UPDATES

സിനിമാ വാര്‍ത്തകള്‍

ഇറാന്‍ നിരോധിച്ച മക് മല്‍ബഫ് ചിത്രം 26 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്നു

ചിത്രത്തിന്റെ റഷസ് സെന്‍സര്‍ ഓഫീസില്‍ നിന്ന് കടത്തി ലണ്ടനിലെത്തിക്കുകയും റീസ്റ്റോര്‍ ചെയ്യുകയുമായിരുന്നു.

ഇറാന്‍ സെന്‍സര്‍ ചെയ്യുകയും പിന്നീട് നിരോധിക്കുകയും ചെയ്ത മൊഹ്‌സെന്‍ മഖ്മല്‍ബഫ് ചിത്രം നൈറ്റ്‌സ് ഓഫ് സയാന്‍ദെ റൂഡ് 26 വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്നു. ടെഹ്‌റാനിലെ സെന്‍സര്‍ ഓഫീസില്‍ നിന്ന് മക്മല്‍ബഫ് ചിത്രത്തിന്റെ പ്രിന്റുകള്‍ ലണ്ടനിലേയ്ക്ക് ഒളിച്ച് കടത്തിയിരുന്നു. നിലവില്‍ ലണ്ടനില്‍ രാഷ്ട്രീയ അഭയത്തിലാണ് മക്മല്‍ബഫ്. നാളെ ചിത്രം ലണ്ടനിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പും വിപ്ലവകാലത്തും അതിന് ശേഷവും ഇറാനില്‍ ജീവിക്കുന്ന ഒരു നരവംശ ശാസ്ത്രജ്ഞന്റേയും അയാളുടെ മകളുടേയും കഥയാണ് നൈറ്റ്‌സ് ഓഫ് സയാന്‍ദെ റൂഡ് പറയുന്നത്. ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലുള്ള സിനിമയാണിത്. 1990ല്‍ പുറത്തിറങ്ങാനൊരുങ്ങവെ വലിയ വിവാദമായി മാറിയ ചിത്രം മക്മല്‍ബഫിന് നേരെ വധഭീഷണി വരാനും കാരണമായി. ചിത്രത്തിന്റെ റഷസ് സെന്‍സര്‍ ഓഫീസില്‍ നിന്ന് കടത്തി ലണ്ടനിലെത്തിക്കുകയും റീസ്റ്റോര്‍ ചെയ്യുകയുമായിരുന്നു. താന്‍ അത് കടത്തിക്കൊണ്ടുവന്നതാണെന്നും എന്നാല്‍ എങ്ങനെയാണ് അത് ചെയ്തതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മൊഹ്‌സെന്‍ മഖ്മല്‍ബഫ് പറയുന്നു.

1990ലെ ടെഹ്‌റാന്‍ ഫാജിര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി 100 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തിലെ 25 മിനുട്ട് വരുന്ന ഭാഗം മക്മല്‍ബഫിനോട് ആലോചിക്കാതെ സെന്‍സര്‍ബോഡ് മുറിച്ച് മാറ്റിയിരുന്നു. ആത്മഹത്യ ചിത്രത്തിന്റെ പ്രധാന പ്രമേയമായിരുന്നു. രാഷ്ട്രത്തിന് പ്രത്യാശ നഷ്ടപ്പെടുന്നതിന്റെ രൂപകമായാണ് ആത്മഹത്യയെ മക്മല്‍ബഫ് ഉപയോഗിച്ചത്. ജനങ്ങള്‍ക്ക് വിപ്ലവത്തിലുണ്ടായിരുന്ന പ്രതീക്ഷയെ മക്മല്‍ബഫ് ചിത്രത്തിലൂടെ ചോദ്യം ചെയ്തു. ഇറാന്റെ പരമോന്നത ആത്മീയ നേതാവ ആയത്തൊള്ള ഖൊമൈനി ചിത്രം കണ്ടതിന് ശേഷം 12 മിനുട്ട് ഭാഗം കൂടി വെട്ടിമാറ്റാന്‍ സെന്‍സര്‍മാരോട് ആവശ്യപ്പെട്ടു. പക്ഷെ ചിത്രം റിലീസ് ചെയ്യാന്‍ ഇറാന്‍ ഭരണകൂടം അനുവദിച്ചില്ല. ഇസ്ലാമിനേയും ഇറാന്‍ ഭരണകൂടത്തേയും ഇസ്ലാമിക വിപ്ലവത്തേയും വിമര്‍ശിച്ചു എന്ന് പറഞ്ഞാണ് സിനിമ പുറത്തിറങ്ങുന്നത് തടഞ്ഞത്. ഇസ്ലാമിക വിപ്ലവത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ മക്മല്‍ബഫ് അപമാനിച്ചതായും ജനങ്ങള്‍ക്ക് വിപ്ലവത്തിലുള്ള പ്രതീക്ഷകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും ഗവണ്‍മെന്റ് ആരോപിച്ചു.

അതേസമയം സീനുകള്‍ പലതും കട്ട് ചെയ്തിരുന്നെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ഘടനയ്ക്ക് വലിയ പരിക്കൊന്നും വന്നിട്ടില്ലെന്നാണ് മക്മല്‍ബഫ് പറയുന്നത്. 2005ല്‍ അഹമ്മദി നെജാദ് പ്രസിഡന്റായ സമയത്ത് ഇറാനില്‍ നിന്ന് പലായനം ചെയ്ത മൊഹ്‌സെന്‍ മഖ്മല്‍ബഫ് പാരീസിലും ലണ്ടനിലുമായി പ്രവാസ ജീവിതം നയിച്ചുവരുകയാണ്. മഖ്മല്‍ബഫിന്റെ ഗാര്‍ഡനര്‍ എന്ന ചിത്രം 2012 മുതല്‍ ഇറാന്‍ നിരോധിച്ചിരിക്കുകയാണ്. മറ്റ് പല ചിത്രങ്ങള്‍ക്കും നിരോധനമുണ്ടായിരുന്നെങ്കിലും പിന്നീട് നീക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍