അഡ്വ. ഹരീഷ് വാസുദേവന്‍
ബാര്‍ കോഴ കേസില്‍ ഇപ്പോള്‍ വന്നിട്ടുള്ള വിജിലന്‍സ് കോടതിയുടെ വിധി നിയമപരമായി ശരിയാണ്. ഏതെങ്കിലും കേസില്‍ അന്വേഷണം നടന്നശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് അന്വേഷണ സംഘത്തിന് അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ അവകാശമുള്ളത്. എല്ലാ തെളിവുകളും ശേഖരിച്ചൂവെന്ന് ഉറപ്പുവരുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അത്തരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസാണ് ബാര്‍ കോഴ കേസ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടശേഷം അന്വേഷണ സംഘത്തിന് കിട്ടുന്ന ഏതെങ്കിലും തരത്തിലുള്ള കൂടുതല്‍ തെളിവുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് പ്രസക്തമാണെന്നു തോന്നുകയാണെങ്കിലാണ് ആ തെളിവുകള്‍ കോടതിക്കു മുമ്പാകെ അഡീഷണല്‍ റിപ്പോര്‍ട്ടായി ഫയല്‍ ചെയ്യാവുന്നത്. ഇത്തരം അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇപ്പോള്‍ നടത്തിയ അന്വേഷണം ഈ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിപുലീകരിക്കേണ്ടതാണെന്നു കോടതിക്കോ അന്വേഷണ സംഘത്തിനോ തോന്നുകയാണെങ്കില്‍ മാത്രമെ ഒരു പുനരന്വേഷണം സിആര്‍പിസി അനുവദിക്കുന്നുള്ളൂ.
രാഷ്ട്രീയപ്രേരിതമായി നടത്തിയൊരു അന്വേഷണം എന്ന് സാമാന്യജനത്തിന് പരാതിയുള്ളപ്പോഴും ആ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇതില്‍ ഏതെങ്കിലും കൂട്ടര്‍ കൊടുത്തിട്ടില്ല എങ്കില്‍ പുനരന്വേഷണം സാധ്യമാകില്ല. നിലവില്‍ കിട്ടിയ തെളിവുകള്‍ തന്നെ അന്വേഷണത്തില്‍ വേണ്ടവിധത്തില്‍ പരിശോധിച്ചിട്ടുണ്ടോ എന്ന വാദം ചാര്‍ജ് ഷീറ്റ് സ്വീകരിച്ചശേഷം മാത്രമെ നടക്കൂ. അതായത്, ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മുന്നോട്ടു പോകുമ്പോള്‍ നിലവില്‍ കിട്ടിയിരുന്ന തെളിവുകള്‍ വേണ്ടവിധം പരിശോധിച്ചിരുന്നോ, കെ എം മാണിക്കെതിരായ ആരോപണങ്ങള്‍ വേണ്ടരീതിയില്‍ അന്വേഷിച്ചിരുന്നോ, എന്നീ ചോദ്യങ്ങളെല്ലാം വിജിലന്‍സ് നേരിടേണ്ടി വരിക ചാര്‍ജ് ഷീറ്റ് സ്വീകരിച്ചശേഷമായിരിക്കും. ഈ കാര്യങ്ങള്‍ ഉന്നയിക്കാന്‍ സാധ്യത പ്രതിസ്ഥാനത്തുള്ളവരായിരിക്കും. ആ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിജിലന്‍സ് പരാജയപ്പെട്ടാല്‍, വിജിലന്‍സിന് വീഴ്ചയുണ്ടായി എന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയാകും.
വിചാരണ തുടങ്ങാന്‍ വിജിലന്‍സ് തീരുമാനിച്ചാല്‍, ഇനിയവര്‍ക്കുണ്ടാകുന്ന വീഴ്ച കുറ്റാരോപിതര്‍ക്ക് അനുകൂലമാകും. ഇതുവരെ നടന്ന അന്വേഷണത്തില്‍ എന്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും, കുറ്റപത്രത്തില്‍ എന്ത് മോഡിഫിക്കേഷന്‍ വേണമെങ്കിലും നമുക്ക് ചോദിക്കാം. സത്യത്തില്‍ ഇക്കാര്യത്തില്‍ ചെയ്യേണ്ടത് കോടതിയുടെ സാങ്കേതികത്വങ്ങള്‍ക്കു വിടുകയല്ല വേണ്ടത്, സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പ് മന്ത്രിയും ഇക്കാര്യത്തില്‍ അവരുടെ നിലപാട് എന്താണെന്നു വ്യക്തമാക്കുകയാണ്. വിജിലന്‍സിന്റെ അന്വേഷണം ബാര്‍കോഴക്കേസില്‍ തൃപ്തികരമല്ല എന്ന രാഷ്ട്രീയ നിലപാട് എടുത്തവരാണ് സിപിഎമ്മും സിപിഐയും. ഇക്കാര്യങ്ങളില്‍ പരസ്യമായ നിലപാടുകളെടുത്തവരില്‍ പലരും ഇന്ന് മന്ത്രിസഭയിലുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ അത്തരമൊരു രാഷ്ട്രീയമുദ്രാവാക്യം മുന്നോട്ടുവച്ചത്. അന്ന് ഏതു തെളിവായിരുന്നു വിജിലന്‍സ് പരിശോധിക്കാന്‍ ഉണ്ടായിരുന്നതായി അവര്‍ പറഞ്ഞത്. ഏതു കാര്യങ്ങളാണ് വിജിലന്‍സ് പരിഗണിക്കാതിരുന്നത്? അന്വേഷണ റിപ്പോര്‍ട്ടിന്റെ ഏതു ഭാഗമാണ് കെ എം മാണിക്ക് അനുകൂലമായി വിജിലന്‍സിനെ അധികാരദുര്‍വിനിയോഗം നടത്തി തിരുത്തിച്ചത്? എന്നൊക്കെ ഇവര്‍ ഇപ്പോള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ഭരണത്തിലിരിക്കുന്നവര്‍ എന്ന പിന്‍ബലത്തോടു കൂടി തന്നെ വിജിലന്‍സിനെ സമീപിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ടല്ലോ. അതു ചെയ്തില്ലെങ്കില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണത്തിന്റെ ഭാഗമായവര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കേണ്ടി വരില്ലേ.
അഴിമതിയെപ്പറ്റിയുള്ള ഫസ്റ്റ്ഹാന്‍ഡ് റിപ്പോര്‍ട്ട് ഉള്ളതുകൊണ്ടാണോ, അന്വേഷണത്തിന്റെ രീതിയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ടാണോ അതോ വെറും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നോ ബാര്‍ കേസിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്ന ആരോപണങ്ങളെന്ന് ഇടതുപക്ഷം ജനങ്ങളോട് പറയേണ്ടതുണ്ട്. അങ്ങനെയൊരു വ്യക്തത വന്നിതിനുശേഷമെ വിജിലന്‍സ് ഇക്കാര്യത്തില്‍ ഒരു അന്തിമമായ തീരുമാനം എടുക്കാവൂ. വിചാരണ തുടങ്ങുന്നതിന് മുമ്പുള്ള സമയം വിജിലന്‍സിനെ സംബന്ധിച്ച് അവര്‍ക്ക് കിട്ടിയിരിക്കുന്ന അവസാന അവസരമാണ്.
വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍കോഴ അന്വേഷണത്തില്‍ ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം വിഴുങ്ങാന്‍ വിജിലന്‍സിന് അനുവാദമുണ്ടെന്നാകരുത്. വിജിലന്‍സിന്റെ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടായിരിക്കണം അവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടത്. ഇനി എല്‍ഡിഎഫ് ബാര്‍ കോഴക്കേസില്‍ അനാവശ്യമായ ഉന്നയിച്ച രാഷ്ട്രീയാരോപണങ്ങളായിരുന്നു എല്ലാമെങ്കില്‍ ആക്കാര്യം പരസ്യമായി പറഞ്ഞു ജനങ്ങളോടു മാപ്പ് പറയണം. അതല്ല, പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഈ കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനുള്ള കാരണങ്ങളുടെ തെളിവുകള്‍ കൊടുക്കണം. നേരത്തെ സംഘടിപ്പിച്ച തെളിവുകള്‍ വേണ്ടരീതിയില്‍ പരിശോധിച്ചില്ല എന്നാണെങ്കില്‍ അതിനും വിജിലന്‍സിനോട് ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രി തയ്യാറാകണം. അടുത്തഘട്ടത്തിലേക്ക് പോകാന്‍ ഈ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ സമ്മതിച്ചാല്‍ അത് പുറത്തു നില്‍ക്കുന്ന പ്രതികളാകേണ്ടവരെക്കാള്‍ നിലവില്‍ പ്രതിയായവരെയാണ് കൂടുതല്‍ സഹായിക്കുക. അങ്ങനെയാണ് ക്രിമിനല്‍ കേസിന്റെ ഘടന. ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ വിട്ടുപോവുകയോ, ഏതെങ്കിലും പ്രതികളിലേക്ക് അന്വേഷണം നടത്താതെ വിചാരണ തുടങ്ങുകയോ ചെയ്താല്‍ അതു നിലവിലുള്ള പ്രതികളെ കൂടി രക്ഷപ്പെടുത്തുന്നതിന് കാരണമാകും. ഈയൊരു ഘട്ടത്തില്‍ ഇവിടെ ഏറ്റവും പ്രധാനം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയതീരുമാനം തന്നെയാണ്.
( പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)