UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോംബുവയ്ക്കുന്നതിനെക്കുറിച്ച് തീവ്രവാദികള്‍ പറഞ്ഞേക്കില്ല; പക്ഷേ ഗോകുല്‍മാര്‍ ചെയ്യും

അഴിമുഖം പ്രതിനിധി

ഒരു വിമാനം റാഞ്ചുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ തിരക്കേറിയ ഒരു ചന്തയില്‍ ബോംബ്‌വയ്ക്കുന്നതിനെക്കുറിച്ചോ തീവ്രവാദികള്‍ മുന്‍കൂട്ടി പോലീസിനെ വിവരം അറിയിക്കാറില്ല. ഭൂരിപക്ഷം സംഭവങ്ങളിലും ഈ നിഗമനം ശരിയാണ്. എന്നാല്‍ എം ജി ഗോകുലിനെ പോലെയുള്ള വഴിതെറ്റിയ മനുഷ്യര്‍ അങ്ങനെ ചെയ്യും.

ബംഗളൂരുവില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ ഗോകുലിന്റെ ഭാര്യയുടെ കൊലപാതകത്തിന്റെയും അയാളുടെ മുന്‍കാമുകിയുടെ ഭര്‍ത്താവിനെ കുടുക്കാനുള്ള ശ്രമത്തിന്റെയും വിമാനത്താവളത്തിലേക്കുള്ള വ്യാജവിളികളുടെയും ഭീതിജനകമായ കഥകള്‍ ഐടി നഗരത്തില്‍ നിന്നും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. സുരക്ഷ ഏജന്‍സികള്‍ക്ക് അതില്‍ നിന്നും നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. വിമാനങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന് വിമാനത്താവളങ്ങളിലേക്ക് വിളിച്ച് വ്യാജഭീഷണി മുഴക്കുന്നവരുടെ കൂട്ടത്തിലാണ് ഗോകുലിനെ പോലെയുള്ളവരുടെ സ്ഥാനം.

നിരവധി വിമാനങ്ങള്‍ വൈകിപ്പിക്കുകയും അനാവശ്യമായ ഉത്കണ്ഠ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യാജ ഭീഷണികളുടെ സമീപകാല ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. തീവ്രവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്ന മുന്‍കൂര്‍ ഭീഷണി ഒരിയ്ക്കലും മുഴക്കാറില്ല. ഇത്തരം വിളികള്‍ നടത്തുന്നവര്‍ ഒന്നുകില്‍ ഗോകുലിനെ പോലെ മറ്റുള്ളവരെ കുടുക്കാന്‍ ആഗ്രഹിക്കുന്നവരോ വിമാനത്താവളത്തില്‍ എത്താന്‍ വൈകുന്നവരോ അല്ലെങ്കില്‍ വികടമനസുകളോ ആയിരിക്കും.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ലുഫ്താന്‍സ എല്‍എച്ച്-755, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എസ്വി-5643, എയര്‍ ഫ്രാന്‍സ് എഎഫ്-191 എന്നീ വിമാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കാന്‍ പോവുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 1.23 മുതല്‍ ബംഗളൂരു വിമാനത്താവള മാനേജര്‍ക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ സമ്പൂര്‍ണമായ കുഴപ്പങ്ങള്‍ ആരംഭിച്ചു.

ഒരു മോട്ടോര്‍സൈക്കിളിന്റെ ചിത്രവും ഫേസ്ബുക്ക് വിലാസത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള ‘ആക്രമണകാരിയുടെ’ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന സമാന സന്ദേശങ്ങള്‍ അതേ ഫോണ്‍ നമ്പറില്‍ നിന്നും ഡല്‍ഹിയിലെയും മുംബെയിലെയും വിമാനത്താവളങ്ങളിലും ലഭിക്കുകയുണ്ടായി. അധികൃതര്‍ ഉടന്‍ തന്നെ ലുഫ്താന്‍സ, സൗദി വിമാനങ്ങളിലുള്ള യാത്രക്കാരെ ഒഴിപ്പിക്കുകയും സന്ദേശം ലഭിച്ചപ്പോഴേക്കും പറന്നുയര്‍ന്നിരുന്ന എയര്‍ ഫ്രാന്‍സ് വിമാനം തിരികെ വിളിച്ച് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം എയര്‍ ഫ്രാന്‍സ് വിമാനത്തിന് തുടര്‍ന്ന് പറക്കാനുള്ള അനുമതിയും നല്‍കി. തന്റെ കോളേജ് കാമുകിയെ കല്യാണം കഴിച്ച സാജു ജോസിനെ കുടുക്കാനുള്ള ഗോകുലിന്റെ പദ്ധതിമൂലം നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിപ്പോവുകയും അവരുടെയിടയില്‍ ഭീതി വിതറുകയും ചെയ്തതിനപ്പുറം നിരവധി മില്യണ്‍ ഡോളറിന്റെ നഷ്ടവുമാണ് സംഭവിച്ചത്.

ഭീകരാക്രമണ മുന്നറിയിപ്പുകള്‍ നിരന്തരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒരു ജാഗരൂക രാജ്യമായി മാറുന്നതില്‍ പരിശീലനം നേടിയ ഒന്നാണ്. പലപ്പോഴും ഇത്തരം മുന്നറിയിപ്പുകള്‍ ടെലിഫോണ്‍ വിളികളായോ ഇ-മെയിലുകളായോ അല്ലെങ്കില്‍ കത്തുകളായോ ആണ് എത്തുന്നത്. യാക്കൂബ് മേമനെ ദയഹര്‍ജി തള്ളിക്കളയാന്‍ രാത്രിയില്‍ ഉറക്കമിളച്ചിരുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ മേല്‍വിലാസത്തില്‍ നിരവധി ഭീഷണിക്കത്തുകള്‍ ലഭിച്ചിട്ടുണ്ട്; രാജ്യത്ത് നടക്കുന്ന ഏതൊരു ആഘോഷത്തിന് മുമ്പും ഇന്ത്യയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷ്‌കര്‍-ഇ-തോയ്ബയുടെ പേരില്‍ മുന്നറിയിപ്പ് ലഭിക്കാറുണ്ട്; ഇത്തരം ഭീഷണിക്കത്തുകള്‍ മിക്കവാറും എല്ലാ മാധ്യമ ഓഫീസുകളിലും ലഭിക്കാറുമുണ്ട്.

മിക്കവാറും എല്ലാ കേസുകളിലും ഇത്തരം മുന്നറിയിപ്പുകള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഒരു കത്തിന്റെ പുറത്ത് നമ്മുടെ പോലീസും രഹസ്യന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കുമ്പോള്‍ അപ്പോള്‍ തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ഗോകുലിനെ പോലെ മറ്റാരോ പണി തുടങ്ങിയോ എന്ന് സംശയിക്കുകയും അന്വേഷിക്കുകയുമാണ് വേണ്ടത്.

ഡല്‍ഹിയില്‍ മനേജ്‌മെന്റ് പഠനത്തിനിടെ പരിചയപ്പെട്ട അനുരാധയുമായുള്ള തന്റെ വിവാഹത്തെ കുറിച്ചും അവരുടെ വിശ്വസ്തതയിലുള്ള സംശയം മൂലം വിവാഹബന്ധം ശിഥിലമായതിനെക്കുറിച്ചും 2011-ല്‍ തന്റെ മുന്‍കാമുകിയെ കണ്ടെത്തുകയും പിന്തുടരാന്‍ നടത്തിയ വിശാലമായ ശ്രമങ്ങളെക്കുറിച്ചുമൊക്കെ ഗോകുല്‍ പോലീസിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

തന്റെ ഗൂഢപദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ചില്‍ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റം നേടിയെടുത്ത ഗോകുല്‍, തന്റെ മുന്‍ കോളേജ് കൂട്ടുകാരിയും അവരുടെ ഭര്‍ത്താവും രണ്ട് കുട്ടികളും താമസിക്കുന്ന അതേ അപ്പാര്‍ട്ടുമെന്റില്‍ തന്നെ താമസമാക്കി. ജോസിന്റെ ഫ്ലാറ്റിലേക്കുള്ള കൃത്രിമ താക്കോല്‍ സംഘടിപ്പിച്ച ഗോകുല്‍ അവിടെ കടന്നുകയറി ഈ ഐടി വിദഗ്ധന്റെ പാസ്‌പോര്‍ട്ടിന്റെയും മറ്റ് തിരിച്ചറിയല്‍ രേഖകളുടേയും പകര്‍പ്പ് സംഘടിപ്പിക്കുകയും അതുപയോഗിച്ച് ജൂണില്‍ എയര്‍ടെല്‍ നമ്പറും പുതിയ മൊബൈല്‍ ഫോണും വാങ്ങുകയും ചെയ്തു.

ഒരു വിദ്യാര്‍ത്ഥിയോടൊപ്പമുള്ള അശ്ലീല ചിത്രങ്ങള്‍ അയയ്ക്കാന്‍ അനുരാധയെ പ്രേരിപ്പിച്ച ശേഷം അവരില്‍ നി്ന്നും വിവാഹമോചനം നേടുകയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെങ്കിലും പിന്നീട് മൂന്ന് വയസുള്ള തങ്ങളുടെ ഒരേ ഒരു കുട്ടിയുടെ സംരക്ഷണം ലഭിക്കുന്നതിനായി അവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ഗോകുല്‍ പോലീസിനോട് പറഞ്ഞത്. ജൂലൈ 28ന് അനുരാധയെ മദ്യപിച്ച നിലയിലാക്കിയ ഗോകുല്‍, ഒരു അദ്ധ്യാത്മിക ഗുരുവിന്റെ കപടനാമത്തില്‍ അവരുടെ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായിരിക്കെ ഒരു വിഗ്രഹം ഉപയോഗിച്ച് ഭാര്യയെ മര്‍ദ്ദിച്ചുകൊല്ലുകയും മരണത്തെ ആത്മഹത്യയാക്കി മാറ്റിയതായും പോലീസ് പറയുന്നു.

തീവ്ര ഇസ്ലാമിന്റെ വക്താവാണ് ജോസ് എന്ന് വരുത്തിത്തീര്‍ക്കുന്നതിനായി അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു മുസ്ലീം തൊപ്പിയും കത്തിയും ഒളിപ്പിക്കാനുള്ള ധൈര്യവും ഗോകുല്‍ കാട്ടിയതായി പോലീസ് പറയുന്നു. ജോസിന്റെയും ഭാര്യയുടേയും വിവാഹമോചനത്തിന് ഉപദേശം നല്‍കുന്ന കേരളത്തില്‍ നിന്നുള്ള ഒരു ആര്‍ച്ച്ബിഷപ്പിന്റെ കത്ത് വ്യാജമായി ചമച്ചുകൊണ്ട് ദമ്പതികളെ വേര്‍പിരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ഗോകുല്‍ നടത്തി. എന്നാല്‍ കേരളത്തിലെ ഒരു മതധ്യാനകേന്ദ്രത്തില്‍ കൗണ്‍സിലിംഗിന് വിധേയരായ ദമ്പതികള്‍ തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് തീവ്രവാദ ഭീഷണി എന്ന നാടകം സംഘടിപ്പിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ആര്‍ച്ച് ബിഷപ്പിന്റെ കത്തുകള്‍ വ്യാജമായി തയ്യാറാക്കിയ ഗോകുല്‍, ഭാര്യയില്ലാത്ത സമയത്ത് സമീപത്തെ മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിച്ചിരുന്നതായി ജോസിനെ കൊണ്ട് നഗ്നനായി നിര്‍ത്തി കുമ്പസാരിപ്പിക്കുകയും അത് ചിത്രീകരിപ്പിക്കുകയും ചെയ്തിരുന്നു.

ഗോകുലിന്റെ ഭീതിജനകമായ ലോകത്തില്‍, ഭീകരഭീഷണികളും കൊലപാതകവും നഗ്നമായ കുമ്പസാരവുമെല്ലാം അയാളുടെ പ്രണയം നേടിയെടുക്കാനുള്ള ശ്രമങ്ങളായി ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ സുരക്ഷാ ഏജന്‍സികളെ സംബന്ധിച്ചിടത്തോളം ഭീകരരുടെ ഭീഷണികള്‍ എന്ന പേരില്‍ വിശ്വസനീയമല്ലാത്ത വിവരങ്ങളുടെ പുറത്ത് പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന അവരുടെ ശ്രമങ്ങളെ കുറിച്ചുള്ള ചില എണ്ണപ്പെട്ട പാഠങ്ങളാണ് അയാള്‍ സംഭാവന ചെയ്യുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍