് പൊടി വീട്ടിലുണ്ട്. എനിക്ക് മാത്രമുള്ള വഴുതനങ്ങ കറിക്ക്, ഒറ്റ വഴുതനങ്ങ ധാരാളം. ഒരു മടിയും കൂടാതെ അന്ന് ആ കടക്കാരൻ  അത് എടുത്തുതന്നു. 

അരയും കാലും മുക്കാലും കണ്ട് ശീലമുള്ള നഗരമാണിത്…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഖില പ്രേമചന്ദ്രന്‍

അഖില പ്രേമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍