UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇവരിനി എന്തു ചെയ്യണം? കിടപ്പാടം ജപ്തി ചെയ്യുമെന്ന ഭീഷണി ഭയന്ന് ഒരു നഴ്‌സ്

Avatar

രാകേഷ് നായര്‍

കോര്‍പ്പറേറ്റ് ഭീമന്മാരുടെയും മദ്യവ്യവസായികളുടെയും കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ മത്സരിക്കുകയും സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുമ്പോള്‍ പാവപ്പെട്ട കുട്ടികള്‍ പഠിക്കാനായി എടുക്കുന്ന വായ്പയ്ക്കുമേല്‍ ജപ്തി ഭീഷണി. വിദ്യാഭ്യാസ വായ്പ എടുത്തവരുടെ തുക തിരിച്ചുപിടിക്കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെ നിര്‍ബന്ധബുദ്ധിയോടെ രംഗത്തിറങ്ങിയിതോടെ നിരവധിപ്പേരാണ് കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ ഭീഷണിയില്‍ അകപ്പെട്ടിരിക്കുന്നത്. നഴ്‌സിംഗ് പഠനത്തിനായി ലോണ്‍ എടുത്തവരാണ് നിലവില്‍ ഏറ്റവും വലിയ ബാധ്യത ചുമക്കേണ്ടി വരുന്നത്. ലക്ഷങ്ങള്‍ മുടക്കി പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഭൂരിഭാഗത്തിനും പഠനാവശ്യത്തിന് എടുത്ത വായ്പയുടെ പലിശത്തുകയ്ക്കുപോലും തികയാത്ത ശമ്പളത്തില്‍ ജോലി ചെയ്യാനാണ് വിധി. ഇവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു കാരുണ്യവും കാണിക്കാതിരിക്കുകയും അതേസമയം ബാങ്കുകള്‍ തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമ്പോള്‍ എന്തു ചെയ്യുമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ പാവങ്ങള്‍.

 

ഈ ദുരിതകഥയിലെ പുതിയ കഥാപാത്രമായിരിക്കുകയാണ് കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ആന്‍സി ജോണ്‍. ചാത്തന്നൂര്‍ എസ്.ബി.ടി ശാഖയില്‍ നിന്ന് നഴ്‌സിംഗ് പഠനത്തിനായി എടുത്ത തുക തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന അറിയിപ്പ് നല്‍കിയിരിക്കുകയാണ് ആന്‍സിയുടെ കുടുംബത്തിന്. 3,46,000 രൂപയാണ് ഇവര്‍ വിദ്യാഭ്യാസ ലോണ്‍ എടുത്തത്. പലിശ സഹിതം ഈ തുകയിപ്പോള്‍ 6,76,00 രൂപയായിരിക്കുകയാണ്. പത്തുദിവസത്തിനുള്ളില്‍ ഈ തുകയടച്ചില്ലെങ്കില്‍ ആകെയുള്ള 20 സെന്റ് സ്ഥലവും വീടും അറ്റാച്ച് ചെയ്ത് ബാങ്ക് തങ്ങളുടെ തുക ഈടാക്കുമെന്ന ഭയത്തിലാണ് ഇവര്‍.

2005- ലാണ് കൊല്ലം ഉപാസന നഴ്‌സിംഗ് കോളേജില്‍ ചേര്‍ന്ന ആന്‍സി ചാത്തന്നൂര്‍ എസ്ബിടി ശാഖയില്‍ നിന്ന് വായ്പ എടുക്കുന്നത്. പതിനൊന്ന് ശതമാനം പലിശയില്‍ 3,46,00 രൂപയാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. അഞ്ച് ലക്ഷം രൂപവയ്ക്കുവരെ ഈട് വേണ്ടെന്നാണ് വിദ്യാഭ്യാസ വായ്പ നയത്തില്‍ പറയുന്നത്. എട്ടുലക്ഷം രൂപവരെ പതിനൊന്ന് ശതമാനം പലിശയുമാണ് ഈടാക്കുന്നത്. ഓരോ ഗഡു അനുവദിക്കുന്നതിനു മുമ്പും ആദ്യ ഗഡുവന്റെ പലിയ അടിച്ചിരിക്കണമെന്നാണ് ബാങ്കുകള്‍ പറയുന്നത്. നിര്‍ദ്ധന കുടുംബത്തിലെ കുട്ടികളാണ് വിദ്യാഭ്യാസലോണിനെ പ്രധാനമായും ആശ്രയിക്കുന്നതെന്നതിനാല്‍ പലപ്പോഴും കൃത്യമായ പലിശ അടയ്ക്കാന്‍ സാധിക്കാതെ വരുന്നു. പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടിയശേഷം വായ്പ തിരിച്ചടച്ചു തുടങ്ങിയാല്‍ മതിയെന്ന സൗകര്യമൊന്നും ബാങ്കുകള്‍ ഈ കുട്ടികള്‍ക്ക് നല്‍കാറില്ല. കഴിഞ്ഞ ജനുവരി വരെ 90,000 രൂപ പലിശയിനത്തില്‍ ആന്‍സിയുടെ കുടുംബം ബാങ്കില്‍ അടച്ചിരുന്നു. 2005 ല്‍ എടുത്ത വായ്പ്പയ്ക്ക് സബ്‌സിഡി കിട്ടുന്നത് രണ്ടുമാസം മുമ്പുമാത്രമായിരുന്നു. മാത്രമല്ല എട്ടുലക്ഷം രൂപയക്ക് വരെ വെറും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപമാത്രമാണ് സബ്‌സിഡിയായി നല്‍കുന്നതും. സര്‍ക്കാരും ബാങ്കുകളും ഓരോകാര്യങ്ങള്‍ പറഞ്ഞ് സബ്‌സിഡി അനുവദിക്കാന്‍ കാലതാമസം വരുത്തുകയും സബ്‌സിഡി തുക കുറയ്ക്കുന്നതും പതിവാണ്. സബ്‌സിഡി നിശ്ചയിക്കുന്നത് മുഴുവന്‍ തുകയെ അടിസ്ഥാനമാക്കിവേണമെന്നാണ് നിയമമെങ്കിലും സബ്‌സിഡി അനുവദിക്കുന്ന കാലം മുതലുള്ള തുകയ്‌ക്കെ ഇത് ബാധകമാകുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ സാഹചര്യം. അതനുസരിച്ച് നാന്‍സിയുടെ കുടുംബം അടച്ച 90,000 രൂപ കണക്കാക്കാതെയാണ് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുന്നത് തന്നെ.

ശമ്പളം 12,000 പലിശ 15,000
പഠനം പൂര്‍ത്തിയാക്കി അതേ ഹോസ്പിറ്റലില്‍ തന്നെയാണ് കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷമായി ആന്‍സി ജോലി ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് ആന്‍സിയുടെ ശമ്പളം 13,000 രൂപയാക്കിയത്. പിഎഫിലേക്ക് 500 രൂപ പിടിച്ചതിനുശേഷം കൈയില്‍ കിട്ടുന്നത് 12,500 രൂപ. എന്നാല്‍ ഒരുമാസം ബാങ്കില്‍ അടയ്‌ക്കേണ്ട പലിശ 15,000 ത്തിനും 16,000 നും ഇടയില്‍! പതിനൊന്ന് ശതമാനം പലിശ എന്നാണ് തുടക്കത്തില്‍ പറയുന്നതെങ്കിലും ഇത് പിന്നീട് 15 ഉം തുടര്‍ന്ന് കോമ്പൗണ്ട് ഇന്‍ട്രസ്റ്റ് എന്നപേരില്‍ 17 ശതമാനവുമാക്കി. ആന്‍സി ഉള്‍പ്പെടെ, കിട്ടുന്ന ശമ്പളത്തെക്കാള്‍ കൂടുതല്‍ ബാങ്കില്‍ പലിശ അടയ്‌ക്കേണ്ട സാഹചര്യമാണ് കേരളത്തിലെ ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും ജോലി ചെയ്യുന്ന ന്‌സുമാര്‍ക്ക് ഉള്ളത്. മെച്ചപ്പെട്ട ശമ്പളം ലഭിക്കണമെങ്കില്‍ വിദേശത്തുപോവുകയാണ് നഴ്‌സുമാരുടെ മുന്നിലുള്ള ഏക പോംവഴി. എന്നാല്‍ ഏജന്റുമാര്‍ ഈയിനത്തില്‍ ലക്ഷങ്ങളാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്. പലപ്പോഴും ഇവരുടെ ചതിക്കുഴിയില്‍ വീഴാനുമായിരിക്കും പലരുടെയും വിധി. ‘ആന്‍സി എം ഒ എച്ച് എഴുതി വിദേശത്ത് പോകാനായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇതിനായി അഞ്ചു ലക്ഷം രൂപയാണ് ഏജന്‍സി ആവശ്യപ്പെട്ടിരുന്നത്. ആറുമാസം മുമ്പ് നാലു ലക്ഷമായിരുന്നു. എങ്ങിനെയെങ്കിലും ആ തുക ഉണ്ടാക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് ബാങ്കിന്റെ ഇരുട്ടടി. അവര്‍ പറയുന്ന തുക അടച്ചില്ലെങ്കില്‍ ഞങ്ങളുടെ കിടപ്പാടം നഷ്ടപ്പെടും. എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ല– ആന്‍സിയുടെ സഹോദരന്‍ ജോസി ജോണ്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു പെങ്ങളുടെ കല്യാണം നടത്തിയത്. അതിനായി മറ്റൊരു ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ആന്‍സിയുടെ ഭര്‍ത്താവ് അവിടുത്തെ ജോലി നഷ്ടപ്പെട്ട് ഇപ്പോള്‍ നാട്ടിലാണ്. ഒരു കുട്ടിയുമുണ്ട് ഇവര്‍ക്ക്. വലിയ സാമ്പത്തിക നിലയൊന്നുമില്ലാത്തവരാണ് ഞങ്ങള്‍. വേറെ കടവുമുണ്ട്. ആകെയുള്ളത് ഇരുപത് സെന്റ് സ്ഥലവും ഒരുവീടുമാണ്. അതാണിപ്പോള്‍ കൈവിട്ടുപോകുമെന്ന നിലയിലിരിക്കുന്നത്– ജോസി പറയുന്നു.

ബാങ്കുകളുടെ നിലപാട്
വിദ്യാഭ്യാസ വായ്പ കിട്ടാക്കടമാകുന്നതിനാല്‍ ഇത് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ ഇനിയും സാവകാശം നല്‍കരുതെന്നാണ് സംസ്ഥാന ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാവകാശം നല്‍കിയാലും ആരും വായ്പ തിരികെ അടയ്ക്കില്ലെന്നും ബാങ്കുകള്‍ പറയുന്നു. വിദ്യാഭ്യാസ വായ്പയായി നല്‍കിയ തുക എത്രയും വേഗം തിരികെപിടിക്കാന്‍ കഴിഞ്ഞ ദിവസം എസ്ബിടി സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടവു മുടങ്ങിയവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായത്.

എന്നാല്‍ വിദ്യാഭ്യാസ വായ്പ എടുത്തവരുടെമേല്‍ ജപ്തി നടപടികള്‍ സ്വീകരിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ നിര്‍ദേശം മറികടന്ന് പല ബാങ്കുകളും ജപ്തി നടത്തയതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരുന്ന നടപടികളാണ് വീണ്ടും രഹസ്യമായി തുടങ്ങിയിരിക്കുന്നത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനവായ്പയില്‍ പലിശയിളവ് നല്‍കുമെന്ന പ്രഖ്യാപനംപോലും പാഴ്‌വാക്കാക്കിക്കൊണ്ടാണ് ബാങ്കുകളുടെ പ്രവര്‍ത്തി. വായ്പയെടുത്തതില്‍ ഇതുവരെ ഒരുതവണപോലും തിരിച്ചടയ്ക്കാത്തവര്‍ക്ക് നാമമാത്രമായ പലിശയിളവും പണം കുറച്ചെങ്കിലും അടച്ചവര്‍ക്ക് ഇളവ് അനുവദിക്കാതെയുമാണ് ബാങ്കുകള്‍ ജപ്തി നടത്തുമെന്നു കാണിച്ച് നോട്ടീസ് അയക്കുന്നത്. ഇതുമൂലം കേരളത്തിലെ ലക്ഷക്കണക്കിന്ന നഴ്‌സുമാരാണ് ദുരിതത്തിലാകുന്നത്.

ഈട് വേണ്ടത്ത ലോണിന് വസ്തു ജപ്തി
അഞ്ചുലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഈടുവേണ്ടന്നാണ് നിയമമെങ്കിലും ആന്‍സിക്ക് വന്നിരിക്കുന്ന നോട്ടീസ് പ്രകാരം സ്ഥാവര വസ്തുക്കള്‍ അറ്റാച്ച് ചെയ്ത് ബാങ്കിന്റെ കുടിശിക വസൂലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ചാത്തന്നൂര്‍ ശാഖയില്‍ നിന്ന് എത്രയും വേഗം ഒരു ലക്ഷം രൂപയെങ്കിലും അടയ്ക്കാന്‍ ആന്‍സിയുടെ കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് വക്കീല്‍ നോട്ടീസുകള്‍ അയക്കാന്‍ തുടങ്ങി. മൂന്നു ദിവസം മുമ്പ് തഹസില്‍ദാര്‍ ഇഷ്യു ചെയ്ത റിക്കവറി നോട്ടീസ് മീനാട് വില്ലേജ് ഓഫിസ് മുഖാന്തിരം ആന്‍സിയുടെ കുടുംബത്തിന് ലഭിച്ചത്. പത്തുദിവസത്തിനകം നടപടികള്‍ ഒഴിവാക്കാനായില്ലെങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയും ദിവസത്തിനുള്ളില്‍ വലിയൊരു തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.

കണ്ണടച്ചിരിക്കുന്ന സര്‍ക്കാര്‍
ലക്ഷങ്ങള്‍ മുടക്കി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്താലും 15,000 രൂപയ്ക്ക് മുകളില്‍ ശമ്പളം കിട്ടാത്ത അവസ്ഥയാണ്. കാലങ്ങളായി നീതിക്കുവേണ്ടി പോരാടുന്ന ഒരു വിഭാഗമായി മാറിയിരിക്കുകയാണ് കേരളത്തിലെ നഴ്‌സുമാര്‍. സര്‍ക്കാര്‍ ഓരോ ഘട്ടത്തിലും പല വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നിശ്ചിക്കുന്നതില്‍പോലും ഇതുവരെ ഒരു തീര്‍പ്പ് ഉണ്ടാക്കാന്‍പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യാവസ്ഥ. ആശുപത്രികളുടെ ചൂഷണത്തിനു പുറകെ ബാങ്കുകളുടെ കണ്ണില്‍ച്ചോരയില്ലാത്ത നടപടികളും കൂടിയാകുമ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോവുകയാണ് പലരും. കുടുംബം പണയംവച്ച് പഠിപ്പിച്ചിട്ടും ഒടുവില്‍ ആ കുടുംബം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍പോലും ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് പലരും.

മാന്യമായ ശമ്പളം ഇവിടുത്തെ നഴ്‌സുമാര്‍ക്ക് ലഭ്യമാക്കാന്‍പോലും നമ്മുടെ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതി തള്ളുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ അതെല്ലാം വെറും പാഴ്‌വാക്കുകളാണെന്ന് തെളയിച്ചുകൊണ്ടാണ് പാവപ്പെട്ട നഴ്‌സുമാരുടെ ജീവിതം തകര്‍ക്കാനുള്ള ബാങ്കുകളുടെ നടപടി. സര്‍ക്കാര്‍ ഈകാര്യത്തില്‍ അവരുടെ പതിവു മൗനം പാലിച്ചാലും ബാങ്കുകളുടെ കണ്ണില്‍ച്ചോരയില്ലാത്ത നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സംഘടനയുടെ തീരുമാനം- ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രതികരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍