UPDATES

വിപണി/സാമ്പത്തികം

കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുള്ള വായ്പ വെട്ടിക്കുറക്കാന്‍ ബാങ്കുകള്‍ക്ക് ഗവണ്‍മെന്‍റ് നിര്‍ദേശം

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള വായ്പ 25 ശതമാനമായി വെട്ടിക്കുറയ്ക്കണമെന്നും ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കണമെന്നുമാണ് നിര്‍ദേശം

തിരിച്ചടവിന് സാധ്യതയില്ലാത്ത കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള വായ്പ 25 ശതമാനമായി വെട്ടിക്കുറയ്ക്കണമെന്നും ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കണമെന്നും പൊതുമേഖല ബാങ്കുകളോട് ബാങ്കിംഗ് സെക്രട്ടറി രാജീവ് കുമാര്‍ നിര്‍ദ്ദേശിച്ചു. പൊതുമേഖല ബാങ്കുകളിലെ അദ്ധ്യക്ഷന്‍മാര്‍ക്കും സിഇഒമാര്‍ക്കും ഇന്നലെ അയച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 2019 മാര്‍ച്ചോടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള വായ്പ പതിനഞ്ച് ശതമാനമായി ചുരുക്കുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. നിലവില്‍ വന്‍കിട കമ്പനികള്‍ക്ക് പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ മൊത്തം വായ്പകളുടെ അമ്പത് ശതമാനത്തിലേറെ നല്‍കുമ്പോള്‍ ചില്ലറ വ്യാപരികള്‍ക്കും ചെറുകിട സംരംഭകര്‍ക്കും 15 ശതമാനം മാത്രമാണ് നല്‍കുന്നത്.

ഭവന, വാഹന വായ്പകള്‍ ബാങ്കുകളുടെ പ്രവര്‍ത്തനരഹിത ആസ്തികളുടെ തോത് കൂട്ടുന്നില്ല. എന്നാല്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്ന വായ്പകള്‍ കിട്ടാക്കടങ്ങളായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് കൃത്യത പുലര്‍ത്തുന്നവര്‍ക്ക് പുതിയ വായ്പകള്‍ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിര്‍ദ്ദേശമുണ്ട്. എട്ടുലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കുള്ളത്.

പൊതുമേഖല ബാങ്കുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 88,139 കോടി രൂപയുടെ മൂലധന ഉത്തേജനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വായ്പ നല്‍കുന്നതിലെ പുതിയ നിബന്ധനകളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വലിയ തുക വായ്പ നല്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 250 കോടിയിലേറെ രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങള്‍ കൃത്യമായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍