UPDATES

കായികം

കിവികളെ കടുവകള്‍ കടിച്ചു കീറി; ബംഗ്ലാദേശിനോട് തോറ്റ് ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്ത്

ബംഗ്ലാദേശിനു വേണ്ടി ഷക്കീബ് അല്‍ ഹസനും മൊഹമ്മുദ്ദുള്ളയും സെഞ്ച്വറി നേടി

അത്യുജ്ജ്വലം എന്നു വിശേഷിപ്പിക്കാവുന്ന വിജയത്തോടെ ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ന്യൂസിലാന്‍ഡിനു പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. 33 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു നിന്നിടത്തു നിന്നാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി ബംഗ്ലാദേശ് കീവികളെ തകര്‍ത്തത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബുള്‍ ഹസനും മുഹമദുള്ളയും സെഞ്ച്വറി നേടി. ഷാക്കിബ് വിജയത്തിനു 11 റണ്‍സ് അകലെ 114 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഹമ്മുദുള്ള 102 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടില്‍ നിന്നേറ്റതിനു പിന്നാലെ ഉണ്ടായ ഈ പരാജയത്തോടെ ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായി. ഓസ്‌ട്രേലിയുമായി നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 265 റണ്‍സാണ് നേടിയത്. 63 റണ്‍സ് എടുത്ത റോസ് ടെയ്‌ലറും 57 റണ്‍സ് എടുത്ത വില്യംസണുമാണ് അവരുടെ ടോപ്‌സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി മൊസദ്ദേക്ക് ഹൊസൈന്‍ മൂന്നു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്നേ ഓപ്പണര്‍ തമിം ഇക്ബാലിനെ ടീം സൗത്തി വിക്കറ്റിനു മുന്നില്‍ കുടിക്കി പറഞ്ഞയച്ചു. പത്ത് റണ്‍സിലെത്തിയപ്പോള്‍ സബ്ബിര്‍ റഹ്മാനും കൂടാരം കയറുന്നത് ബംഗ്ലാദേശ് ആരാധകര്‍ കണ്ടു. തൊട്ടു പിന്നാലെ സൗമ്യ സര്‍ക്കാരും അധികം വൈകാതെ മുഷ്ഫിക്കര്‍ റഹ്മാനും പവലിയനിലേക്ക് വരുന്നതു കണ്ടതോടെ കീവികള്‍ ബംഗ്ലാദേശിനെ കൊത്തിക്കീറാന്‍ ഒരുങ്ങുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ പിന്നീട് സംഭവിച്ചതെല്ലാം തിരിച്ചായിരുന്നു. ബംഗ്ലാ കടുവകളായി ഷക്കിബ് അല്‍ ഹസനും മൊഹമ്മുദ്ദുള്ളയും പ്രത്യാക്രമണം നടത്തുകയായിരുന്നു. പേരുകേട്ട കീവി ബൗളര്‍മാരെല്ലാം ആ അക്രമണത്തിനു മുന്നില്‍ പകച്ചു. 115 പന്തുകളില്‍ ഒരു സിക്‌സും 11 ഫോറും സഹിതമായിരുന്നു ഷക്കിബ് 114 റണ്‍സ് നേടിയത്. ഒടുവില്‍ ബോള്‍ട്ടിന്റെ പന്ത് ആ ഇന്നിംഗ്‌സിന്റെ കുറ്റിയിളക്കുമ്പോള്‍ ആഹ്ലാദിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല ന്യൂസിലാന്‍ഡിന്. മൊസദ്ദീക്ക് ഹൊസൈന്‍ എന്ന കൂട്ടുകാരനൊപ്പം ചേര്‍ന്ന് തന്റെ ടീമിനെ വിജയത്തിലെത്തിക്കാന്‍ മൊഹമ്മൊദ്ദുള്ളയ്ക്ക് പിന്നീട് അധികം സമയമൊന്നും വേണ്ടിയിരുന്നില്ല. 107 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു മൊഹമ്മുദ്ദുള്ളയുടെ ഇന്നിംഗ്‌സ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍