UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ പാപ്പര്‍; പക്ഷേ പണിയുന്നത് 5 കോടിയുടെ പശുസ്മാരകം

Avatar

ടീം അഴിമുഖം

സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നടത്താന്‍ പഞ്ചാബ് വിധവാഗൃഹങ്ങളും ജയിലുകളും പണയംവെക്കുകയായിരിക്കും. പക്ഷേ ‘വിശുദ്ധ പശു’വിന്റെ കാര്യം വരുമ്പോള്‍ പണപ്പെട്ടി മലര്‍ക്കെ തുറക്കാന്‍ ഒരു മടിയുമില്ല. ഇപ്പോള്‍ത്തന്നെ പശുവിന്റെ ക്ഷേമത്തിനായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചുകഴിഞ്ഞെങ്കിലും ഭാവിയിലേക്ക് ഇതിലും വലിയ പദ്ധതികള്‍ വരാനിരിക്കുന്നതേയുള്ളൂ.

മാന്‍സ ജില്ലയില്‍ 5 കോടി രൂപ ചെലവില്‍ ഒരു പശു സ്മാരകം പണിയാനാണ് സര്‍ക്കാര്‍ പരിപാടി. രാജ്യത്തുതന്നെ ഏതെങ്കിലും ഒരു മൃഗത്തിനായി ഉണ്ടാക്കുന്ന ഏറ്റവും ചെലവേറിയ സ്മാരകം. മൂന്നേക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണജോലികള്‍ ജനുവരിയില്‍ തുടങ്ങാനിരിക്കുന്നു.

ജോഗ ഗ്രാമത്തിലെ ഒരു മില്ലില്‍ ചത്ത പശുവിന്റെ ജീര്‍ണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് 2012 ജൂണില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ പ്രകാശ് സിങ് ബാദല്‍ പശുക്കള്‍ക്കായുള്ള സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.

“രാഷ്ട്രീയ ഷഹീദ് ഗോ സ്മാരക” നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ 5 കോടി രൂപ ചെലവാക്കുമെന്ന് പഞ്ചാബ് ഗോ സേവ കമ്മീഷന്‍ പറയുന്നു. മന്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇതിനകം 2 കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

രാജ്യത്തു ഏതെങ്കിലുമൊരു മൃഗത്തിനായി പണിയുന്ന ഏറ്റവും ചെലവേറിയ സ്മാരകം ഇതായിരിക്കുമെന്നത് കമ്മീഷന്‍ അദ്ധ്യക്ഷന്‍ കീംതി ഭഗത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. “രാജ്യത്ത് ഇതരത്തിലുള്ള ആദ്യ സ്മാരകമാണിത്. ഞങ്ങള്‍ക്കതില്‍ അഭിമാനമുണ്ട്.”

സംസ്ഥാനത്തെ 22 ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

ഈ പശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കായി 15 മുതല്‍ 20 ഏക്കര്‍ വരെയുള്ള ഭൂമി ഇതിനകം ഏറ്റെടുത്തതായി ഭഗത് പറഞ്ഞു. “22 ഗോശാലകളില്‍ ഓരോന്നും നിര്‍മ്മിക്കുന്നതിന് 1 കോടി രൂപ ചെലവഴിക്കും. ഓരോ ജില്ലക്കും ഇതിനകം 43 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു.”

സംസ്ഥാനത്തെ 472 സ്വകാര്യ ഗോശാലകള്‍ക്ക് വൈദ്യുതിയും വെള്ളവും സൌജന്യമായി നല്കാനും മന്ത്രിസഭ തീരുമാനിച്ചു. “ഈ ഗോശാലകള്‍ക്ക് 2 കോടി രൂപ ലാഭിക്കാന്‍ ഈ തീരുമാനം സഹായിക്കും,” ഭഗത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മന്ത്രിസഭ, പുതിയ ഗോശാലകളുടെ നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ക്ക്, 5 ലക്ഷം രൂപവരെ മൂല്യ വര്‍ദ്ധിത നികുതി (VAT) ഒഴിവാക്കിക്കൊടുത്തു. ഉപഭോഗവസ്തുക്കളില്‍ മറ്റൊരു 3 ലക്ഷം രൂപയുടെ വാര്‍ഷിക VAT ഇളവും നല്കിയിട്ടുണ്ട്. കമ്മീഷന്റെ ചെലവുകള്‍ത്തന്നെ പ്രതിവര്‍ഷം 40 ലക്ഷം വരും. ഭാവിയിലേക്ക് പഞ്ചാബ് ഗോ സേവ കമ്മീഷന് വലിയ പദ്ധതികളാണുള്ളത്. തങ്ങളുടെ വാര്‍ഷിക ബജറ്റ് 22 കോടി രൂപയാക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

“കമ്മീഷന് ഒരു ബജറ്റുമില്ല. ഞങ്ങള്‍ക്ക് ചുരുങ്ങിയത് 30 കോടി രൂപയുടെ വാര്‍ഷിക ബജറ്റെങ്കിലും വേണം,” ഭഗത് പറഞ്ഞു. അയല്‍സംസ്ഥാനമായ ഹരിയാനയില്‍ പഞ്ചാബ് മാതൃകയില്‍ രൂപവത്കരിച്ച സമിതിക്ക് പ്രതിവര്‍ഷം 9.4 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍