UPDATES

വിദേശം

ബംഗ്ലാദേശില്‍ പ്രതിപക്ഷം ‘അപ്രത്യക്ഷ’മാകുന്നുവോ?

156 ദശലക്ഷം ജനങ്ങളുള്ള, ലോകത്തെ എട്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്തില്‍, ഏതാനും മനുഷ്യര്‍ കാണാതായാല്‍ എന്താണ്?

പോപ്പി മക്പേഴ്സണ്‍

മിര്‍ അഹമ്മദ് ബിന്‍ കാസിമിനെ തേടി സാധാരണ വേഷത്തില്‍ പൊലീസുകാര്‍ എത്തിയപ്പോള്‍ അയാള്‍ക്ക് ചെരുപ്പിടാന്‍ പോലുമുള്ള സമയം അവര്‍ നല്‍കിയില്ല. ആഗസ്ത് 9-നു രാത്രി 11 മണിക്ക് ധാക്കയിലെ പാര്‍പ്പിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ നിന്നും അയാളെ പടികളിലൂടെ വലിച്ചിഴച്ച് നമ്പറില്ലാത്ത ഒരു വാനില്‍ കയറ്റിക്കൊണ്ടുപോയി എന്ന് കാസിമിന്റെ ഭാര്യ പറയുന്നു. അവരുടെ രണ്ടു ചെറിയ പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ട് ആ വണ്ടിയുടെ പിറകെ ഓടി.

അതിന് അഞ്ചുദിവസം മുമ്പ് പ്രായം 30-കളിലുള്ള ഹുമാം ഖാദര്‍ ചൌധരി തന്റെ അമ്മയ്ക്കൊപ്പം കോടതിയിലേക്ക് വണ്ടിയോടിച്ച് പോവുകയായിരുന്നു. വഴിയില്‍ ഒരു കൂട്ടം ആളുകള്‍ വണ്ടി തടഞ്ഞതായി പറയുന്നു. അവര്‍ അയാളെ മറ്റൊരു വണ്ടിയിലേക്ക് കയറ്റിക്കൊണ്ടുപോയി.

ആ സമയത്ത് ഒരു മുന്‍ സൈനിക ബ്രിഗേഡിയര്‍ ജനറലായിരുന്ന അമാണ്‍ ആസ്മിയുടെ വീട്ടില്‍ സാധാരണ വേഷത്തില്‍ 30-ഓളം പേരെത്തി. മറ്റ് രണ്ടു തട്ടിക്കൊണ്ടുപോകലും അറിഞ്ഞ അയാള്‍ ഒളിവിലായിരുന്നു. അവര്‍ വീട് മുഴുവന്‍ തിരഞ്ഞു. വീട്ടിലെ പണിക്കാരനെ തോക്കിന്‍കുഴലിന് മുമ്പില്‍ നിര്‍ത്തി ചോദ്യം ചെയ്തു. ആസ്മിയെ ഒരു ഒഴിഞ്ഞ വീട്ടില്‍ അവര്‍ പിന്നെ കണ്ടെത്തി എന്ന് അയാളുടെ സഹോദരന്‍ സല്‍മാന്‍ അല്‍-ആസ്മി പറഞ്ഞു.

“പൊലീസിന്റെ രഹസ്യ ന്വേഷണ സംഘത്തില്‍ നിന്നാണ് തങ്ങളെന്ന് അവര്‍ പറഞ്ഞു,” അയാള്‍ പറഞ്ഞു.

ആഗസ്റ്റില്‍ ഒരാഴ്ച്ചക്കുള്ളിലാണ് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ മക്കളായ ഈ മൂന്നുപേരെയും തട്ടിക്കൊണ്ടുപോയത്. സുരക്ഷാ സേനകളാണ് ഇത് ചെയ്തതെന്നതിന് നിരവധി സാക്ഷികളുണ്ടായിട്ടും അധികൃതര്‍ തങ്ങളുടെ പങ്ക് നിഷേധിക്കുകയാണ്. അവരെക്കുറിച്ച് ഇന്നുവരെ ഒരറിവുമില്ല.

പക്ഷേ അവരുടെ സ്വന്തം പ്രവര്‍ത്തനങ്ങളല്ല ബംഗ്ലാദേശിലെ വിപുലമാകുന്ന സുരക്ഷാ ഭരണകൂടത്തിന്റെ തമോഗര്‍ത്തത്തിലേക്ക് അവരെ വലിച്ചിട്ടത്. അവര്‍ രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ മക്കളാണ്. പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യത്തിനായി നടത്തിയ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ചെയ്തതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍.

അതില്‍ ഏറ്റവും പ്രായമുള്ള രണ്ടുപേര്‍-സലാഹുദ്ദീന്‍ ഖാദര്‍ ചൌധരിയും മിര്‍ കാസിം അലിയും, യഥാക്രമം ചൌധുരിയുടെയും ബിന്‍ കാസിമിന്റെയും അച്ഛന്‍മാര്‍- അടുത്തിടെ ബലാത്സംഗവും കൊലപാതകവും അടക്കമുള്ള യുദ്ധക്കുറ്റങ്ങള്‍ക്ക് തൂക്കിലേറ്റപ്പെട്ടു. അമന്‍ ആസ്മിയുടെ പിതാവ് ഗുലാം അസം പാകിസ്ഥാന്‍ അനുകൂല സായുധസേന ഉണ്ടാക്കിയതിനും യുദ്ധക്കുറ്റങ്ങളുടെയും പേരില്‍ 90 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കവേ 2014-ല്‍ മരിച്ചു.

1947-ലെ രക്തരൂഷിതമായ ഇന്ത്യ വിഭജനത്തിനുശേഷം പാകിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി ബന്ധമില്ലാതിരുന്നിട്ടും പാകിസ്ഥാന്റെ ഭാഗമായ-അന്നത്തെ കിഴക്കന്‍ പാകിസ്ഥാന്‍- ബംഗ്ലാദേശ്, പാകിസ്ഥാനിലെ സൈനിക ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകളുണ്ടായിട്ടും ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി. പതിനായിരക്കണക്കിനാളുകള്‍-ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 3 ദശലക്ഷത്തോളം പേര്‍-സ്വാതന്ത്ര്യ മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ നടത്തിയ “Operation searchlight’-ല്‍ കൊല്ലപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ നീണ്ടകാലം നീതിക്കായി കാത്തിരുന്നു. യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കുമെന്ന വാഗ്ദാനവുമായാണ്, ബംഗ്ലാദേശ് സ്വാതന്ത്ര്യസമര നായകന്‍ മുജീബുര്‍ റഹ്മാന്റെ മകള്‍ കൂടിയായ  ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേഖ് ഹസീന 2009-ല്‍ അധികാരത്തിലെത്തിയത്.

പക്ഷേ ആ വര്‍ഷം സ്ഥാപിച്ച ട്രിബ്യൂണല്‍ പിടിപ്പുകേടിനും നഗ്നമായ രാഷ്ട്രീയ പക്ഷപാതിത്വത്തിനും ഏറെ വിമര്‍ശിക്കപ്പെട്ടു. പ്രധാന പ്രതിപക്ഷ നേതാക്കളായിരുന്നു മിക്ക പ്രതികളും, ഒരു പാര്‍ലമെന്റ് അംഗമടക്കം. അവരുടെ അഭിഭാഷകര്‍ തടസങ്ങളെക്കുറിച്ച് പരാതിപ്പെട്ടു. ഒരു കേസില്‍ പ്രോസിക്യൂഷന് വേണ്ടി 35 സാക്ഷികളെ സംസാരിക്കാന്‍ അനുവദിച്ചപ്പോള്‍ പ്രതികള്‍ക്കുവേണ്ടി 3 പേരെയാണ് അനുവദിച്ചത്. ചോര്‍ന്ന രേഖകള്‍ കാണിക്കുന്നത് ഒരു ന്യായാധിപന്‍ സ്വകാര്യമായി ബ്രസല്‍സിലെ ഒരു വംശഹത്യ പഠന സ്ഥാപനത്തിലെ ബംഗ്ലാദേശി ഡയറക്ടറുമായി കൂടിയാലോചനകള്‍ നടത്തി എന്നാണ്. ആ സംഭാഷണത്തില്‍ 2014-ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു വിധിക്കായി അധികൃതര്‍ തിരക്ക് കൂട്ടുകയാണെന്ന് അയാള്‍ പറയുന്നു. സലാഹുദ്ദീന്‍ ഖാദര്‍ ചൌധുരിയുടെ കേസില്‍ വിധി പ്രസ്താവിക്കും മുമ്പേ അത് ഓണ്‍ലൈനില്‍ വന്നു. സര്‍ക്കാര്‍ മന്ത്രാലയമാണ് വിധി തയ്യാറാക്കിയതെന്ന ആരോപണം ഉയര്‍ന്നു.

പ്രതിപക്ഷ നേതാക്കള്‍ പ്രതിക്കൂട്ടിലാവുകയോ മരിക്കുകയോ ചെയ്തതോടെ അവരുടെ കുടുംബങ്ങളും നിരീക്ഷണത്തിന് കീഴിലാണ്. അപ്രത്യക്ഷരാകുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പുതന്നെ ആസ്മിയും ബിന്‍ കാസിമും തങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അഭിഭാഷകര്‍, മനുഷ്യാവകാശ സംഘങ്ങള്‍, കാണാതായവരുടെ ബന്ധുക്കള്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നും മനസിലാകുന്നത് അവരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ അടച്ചിരിക്കാം എന്നും പീഡനത്തിന് വിധേയമാക്കാം എന്നുമാണ്. അവരുടെ കുടുംബങ്ങള്‍ക്ക് അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല.

ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചുവരുന്ന ‘അപ്രത്യക്ഷമാവുന്നവരുടെ’ പട്ടികയിലേക്ക് അവരും കയറിയിരിക്കുന്നു.

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറുകണക്കിനാളുകള്‍, മിക്കവരും പ്രതിപക്ഷവുമായി ബന്ധമുള്ളവര്‍, നിഗൂഢമായ സാഹചര്യങ്ങളില്‍ കാണാതായി. അവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും പറയുന്നതു അവരെ പൊലീസ് കൊണ്ടുപോയതാണെന്നാണ്.

ഉറച്ച മതേതര കക്ഷിയാണെന്ന് പറയുന്ന ഹസീനയുടെ ആവാമി ലീഗാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ കടുത്ത എതിരാളി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (BNP)-യും ഏറ്റവും വലിയ ഇസ്ളാമിക കക്ഷിയായ ജമാ അത് ഇ-ഇസ്ലാമിയുമാണ് പ്രധാന പ്രതിപക്ഷം. അവ രണ്ടും മിക്കപ്പോഴും സഖ്യകക്ഷികളും യുദ്ധക്കുറ്റകൃത്യങ്ങളില്‍ പ്രതികളുമാണ്-കാണാതായ പലരും ഈ കക്ഷികളില്‍ നിന്നുമാണ്.

ഭൂരിപക്ഷ മുസ്ലീം രാജ്യത്തില്‍ ഉയര്‍ന്നുവരുന്ന ഇസ്ളാമിക തീവ്രവാദത്തിന്റെ മറ പിടിച്ചാണ് സര്‍ക്കാര്‍ ഈ അടിച്ചമര്‍ത്തലുകളെ ന്യായീകരിക്കുന്നത്. ബ്ലോഗര്‍മാരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം പലരേയും ഈയിടെ കൊന്നതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റുംഅല്‍-ക്വെയ്ദയും ഏറ്റെടുത്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതെല്ലാം BNP-യുടെയും ജമാ അത് ഇ-ഇസ്ലാമിയുടെയും പിന്തുണയുള്ള പ്രാദേശിക തീവ്രവാദികളാണ് നടത്തിയതെന്ന് നിരന്തരം ആരോപിക്കുന്നുണ്ട്. “പ്രതിപക്ഷത്തിനെതിരായ (സര്‍ക്കാരിന്റെ) പ്രചാരണം അവരെ തീവ്രവാദികളുമായി താരതമ്യം ചെയ്യുന്നതാണ്,” Human Rights Watch-ലെ തെക്കനേഷ്യ ഗവേഷക തേജശ്രീ ഥാപ്പ പറഞ്ഞു.

തട്ടിക്കൊണ്ടുപോകലുകള്‍ നിരീക്ഷിക്കുന്ന ധാക്കയിലെ പത്രപ്രവര്‍ത്തകന്‍ ഡേവിഡ് ബെര്‍ഗ്മാന്‍ പറയുന്നതു 2016-ല്‍ കുറഞ്ഞത് ഇതുവരെ 80 പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട് എന്നാണ്.

ചിലരൊക്കെ പിന്നീട് ഔദ്യോഗികമായി പിടിക്കപ്പെട്ടവരായി. ഏറ്റവും വിവാദമായ കേസുകള്‍ 47-കാരനായ എഞ്ചിനീയര്‍ ഹസ്നത്ത് റെസ കരീം, ടൊറൊന്‍റോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി തഹ്മിദ് ഹസിബ് ഖാന്‍ എന്നിവരുടേതാണ്. ജൂലായ് 1-നു ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികള്‍ ധാക്കയിലെ Holey Artisan bakery ആക്രമിച്ചു 24 പേരെ ബന്ദികളാക്കിയപ്പോള്‍ ഇരുവരും അവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേകിച്ചു രാഷ്ട്രീയാഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. രണ്ടുപേരുടെയും നിരപരാധിത്വം തെളിയിക്കുന്ന നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഒരു മാസത്തോളം ഇവരെ തടങ്കലില്‍ വെച്ചു. പിന്നെ പൊടുന്നനെ തെരുവില്‍ നിന്നും പിടിച്ചപോലെ ഹാജരാക്കി.

മറ്റ് പലരും മരിച്ചു. പലരേയും, അധികൃതര്‍ ‘ഏറ്റുമുട്ടല്‍’ എന്നുവിളിക്കുന്ന വെടിവെപ്പുകളില്‍ കുപ്രസിദ്ധരായ Rapid Action Battalion കൊന്നു. 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊണ്ടുപോയ 19 BNP അംഗങ്ങളടക്കം പലരും ഇപ്പോഴും അപ്രത്യക്ഷരാണ്.  ഇവരില്‍ അഞ്ചു പേരെങ്കിലും മരിച്ചു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത് എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞത്.

ക്വാസിമിന്റെ ബ്രിട്ടീഷ് അഭിഭാഷകനായ മൈക്കല്‍ പൊള്ളോക് പറയുന്നത് കാണാതായ രണ്ടുപേരില്‍ ഒരാളോടൊപ്പമെങ്കിലും തന്റെ കക്ഷി ധാക്കയിലെ മിന്‍റൊ റോഡ് രഹസ്യാന്വേഷണ കേന്ദ്രത്തില്‍ ഉണ്ടെന്നാണ്.

“അയാളുടെ കുടുംബം അയാളുടെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കയിലാണ്,” അദ്ദേഹം പറഞ്ഞു.

മിന്‍റൊ റോഡിലെ തടവറ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പൊള്ളോക് പറഞ്ഞു. “അവരുടെ കയ്യില്‍ ഒരു പീഡന മുറകളുടെ പുസ്തകമുണ്ട്. തടവുകാര്‍ക്ക് തങ്ങളെ എങ്ങനെ പീഡിപ്പിക്കണമെന്ന് തെരഞ്ഞെടുക്കാം.”

തടവറയിലെ അനുഭവങ്ങള്‍ പറയുകയോ രാഷ്ട്രീയത്തില്‍ വരുകയോ ചെയ്യരുതെന്ന ഉപാധിയില്‍ ചിലരെയൊക്കെ വിട്ടയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രഹസ്യ പോലീസുകാര്‍ കൊണ്ടുപോയി രണ്ടു മാസത്തിലേറെ കഴിഞ്ഞപ്പോള്‍ BNP-യുടെ മുഖ്യ വക്താവ് സലാഹുദ്ദീന്‍ അഹമ്മദ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടു. മനോനില തെറ്റി അതിര്‍ത്തിയില്‍ അലഞ്ഞുതിരിഞ്ഞ അയാളെ അനധികൃതമായി അതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യയില്‍ വിചാരണ ചെയ്തു.

“അതേ,ഞാന്‍ സലാഹുദ്ദീന്‍ അഹമ്മദ്,ഒരു BNP നേതാവ്,” bdnews24.com-നു നല്കിയ ഒരഭിമുഖത്തില്‍ അയാള്‍ പറഞ്ഞു. “എന്നെ ഉട്ടാരയില്‍ നിന്നും (ധാക്കയുടെ ഒരു പ്രാന്തപ്രദേശം)ഒരു സംഘം അജ്ഞാതരായ ആളുകള്‍ തട്ടിക്കൊണ്ടുപോയി. ഞാനെങ്ങനെ ഇവിടെയെത്തി എന്നെനിക്കറിയില്ല. എന്നെ തട്ടിക്കൊണ്ടുപോയതിന് ശേഷമുള്ള ഒന്നും എനിക്കോര്‍മ്മയില്ല.”

“തടവില്‍ മരിച്ചവരുണ്ട്, അഞ്ചാം നിലയിലെ മട്ടുപ്പാവുകളില്‍ നിന്നും ചാടിയവരുണ്ട്,” ഥാപ്പ പറഞ്ഞു. “ആരും ഒന്നും ശ്രദ്ധിക്കാനില്ല എന്ന രീതിയിലാണ് സര്‍ക്കാര്‍ മൌനം പാലിക്കുന്നത്.”

“കെട്ടിടത്തിന്റെ പുറത്ത് സാധാരണ വേഷത്തില്‍ പൊലീസുകാര്‍ എപ്പോഴുമുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു,” യു.കെയില്‍ സര്‍വ്വകലാശാല അദ്ധ്യാപകനായ അസ്മിയുടെ സഹോദരന്‍ പറഞ്ഞു. “ഏറെക്കാലം ഇതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍.”

2009-ല്‍ ഹസീന അധികാരത്തില്‍ വന്ന വര്‍ഷം സൈന്യത്തിലെ അയാളുടെ പദവി നിര്‍ത്തലാക്കിയതായി അസ്മിക്ക് കത്ത് ലഭിച്ചെന്ന് സഹോദരന്‍ പറഞ്ഞു. ഒരു വിശദീകരണവും ഉണ്ടായില്ല. 30 വര്‍ഷം അയാള്‍ സൈന്യത്തിലായിരുന്നു. “ബംഗ്ലാദേശ് സൃഷ്ടിച്ച എക്കാലത്തെയും നല്ല സൈനിക ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് എല്ലാവര്‍ക്കുമറിയാം-അയാളെ ഇങ്ങനെയാണ് പുറത്താക്കിയത്.”

ചിലര്‍ സൂചിപ്പിക്കുന്നത് ശിക്ഷിക്കപ്പെട്ട യുദ്ധക്കുറ്റവാളികളുടെ മക്കളെ, കുറഞ്ഞപക്ഷം ബിന്‍ കാസിമിനെ എങ്കിലും പിടികൂടിയത് അയാളുടെ അച്ഛന്‍ മിര്‍ കാസിം അലിയുടെ ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ  സെപ്റ്റംബര്‍ 3-ലെ വധശിക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു എന്നാണ്.

യുദ്ധക്കുറ്റവാളികളുടെ മുന്‍ വധശിക്ഷകളെ തുടര്‍ന്ന് തെരുവുകളില്‍ ജമാ അത് ഇ-ഇസ്ലാമിയുടെ ആഹ്വാനപ്രകാരം വലിയ ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

“മിര്‍ കാസിം അലിയുടെ മകന്റെ കാര്യത്തില്‍ വധശിക്ഷയെ തുടര്‍ന്നുള്ള പ്രതിഷേധം ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്,” Crisis Group തെക്കനേഷ്യ മുതിര്‍ന്ന നിരീക്ഷകന്‍ ഷെഹ്ര്യാര്‍ ഫാസില്‍  പറഞ്ഞു.

പക്ഷേ ഫാസില്‍ പറഞ്ഞത് ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നാണ്.

“അടുത്തിടെ നടന്ന വധശിക്ഷകളില്‍ ജമാ അത്-ഇ-ഇസ്ലാമിക്കും BNP-ക്കും വലിയ പ്രതിഷേധം തെരുവുകളില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഒടുവില്‍ നടന്ന വധശിക്ഷയിലും അതിനുള്ള സാധ്യത ചുരുക്കമായിരുന്നു,” അയാള്‍ പറഞ്ഞു. “പക്ഷേ തങ്ങളുടെ സാധുതയേയും രാഷ്ട്രീയ സ്ഥിരതയെയും ചോദ്യം ചെയ്യുന്ന എന്തിനേയും രൂക്ഷമായി അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്.”

പുതിയ പ്രസിഡണ്ടിന്റെ കീഴില്‍ 2009-ല്‍ തന്നെ കാണാതാകലുകള്‍ തുടങ്ങി എന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പക്ഷേ ഈ വര്‍ഷം  Holey Artisan bakery ആക്രമണത്തിന് ശേഷം ഇത് കൂടാന്‍ തുടങ്ങി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും രാജ്യത്തെ പ്രതിപക്ഷത്തിനോടു കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രാദേശിക തീവ്രവാദികളാണ് ഇതിന്റെ പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.

വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഭീകരവാദ ഭീഷണിയെ മറയാക്കുകയാണെന്ന് ഫാസില്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ അനുഭാവികളെ തട്ടിക്കൊണ്ടുപോകലും വെടിവെപ്പും വരെ നീളുന്നു ഈ അടിച്ചമര്‍ത്തല്‍. സര്‍ക്കാരേതര സന്നദ്ധ സംഘടനകളെ സംബന്ധിച്ചുള്ള പുതിയ നിയമം ഭരണഘടന സ്ഥാപനങ്ങളെക്കുറിച്ച് അധിക്ഷേപകരമായി പരാമര്‍ശങ്ങള്‍ നടത്തുന്ന സംഘടനകളെ അടച്ചുപൂട്ടാനും വ്യവസ്ഥ ചെയ്യുന്നു.

ഈയടുത്ത മാസങ്ങളില്‍ നിരവധി ഓണ്‍ലൈന്‍ വാര്‍ത്ത സൈറ്റുകള്‍ അടച്ചുപൂട്ടിച്ചു; നിരവധി മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി.

മുഖ്യധാര പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നത് ചെറിയ തീവ്രസംഘങ്ങള്‍ക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഒരുപകരണമാകുമെന്ന് നിരീക്ഷകര്‍ പറയുന്നു.

“നിയമപരമായ പ്രതിഷേധത്തിനുള്ള അവസരം തടയുമ്പോഴാണ് തീവ്രവാദി സംഘങ്ങളില്‍ ചേരാനുള്ള പ്രചോദനം ഉണ്ടാകുന്നത്,” ഫാസില്‍ പറഞ്ഞു. “ഈ സംഘടനകള്‍, ജിഹാദികളോ, ജമാ അത് ഇ-ഇസ്ലാമിയുടേത് പോലുള്ള കക്ഷികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളും-പ്രതിപക്ഷത്തിനുള്ള കൂടുതല്‍ ആകര്‍ഷകമായ ഇടങ്ങളാകുന്നു.”

ഒരിക്കല്‍ അവാമി ലീഗിന്റെ ഉറച്ച അനുയായികളായിരുന്ന മതേതരവാദികളായ ധാക്ക ബാര്‍ അസോസിയേഷന്‍ കടുത്ത അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് അകന്നുപോവുകയും ജമാ അത് പോലുള്ള കക്ഷികളോട് ചായാനും തുടങ്ങി.

അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ വാര്‍ത്താവിനിമയ മന്ത്രി ഒബൈദുല്‍ ഖാദിര്‍ കാണാതാകലുകളും നിയമ ബാഹ്യ കൊലപാതകങ്ങളും സംബന്ധിച്ച് നേരിട്ട് അഭിപ്രായം പറഞ്ഞില്ലെങ്കിലും പ്രതിപക്ഷത്തിന്റെ ‘അക്രമ രാഷ്ട്രീയത്തെ’ കുറ്റപ്പെടുത്തി.

“ഈ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മുമ്പ് നിങ്ങള്‍ക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കാണാമായിരുന്നു. പക്ഷേ ഇപ്പോള്‍ സാഹചര്യം താരതമ്യേന ഭദ്രമാണ്. ഒരു കുഴപ്പവുമില്ല, തീവ്രവാദം ഇപ്പോള്‍ ഒരു ആഗോള പ്രതിഭാസമാണ്.”

ഇസ്ളാമിക തീവ്രവാദത്തിനെതിരേ ഉപയോഗമുള്ള ഒരു സഖ്യകക്ഷിയായി ഹസീനയെ കാണുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. “അന്താരാഷ്ട്ര സമൂഹത്തില്‍ ആളുകള്‍ പ്രതിപക്ഷത്തേക്കാളേറെ ഷേഖ് ഹസീനയെയാണ് പരിഗണിക്കുന്നത്,” ഥാപ്പ പറഞ്ഞു. “ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് വലിയ പിന്തുണയും ആനുകൂല്യവും ലഭിക്കും.”

ഇതുകൂടാതെ രാജ്യം പുരോഗമിക്കുന്നുണ്ട്. 1990-കള്‍ക്ക് ശേഷം ദാരിദ്ര്യം ഗണ്യമായി കുറഞ്ഞു. സഹസ്രാബ്ദ ലക്ഷ്യങ്ങള്‍ ഏതാണ്ട് നേടാനുള്ള പാതയിലുള്ള ചുരുക്കം ചില വികസ്വര രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ്.

156 ദശലക്ഷം ജനങ്ങളുള്ള, ലോകത്തെ എട്ടാമത്തെ വലിയ  ജനസംഖ്യയുള്ള രാജ്യത്തില്‍, ഏതാനും മനുഷ്യര്‍ കാണാതായാല്‍ എന്താണ്?

“അവന്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം എന്ന പ്രതീക്ഷ നിങ്ങള്‍ക്കുണ്ട്,” അസ്മി പറഞ്ഞു. “ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാള്‍ കൊല്ലപ്പെട്ടെന്ന് നിങ്ങള്‍ക്കറിയാം, നിങ്ങള്‍ അവിടെനിന്നും മുന്നോട്ടുപോകും. ഇവിടെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ല.”

ബിന്‍ കാസിമിന്റെ ഭാര്യ താഹ്മിന അക്തര്‍ ഒരു ഇ മെയിലില്‍ എഴുതി, തന്റെ -ഉം 4-ഉം വയസുള്ള പെണ്‍കുട്ടികള്‍ എപ്പോഴും ചോദിക്കുന്നു എന്തുകൊണ്ടാണ് അച്ഛന്‍ വിളിക്കാത്തത്, വീട്ടില്‍ വരാത്തത്.

“എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ സഹിക്കേണ്ടി വരുന്നത്?” അവര്‍ എഴുതി. “പ്രതിപക്ഷ (നേതാക്കളുടെ) കുടുംബമാകുന്നത് ഇത്ര വലിയ തെറ്റാണോ?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍