UPDATES

നമ്മുടെ ബാങ്കുകള്‍ എത്ര സുരക്ഷിതമാണ്?

Avatar

അഖില്‍ രാമചന്ദ്രന്‍

പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലിയങ്ങ് പത്തനാപുരത്ത് നിന്നും വരുമെന്ന് കേട്ട് പഴകിച്ച മലയാളിയുടെ അവസ്ഥ ഇപ്പോള്‍ ഏതാണ്ട് അതുപോലെ തന്നെയാണ്. ദിവസേന പെരുകി വരുന്ന ബാങ്ക്, എ.ടി.എം. കവര്‍ച്ചകളാണ് മലയാളിയുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുളളില്‍ രണ്ട് ബാങ്കുകള്‍ കൊളളയടിക്കപ്പെടുകയും നാലിടങ്ങളില്‍ ബാങ്ക്, എ.ടി.എം കവര്‍ച്ചാശ്രമങ്ങള്‍ വിഫലമാവുകയും ചെയ്തു. കര്‍ഷക കുടുംബങ്ങള്‍ മുതല്‍ വന്‍കിട ബിസിനസ്സുകാര്‍ വരെ പണമിടപാടുകള്‍ക്കായി ബാങ്കുകളെ വലിയതോതില്‍ ആശ്രയിക്കുന്ന ഇക്കാലത്ത് ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും സുരക്ഷയിന്മേല്‍ ഉയര്‍ന്നിരിക്കുന്ന ആശങ്ക വളരെ വലുതാണെന്ന് മാത്രമല്ല അത് പരമാവധി വേഗതയില്‍ തന്നെ പരിഹരിക്കപ്പെടേണ്ടതുമാണ്.

വാണിജ്യ വ്യാപാര രംഗങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം ഏറെ മുന്‍പിലാണ്. വലിയതോതില്‍ പണമിടപാടുകള്‍ നടക്കുന്ന വാണിജ്യ നഗരങ്ങളില്‍ മാത്രമല്ല നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറിയ പണമിടപാടുകള്‍ക്ക് വരെ ആളുകള്‍ ബാങ്കുകളെ ആശ്രയിക്കുന്നതിനാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും അവയുടെ ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബാങ്കുകളുമായി ഇടപാടുകളില്‍ ഏര്‍പ്പെടേണ്ട സാഹചര്യം കേരളത്തില്‍ കൂടുതലാണ്. കൊടുക്കല്‍ വാങ്ങലുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവും കച്ചവടരംഗത്തെ വളര്‍ച്ചയും പുതിയ ബിസിനസ്സ് സംരംഭങ്ങളുടെ കടന്നുവരവും മാത്രമല്ല ഇതിന് കാരണമായി തീര്‍ന്നത്. കുടുംബശ്രീ പോലുളള സ്വയം സഹായസംഘങ്ങളുടെയും സഹകരണ സംഘങ്ങളുടെയും വളര്‍ച്ച ചെറുകിട സംരഭങ്ങള്‍ക്കുളള വായ്പാപദ്ധതികള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനുമായുളള വായ്പകള്‍, ചെറുതും വലുതുമായ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ അവക്ക് ലഭിക്കുന്ന മെച്ചപ്പെട്ട പലിശ തുടങ്ങി ദിവസവും ബാങ്കുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടപാടുകാര്‍ നിരവധിയാണ്. ഇവയ്ക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയും വാര്‍ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെയുളള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പണമിടപാടുകളില്‍കൂടി ബാങ്കുകളെ ഇടനിലക്കാരാക്കിയതോടെ സഹകരണ ബാങ്കുകളില്‍ മുതല്‍ ദേശസാല്‍കൃത ബാങ്കുകളില്‍ വരെ ദിവസവും നടക്കുന്ന ക്രയവിക്രയങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ഇവയ്ക്ക് പുറമെ മെച്ചപ്പെട്ട ജീവിത സാഹചര്യം നയിക്കുന്ന മലയാളികള്‍ ബാങ്കുകളെ ആശ്രയിക്കുന്നതിന് മററ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ബാങ്കുകള്‍ നിക്ഷേപത്തിന്മേലും സ്വര്‍ണപണയ വായ്പ്പയിന്മേലും ലോക്കര്‍ സംവിധാനത്തിന്മേലും നടത്തി വന്നിരുന്ന സുരക്ഷയും വിശ്വാസവുമാണ് അവയിലേറ്റവും പ്രധാനം. വിദേശ മലയാളികളുടെ സാന്നിധ്യവും അവര്‍ നിക്ഷേപിക്കുന്ന പണവുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലാത്തതാണ്. ദിവസവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് വിദേശ സ്വദേശ മലയാളികള്‍ തമ്മില്‍ പൊതുമേഖലാ ബാങ്കുകളിലൂടെയും സ്വകാര്യ ബാങ്കുകളിലൂടെയും നടന്ന് വരുന്നത്. ഇങ്ങനെ കേരളത്തിലേക്കെത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ഇടപാടുകാരുടെ നിക്ഷേപമായും അവ ബാങ്കുകളുടെയും കരുതല്‍ ധനമായും മാറുന്നത്. വാണിജ്യ കച്ചവട മേഖലകളില്‍ നിന്നുളള വലിയൊരു തുകയും നിക്ഷേപമായി ബാങ്ക് അക്കൗണ്ടുകളില്‍ എത്തപ്പെടുന്നുണ്ട്. ഓഹരികളും മററ് പണമിടപാടുകളും കൂടാതെ സ്വര്‍ണ്ണ നിക്ഷേപത്തിന്മേല്‍ മലയാളികള്‍ കാണിക്കുന്ന താല്‍പര്യവും ബാങ്കുകളുമായി ഇടപാടുകാരെ ചേര്‍ത്ത നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. സ്വര്‍ണം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും മാത്രമല്ല നിക്ഷേപത്തിനുളള വലിയ മാര്‍ഗ്ഗമായി തന്നെയാണ് കേരളീയര്‍ സ്വര്‍ണ്ണത്തെ നോക്കികാണുന്നത്. സമീപ കാലത്ത സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം സംഭവിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് ലോക്കറുകളിലേക്ക് ഒഴുകിയെത്തിയ സ്വര്‍ണ്ണ നിക്ഷേപം വളരെ വലുതാണ്. ഇവ കൂടാതെ ഇടത്തര-മധ്യ വര്‍ഗ്ഗ സമൂഹത്തിന്റെ പക്കല്‍ നിന്നും പണയ ഉരുപ്പടികളായി ബാങ്കുകളിലേക്കെത്തിയ സ്വര്‍ണ്ണത്തിന്റെ അളവ് കൂടി പരിഗണിച്ചാല്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്മേല്‍ കേരളം ഇതര സംസ്ഥാനങ്ങളെക്കാള്‍ എത്രയോ മടങ്ങ് മുന്‍പിലാണെന്ന് മനസ്സിലാക്കാം. ഇപ്രകാരം പരിശോധിക്കുമ്പോള്‍ ഉപഭോഗ സംസ്‌ക്കാരത്തിന്റെ വിളനിലമായ കേരളത്തിലെ ബാങ്കുകളുടെ ആസ്തിയും മൂല്യവും ആരെയും അമ്പരിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ ലക്ഷ്യം വച്ചുളള കവര്‍ച്ചകളും കവര്‍ച്ചാശ്രമങ്ങളും വര്‍ധിച്ച് വരുന്നതിലെ ആശങ്കകള്‍ പങ്കുവയ്‌ക്കേണ്ടത്.

ഇടപാടുകാര്‍ പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ് ബാങ്കുകളെ കൂടുതലായും ആശ്രയിക്കുന്നത്. സുരക്ഷയും വിശ്വാസവുമാണ് അതില്‍ ആദ്യത്തേതെങ്കില്‍ സമയലാഭവും കൊടുക്കല്‍ വാങ്ങലുകളിലെ വ്യക്തതയും ഉറപ്പുമാണ് മറ്റൊന്ന്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പകല്‍ സമയങ്ങളില്‍ വീടുകള്‍ അടച്ചിട്ട് പുറത്ത് പോകുന്നവരാണ് കേരളത്തിലേറെയുമുളളത്. പണമായാലും സ്വര്‍ണ്ണമായാലും അത്തരമൊരു സാഹചര്യത്തില്‍ വീടുകളില്‍ സൂക്ഷിക്കുക എന്നത് അത്യന്തം ക്ലേശകരമായ കാര്യം തന്നെ. ഈയൊരു സുരക്ഷപ്രശ്‌നം ഒഴിവാക്കാനാണ് ഇടപാടുകാര്‍ നിക്ഷേപത്തിനായി ബാങ്കുകളെ ആശ്രയിക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ കൂടി നല്‍കുമ്പോള്‍ ഇടപാടുകാരും ബാങ്കുകളും തമ്മിലുളള വിശ്വാസവും ഉയര്‍ന്ന തലത്തിലാവുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ബാങ്കുകളുടെ അശ്രദ്ധ കൊണ്ടോ സുരക്ഷ വീഴ്ച കൊണ്ടോ ബാങ്കുകളുടെ മേലുളള ഇടപാടുകാരുടെ വിശ്വാസം നഷ്ടമാകുന്നതിന് അവസരമൊരുക്കികൂടാ.

ഒരു ലക്ഷത്തിന്മേല്‍ ബാങ്ക് ശാഖകളും 1,82, 000ത്തോളം എ.ടി.എം.കൗണ്ടറുകളും രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ മാത്രം ആറായിരത്തിന്മേല്‍ ദേശസാല്‍കൃത ബാങ്ക് ശാഖകളും എണ്ണായിരത്തിനടുത്ത എ.ടി.എം. കൗണ്ടറുകളും 328763 കോടി രൂപയുടെ നിക്ഷേപവും ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍നിന്ന് മാത്രം രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ ബാങ്കിടപാടുകളുെട പ്രസക്തി മനസ്സിലാകും. മലപ്പുറം ജില്ലയിലെ ചേലാമ്പ്രയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും 2007 ഡിസംബര്‍ മുപ്പതിനായിരുന്നു 79.88 കിലോഗ്രാം സ്വര്‍ണ്ണവും 24.80 ലക്ഷം രൂപയും കവര്‍ന്നത്. ബാങ്ക് കെട്ടിടത്തിന്റെ തറ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറി പണവും സ്വര്‍ണ്ണവും അപഹരിച്ചത്. ഇതിന് സമാനമായ മോഷണമാണ് കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ വിജയ ബാങ്ക് ശാഖയിലും നടന്നത്. ഏഴര കോടി രൂപയും ഇരുപത് കിലോഗ്രാം സ്വര്‍ണ്ണവും മോഷ്ടാക്കള്‍ കവര്‍ന്നു. രണ്ട് ബാങ്കുകളുടെയും താഴെ മുറികള്‍ വാടകക്കെടുത്ത് വളരെ ആസൂത്രിതമായി തറ തുരന്നാണ് മോഷണം നടത്തിയത്. പട്ടാപ്പകല്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി കാസര്‍കോഡ് കുഡ്‌ലൂ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഇരുപത്തൊന്ന് കിലോ സ്വര്‍ണ്ണം കവര്‍ന്നത് കഴിഞ്ഞ മാസം ഏഴിനായിരുന്നു. ഇവ കൂടാതെ ചെങ്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജനാല ഇളക്കി മാററി കവര്‍ച്ച നടത്താനുളള ശ്രമവും ഉണ്ടായി. തൃശ്ശൂര്‍ വെളിയന്നൂരിലെ എ.ടി.എം.കൗണ്ടര്‍ കൊളളയടിച്ചതും കോലഴി പൂവണിയിലുളള സ്റ്റേററ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എ.ടി.എം.കൗണ്ടര്‍ കയര്‍കെട്ടി വലിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതും മറ്റൊരു ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ നശിപ്പിച്ച് പണം കവരാന്‍ ശ്രമിച്ചതും അടുത്ത നാളുകളിലാണ്. സംസ്ഥാനത്തെ ബാങ്കുകളെയും എ.ടി.എമ്മുകളെയും കളളന്മാര്‍ വിടാതെ പിന്‍തുടരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് ജാര്‍ഖണ്ഡ് കൊളള സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തലും ഇതോടൊപ്പം ചേര്‍ത്ത് വായിച്ച് ഗൗരവമായി എടുക്കേണ്ട കാര്യം തന്നെ.

കവര്‍ച്ചകളും കവര്‍ച്ചാശ്രമങ്ങളും ഉണ്ടാകുമ്പോള്‍ മാത്രം സുരക്ഷയുടെ പേരില്‍ ശബ്ദമുയരുകയും പിന്നീടത് കെട്ടടങ്ങുകയും ചെയ്യുകയാണ് പതിവ്. ബാങ്കുകളും എ.ടി.എം.കൗണ്ടറുകളും കേന്ദ്രീകരിച്ചുളള സുരക്ഷാക്രമീകരണങ്ങളുടെ അഭാവം തന്നെയാണ് മോഷ്ടാക്കള്‍ക്ക് പിന്നെയും പിന്നെയും അവസരമൊരുക്കുന്നതിന് കാരണമാകുന്നത്. കേരളത്തിലെ ഭൂരിഭാഗം വരുന്ന ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ക്കും സുരക്ഷാജീവനക്കാരില്ല. ബാങ്കുകളില്‍ സുരക്ഷാ ജീവനക്കാരുടെ സ്ഥിരം നിയമനം നടത്തിയിട്ട് വര്‍ഷങ്ങളായി എന്നറിയുമ്പോള്‍ മാത്രമേ ബാങ്കുകളുടെ സുരക്ഷയില്‍ കാണിക്കുന്ന വിട്ടുവീഴച മനോഭാവം എത്ര വലുതാണെന്ന മനസ്സിലാകൂ. ഇതിനപവാദമായി നില്‍ക്കുന്നത് സഹകരണ ബാങ്കുകള്‍ മാത്രമാണ്. സഹകരണ ബാങ്കുകള്‍ നേരിട്ടാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതെന്നത് ഇവിടെ ഗുണകരമാകുന്നു. പത്ത് കോടി രൂപയ്ക്ക് മേല്‍ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ ആയുധധാരികളായ സുരക്ഷാ ജീവനക്കാര്‍ വേണമെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് ബാങ്കുകളുടെ സുരക്ഷ ചോദ്യ ചിഹ്നമാക്കി മാററുന്നത്. നിലവില്‍ ബാങ്കുകളുടെ ഹെഡ് ഓഫീസ്, ഭരണ നിര്‍വ്വഹണ കാര്യാലയം ആര്‍.ബി.ഐ നിര്‍ദ്ദേശാനുസരണം കറന്‍സ്സി സൂക്ഷിക്കുന്നിടം ട്രഷറി ഇടപാടുകള്‍ നടക്കുന്ന ബാങ്ക് ശാഖകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാത്രമാണ് സുരക്ഷാജീവനക്കാരെ കര്‍ശനമായി നിയമിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്ക പുറമെ സുരക്ഷാജീവനക്കാരുടെ കുറവ് മൂലം ലക്ഷകണക്കിന് രൂപയാണ് പൊതു ഇടങ്ങളിലെ എ.ടി.എം. കൗണ്ടറുകളില്‍ അനാഥമായി കിടക്കുന്നതെന്നോര്‍ക്കണം.ബാങ്ക് ശാഖകളിലും എ.ടി.എം.കൗണ്ടറുകളിലും സ്‌ട്രോങ്ങ് റൂമിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ പോയിട്ട് രാത്രി സമയങ്ങളില്‍ നേരാംവണ്ണം പ്രകാശം കിട്ടുന്നതിന് വിളക്കുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. ഇത്തരം ആനുകൂല്യങ്ങളുടെ മറപ്പററിയാണ് എ.ടി.എം. മെഷീനുള്‍പ്പെടെ ഇളക്കി കടത്താന്‍ നടന്ന ശ്രമമെന്ന് തിരിച്ചറിയണം. എ.ടി.എം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കുന്നതിനായി സ്വകാര്യ ഏജന്‍സ്സികളെ ഏല്‍പ്പിച്ചതും എ.ടി.എമ്മുകളുടെ സുരക്ഷയേയും വിശ്വാസ്യതയേയും ബാധിച്ചിട്ടുണ്ട്. രണ്ട് ബാങ്ക് ജീവനക്കാര്‍ പരസ്പരം പോലു കൈമാറാത്ത രഹസ്യ നമ്പര്‍അടിസ്ഥാനത്തിലായിരുന്നു എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന ജോലി നടന്നിരുന്നത്.എന്നാല്‍ ആ പ്രവര്‍ത്തി ഔട്ട് സോഴ്‌സിംഗ് ഏജന്റുമാര്‍ മുഖേന നടപ്പിലാക്കാന്‍ തുടങ്ങിയതോടെ എ.ടി.എമ്മുകളില്‍ നിന്ന് ലഭിക്കുന്ന കറന്‍സികളില്‍ പോലും വിശ്വാസമര്‍പ്പിക്കാന്‍ പററാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു.

വ്യക്തതയും വിശ്വസനീയതയുമാണ് ബാങ്കിംഗ് മേഖലകളുടെ മുഖമുദ്ര. ഇടപാടുകാരും ബാങ്കുകളും തമ്മിലുളള വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴാതെ നോക്കാനുളള ധാര്‍മ്മികത ബാങ്കുകള്‍ക്കുണ്ട്. സുരക്ഷാജീവനക്കാരെ നിയമിച്ചതു കൊണ്ടും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചതു കൊണ്ടും മാത്രം ബാങ്കുകളുടെ സുരക്ഷാ ഉറപ്പാക്കിയെന്ന് കരുതരുത്. ബാങ്കുകളോട് ചേര്‍ന്നുള മുറികള്‍ പരമാവധി വാടകക്ക് കൊടുക്കാതിരിക്കുക. പണവും സ്വര്‍ണ്ണവും ലോക്കറുകളില്‍ സൂക്ഷിക്കുക. ലോക്കര്‍ മുറിക്ക് ഗ്രില്ലും ഇരുമ്പ് വാതിലുകളും വയ്ക്കുക, മോഷണശ്രമം നടന്നാല്‍ അറിയിക്കാനായി ഇലക്ട്രോണിക് അലാം ഘടിപ്പിക്കുക, പരമാവധി കോണ്‍ക്രീററ് കെട്ടിടങ്ങള്‍ തന്നെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുക, വിജനമായതും ആളില്ലാത്തതും പെട്ടെന്ന് ശ്രദ്ധയെത്താത്തതുമായ ഇടങ്ങളില്‍ നിന്നും കഴിവതും ബാങ്കിന്റെ പ്രവര്‍ത്തനം ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളും ബാങ്കിന്റെയും എ.ടി.എമ്മുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി മുഖവിലക്കെടുക്കേണ്ടതുണ്ട്. വര്‍ദ്ധിച്ച് വരുന്ന ബാങ്ക് എ.ടി.എം. കവര്‍ച്ചശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനായില്ലെങ്കില്‍ വിശ്വാസ്യതയുടെ മേല്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തനത്തെ അത് താളം തെറ്റിക്കും. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പിറകോട്ട് വലിക്കുന്ന അത്തരം ഭവിഷ്യത്തുകള്‍ ഉണ്ടാവാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന് സാധി്ക്കണം. കാരണം ഒരിക്കല്‍ നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാന്‍ നഷ്ടപ്പെട്ട പണം തിരുച്ചെടുക്കുന്ന അത്ര എളുപ്പത്തില്‍ സാധ്യമാവില്ല.

(കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മാധ്യമവിഭാഗം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍