UPDATES

ബാര്‍ കോഴയില്‍ ബാബുവിനെതിരെ അന്വേഷണം നടത്തിയത് അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍; വി എസ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ നടന്നത് അന്വേഷണ പ്രഹസനമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ബാബുവിനെതിരെയുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും വി എസ് ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസില്‍ കെ.എം. മാണിയുടെ ആരോപണം അന്വേഷിച്ചത് സംസ്ഥാനത്താകെ അധികാരപരിധിയുള്ള വിജിലന്‍സിന്റെ സ്‌റ്റേറ്റ് സെപ്ഷ്യല്‍ യൂണിറ്റാണ്. എന്നാല്‍ എക്‌സൈസ് മന്ത്രി ബാബുവിന്റെ ബാര്‍ കോഴ കേസ് അന്വേഷിച്ചതാകട്ടെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം അധികാര പരിധിയുള്ള വിജിലന്‍സിന്റെ യൂണിറ്റാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ആക്ഷേപിക്കുന്നതെന്ന് വി എസ് ചൂണ്ടിക്കാട്ടി.

എറണാകുളം യൂണിറ്റിന്റെ എറണാകുളം ജില്ലയ്ക്ക് മാത്രം അധികാരപരിധിയുള്ള എം.എന്‍. രമേശ് എന്ന ഡിവൈ.എസ്.പിയാണ് കെ. ബാബുവിന്റെ കേസ് അന്വേഷിച്ചത്. ഈ ഉദ്യോഗസ്ഥന് ആ ജില്ലയില്‍ മാത്രമുള്ള സാക്ഷികളെ മാത്രമേ സമണ്‍ ചെയ്യാന്‍ അധികാരമുള്ളൂ. ഇത്തരത്തിലുള്ള ഒരു യൂണിറ്റിനെക്കൊണ്ട് അന്വേഷണം ഒരു പ്രഹസമാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശ്രമിച്ചത്. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ വെച്ച് കൈക്കൂലി നല്‍കി എന്ന ആരോപണം അന്വേഷിക്കേണ്ടത് ഒന്നുകില്‍ സംസ്ഥാനത്താകെ അധികാരപരിധിയുള്ള യൂണിറ്റായിരിക്കണം. അല്ലെങ്കില്‍ തിരുവനന്തപുരത്തെ വിജിലന്‍സിന്റെ യൂണിറ്റ് ആയിരിക്കണം. ഇങ്ങനെ ചെയ്യുന്നതിന് പകരം തങ്ങളുടെ ആജ്ഞാനുവര്‍ത്തിയും, അഴിമതിക്ക് കുപ്രസിദ്ധനുമായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചത് ബാബുവിനെ കുറ്റവിമുക്തനാക്കാനാണെന്ന് സാമാന്യബോധമുളള ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണെന്നും ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥന്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍